Friday, June 22, 2018

പെണ്ണ് ⚢

ഇത് ഇന്നത്തെ പെണ്ണല്ല, ഒരു കാലത്ത് പെണ്ണായത് കൊണ്ട് മാത്രം അകത്തളങ്ങളിൽ തളച്ചിട്ടിരുന്ന ഒരു പിടി സ്ത്രീജന്മങ്ങൾ ഉണ്ടായിരുന്നു. പെണ്ണിനെ വെറുപ്പോടെ കാണുന്നവർ ഇന്നും നമ്മുടെ സമൂഹത്തിലുണ്ടെന്നുള്ളത് ദുഃഖകരം തന്നെയാണ്.....


ചിരിയ്ക്കാൻ പാടില്ലാന്ന് 
അവൾ പെണ്ണാത്രേ 
നാലാൾ കൂടുന്ന ഉമ്മറത്ത് 
ഇരിയ്ക്കരുതെന്ന് പെണ്ണാത്രേ 
തൊടിയിലെ തുമ്പികളോടും 
പക്ഷികളോടും കുശലം പറയാൻ 
കൊതിയ്ക്കരുതെന്ന് പെണ്ണാത്രേ 
കൂടുതൽ വിദ്യാഭ്യാസം 
വേണ്ടെന്ന് പെണ്ണാത്രേ 
പുറം ലോകം കാണാൻ 
ആഗ്രഹിയ്ക്കരുതെന്ന് പെണ്ണാത്രേ 

മുത്തശ്ശി ചൊല്ലിയ കഥകൾ കേട്ട് 
വളർന്ന അവളുടെ സ്വപ്നങ്ങളിൽ 
ധീര വനിതകളായ ഝാൻസി റാണിയും 
റാണിലക്ഷ്മി ഭായിയുമൊക്കെ നിറഞ്ഞു നിന്നു 
സ്വാതന്ത്രം കൊതിച്ച അവളുടെ 
മനസ്സിനെ അവർ വിലങ്ങു വെച്ചു 
ആചാരാനുഷ്ഠാനങ്ങളെ 
പൊട്ടിച്ചെറിയരുതെന്ന് പെണ്ണാത്രേ 

സമ്മതമില്ലാതെ വയസനുമായി 
വേളി നിശ്ചയിച്ചപ്പോഴും 
പ്രതികരിക്കരുതെന്ന് പെണ്ണാത്രേ 
വേളിയ്ക്ക് തലകുനിക്കുമ്പോഴും 
കണ്ണീർത്തുള്ളികൾ 
പൊടിയരുതെന്ന് പെണ്ണാത്രെ 
ആർത്തിയോടെ  തന്റെ മേൽ 
അയാൾ കാമഭ്രാന്ത് തീർത്തപ്പോഴും 
എതിർക്കരുതെന്ന് പെണ്ണാത്രെ 

വേളി കഴിഞ്ഞ്  പത്താം നാൾ 
വിധവയായപ്പോഴും 
മിണ്ടരുതെന്ന് പെണ്ണാത്രേ 
വെള്ളയുടുപ്പിച്ച് സിന്ദൂരം തൂത്തെറിഞ്ഞ് 
അകത്തളത്തിൽ തളച്ചപ്പോൾ 
ആചാരങ്ങളുടെ നൂലാമാലകളെ 
പൊട്ടിച്ചെറിഞ്ഞ്  അവൾ അലറി വിളിച്ചു 
ഞാൻ പെണ്ണായി പിറന്നത് എൻ്റെ കുറ്റമല്ല

സ്വന്തം ചോരയിൽ പിറന്നത് 
പെണ്ണെന്ന് അറിയുമ്പോൾ 
തെരുവിൽ വലിച്ചെറിയുന്ന 
സമൂഹമേ! നിങ്ങളുടെ കണ്ണുകൾ 
ഇനിയെങ്കിലും തുറക്കട്ടെ..................

Thursday, June 14, 2018

തണൽ മരം....
അച്ഛനെന്ന നന്മകളുടെ തണൽമരത്തിന് താഴെ 
ഞാനെന്നും സംതൃപ്തയായിരുന്നു 
ആ വിരൽ തുമ്പ് പിടിച്ച്‌ പിച്ച വെയ്ക്കുമ്പോഴും 
കാലൊന്നിടറിയാൽ ഓടിയെടുത്ത് 
സ്നേഹത്തോടെ സാന്ത്വനിപ്പിക്കുമെന്ന 
വിശ്വാസം തന്നെയാവണം 

ബാല്യത്തിലും കൗമാരത്തിലും 
ആ തണലിൽ അഭിമാനത്തോടെ 
തന്നെ നടന്നിരുന്നത്, അച്ഛന്റെ 
ആ കരുതൽ കൂടെയുണ്ടെന്നുള്ള 
ധൈര്യം തന്നെയാണ് 

യൗവനത്തിൽ ഏത് കൊടുങ്കാറ്റിലും 
ചേർത്ത് പിടിച്ച് രക്ഷിക്കാനുള്ള 
ഒരു സുരക്ഷാ കവചമായി അച്ഛൻ 
കൂടെയുണ്ടെന്നുള്ള ആത്മധൈര്യമായിരുന്നു 
ഓരോ ചുവടുവെപ്പിലും അച്ഛന്റെ 
ആ സ്നേഹം കൂട്ടായി ഉണ്ടെന്നുള്ള ഉറപ്പ് 
ഒരു നിഴലായി ആ കരുതൽ എപ്പോഴും 
ഒപ്പമുണ്ടെന്നുള്ള വിശ്വാസം 

തൻ്റെ കുടക്കീഴിൽ നിന്ന് മകളെ 
വേദനയോടെ പറിച്ചെടുത്ത് മറ്റൊരു 
കരങ്ങളിലേല്പിക്കുമ്പോൾ 
ആ കണ്ണുകളിൽ കാണുന്നത് ആശ്വാസമല്ല 
പകരം എൻ്റെ കുഞ്ഞ് ആ കൈകളിൽ 
സുരക്ഷിതയാവുമോയെന്ന ആശങ്ക തന്നെയാവാം 
ആ വിശ്വാസം തെറ്റിയെന്നറിഞ്ഞാൽ 
ആരും കാണാതെ നെഞ്ചുരുകി 
കരയുന്ന അച്ഛനെയും കാണാം 

അച്ഛനെന്ന നന്മകളുടെ തണൽ മരം 
ഓരോ പെൺ മക്കൾക്കും 
സ്നേഹത്തിന്റെയും,കരുതലിന്റെയും 
വടവൃഷം തന്നെയാണ്...........

Thursday, April 12, 2018

💖
മനസിന്‍റെ ചെപ്പില്‍
സൂക്ഷിച്ചി ട്ടുണ്ടൊരു കവിത
വാക്കുകളും വരികളുമില്ലാത്തൊരു കവിത
വര്‍ണ്ണങ്ങളും പദങ്ങളുമില്ലാത്തൊരു കവിത
മഴവില്ലിന്‍ ചാരുതയോടെ ഏഴഴകില്‍
തീര്‍ത്തൊരു കവിത

പ്രണയത്തിന്‍ ഇശലായ്
നെഞ്ചില്‍ നിറഞ്ഞൊരു കവിത
പീലിത്തുണ്ട് പോലെ
കാത്ത് വെച്ചോരാ കവിത
ഒടുവില്‍ നീയെത്തുമെങ്കില്‍
ചെവിയില്‍ മൂളാന്‍.................

Sunday, March 4, 2018

പച്ച ലൈറ്റ്...തന്‍റെ കൂട്ടുകാരിയുടെ ക്ഷണം സ്വീകരിച്ച് അങ്ങനെ ശാന്തി എഫ് ബിയിലെ അംഗമായി.പറഞ്ഞ എല്ലാ കോളങ്ങളും ശരിയായി ഫില്‍ ചെയ്തു, അവളുടെ ഒരു പ്രൊഫൈല്‍ പിക്ച്ചറും ചേര്‍ത്തു.അവള്‍ ഡിഗ്രി അവാസന വര്ഷം  പട്ടണത്തിലെ ഒരു വിമണ്‍സ് കോളേജില്‍ പഠിക്കുന്നു.അച്ഛന്‍ വിദേശത്ത്, വീട്ടില്‍ അമ്മയും സ്കൂളില്‍ പഠിക്കുന്ന അനുജത്തിയും മാത്രം.ആദ്യമൊന്നും എഫ് ബി അവള്‍ക്കു അത്ര പിടിച്ചില്ല.തന്‍റെ കൂട്ടുകാര്‍ ചിലരെ ഫ്രണ്ട്സായി ആഡ് ചെയ്തു.ഓരോ ദിവസവും റിക്വസ്റ്റുകളുടെ എണ്ണം കൂടി വന്നു.കണ്ണിനു പിടിച്ച ചിലരുടെ റിക്വസ്റ്റ് അക്സപ്റ്റും ചെയ്തു. ആരുമായും അധികം ചാറ്റിംഗിനൊന്നും പോയില്ല.ആരെങ്കിലും എന്തേലും ചോദിച്ചാല്‍ ഹൈ പറഞ്ഞു  അവിടെ നിര്‍ത്തും. ചിരിച്ച് കൊണ്ട് കത്തുന്ന ആ പച്ച ലൈറ്റിനെ അവള്‍ക്കന്ന് പേടിയായിരുന്നു.

അന്ന് ഫ്രണ്ട് റിക്വസ്റ്റ് നോക്കുന്നതിനിടയില്‍ ആ പേര് കണ്ണിലുടക്കി വിശാല്‍. ആ പ്രൊഫൈല്‍ അവള്‍ വിശദമായി പരിശോധിച്ചു.NAME-VISHAL KRISHNA,SOFTWARE ENGINEER,LIVES IN DUBAI, FROM ERNAKULAM. തരക്കേടില്ലല്ലോ,റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തേക്കാം.അതാ അക്സ്പറ്റ് ചെയ്തില്ല അതിനിടക്ക് ഹായ് വന്നല്ലോ.ഒരു ഹായ് കൊടുക്കണോ,അവള്‍ ഒന്ന് മടിച്ചു. അടുത്ത മെസേജ്, ശാന്തി, നൈസ് നയിം.താങ്ക് യൂ അവള്‍ തിരിച്ച് റിപ്ലെ കൊടുത്തു.അങ്ങനെ ആ ചാറ്റ് അവിടെ തുടങ്ങി.ആദ്യം അവന്‍ അവളെ കുറിച്ചെല്ലാം ചോദിച്ചറിഞ്ഞു. അവന്റെ പെരുമാറ്റത്തില്‍ അവള്‍ തൃപ്തയായിരുന്നു.താമസിയാതെ അവളാ ചിരിച്ച് കൊണ്ട് കത്തിയ  പച്ച ലൈറ്റിന്റെ വെളിച്ചത്തില്‍ മയങ്ങി വീണു.

ആ ചാറ്റിങ്ങിന്റെ സമയവും ദൈര്‍ഘ്യവുമെല്ലാം കൂടാന്‍ അധിക ദിവസം വേണ്ടി വന്നില്ല. രാത്രികാലങ്ങളില്‍ ആ ചാറ്റ് തുടരാന്‍ വേണ്ടി അവള്‍ തന്റെ അനിയത്തിയെ അവളുടെ മുറിയില്‍ നിന്ന് തന്ത്രപൂര്‍വ്വം ഒഴിവാക്കി. അനിയത്തി ചിണുങ്ങി കൊണ്ട് അമ്മയുടെ അടുത്ത് പരാതിയുമായി ചെന്നു.എന്തിനാ ശാന്തി, കുഞ്ഞിയുമായി നീ വഴക്ക് പിടിച്ചത്.നേരത്തെ കണ്ടു വെച്ചിരുന്ന ഉത്തരം അവള്‍ അമ്മയുടെ മുന്നില്‍ അവതരിപ്പിച്ചു, എക്സാം ആവാറായില്ലേ അമ്മേ, ഒത്തിരി പഠിക്കാന്‍ ഉണ്ട്, പിന്നെ റിക്കോഡ്‌ ഒക്കെ കമ്പ്ലീറ്റ് ചെയ്തു കൊടുക്കണം.രാത്രി വൈകി ഇരുന്നാലെ അതൊക്കെ നടക്കുള്ളൂ.കുഞ്ഞി  അമ്മയോടൊപ്പം കിടന്നോട്ടെ. കുഞ്ഞി  ചേച്ചിയെ കോക്രി കാണിച്ച് കൊണ്ട് അമ്മയുടെ മുറിയിലേക്ക് ഓടി.അങ്ങനെ ആ തടസ്സവും മാറി കിട്ടി. അയ്യോ നെറ്റ് തീരാറായല്ലോ.അതിനെന്താ ഒരു വഴി.അമ്മയോട് ഒന്ന് മുട്ടി നോക്കാം. അമ്മാ നാളെ എനിക്കൊരു അഞ്ചൂറ് രൂപ വേണം.ഗൈഡ്സ് വാങ്ങാന്‍ ഉണ്ട്. ഓക്കേ, രാവിലെ പോകുമ്പോ ഓര്‍മ്മിച്ച് വാങ്ങി കൊണ്ട് പൊക്കോ ശാന്തി.അങ്ങനെ അത് ഓക്കേ ആയി. നാളെ അഞ്ചൂറ് രൂപക്ക് നെറ്റ് റിചാര്‍ജിംഗ് കൂപ്പണ്‍ വാങ്ങണം.അത് പോലെ അച്ഛന്‍ വിളിക്കുമ്പോ പറയണേ അമ്മേ, ആരേലും അവിടന്ന് വരുമ്പോ ഒരു ലാപ്ടോപ്‌ കൊടുത്തു വിടാന്‍.നോട്ട്സ് ഒക്കെ പ്രിപ്പൈര്‍ ചെയ്യാന്‍ നെറ്റ്  ഇല്ലാതെ പറ്റില്ല അമ്മെ.അച്ഛനെ കൊണ്ട് സമ്മതിപ്പിക്കണേ.ഓക്കേ അച്ഛന്‍ വിളിക്കുമ്പോ ഞാന്‍ പറയാം, അത്രയും പറഞ്ഞു അമ്മ നടന്നു.

രാത്രികാലങ്ങളില്‍ ഉണര്‍ന്നിരുന്നായി പിന്നെയുള്ള ചാറ്റിങ്.ചാറ്റിങ് ചീറ്റിംഗ് ആവാന്‍ അധിക താമസം എടുത്തില്ല.അവന്‍ അവളോട്‌ ഉറപ്പിച്ചു പറഞ്ഞു. ശാന്തി നീ പേടിക്കണ്ട, അടുത്ത ലീവിന് വരുമ്പോ നിന്റെ വീട്ടില്‍ വന്നു ഞാന്‍ നിന്നെ കെട്ടിച്ചു തരണമെന്ന് പറയും. അവള്‍ക്കത് വിശ്വസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അവള് പിന്നെ ഒരു സ്വപ്ന ലോകത്തില്‍ ആയിരുന്നു. അവനും താനും തമ്മിലുള്ള ആ  സ്വപ്നലോകത്തില്‍ അവള്‍ പാറിപ്പറന്നു. അന്ന് കോളേജ് അവധി ആയിരുന്നത് കൊണ്ട് തന്നെ കുഞ്ഞിയുടെ  പിറന്നാളിന് ഡ്രസ്സ്‌ എടുക്കാന്‍ അമ്മയോടൊപ്പം തുണിക്കടയില്‍ പോകാന്‍ അവള്‍ റെഡിയായി. തുണിത്തരങ്ങള്‍ അന്യെഷിക്കുന്നതിനിടയില്‍ ആരോ വന്നു തന്റെ തോളില്‍ തട്ടി.അയ്യോ ഇതാരാ മിലിയോ, തന്റെ പ്രിയ കൂട്ടുകാരി മിലി.സ്കൂളില്‍ തന്നോടൊപ്പം പത്താം തരാം വരെ ഒരുമിച്ചായിരുന്നു.അത് കഴിഞ്ഞു അവളുടെ അച്ഛന്റെ ജോലി സ്ഥലത്തേക്ക് അവര്‍ താമസം മാറിയിരുന്നു.മിലി, സുഖം ആണോ നിനക്ക്.എന്താ വിശേഷങ്ങള്‍.എടി, എന്റെ വിവാഹമാണ് ഈ മാസം അവസാനം.പയ്യന്‍ ഗള്‍ഫില്‍ ആണ്.നിനക്ക് എഫ് ബിയില്ലേ ശാന്തി.അതിലുണ്ടായിരുന്നു എങ്കില്‍ ആളിനെ കാണിച്ചു തരായിരുന്നു.ദാ, ഇതാ ആള്, നോക്കിയേ ശാന്തി.അവള്‍ ആ പ്രൊഫൈല്‍ പേജിലേക്ക് ഒന്നേ നോക്കിയുള്ളൂ, വിശാല്‍ കൃഷ്ണ. മിലി പറഞ്ഞു കൊണ്ടേയിരുന്നു. നമ്മുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് ഒരു കൊല്ലം ആയി.വിശാല്‍ ലീവിന് ഈ മാസം വരും,അപ്പോ നമ്മുടെ വിവാഹമാണ്.കല്യാണം കഴിഞ്ഞു അവന്‍ എന്നെ അങ്ങ് കൊണ്ട് പോകും.എന്നെ ഒത്തിരി ഇഷ്ടമാണ് അവന്.എന്നും നമ്മള്‍ എഫ് ബി വഴി ചാറ്റ് ചെയ്യാറുണ്ട് അവള്‍ ഒരു നാണത്തോടെ പറഞ്ഞു കൊണ്ടേയിരുന്നു.ശാന്തി എന്താ പറയേണ്ടതെന്ന് അറിയാതെ നിശബ്ദയായി നിന്നു.

കടയില്‍ നിന്ന് മടങ്ങും വഴി തനിക്ക് പറ്റിയ അബ്ദത്തെ  കുറിച്ച് മാത്രമായിരുന്നു അവളുടെ ചിന്ത.വീട്ടില്‍ വന്നതും കതകടച്ച് കുറെ നേരം അവള്‍ കരഞ്ഞു.അതിനൊടുവില്‍ അവള്‍ ഒരു തീരുമാനത്തില്‍ എത്തി താന്‍ ഇവിടെ തോല്‍ക്കാന്‍ പാടില്ല.അവന് അവള്‍ അവസാന മെസ്സേജ് എഴുതി.BEST WISHES FOR UR MARRIAGE. GUD BYE...അവള്‍ തന്റെ എഫ് ബി അക്കൌന്റ് ഡിലീറ്റ് ചെയ്യാന്‍ ഇട്ടു.ഇനി താന്‍ ഈ ലോകത്തേക്ക് ഇല്ല.ഇവിടെ തനിക്ക് പറ്റിയതല്ല. ചേച്ചി കതകു തുറക്കൂ, കുഞ്ഞിയുടെ വിളി കേട്ട്, അവള്‍ ഓടിപ്പോയി മുഖം കഴുകി വന്നു, കതകു തുറന്നു. കുഞ്ഞി ഇന്ന് മുതല്‍ നീ ചേച്ചിയുടെ അടുത്ത് കിടക്കണേ.അവള്‍ ചേച്ചിയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു.ആഹാ, രണ്ടു പേരും തമ്മില്‍ വീണ്ടും സ്നേഹം ആയോ.അമ്മെ അച്ഛന്‍ വിളിക്കുമ്പോ പറയണേ, എനിക്കിപ്പോ ലാപ്‌ ട്ടോപ്പ് വേണ്ടെന്നു.ഇപ്പൊ അതിന്റെ ആവശ്യമില്ല.വീട് വെച്ചതിന്റെ കടമൊക്കെ തീര്‍ന്നിട്ട് വാങ്ങാമെന്നു അച്ഛനോട് അമ്മ പറയണേ.നീ തന്നെ ഇന്ന് അച്ഛന്‍ വിളിക്കുമ്പോ പറഞ്ഞോ,അച്ഛന് സന്തോഷം ആവട്ടെ.കുഞ്ഞി തന്റെ കട്ടിലില്‍ കയറി മറിയുന്നത് കണ്ടു, അവളും കുഞ്ഞിയോടൊപ്പം കൂടി.അമ്മയും അവരോടൊപ്പം ആ സന്തോഷത്തില്‍ പങ്ക് ചേര്‍ന്നു. താന്‍ എന്തിനു വേണ്ടിയായിരുന്നു കുറച്ചു നാളെങ്കിലും ഈ സന്തോഷമൊക്കെ ഇല്ലാതാക്കിയതെന്നു അവള്‍ അതിനിടയിലും ചിന്തിക്കാന്‍ മറന്നില്ല.

ചിരിച്ച് കൊണ്ട് കത്തുന്ന പല പച്ച ലൈറ്റുകളുമുണ്ട്.എല്ലാം തെളിഞ്ഞു കത്തുന്നതാണെന്ന് വിശ്വസിക്കരുത്. ആണ്‍ പെണ്‍ ഭേദമില്ലാതെ ആര്‍ക്കും നല്ല സുഹൃത്തുക്കള്‍ ആകാം. ബഹുമാനവും, പരസ്പര വിശ്വാസവും തന്നെയാണ് ഒരു നല്ല സൌഹൃദത്തിന്റെ അടിത്തറ.സോഷ്യല്‍ മീഡിയയില്‍ ഒരു പാട് നല്ല സൌഹൃദങ്ങള്‍ ഉണ്ട്. അതിനിടയിലും      ഒളിഞ്ഞിരിക്കുന്ന കപട മുഖങ്ങളെ തീര്‍ച്ചയായും തിരിച്ചറിയേണ്ടത് തന്നെയാണ്........

Monday, February 19, 2018

ഗസല്‍പ്പൂക്കള്‍...ഗസലിന്‍ ഇശലായ്
നീ അണഞ്ഞ നേരം
അറിയാതെന്നില്‍
വിരിഞ്ഞു മോഹപ്പൂക്കള്‍
ശ്രുതിയായ്‌ ലയമായ് താളമായ്
പെയ്യ്തിറങ്ങിയൊരാ ഗസല്‍മഴ
നിന്‍ ഓര്‍മ്മ തന്‍ വാടാപ്പൂക്കളായ്
അരികില്ലെങ്കിലും ചൂടാതെ
ചൂടുന്ന മധുര പ്രതീക്ഷകളായി

നിനക്കായി തീര്‍ത്ത
ഗസലിന്‍ വരികള്‍
മായാതെ അകക്കണ്ണില്‍
നിറയുന്ന പ്രേമ പ്രതീക്ഷകളായി
നീ എനിക്കായി തീര്‍ത്ത
ഗസല്‍ മഴയില്‍ ഈറനണിഞ്ഞു
ലയിച്ചു ഞാന്‍  നില്‍ക്കവേ
അധരപുടങ്ങളെ  ചുംബിച്ചുണര്‍ത്തി
എന്‍ മുന്നില്‍  മലരായ് നീ വിടര്‍ന്നു .....

Thursday, February 8, 2018

💖
ഏഴാം കടലിനിപ്പുറത്ത് ആയാലും "സുഖമാണോ മോളെന്നുള്ള" അച്ഛന്റെ ആ സ്നേഹാന്യേഷണം മതി എല്ലാ സങ്കടങ്ങളും ഒരു നിമിഷത്തേക്കെങ്കിലും മറക്കാന്‍. ആ വാത്സല്യവും, കരുതലും വേറെ ആരില്‍ നിന്നും കിട്ടില്ല. മറവിയിലേക്കാണ്ട്‌ പോയ ആ മനസ്സില്‍ നിന്ന്, ഇപ്പോ വല്ലപ്പോഴും കേള്‍ക്കുന്ന സ്നേഹത്തോടെയുള്ള അച്ഛന്റെ  ഈ വാക്കുകള്‍ ആനന്ദാമൃതം തന്നെയാണ്.....

വിവാഹം  കഴിയുന്ന വരേയുള്ളൂ പെണ്‍കുട്ടികള്‍ക്ക് അച്ഛന്റെയും അമ്മയുടെയും സ്നേഹം ആസ്വദിക്കാനുള്ള അവസരം. അത് കഴിഞ്ഞാല്‍ വല്ലപ്പോഴും കിട്ടുന്ന ആ സുന്ദര നിമിഷങ്ങള്‍ ആസ്വദിക്കാന്‍ കൊതിക്കാത്ത ആരാണ് ഉള്ളത്. അവരുടെ  മുന്നില്‍ എത്തുമ്പോള്‍ ഞാന്‍ വീണ്ടുമാ കൊഞ്ചി ചിണുങ്ങുന്ന കൊച്ചു കുട്ടി തന്നെയാണ്. ഈ പ്രവാസത്തില്‍ ഇരിക്കുമ്പോഴും ഓരോ നിമിഷവും  മനസ്‌ അവരുടെ അടുത്ത് ഓടിയെത്താന്‍ കൊതിക്കുന്നുവെങ്കില്‍ അത് ആ സ്നേഹവും, വാത്സല്യവും, കരുതലും തന്നെയാണ്. ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ എന്‍റെ അച്ചന്‍റെ മകളായി, ആ സ്നേഹം ആവോളം ആസ്വദിച്ച് ജീവിക്കണം.........

Sunday, January 21, 2018

പ്രതികരണം......
എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് നീയാണ്.ആ തെറ്റില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്‌ ഞാന്‍ നേടിയ ശരിക്ക് ഇരട്ടി മധുരം ആയിരുന്നു.

തോല്‍ക്കാന്‍ എളുപ്പമാണ്. നിന്റെ മുന്നില്‍ തോല്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വര്‍ഷങ്ങക്ക്  മുന്നേ ആയിരുന്നെങ്കില്‍ ആ തോല്‍വി ഞാന്‍ സമ്മതിക്കുമായിരുന്നു.ഇന്ന് ജീവിതാനുഭവങ്ങളിലൂടെ ഊതി കാച്ചിയെടുത്ത ഈ ജീവിതം നിന്റെ മുന്നില്‍ അടിയറവ് പറയാനുള്ളതല്ല. തെറ്റ് കണ്ടാല്‍ "നോ" എന്ന് പ്രതികരിക്കാനുള്ള  മനശക്തി ഞാന്‍ ഇന്ന് നേടിയിരിക്കുന്നു. മുഖം മൂടികളുടെ മുന്നില്‍ തോല്‍ക്കാന്‍ എനിക്ക് മനസില്ലെന്ന് തന്നെ കൂട്ടിക്കോളൂ...........


Wednesday, December 20, 2017

മംഗല്യസൂത്രം 💞മനസ്സില്‍ തോന്നിയ കുറച്ച് വരികള്‍ പ്രിയ സുഹൃത്ത് ജമീഷിന്റെ സ്വരത്തില്‍...
രചന-ശ്രീജയ ദിപു,ആലാപനം-ജമീഷ് പാവറട്ടി.....

ഒരു ചെറു ചിരിയില്‍ എല്ലാം മറയ്ക്കാന്‍ 
ശ്രെമിക്കുമ്പോഴും അവളുടെ കണ്ണില്‍ 
അടരാതൊതുങ്ങുന്ന തുള്ളികള്‍ 
കുറച്ചൊന്നുമല്ല മറയ്ക്കുന്നത്! 

ഇന്നലെയുടെ നഷ്ടങ്ങള്‍, അവളുടെ 
ഒരായിരം സ്വപ്നങ്ങളായിരുന്നു 
വര്‍ഷങ്ങളായി അവള്‍ താലോലിച്ച 
ആ വര്‍ണ്ണ സ്വപ്നങ്ങളെ യമധര്‍മ്മന്‍ 
തട്ടി തെറിപ്പിച്ച്, അവളെ വിധവയാക്കി 

സീമന്ത രേഖയിലെ സിന്ദൂരവും, മംഗല്യ
സൂത്രവും, കൈയില്‍ അവള്‍ ആഗ്രഹിച്ച്
അണിഞ്ഞ കുപ്പിവളകളും, പൊട്ടിച്ചെറിഞ്ഞ് 
വെള്ള പുതപ്പിച്ച്‌, നാല് കെട്ടിന്റെറ
അകത്തളത്തില്‍ അവളെ തളച്ചു 

ജാതക ദോഷമെന്ന് പറഞ്ഞവര്‍ അവളെ 
അകറ്റി നിര്‍ത്തി. തന്‍റെ വിധിയെ ചെറു 
ചിരിയോടെ അവള്‍ നേരിട്ടു
വിധവ കരയാന്‍ മാത്രം വിധിക്കപെട്ടവള്‍
എന്ന കാരണവരുടെ ശാഠ്യം നിരസിച്ചതിന് 
ചങ്ങലയാല്‍ കാലുകൊരുക്കപെട്ടു 

ഒന്നിനും, ആരോടും പരാതിയില്ല  
മദ്യപിച്ച്, സ്വയം ജീവനൊടുക്കിയ 
തന്‍റെ ഭര്‍ത്താവിനോട് പോലും
ഇന്നവള്‍  സ്വബോധമില്ലാത്ത ഭ്രാന്തി
എന്നിട്ടും ആ ചെറു ചിരി മായാതെ 
അവള്‍ ഇന്നും സൂക്ഷിക്കുന്നു........

Saturday, November 25, 2017

തിരിച്ചറിവുകള്‍....ആ ഡി അഡിക്ഷന്‍ കേന്ദ്രത്തിന്റെ പത്താം നമ്പര്‍ റൂമിലിരുന്ന് അയാള്‍ തന്‍റെ ഡയറിയില്‍ കുറിച്ചു.ഞാന്‍ മുകുന്ദന്‍, വയസ്സ്  അമ്പത്തി മൂന്ന്. പാലക്കാട് ജില്ലയിലെ മലമ്പുഴയില്‍ അച്ഛനും അമ്മയും രണ്ട് അനുജത്തിമാരും അടങ്ങുന്ന ഒരു സാധാരണ കുടുംബത്തിലെ മൂത്ത മകനായി ജനിച്ചു.അച്ഛന്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു.

തനിക്ക് ഓര്‍മ്മയുള്ളപ്പോ മുതല്‍ അച്ഛന്‍ കുടിച്ചു വീട്ടില്‍ വന്നു ബഹളം വെയ്ക്കുന്നത് കണ്ടു കൊണ്ട് വളര്‍ന്നത് കൊണ്ടാവണം മദ്യപാനത്തിനെ അത്രയും വെറുക്കാന്‍ കാരണം.അച്ഛന്റെ ഉപദ്രവം സഹിച്ച് കണ്ണീരുമായി കിടന്നുറങ്ങുന്ന അമ്മയുടെ രൂപം സ്ഥിരം കാഴ്ചയായിരുന്നു.അമ്മ പറയാറുണ്ടായിരുന്നു, ഇളയ രണ്ട് സഹോദരിമാരാണ് നിനക്ക് അതോര്‍മ്മ വേണം എപ്പോഴും.ആ ഓര്‍മ്മയില്‍ തന്നെയാണ് താന്‍ ജീവിച്ചതും.ഡിഗ്രി കഴിഞ്ഞു നില്‍ക്കുന്ന സമയത്താണ് അച്ഛന്റെ മരണം.മദ്യപാനം അച്ഛന്റെ ജീവന്‍ എടുത്തെന്നു തന്നെ പറയാം.അങ്ങനെ അച്ഛന്റെ ജോലി തനിക്ക് ലഭിച്ചു.റെയില്‍വേയില്‍ ഉദ്യോഗസ്ഥനായി കയറുമ്പോള്‍ അമ്മ ഉപദേശിച്ചത് ഒന്ന് മാത്രം ആയിരുന്നു.നിന്റെ അനുജത്തിമാര്‍ രണ്ടു പേരും കെട്ടിക്കാന്‍ പ്രായമായി നില്‍ക്കുന്നത് ഓര്‍മ്മയില്‍ ഉണ്ടാവണം.എന്‍റെ ജീവനായ അവരെ എങ്ങനെ ഞാന്‍ മറക്കാനാണ് അമ്മേ.അമ്മ വിഷമിക്കേണ്ട, രണ്ട് കൊല്ലത്തിനകം അവരെ രണ്ട് പേരെയും നല്ല രീതിയില്‍ ഞാന്‍ കെട്ടിച്ചു വിടും.

ജോലിയില്‍ പ്രവേശിച്ച്  കൂട്ടുകാരോടൊപ്പമുള്ള താമസം. ആദ്യമൊക്കെ അസഹനീയമായി തോന്നി.താന്‍ വീട് വിട്ടു ഇത് വരെയും മാറി താമസിച്ചിട്ടില്ല.അധികം താമസിയാതെ ആ സൌഹൃദവുമായി കൂടുതല്‍ അടുക്കുകയും ചെയ്തു. ചെറിയ  തോതില്‍ മദ്യസേവ ഉള്ളവരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.തന്നെ പല പ്രാവശ്യം നിര്‍ബന്ധിച്ചെങ്കിലും ഞാന്‍  അതില്‍ നിന്ന് ഒഴിഞ്ഞു മാറി പോക്കൊണ്ടേയിരുന്നു. അന്ന് ബാലേട്ടന്റെ പിറന്നാള്‍ ദിനമായിരുന്നു. കുപ്പിയൊക്കെയായി ഗംഭീര ആഘോഷം.തന്നെ കുടിപ്പിക്കാന്‍ കൂടെയുള്ളവര്‍ പരമാവധി ശ്രമിച്ചു.പിന്നെ അത് തന്നെ കളിയാക്കുന്ന രീതിയിലായി.വീട്ടില്‍ അമ്മയെ പേടിയാ അതാ ഇവന്‍ കുടിക്കാത്തെന്ന് പറഞ്ഞവര്‍ പൊട്ടി ചിരിച്ചു.മദ്യലഹരിയില്‍ ആടി നിന്ന അവരെല്ലാരും തന്നെ പരിഹസിക്കുന്നത് കണ്ടപ്പോ അടുത്ത് കണ്ട മദ്യ കുപ്പി ഒന്നായി എടുത്ത് വായിലേക്ക് ഒഴിച്ചു.അങ്ങനെ തങ്ങളുടെ മദ്യസേവ  ഗ്യാങ്ങില്‍ ഒരാളെ കൂടി കിട്ടിയ സന്തോഷത്തില്‍ അവര്‍ ആര്‍ത്തു ചിരിച്ചു.

എന്‍റെ ജീവനായ അമ്മയെയും അനുജത്തിമാരെയുമൊക്കെ മറന്നു, എന്‍റെ കടമകളെ ഞാന്‍ കണ്ടില്ലെന്ന് നടിച്ചു.അങ്ങനെ ഈ മുകുന്ദന്‍  എല്ലാരുടെയും കണ്ണില്‍ അച്ഛനെപ്പോലെ തന്നെ  ഒരു  കുടിയനായി.  ഇതില്‍ നിന്ന് മോചനം വേണമെന്ന്  ആഗ്രഹിച്ചിരുന്നെങ്കിലും എനിക്ക്  അതിനു കഴിഞ്ഞില്ല. ഈ നശിച്ച മദ്യം കാരണം തന്‍റെ കണ്ണ് നീര് തോരില്ല,  അമ്മയുടെ നെഞ്ച് പൊട്ടിയുള്ള കരച്ചില്‍ കാണാന്‍ പോലും ഞാന്‍  അന്ന് തയ്യാറായിരുന്നില്ല. ജീവനായി കരുതിയ എന്‍റെ സഹോദരിമാര്‍ അവര്‍ക്ക് ഇഷ്ടുള്ളവരോടൊപ്പം പോയി ജീവിതം ആരംഭിച്ചു. അതൊന്നും കണ്ടിട്ടും എനിക്ക് അന്ന് ഒരു വികാരവും തോന്നിയില്ല.ഡ്യൂട്ടി സമയത്ത് മദ്യപിച്ചു ഡ്യൂട്ടിക്ക് എത്തിയതിന് സസപെന്ഷന്‍ കിട്ടി കുറെ നാള്‍ വീട്ടിലിരുപ്പായി. അങ്ങനെ കൂട്ടുകാര്‍ വീട്ടില്‍ കുപ്പിയുമായി വന്ന് മദ്യപാനം ആരംഭിച്ചു. സഹികെട്ട  അമ്മ പിറു പിറുത്ത് കൊണ്ടേയിരുന്നു. നിന്റെ അച്ഛന്‍ ഇതില്‍ നിന്നും എത്രയോ ഭേദമായിരുന്നു.അന്ന് അതൊന്നും തന്‍റെ  ചെവിയില്‍ കയറിയില്ല.

എന്‍റെ അമ്മാവന്റെ മകള്‍, തന്‍റെ ബാല്യകാല സഖിയെ ജീവിത സഖിയാക്കിയപ്പോഴും അമ്മക്ക് പ്രതീക്ഷ ഒന്ന് മാത്രമായിരുന്നു. വിവാഹത്തോടെ ഇവന്റെ മദ്യപാനം കുറയുമെന്ന്.എന്‍റെ മകന്‍ ഉണ്ണിയെ താലോലിക്കാന്‍ പോലും എനിക്ക് സമയം ഉണ്ടായിരുന്നില്ല. എന്നും കുടിച്ച് നാല് കാലില്‍ വരുന്ന എന്റടുത്തു വരാന്‍ തന്നെ അവന് പേടിയായിരുന്നു.എന്‍റെ ഉണ്ണിക്ക് വേണ്ടിയാ ഇതൊക്കെ സഹിച്ച്  ഞാന്‍ ജീവിച്ചിരിക്കുന്നത്‌, എന്‍റെ മീരയുടെ സങ്കടത്തോടെ യുള്ള ആ കരച്ചിലും ഞാന്‍ അന്ന് വക വെച്ചില്ല.ആ ദിവസം തനിയ്ക്ക് മറക്കാന്‍ പറ്റില്ല. തന്റെ മകന്‍ ഉണ്ണിയുടെ ഹോസ്റ്റലില്‍ നിന്ന് വന്ന ഫോണ്‍ കാള്‍, നിങ്ങളുടെ മകനും കൂട്ടുകാരും കൂടി ഇന്നലെ രാത്രി മദ്യപിച്ച് ഇവിടെയുണ്ടാക്കിയത് ഒന്നും പറയാന്‍ കൊള്ളില്ല. ഇനി  ഉണ്ണിക്ക്   ഈ ഹോസ്റ്റലിലും നമ്മുടെ കോളേജിലും സ്ഥാനമില്ല. നിങ്ങള്‍ക്ക് അവനെ വന്നു കൊണ്ട് പോകാം. മദ്യം എവിടെ നിന്ന് കിട്ടിയെന്ന ചോദ്യത്തിന് അവന്‍ പറഞ്ഞ ഉത്തരം, എന്‍റെ അച്ഛന്‍ വീട്ടില്‍ കൊണ്ട് വെച്ചിരുന്ന  മദ്യ കുപ്പി ഞാന്‍ കൊണ്ട് വന്നതാണ് എന്നാണ്. നിങ്ങള്‍ തന്നെ ഇങ്ങനെയല്ലേ, നിങ്ങളുടെ മകന്‍ ഇങ്ങനെ  ആയില്ലെങ്കിലേ അതിശയം ഉള്ളൂ.ആ വാക്കുകള്‍ ഒരു ഇടിത്തീപ്പോലെ എന്‍റെ മണ്ടക്ക് വന്നു വീഴുന്നത് ഞാന്‍ അറിഞ്ഞു.

ഈ നശിച്ച മദ്യപാനത്തില്‍ നിന്നൊരു മോചനം അതായിരുന്നു പിന്നെ എന്‍റെ ശ്രമം. അങ്ങനെയാണ് ഞാന്‍ ഇന്നീ ഡി  അഡിക്ഷന്‍ സെന്‍ററിലിരിക്കുന്നത്. ഞാന്‍  ഇനിയൊരിക്കലും  ആ പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകില്ലെന്ന്  ഉറച്ച തീരുമാനം എടുത്തിട്ടുണ്ട്. മദ്യപാനിയായ ഞാന്‍  ചെയ്തു കൂട്ടിയ തെറ്റുകള്‍, എന്‍റെ കടമകള്‍ മറന്നു എന്‍റെ  കുടുംബത്തിനോട് ചെയ്തത് ഓര്‍ത്ത് ഇന്ന് എനിക്ക് പശ്ചാത്താപം ഉണ്ട്. വിറയാര്‍ന്ന കൈ കളോടെ ഇത്രയും  കുറിച്ച് അയാള്‍ തന്‍റെ ഡയറികുറിപ്പ് തല്‍ക്കാലത്തേക്ക് പൂര്‍ത്തിയാക്കി. മദ്യം സര്‍വ്വ തിന്മകളുടെയും താക്കോല്‍. വരും  തലമുറയെ കൂടി നശിപ്പിക്കാന്‍ മദ്യപാനം കാരണമാകുന്നു. മദ്യപാനം അന്തസ്സല്ല......അപമാനമാണ്................

Tuesday, November 21, 2017

സ്വാമി ശരണം 🙏


ഈ ജന്മത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് അയ്യനെ ഒരു നോക്ക് ദര്‍ശിക്കണമെന്നത്.......

വൃശ്ചിക നാളില്‍ നൊയമ്പ് നോറ്റ്
കല്ലും മുള്ളും പുല്‍മേടയാക്കി
പതിനെട്ടാം പടിയെ  വണങ്ങി
അയ്യനെ കാണാന്‍ വരുന്നു ഞങ്ങള്‍
സ്വാമിയേ അയ്യപ്പോ...അയ്യപ്പോ സ്വാമിയേ

ഇരുമുടി കെട്ടേന്തി
ഹൃത്തടത്തില്‍ അയ്യനെ നിറച്ച്
അയ്യപ്പ നാമങ്ങള്‍ ഉരുവിട്ട്
നെയ്യഭിഷേകം നടത്താന്‍
വരുന്നു ഞങ്ങള്‍
സ്വാമിയേ അയ്യപ്പോ...അയ്യപ്പോ സ്വാമിയേ

നിന്നെതേടി വന്നു പലജന്മം എന്നയ്യാ
വൃശ്ചികപ്പുലരി പിറന്നാല്‍
ആ തിരുമുന്‍പില്‍ അണയാന്‍
കൊതിയ്ക്കുന്നു ഞങ്ങള്‍
എല്ലാ ദുഖങ്ങളും തീര്‍ത്തു തരാന്‍
മനം നൊന്തു കേഴും ഭക്തര്‍ തന്‍
പ്രാര്‍ത്ഥന കേള്‍ക്കും കാനന വാസന്‍
സ്വാമിയേ അയ്യപ്പോ...അയ്യപ്പോ  സ്വാമിയേ

അടരുന്ന ആനന്ദാശ്രുക്കളില്‍
തെളിയുന്നു അയ്യാ നിന്‍ രൂപം
അയ്യനെ കാണും കണ്ണുകള്‍
ആത്മനിര്‍വൃതിയാല്‍ സായൂജ്യമടയുന്നു
ദുഖങ്ങളെല്ലാം ആ തിരു മുന്നിന്‍
കര്‍പ്പൂരനാളമായി എരിഞ്ഞു തീര്‍ന്നെങ്കില്‍
സ്വാമിയേ അയ്യപ്പോ...അയ്യപ്പോ സ്വാമിയേ

മകരവിളക്കിന്‍ പ്രഭയില്‍
അയ്യനെ ഒരു നോക്ക് ദര്‍ശിച്ച്
ശരണം വിളിച്ച്,മാമലയിറങ്ങും
ഭക്തര്‍ തന്‍ മനസ്സില്‍ അയ്യനെ
വീണ്ടും ദര്‍ശിക്കാനുള്ള മോഹം മാത്രം
സ്വാമിയേ അയ്യപ്പോ...അയ്യപ്പോ  സ്വാമിയേ
ഹരിഹരപുത്ര സുതനേ ശരണം പൊന്നയ്യപ്പാ....

Monday, November 13, 2017

നന്ദി...നന്ദി..നന്ദി 💖

എന്‍റെ ബ്ലോഗ്‌ തുടങ്ങിയിട്ട്, അഞ്ച് വര്‍ഷം കഴിയുന്നു.മനസ്സില്‍  തോന്നുന്നത് ഒരു വരിയായാല്‍ പോലും , അത് ഇവിടെ എഴുതി  കഴിഞ്ഞാല്‍, ഒരു പുസ്തകം പബ്ലിഷ്  ചെയ്യുന്നത് പോലെയുള്ള സന്തോഷം  തന്നെയാണ്. കൂട്ടുകാരുടെ സഹകരണം തന്നെയാണ് ഈ ഉദ്യമത്തില്‍ ഞാന്‍ വിജയിക്കാന്‍ കാരണവും. എനിക്ക് തന്ന പ്രോത്സാഹനത്തിനും സഹകരണത്തിനും, എല്ലാ കൂട്ടുകാര്‍ക്കും ഒത്തിരി ഒത്തിരി  നന്ദി. 

ബ്ലോഗ്ഗിന്‍റെ ആദ്യം മുതല്‍  എനിക്ക്  കട്ട  സപ്പോര്‍ട്ട്  നല്‍കിയ അജിത്‌ മാഷിനെ ഈ  അവസരത്തില്‍  സ്നേഹപൂര്‍വം  സ്മരിക്കുന്നു. കുറച്ചു  നാളായി  മാഷിനെ ഇങ്ങോട്ടൊക്കെ  കണ്ടിട്ട്. ഇവിടെ വരുന്ന നിങ്ങളില്‍ ആര്‍ക്കെങ്കിലും   അജിത്‌ മാഷിനെ  കുറിച്ച്  എന്തെങ്കിലും വിവരമുണ്ടെങ്കില്‍  ദയവുചെയ്ത്  എന്നെ  ഒന്ന്  അറിയിക്കുമല്ലോ ....

Tuesday, November 7, 2017

സുഗന്ധ സ്മൃതികള്‍.....മറക്കാനാവാത്ത മധുരിത ഗാനം
എന്‍ അന്തരംഗത്തില്‍ നീ
ചാര്‍ത്തിയ നാണം
ഓമലേ നീ മറന്നുവോ

നിശാഗന്ധി പൂത്ത നിശയില്‍
നീയൊരു സുഗന്ധമായ്‌
എന്‍ ചാരേ ഒഴുകി വന്നു
ആ നിമിഷത്തില്‍ നിന്‍റെ കടക്കണ്ണില്‍
ഒളിച്ചു വെച്ച ആദ്യാനുരാഗം
ഓമലേ നീ മറന്നുവോ

താരകങ്ങള്‍ ഒരുക്കിയ നിറക്കൂട്ടില്‍
നിശയുടെ ചിറകിലേറി നാം പറന്നത്
ഓമലേ നീ മറന്നുവോ
നിലാവില്‍ പൂക്കുന്ന നീ
തന്നൊരാ പ്രണയ മൊട്ടുകള്‍
വാടില്ലൊരിയ്ക്കലും ഓമലേ

നീ തൂകിയ സുഗന്ധം പേറി
എത്രയോ കാതങ്ങള്‍ ഞാന്‍ പിന്നിട്ടു
എന്നിട്ടും സ്മൃതിയില്‍ കാണാകാഴ്ച
പോലെ നീയെന്നും............

Saturday, October 7, 2017

സമര്‍പ്പണം........


അമ്മയോട് എപ്പോഴും പരാതി പറയാറുണ്ട്‌,രണ്ടു ചേട്ടന്‍മാരില്‍ ഒരു സഹോദരിയെ എനിക്ക് തന്നൂടായിരുന്നോന്ന്. കുട്ടിയായിരിക്കുമ്പോ ഒരിക്കലും അങ്ങനെയൊരു ചിന്ത മനസ്സില്‍ വന്നിട്ടില്ല.അത്രയും സ്നേഹമായിരുന്നു രണ്ടു ഏട്ടന്‍മാര്‍ക്കും എന്നോട്.ജീവിതയാത്രയുടെ ഏതോ ഘട്ടത്തില്‍ ആ സ്നേഹത്തില്‍ വിള്ളലുണ്ടായി.അപ്പോഴാണ്‌ മനസ്സില്‍ ആ ചിന്ത വന്നതും,എനിക്കൊരു സഹോദരിയുണ്ടായിരുന്നെങ്കില്‍.അമ്മയോട് പല പ്രാവശ്യം ഈ ചിന്തയെ കുറിച്ച് പറഞ്ഞിട്ടുമുണ്ട്.
ഈ പ്രാവശ്യം നാട്ടില്‍ എത്തിയ സമയത്ത്, ഡോക്ടര്‍ അടിയന്തിരമായി സര്‍ജറി വേണമെന്ന് നിര്‍ദേശിച്ചപ്പോ,പിന്നീട് ആകട്ടെന്നു പറഞ്ഞു മാറ്റിവെയ്ക്കുക ആയിരുന്നു.അര്‍ജെന്റായി ഡോക്ടര്‍ പറഞ്ഞ സ്ഥിതിക്ക് ഉടനെ അത് ചെയ്തേ പറ്റുള്ളൂന്നു ഏട്ടന്മാര്‍ നിര്‍ബന്ധം പിടിച്ചു. സര്‍ജറിക്ക് മുമ്പേയുള്ള പ്രൊസീചര്‍ മുതല്‍ സര്‍ജറി വരെ എന്നോടൊപ്പം എല്ലാത്തിനുമുണ്ടായിരുന്നത് എന്‍റെ രണ്ട് ഏട്ടന്മാരും ആയിരുന്നു.അവര്‍ എന്നോടൊപ്പമുണ്ടെന്നുള്ള മനോധൈര്യം ആയിരിക്കണം ഒരു ഭയവും കൂടാതെ സര്‍ജറിയെ നേരിടാന്‍ എനിക്ക് കഴിഞ്ഞത്.നാല് ദിവസം ഐ സി യു വിന് വെളിയില്‍ പകലും രാത്രിയും അവരുടെ ജോലിയും ഉപേക്ഷിച്ച് എനിക്ക് വേണ്ടി എന്തിനും തയ്യാറായി ഉറക്കമൊഴിഞ്ഞിരുന്ന അവരുടെ സ്നേഹം കണ്ട് കണ്ണും മനസ്സും നിറഞ്ഞ നിമിഷങ്ങളയിരുന്നു അത്.വീണ്ടും ആ പഴ സ്നേഹം ആവോളം ആസ്വദിച്ച ദിനങ്ങളായിരുന്നു അത്.ഈ രണ്ട് ഏട്ടന്‍മാരെ എനിക്ക് തന്നതില്‍ സര്‍വ്വേശ്വരനോട് നന്ദി പറയുന്നു......
തന്‍റെ പ്രൊഫഷന്റെ മഹത്വം കാത്തു സൂക്ഷിക്കുന്ന തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ ഗൈനിക് ഡോക്ടര്‍ റഫീക്കാ മാഡത്തിനെ കുറിച്ച് കൂടി എഴുതാതെ ഈ കുറിപ്പ് പൂര്‍ണ്ണമാകില്ല.കിംസ് ഹോസ്പിറ്റലിനെ കുറിച്ച് എനിക്ക് വലിയ അഭിപ്രായമില്ലായിരുന്നു.പക്ഷേ റഫീക്ക മാഡത്തിനെ കുറിച്ച് കേട്ടപ്പോ പിന്നെ ഒന്നും ചിന്തിച്ചില്ല.ആദ്യത്തെ കണ്‍സള്‍ട്ടേഷനില്‍ തന്നെ അത് മനസിലാവുകയും ചെയ്തു.ഡോക്ടര്‍ തന്ന ഒരു പോസിറ്റീവ് എനര്‍ജി കൂടിയാവണം ഒരു പേടിയും കൂടാതെ സര്‍ജറിയെ നേരിടാനും, പെട്ടന്നുള്ള റിക്കവറിക്കും കാരണമായതെന്നു വിശ്വസിക്കുന്നു. ഇത് വരെ കണ്ടിട്ടുള്ള ഡോക്ടര്‍മാരില്‍ വിരളം പേരെ എന്‍റെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുള്ളൂ, അതില്‍ റഫീക്ക മാഡത്തിനെയും പൂര്‍ണ്ണ മനസോടെ സ്വീകരിക്കുന്നു.....

Monday, October 2, 2017

സിന്ദൂരം.....
കനവായ് നിനവായ്
നിറഞ്ഞു നില്‍ക്കുന്നു നീയെന്നും

അകലാതെ അകലുന്ന മനസ്സ് പോലെ
അറിയാതെ അകലുന്ന ഹൃദയതുടിപ്പുകള്‍
പറയാതെ പറയുന്ന വാക്ക് പോലെ
അറിയാതെ പറയുന്ന മധുര നൊമ്പരങ്ങള്‍

പാടാതെ പാടുന്ന പാട്ട് പോലെ
പാടാന്‍ കൊതിക്കുന്ന പ്രണയഗീതങ്ങള്‍
എഴുതാതെ എഴുതുന്ന കവിത പോലെ
എഴുതാന്‍ കൊതിക്കുന്ന സ്നേഹാക്ഷരങ്ങള്‍

ഒഴുകാതെ ഒഴുകുന്ന പുഴ പോലെ
നിന്നിലേക്ക്‌ അലിഞ്ഞു ചേര്‍ന്നു ഞാന്‍
കത്താതെ കത്തുന്ന നാളം പോലെ
നീ എന്നിലേക്ക്‌ പടര്‍ന്ന് കയറി

ഒരു പിടി ചാരമായ് കടലില്‍
അലിഞ്ഞു ചേര്‍ന്നു മായവേ
മായാതെ നില്‍ക്കുന്നു നെറുകില്‍
നീ ചാര്‍ത്തിയ  രക്ത സിന്ദൂരം.........


Thursday, September 14, 2017

സ്വപ്നത്തൊട്ടില്‍ 💓
മനസ്സിലൊരു സ്വപ്നത്തൊട്ടിൽ
ഒരുക്കിയിരുന്നു നിനക്കായ്
അമ്മേയെന്ന് വിളിച്ച് നീ
വരുമെന്നും  പ്രതീക്ഷിച്ച്
വെറുതെ ഞാൻ കാത്തിരുന്നു
നീ വരില്ലെന്ന് അറിഞ്ഞിട്ടും
ഒത്തിരി നാൾ ആ സ്വപ്നത്തൊട്ടിൽ
നിനക്കായി ഞാൻ  സൂക്ഷിച്ചു വെച്ചു
എന്നെങ്കിലും നീ
എന്നടുത്ത് അണയുമെന്ന്
ഞാൻ വെറുതെ മോഹിച്ചു

നിന്നെയുറക്കാന്‍ ആ
സ്വപ്നത്തൊട്ടിലിന്നില്ല
താരാട്ട് ശീലുകളുമില്ല
നിന്നെ അണിയിക്കാന്‍
പട്ടു പുടവയുമില്ല
നിന്നെയൂട്ടാന്‍  നറു
വെണ്ണയുമിന്നില്ല

നിനക്കായൊരുക്കിയിരുന്ന സ്വപ്ന-
ത്തൊട്ടിലിന്ന് നിലം പൊത്തി
ഒരു മാത്ര താലോലിക്കാൻ കൊതിക്കെ
ഒരു നിഴലായ് എന്നിൽ നിന്നും
നീ നടന്ന് അകന്നു..........

Monday, July 24, 2017

പ്രണയാക്ഷരങ്ങള്‍ ♥️

രണ്ടാം സമ്മാനം കിട്ടിയ പ്രണയ ലേഖനം.ഇത് കാണുമ്പോ നിങ്ങള്‍ വിചാരിക്കരുത് പ്രണയലേഖനം  എഴുതി എനിക്ക് നല്ല പരിചയം ആണെന്ന്.മത്സരം കണ്ടപ്പോ ഒന്ന് പയറ്റി നോക്കാന്ന് കരുതി കയറിയതാ  😊ഹൃദയ വേദനയോടെ പ്രണയാക്ഷരങ്ങള്‍ കൊണ്ട് നീ  ചാലിച്ചെഴുതിയ ഈ പ്രണയ ലേഖനം ഒത്തിരി സന്തോഷത്തോടെ അതിലേറെ വേദനയോടെ ഞാന്‍ വായിച്ചു തീര്‍ത്തു.എത്രയോ നാളുകള്‍ക്ക് മുന്നേ നിന്നില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന വാക്കുകളും വരികളും.അതിനു വേണ്ടി ഇത്രയും നാള്‍ കാത്തിരിക്കേണ്ടി വന്ന വേദനയും.ഓരോ വരികളിലും നിനക്ക് എന്നോടുള്ള പ്രണയം ഞാന്‍ വായിച്ചെടുത്തു.എത്രയോ പ്രാവശ്യം വീണ്ടും വീണ്ടും ഞാനിതു വായിച്ചെന്നു നിനക്കറിയാമോ.ഓരോ പ്രാവശ്യവും ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ്  ഞാനിത് വായിച്ചു തീര്‍ത്തത്.ഇന്ന് ഇതിലെ ഓരോ വാക്കും എനിക്ക് മനപാഠമാണ്.നിന്നില്‍ നിന്ന് ഞാനെന്നോ കേള്‍ക്കാന്‍ ആഗ്രഹിച്ചതായിരുന്നു ഇതിലെ ഓരോ വരിയും.സ്നേഹാക്ഷരങ്ങള്‍ കൊണ്ട് നീ തീര്‍ത്ത  ഈ വരികളില്‍ നിന്ന്  മനസിലാകും,എന്നോടുള്ള പ്രണയം തുടിക്കുന്ന നിന്‍റെ മനസ്.

      ഹൃദയവേദനയോടെ തൂലിക ചലിപ്പിക്കുന്ന നിന്റെ മുഖമാണ് ഈ പ്രണയലേഖനത്തിലൂടെ ഞാന്‍ കണ്ടത്.നീ എന്നടുത്ത് എത്തുമ്പോഴൊക്കെ നിന്നോട്  പറയാന്‍ ഞാന്‍ കരുതിയിരുന്ന വാക്കുകള്‍, പറയാനാകാതെ ഞാന്‍ മൌനത്തോടെ നിന്നു. അത് നിന്നോട് എനിക്കുള്ള സ്നേഹകൂടുതല്‍ കൊണ്ട് തന്നെയാണ്.നിന്നെ എനിക്ക് നഷ്ടമകുമോ എന്ന പേടിയും.യാഥാസ്ഥിതികരായ  എന്‍റെ വീട്ടുകാര്‍ ഒരിക്കലും നമ്മുടെ ഈ ബന്ധത്തിനെ  അനുകൂലിക്കില്ല. നിന്നെ അവര്‍ അപായപ്പെടുത്തുമോയെന്ന  ആശങ്ക തന്നെയാവാം എന്നെ നിന്നില്‍ നിന്ന് മാറിനില്‍ക്കാന്‍ പ്രേരിപ്പിച്ചതും.നിന്നോടൊപ്പം ചിലവിട്ട ഓരോ നിമിഷവും സുന്ദര നിമിഷങ്ങളായി എന്‍റെ ഓര്‍മ്മയില്‍ എന്നും ഞാന്‍ സൂക്ഷിക്കും. നിനക്ക് എന്നോടുള്ള പ്രണയം നിന്‍റെ കണ്ണുകളില്‍ നിന്ന് പലപ്പോഴും ഞാന്‍ വായിച്ചെടുത്തതാണ്. 

നിന്നെയും നിന്‍റെ ഓര്‍മ്മകളെയും നെഞ്ചോട്‌ ചേര്‍ത്ത് വെച്ചേ ഞാന്‍ ഇത് വരെ കഴിഞ്ഞുട്ടുള്ളൂ. നിന്‍റെ ഹൃദയാക്ഷരങ്ങളില്‍ ചാലിച്ചെഴുതിയ ഈ പ്രണയ ലേഖനം,മനസ്സിന്റെ പെട്ടകത്തില്‍ നിധിയായ്‌ ഞാന്‍ എന്നും കാത്തു വെയ്ക്കും.നിനക്ക് നന്മകള്‍ മാത്രം വരട്ടെയെന്ന് പ്രാര്‍ഥിച്ചു കൊണ്ട് നിന്റെ.....                          
         

സ്വപ്ന സൌധം 🏠


മധുരമാം വാക്കുകളുടെ
തീരത്ത് നിന്ന് ഞാനൊരു
സ്വപ്ന സൌധം പണിതുയര്‍ത്തി
വാക്കുകളില്‍ തറച്ചിരുന്ന
കൂരമ്പ്‌ കാണാന്‍ ഞാന്‍ മറന്നു പോയി
സ്വപ്ന സൌധത്തില്‍ നിറച്ചിരുന്ന
സ്വപ്നങ്ങളെല്ലാം വ്യര്‍ത്ഥങ്ങളായിരുന്നു

ശ്രുതിതെറ്റി പാടിയ പൂങ്കുയില്‍
വീണ്ടും കാകന്റെ കൂട്ടില്‍ മുട്ടയിട്ടു
കാകമ്മ വളര്‍ത്തിയ കാക്കകുയില്‍
ശ്രുതി ചേര്‍ത്ത് പാടി പറന്നകന്നു

വാക്കുകളാല്‍ തീര്‍ത്ത മണി മാളിക
മലര്‍പ്പൊടിക്കാരന്റെ വ്യാമോഹം
പോല്‍ തകര്‍ന്നടിഞ്ഞു
വര്‍ണ്ണ സ്വപ്‌നങ്ങള്‍ കൊണ്ട്
പണിതുയര്‍ത്തിയ സ്വപ്ന സൌധം
നിണമില്ലാത്ത രൂപങ്ങള്‍
പടര്‍ന്നിറങ്ങി തച്ചുടച്ചു........

Saturday, July 22, 2017

ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ 💖
ആ ബാല്യത്തിലേക്ക് മടങ്ങണം
അനുഭവിച്ച് കൊതിതീരാത്ത
അച്ഛന്റെ സ്നേഹം
ആവോളം ആസ്വദിക്കാന്‍
കൊഞ്ചി ചിണുങ്ങി അച്ഛന്റെ
വിരല്‍ത്തുമ്പ്‌ പിടിച്ച് നടക്കാന്‍
ഒന്ന് തട്ടി വീണാലോടി വന്ന്
സ്നേഹത്തോടെ സാന്ത്വനിപ്പിക്കുന്ന
അച്ഛനെ കാണാന്‍
മോളേയെന്ന അച്ഛന്റെ വിളി കേട്ട്
മനസ് കുളിര്‍ക്കാന്‍
അച്ഛായെന്ന് ഒരായിരം വട്ടം വിളിച്ച്
സന്തോഷത്തോടെ പുറകേ നടക്കാന്‍

അച്ഛന്റെ ശാസനകേട്ട് പൊട്ടിക്കരയുമ്പോള്‍
വാത്സല്യത്തോടെ ആശ്വസിപ്പിക്കുന്ന
അച്ഛന്റെ ആ മുഖം കാണാന്‍
അച്ഛന്റെ വരവും കാത്ത്
കൈയ്യിലെ പൊതിയും പ്രതീക്ഷിച്ച്
കൊതിയോടെ കാത്തിരിയ്ക്കാന്‍
സ്നേഹത്തിന്റെ മാധുര്യം നിറച്ച്
അച്ഛന്‍ കുഴച്ചു തരുന്ന ഒരുരുള
ചോറിന്റെ രുചി നുകരാന്‍...

Sunday, May 28, 2017

പ്രത്യാശ....


എഫ് ബി യിലെ ഒരു ഗ്രൂപ്പില്‍ കഥാമത്സരത്തിന് രണ്ടാം സ്ഥാനം നേടിയ എന്‍റെ വരികള്‍ 
വിശന്നു വയറ് കാളുന്നു, തന്റെ കണ്ണില്‍ നിന്നുതിര്‍ന്ന  നീര്‍തുള്ളികളെ തൂത്തെറിഞ്ഞു അവന്‍.തനിക്ക് കരയാന്‍ സമയമില്ല , ഇനിയും ഒരു പാട് ജോലികള്‍ ചെയ്തു തീര്‍ത്താലെ വിശപ്പകറ്റാന്‍ എന്തെങ്കിലും കിട്ടുള്ളു. അവന്‍ ഓര്‍ക്കുകയായിരുന്നു, ആ ദിനങ്ങള്‍.താനും അനിയനും അച്ഛനും അമ്മയുമടങ്ങിയ ആ സന്തുഷ്ട കുടുംബം. തന്റെ അനിയന്‍ ഉണ്ണിക്കുട്ടന്‍ തനിക്ക് ജീവിനായിരുന്നു.പെട്ടന്നാണ് തന്റെ കുടുംബത്തിന്റെ സന്തോഷമില്ലാതായത്.അച്ഛന്റെയും അമ്മയുടെയും സംസാരത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞു,അച്ഛന്റെ ബിസിനസ്സ് നഷ്ടത്തിലായി.അനാഥയായ തന്‍റെ അമ്മയെ വിവാഹം കഴിച്ചത് കൊണ്ട് തന്നെ, അച്ഛന്റെ വീട്ടുകാര്‍ പോലും എതിരായിരുന്നു.വീട്ടില്‍ കടക്കാര്‍ കയറി ഇറങ്ങാന്‍ തുടങ്ങി.

അന്ന് രാത്രി അത്താഴത്തിന് തങ്ങള്‍ക്കിഷ്ടപ്പെട്ടതൊക്കെ അമ്മ ഒരുക്കിയിരുന്നു. നമ്മള്‍ രണ്ട് മക്കളെയും അരികില്‍ ഇരുത്തി അച്ഛനും അമ്മയും സ്നേഹത്തോടെ ഞങ്ങളെ ഊട്ടി. അത് അവസാനത്തെ അത്താഴമാണെന്ന് അറിയാതെ രുചിയോടെ ഭക്ഷിച്ചു.അമ്മയുടെ കണ്ണില്‍ നിന്നടര്‍ന്നു വീണ ചൂടുള്ള ആ കണ്ണുനീര്‍ത്തുള്ളികളുടെ അര്‍ഥം പിന്നീടാണ് തനിക്ക് മനസിലായത്.ആ അത്താഴത്തില്‍ വിഷം കലര്‍ത്തിയിരുന്നു. കണ്ണ് തുറക്കുമ്പോള്‍ താന്‍ ആശുപത്രിയില്‍ ആയിരുന്നു.അച്ഛനും അമ്മയും ഈ ലോക വിട്ട് പോയെന്നും, തന്റെ ജീവനായ ഉണ്ണികുട്ടനെ ഏതോ അനാഥാലയത്തില്‍ കൊണ്ട് പോയെന്നും  വേദനയോടെ കേട്ടിരുന്നു. തന്നെ ഏറ്റെടുക്കാന്‍ എത്തിയത് അച്ഛന്റെ അകന്ന ബന്ധത്തിലെ ഹോട്ടല്‍ ഉടമയായ  അമ്മാവന്‍ ആയിരുന്നു.ഒരു പാട് പ്രതീക്ഷിച്ചിരുന്നു, ഇവിടെ വന്നപ്പോ കിട്ടിയതോ, രാപ്പകല്‍ ഇല്ലാതെ കഠിനാധ്വാനവും. അവനിന്ന് ആരോടും പരാതിയില്ല തങ്ങളെ അനാഥരാക്കിപ്പോയ മാതാപിതാക്കളോട് പോലും.ശോകം നിറഞ്ഞ അവന്റെ ആ  കണ്ണുകളില്‍ ഇന്നൊരു പ്രതീക്ഷയുണ്ട്.തന്റെ ജീവനായ  ഉണ്ണിക്കുട്ടനെ കണ്ടു പിടിച്ച് അവനു വേണ്ടി ജീവിക്കണമെന്ന ആഗ്രഹം.ആ കുഞ്ഞു മനസിന്റെ ആഗ്രഹം നിറവേറട്ടെ..........

Wednesday, April 12, 2017

വിഷുക്കണി...
വിഷുപക്ഷി തന്‍ മധുര നാദം കേട്ട്
അറിയാതെ നിനച്ചു ഞാന്‍ നിന്നെ
അകലെയാണെങ്കിലും ഓര്‍ക്കുന്നു 
ഞാന്നെന്നും ആ വിഷുപ്പുലരികളും
നീ എനിക്കേകിയ മാധുര്യമേറിയ 
വിഷുക്കണികളും....

നിന്‍റെ കുപ്പിവളകളുടെ പൊട്ടിച്ചിരിക്കായി 
ആ പ്രഭാതങ്ങളില്‍ ഞാന്‍ കാതോര്‍ത്തിരുന്നു
എനിക്ക് വേണ്ടി ചിലച്ചിരുന്ന 
വിഷുപ്പക്ഷി നീയായിരുന്നെന്നും 
കാതില്‍ കിന്നാര മോതിയിരുന്ന 
വിഷുപ്പക്ഷിയും പറന്നകന്നു...

പട്ടുപാവാടയും ബ്ലൌസും അണിഞ്ഞ്
അഴകാര്‍ന്ന നിന്‍ മുടി മാടിയൊതുക്കി 
നാണിച്ചു വന്നെനിക്ക് നല്‍കിയ 
വിഷുക്കൈനീട്ടം ഞാന്‍ മറക്കുവതെങ്ങനെ 
വിളറിയ എന്‍ മുഖം കണ്ട്
കൂട്ടുകാരോടൊത്ത് നീ പൊട്ടിച്ചിരിച്ചതും 
ഒരുമിച്ചിരുന്ന് വിഷു സദ്യയുണ്ടതും 
ഇടക്കണ്ണിട്ട് നീ എന്നെ നോക്കിയതും 
മനസ്സിന്റെ മണിച്ചെപ്പില്‍ നിറമാര്‍ന്ന 
വിഷു ഓര്‍മ്മകളിന്നും....

അണയില്ലാ വിഷു നാളുകളിനിയെങ്കിലും
ഓര്‍മ്മചിരാതില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു 
നീ തന്നൊരാ വിഷുക്കണികള്‍ പീലി തുണ്ടുകളായ്.......
                                  

Monday, March 6, 2017

മോഹവീണ.....മീട്ടാന്‍ മറന്ന വീണ തന്‍ തന്തികള്‍
മൂകമായ് കേഴുന്നതാര്‍ക്ക് വേണ്ടി 
നീ ശ്രുതി മീട്ടിയ തന്തികള്‍,നിന്‍റെ 
പാട്ടിന്‍റെ മാധുര്യം നുകര്‍ന്നിടുന്നു 
നീ തീര്‍ത്തൊരാ രാഗ പ്രഭയില്‍ 
അന്നെന്‍ ദിനങ്ങള്‍ ജ്വലിച്ചിരുന്നു....

നീ തീര്‍ത്ത സപ്തസ്വരങ്ങള്‍ തന്‍ നാദം 
കേട്ട് ഞാന്‍ ആനന്ദലഹരിയില്‍ ആറാടി
എന്‍റെ തന്തികള്‍ നിനക്കായുതിര്‍ത്ത 
പ്രിയ ശ്രീരാഗം, പാട്ടിന്റെ  പാലാഴിയായ്
ഒരിയ്ക്കലും നിലയ്ക്കാത്ത
വേണുഗാനമായ് ഒഴുകിയെത്തി
ആ സംഗീത സാഗരത്തില്‍ 
ഞാനലിഞ്ഞില്ലാതെയായി
നീ പാടിയ പാട്ടിന്‍ ശീലുകള്‍, ഇന്നുമെന്‍ 
തന്തികളില്‍ തത്തികളിക്കുന്നു.....

നാം ഒരുമിച്ച് തീര്‍ത്തൊരാ 
രാഗ പ്രപഞ്ചത്തില്‍
എല്ലാം മറന്ന് ലയിച്ചിരിക്കെ
വിറയാര്‍ന്ന പാദങ്ങളോടെ
വിട ചൊല്ലി നീ മറയവേ 
എന്‍ തന്തികളുതിര്‍ത്ത മിഴിനീര്‍ 
നിന്നോര്‍മ്മ തന്‍ രാഗ പ്രവാഹമായി 
എന്നില്‍ പെയ്യ്തിറങ്ങി.....

ഒരു മാത്ര നിന്‍റെ പദസ്വനം 
കേള്‍ക്കാന്‍ കാതോര്‍ക്കെ 
പൊട്ടിയ തന്തികള്‍ നിനക്കായ്
വീണ്ടും മീട്ടാന്‍ കൊതിക്കെ
അടച്ച് പൂട്ടിയ മുറിയുടെ കോണില്‍ 
നിനക്കായ് കാത്തിരിക്കെ 
അന്ന് നീ പാടിയ ഗസലിന്‍ ഈരടികള്‍ 
ഇന്നും ഒരു സാന്ത്വനമായി 
മനസ്സിനെ  തഴുകി തലോടുന്നു
മോഹവീണ തന്‍ തന്തിയില്‍ 
വീണ്ടും നീയൊരു രാഗപ്രപഞ്ചം
തീര്‍ക്കുമെന്ന പ്രതീക്ഷയോടെ എന്നും........

Thursday, December 29, 2016

പ്രിയ കൂട്ടുകാര്‍ക്ക് പുതുവത്സരാശംസകള്‍....

2016 ലെ അവസാന ദിനങ്ങള്‍.ജ്യോത്സ്യരുടെ പ്രവചന  പ്രകാരം ഗുണദോഷ സമ്മിശ്രമായിരുന്നു ഈ വര്‍ഷം.രാഹു കേതുവിനെ പിടിച്ചത് കൊണ്ട് തന്നെ ഉയര്‍ച്ചയും,താഴ്ചയുമുണ്ടായെന്നാ ജ്യോത്സര്‍ വാദിക്കുന്നത്.നെഞ്ചോട്‌ ചേര്‍ത്ത് വെച്ച പലതിനെയും നഷ്ടപ്പെട്ട വര്‍ഷം കൂടി  ആയിരുന്നു.ഗുളികന്‍ ഉച്ചസ്ഥായിയില്‍ നിന്നത് കൊണ്ടും,കൈയിലിരുപ്പ് കൊണ്ടും അങ്ങനെ സംഭവിച്ചുവെന്നാ  ജ്യോത്സരുടെ കണ്ടെത്തല്‍.ശനി ശുക്രനില്‍ എത്തുമ്പോ നഷ്ടപ്പെട്ടതിന് പകരം കിട്ടുമെന്നും ജ്യോത്സര്‍ ഗണിച്ചു പറയുന്നു.ഒന്നും ഒന്നിനും പകരമാവില്ലെന്നു മനസിലാക്കാനുള്ള സമയം പോലും ജ്യോത്സര്‍ക്ക് ഇല്ല.സൂര്യന്‍ നട്ടുച്ചക്ക് മണ്ടക്ക് അടിച്ചത് കൊണ്ട് ചില തിരിച്ചറിവുകള്‍ ഉണ്ടായെന്നും ജ്യോത്സര്‍ അഭിപ്രായപ്പെടുന്നു.ദക്ഷിണയായി രണ്ട് ആയിരത്തിന്റെ നോട്ടുകള്‍ കൊടുക്കുന്നത് കണ്ട്,മുപ്പതാം തീയതിക്ക് മുന്നേ ഈ നോട്ടുകള്‍ മാറാന്‍ പറ്റുമോന്ന് നോക്കിയിട്ടാവാം 2017 ലെ പ്രവചനമെന്ന് പറഞ്ഞു ജ്യോത്സ്യര്‍ അവിടന്ന് മുങ്ങി....

ഓരോ പുതുവര്‍ഷം ആകുമ്പോഴും ആലോചിക്കുക, അടുത്ത വര്‍ഷം ഞാന്‍ ഉണ്ടാകുമോന്ന് തന്നെയാണ്.മനുഷ്യന്റെ കാര്യം അല്ലേ.അറിഞ്ഞോ അറിയാതെയോ എന്റെ പ്രവര്‍ത്തികളോ, വാക്കുകളോ ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കില്‍ ദയവായി ക്ഷമിക്കുക.എന്നെ ഇത് വരെ സഹിച്ച, സഹിക്കുന്ന പ്രിയ കൂട്ടുകാര്‍ക്ക് ഒത്തിരി നന്ദി.നന്മയുടെ, സ്നേഹത്തിന്‍റെ, സമൃദ്ധിയുടെ,സന്തോഷത്തിന്‍റെതാവട്ടെ ഈ പുതുവര്‍ഷം എന്നാശംസിക്കുന്നു....

 

Tuesday, December 20, 2016

കടലാസ് തോണി....


ഓര്‍മ്മയില്‍ ഇന്നുമുണ്ടാ കളി  തോണി
നീയും ഞാനും ചേര്‍ന്ന് മഴവെള്ളത്തില്‍
തള്ളിവിട്ടിരുന്ന കടലാസ് തോണി

കാണാന്‍ എന്ത്  ചേലായിരുന്നാ തോണി
മഴ വെള്ളത്തില്‍ കളിച്ച് നടക്കുന്ന 

കടലാസ്  തോണി

ദിശയില്ലാതെ കാറ്റിന്‍ ഗതിക്കൊത്ത്
നീങ്ങുന്ന കളി തോണി

എവിടെയോ ചെന്നിടിച്ച്  തകര്‍ന്ന്
ജീവിതം വെടിയുന്ന കടലാസ് തോണി

ആ തകര്‍ച്ച തെല്ലൊരു സങ്കടത്തോടെ
നോക്കി നിന്നു നമ്മള്‍
വീണ്ടുമൊരു മഴയും പ്രതീക്ഷിച്ച് .......

Monday, November 28, 2016

മഴഗീതം...


മനസ്സില്‍ തോന്നിയ വരികള്‍ എന്‍റെ ശബ്ദത്തില്‍. ചെറിയൊരുശ്രമം.... Wednesday, November 23, 2016

പ്രണയാര്‍ദ്രം...

എന്നാത്മ നാഥനെന്‍ 
ചാരത്തണയുമ്പോള്‍
ഒരു നവവധുവിനെ പോല്‍ 
ലജ്ജകൊണ്ട് ചൂളും ഞാന്‍
നാണത്താല്‍ വിവശയായി 
തല താഴ്ത്തി മൌനമായ് 
നില്‍ക്കും ഞാന്‍
കാല്‍ നഖം കൊണ്ട് 
കളം വരച്ച്, ഒളികണ്ണാല്‍
നോക്കി കവിത രചിക്കും ഞാന്‍
ആ കിളിനാഥമെന്‍ കരളില്‍ 
ആശകള്‍ തന്‍ പീലി നീര്‍ത്തും

വിറയാര്‍ന്ന കൈകള്‍ ചേര്‍ത്തു
പിടിക്കുമ്പോള്‍, ഇതുവരെ 
അറിയാത്തൊരു നിര്‍വൃതി 
അറിയുന്നു ഞാന്‍ 
ആ മാറില്‍ തലചേര്‍ത്തു
വെയ്യ്ച്ചാല്‍ കേള്‍ക്കാം 
ആ ഹൃദയതാളം ഒരു 
സ്നേഹാര്‍ദ്ര ഗീതം പോല്‍

നമ്മള്‍ ഒന്നെന്നു ചൊല്ലി 
നെറുകില്‍ ചുംബിക്കുമ്പോള്‍ 
എന്തെന്നറിയാത്തൊരാത്മ 
നിര്‍വൃതി അറിയുന്നു ഞാന്‍ 
ആ കരവലയത്തിലൊതുങ്ങുമ്പോള്‍
കണ്ണന്‍റെ പ്രേയസി രാധയായി 
മാറിടുന്നു ഞാന്‍

നിനക്കായി കാത്തിരിക്കും 
ഓരോ നിമിഷവുംഞാനറിയുന്നു 
നിനക്കെന്നോടുള്ള പ്രണയം 
ഓരോ കാത്തിരുപ്പും സുഖമുള്ള 
ഓരോ പ്രതീക്ഷകളാണ്....

Tuesday, November 8, 2016

കായാമ്പൂ വര്‍ണ്ണന്‍....
കണ്ണാ...നിന്റെ നാമങ്ങള്‍ ഉരുവിടാതെ
ഒരു നിമിഷമില്ലീ ജീവിതത്തില്‍
ഹരിനാമം  ഉരുവിട്ട് നിന്നെ ഞാന്‍
ഭജിക്കുമ്പോഴും എന്തിനായ്  കണ്ണാ
ഈ പരീക്ഷണം എന്നോട് മാത്രമായ്
നീയല്ലാതാരഭയം എന്‍റെ കണ്ണാ.....

ഈ സങ്കടക്കടലിന്‍ നടുവില്‍
തീരം കാണാതെ ഞാനുഴലുമ്പോഴും
എന്‍റെ കണ്ണാ ഞാനൊരു കര്‍പ്പൂരനാളമായ്
നിന്‍ മുന്നില്‍ ഉരുകി തീര്‍ന്നുവെങ്കില്‍....

ഒരു മാത്ര ഓടിയണയുമാ തിരുമുന്നില്‍
പുഞ്ചിരിതൂകുമാ കള്ളം നോട്ടം കണ്ട്
മുരളി പൊഴിയ്ക്കുന്ന ശ്രീരാഗം കേട്ട്
എല്ലാ ദുഖങ്ങളും ശ്രീപാദത്തിലര്‍പ്പിച്ച്
ശ്രീകോവിലിന്‍ മുന്നിന്‍ എല്ലാം മറന്ന്
കൈകൂപ്പി ലയിച്ച് നില്‍ക്കണം....

കായാമ്പൂ വര്‍ണ്ണാ കണ്ണാ,കാറ്റിലൂടെ
ഒഴുകി വന്ന നിന്‍ മനം മയക്കുന്ന
സുഗന്ധം,സാന്ത്വനമായ് തഴുകി തലോടി
എഴുതിയാല്‍ തീരാത്ത കവിത പോലെ
ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠമായ്
എന്‍ മുന്നില്‍ ജ്വലിച്ചു നിന്നു...

കണ്ണാ...നീ തരുന്ന  ദുഃഖങ്ങളെല്ലാം
സന്തോഷത്തോടെ ഞാന്‍ സ്വീകരിക്കുന്നു
ഈ ദുഃഖങ്ങള്‍ ഇല്ലെങ്കില്‍
നിന്നെ ഞാന്‍ മറന്നാലോ
കണ്ണാ നീയെന്നെ മറന്നാലോ.....

കനവില്‍ മുരളിയൂതുന്ന മാധവനായ്
കണിയായ് പുഞ്ചിരി തൂകുന്ന കാര്‍വര്‍ണ്ണനായ്
 മനതാരിലെന്നും  വിളയാടീടണേ എന്‍റെ കണ്ണാ.....

Wednesday, October 5, 2016

പ്രതീക്ഷ ..മഴ കൊണ്ട് നിറയുന്ന കാര്‍മേഘം 
ആയി നീ മാറുമെങ്കില്‍
മഴയത്ത് കേഴുന്ന വേഴാമ്പലിനെ 
പോലെ ഞാന്‍ കാത്തിരിക്കാം 
നീ വരുമെങ്കില്‍ ......

എന്‍ ധാത്രിയെ തഴുകി വരുന്ന 
നിന്റെറ മണമുള്ള വരവിനെ 
സന്തോഷത്തോടെ ഞാന്‍ കാത്തിരിക്കാം
നീ വരുമെങ്കില്‍ .....

ഓരോ പുല്‍നാമ്പിനും സന്തോഷം
പകരുന്ന നിന്റെറ കാലടികളെ 
നെഞ്ചോടു ചേര്‍ത്ത്  വെയ്യ്ക്കാം 
പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കാം 
നീ വരുമെങ്കില്‍ .....

ആര്‍ത്തട്ടഹസിച്ച് വരുന്ന നിന്റെറ
പ്രളയത്തെ താലോലിക്കാന്‍ എനിക്കിഷ്ടമല്ല 
എന്നാലും സ്നേഹത്തോടെ ഞാന്‍ കാത്തിരിക്കാം 
നീ വരുമെങ്കില്‍ .....

നിന്റെറ ആനന്ദാശ്രുക്കള്‍ മഴത്തുള്ളിയായി 
എന്നില്‍ പൊഴിയുമെങ്കില്‍
എന്നും കൊതിയോടെ കാത്തിരിക്കാം 
നീ വരുമെങ്കില്‍ .....

Tuesday, August 16, 2016

സുഖ ചികിത്സയുടെയും രാമായണ ശീലുകളുടെയും കര്‍ക്കടകം പിന്നി ടുമ്പോള്‍, ചിങ്ങവെയിലിന്‍റെ തിളക്കവുമായി മറ്റൊരു പുതുവത്സരം കൂടി വരവായി. ചിങ്ങം ഐശ്വര്യത്തിന്റെ കാലമാണ്. പൂക്കളുടെ വസന്തകാലം. വിളവെടുപ്പിന്റെ സമൃദ്ധ കാലം. പ്രത്യാശകളുടെ ധന്യകാലം. ഓണമണയും കാലം. മലയാളിയുടെ പുതുവര്‍ഷം. എല്ലാ കൂട്ടുകാര്‍ക്കും നന്മയും, ഐശ്വര്യവും, സമ്പല്‍ സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു....

Monday, August 1, 2016

മഴ ഗീതം...


നനുത്ത മണ്ണിന്‍റെ മണവും, മച്ചിന്‍ പുറത്ത് ചിതറി വീഴുന്ന ആലിപ്പഴങ്ങളുടെ നാദവുമായ്, മഴ ഇപ്പോഴും പെയ്യ്തിറങ്ങുകയാണ് ഓര്‍മ്മകളുടെ അകത്തളങ്ങളില്‍.......

മധുമഴ പൊഴിയുന്ന നേരത്ത് 
നീയെന്നരികില്‍ ഇരുന്നെങ്കില്‍ 
നെറുകില്‍ തഴുകിയെങ്കില്‍ 
നിദ്ര വന്നെന്നെ പുല്‍കും വരെ 
ഒരു താരാട്ട് പാട്ടായി നീ മാറിയെങ്കില്‍

ആദ്യാനുരാഗമായി
അറിയാത്തൊരീണമായി 
നീ പെയ്ത് നിറയുമ്പോള്‍ 
നിനക്കായെന്നും ഞാന്‍ ഉണര്‍ന്നിരിയ്ക്കാം
ഞാനെന്ന ഭൂമിയെ നീ ആവേശത്തോടെ 
പ്രണയിക്കുമ്പോള്‍,ആ സ്നേഹം 
ഞാന്‍ നെഞ്ചോട് ചേര്‍ത്ത് വെയ്ക്കാം 

നിന്‍റെ തലോടലില്‍ കുളിരണിഞ്ഞിടുമ്പോള്‍
നീ തന്നെ നൊമ്പരം മറന്നിടാം ഞാന്‍ 
നിന്‍റെ സ്നേഹാര്‍ദ്ര മഴഗീതം,ശ്രീരാഗമായ് 
കാതില്‍ നിറയുമെങ്കില്‍
ആവോളം ഞാന്‍ ആസ്വദിച്ചീടാം

ഓരോ മഴയും ഓരോ ഓര്‍മ്മകളാണ് 
നീ തന്ന സ്നേഹവും,നൊമ്പരങ്ങളുമാണ്
ഓരോ തുള്ളിയിലും നീ എനിക്കായ് 
കരുതി വെച്ച നിന്റെ ഹൃദയതുടിപ്പുകളാണ്
പെയ്ത് തോരാതെ നിറഞ്ഞു നില്‍ക്കുന്ന 
നിന്റെ പ്രണയമാണ് 

ഒരു മാത്ര വന്ന് നീ മായുമ്പോഴും
ഒരു വേഴാമ്പലിനെ പോലെ ഞാന്‍ കാത്തിരിക്കാം 
നീ വീണ്ടും മഴമേഘമായി വന്നെന്നെ തഴുകുമെങ്കില്‍.....


Tuesday, July 26, 2016

കരുണാസാഗരം....എന്നെ മറന്നുവോ കണ്ണാ 
നിനക്ക് എന്നെ മറക്കുവാനാമോ 
ആ പീലിത്തിരുമുടി കണി കാണേണം 
ആ പുല്ലാങ്കുഴല്‍ നാദം കേട്ടിടേണം
ഒരു മാത്ര എന്‍ മുന്നില്‍ വന്നണയൂ 
കണ്ണാ ......ഗുരുവായൂരപ്പാ 

അമ്പല നടയില്‍ വന്നനേരം 
ഒരു മാത്ര മിണ്ടാതെ നിന്നതെന്തേ 
പരിഭവം ചൊല്ലാന്‍ വന്നനേരം 
നിന്‍ ചിരിയില്‍ ഞാനെല്ലാം മറന്നു
സാരഥിയായ് തേര് തെളിച്ച് പ്രീയ തോഴന്‍ 
അര്‍ജുനന് ഉപദേശം നല്‍കിയ മായ കണ്ണാ 
എന്തേ ഈ മൌനം എന്നോട് മാത്രമായി
സങ്കടങ്ങളെല്ലാം ചൊല്ലാന്‍ നീയല്ലാ-
താരാണെനിക്ക് എന്‍ കണ്ണാ
ഒരു മാത്ര എന്‍ മുന്നില്‍ വന്നണയൂ 
കണ്ണാ ......ഗുരുവായൂരപ്പാ 

ഇഷ്ടഭക്ത മീരയെ പോലെ പാടാന്‍ എനിക്കറിയില്ല 
എങ്കിലും കണ്ണാ എന്നും നിന്‍ നാമങ്ങള്‍ 
ഉരുവിടാം ഞാന്‍ ഭക്തിയോടെ 
പ്രീയ തോഴന്‍ കുചേലന് കരുണ ചൊരിഞ്ഞ 
കനിവിന്‍ സാഗരമേ വൈകരുതേ
എന്‍ മുന്നില്‍ വന്നണയാന്‍ 

 കനവില്‍ മുരളിയൂതുന്ന മാധവനായ്
കണിയായ് പുഞ്ചിരി തൂകുന്ന കാര്‍വര്‍ണ്ണനായ്
 മനതാരിലെന്നും  വിളയാടീടണേ എന്‍റെ കണ്ണാ.....


സ്വപ്നത്തില്‍ വന്നെന്നെ രാധയാക്കി 
ആ മുരളീ ഗാനം കേട്ട് ഞാന്‍ ധന്യയായി 
ആ കള്ളചിരി കണ്ടെന്‍ മനം കുളിര്‍ത്തു 
പരിഭവം ചൊല്ലാന്‍ മറന്ന് ഞാന്‍ നിന്ന് പോയി 
എല്ലാമറിയുന്ന ഭഗവാനോട് ഞാനെന്ത് ചൊല്ലാന്‍
കരുണ തന്‍ മണിമുകിലേ എന്നെ നീയറിഞ്ഞു
കൃഷ്ണ ഹരേ ജയ..കൃഷ്ണ ഹരേ......

Tuesday, June 28, 2016

ഒരു പൈങ്കിളി കഥ....
ഇടനെഞ്ചില്‍ തങ്ങുന്ന പൈങ്കിളി നീ
പഞ്ചാര വാക്ക് ചൊല്ലി എന്നെ
തഞ്ചത്തില്‍ മയക്കിടാതെ

അച്ഛനില്ലാത്ത കുഞ്ഞല്ലേ
അമ്മയുടെ വാത്സല്യ നിധിയല്ലേ
ബേഡ് പാരഡൈസിലെ മുത്തല്ലേ
ഇടനെഞ്ചില്‍ തങ്ങുന്ന പൈങ്കിളി
കള്ള നോട്ടം എറിഞ്ഞെന്നെ വലച്ചിടാതെ

അമ്മക്ക് തണലായി തീര്‍ന്നിടേണം
ബലമുള്ള കൂട് മെനഞ്ചിടേണം
മയിലമ്മ തന്‍ സ്കൂളില്‍ ചേര്‍ന്നിടേണം
പഠിക്കാത്ത പാഠങ്ങള്‍ പഠിച്ചിടേണം
ഇടനെഞ്ചില്‍ തങ്ങുന്ന പൈങ്കിളി
മിഴിമുന കൊണ്ടെന്നെ തളച്ചിടാതെ

അകലേക്ക്‌പറന്ന് നീ പോകിടാതെ
പാഠങ്ങള്‍ ചൊല്ലി പഠിച്ചിടേണം
കഴുക ദൃഷ്ടിയെ സൂക്ഷിച്ചിടേണം
ഈ ലോകം നന്നല്ല പോന്നു മോളെ

പാറി പറന്നവള്‍ അവനോടൊപ്പം
അവളെ പുകഴ്ത്തിയവന്‍ പാടി
എന്‍റെ എല്ലാമെല്ലാമല്ലേ,എന്‍റെ
ചേലൊത്ത പൈങ്കിളി പെണ്ണല്ലേ
എല്ലാം മറന്നവള്‍,പൊങ്ങി പറന്ന്
അവന്‍റെ ഹൈ വോള്‍ട്ട് വലയില്‍
പിടഞ്ഞു വീണു

അവന്‍റെ ആഘോഷത്തിനിടയില്‍
അവളുടെ കരച്ചില്‍ നേര്‍ത്ത് 
നേര്‍ത്ത്‌ ഇല്ലാതായി
അങ്ങ് അകലെ മകള്‍ക്ക് ധാന്യങ്ങള്‍
കൊത്തിപ്പെറുക്കുന്ന തിരക്കിലായിരുന്നു
പാവം ആ അമ്മക്കിളി.............

Thursday, June 9, 2016

രോദനം...
മൂക്കില്‍ പഞ്ഞിവെച്ച് കിടക്കുന്ന എനിക്കായ്
എന്തിനാണ് നിങ്ങള്‍ ചന്ദനത്തിരി കത്തിക്കുന്നത്

ചെവി കേള്‍ക്കാതെ കിടക്കുന്ന എനിക്കായ്
എന്തിനാണ് നിങ്ങള്‍  രാമനാമം ചൊല്ലുന്നത്

ചലനമറ്റ എനിക്ക് വേണ്ടി എന്തിനാണ് നിങ്ങള്‍
ധാന്യങ്ങളും, വെള്ളവും, പൂവും നല്‍കുന്നത്

ജീവിച്ചിരുന്നപ്പോ നിന്ദിച്ച നാവ് കൊണ്ട് എന്തിനാണ്
നിങ്ങള്‍ ജീവന്‍ നിലച്ചപ്പോ സ്തുതി പാടുന്നത്

 ജീവിച്ചിരുന്നപ്പോ എനിക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കാത്ത
നിങ്ങള്‍ എന്തിനാണ്  ശ്വാസം നിലച്ചപ്പോ കണ്ണീര്‍ തൂവുന്നത്

മരണത്തിന് മുന്നേ  എന്നടുത്തിരിക്കാന്‍ സമയമില്ലാതിരുന്ന
നിങ്ങള്‍, എന്തിനായ് ഈ  ശവത്തിനടുത്തിരിക്കുന്നു

എന്നെ പുല്‍കിയെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്ന നിന്റെ-
കൈകള്‍ എന്തിനായ് ഈ മരവിച്ച ശരീരത്തെ തലോടുന്നു

ജീവിച്ചിരുന്നപ്പോ എന്നിലെ നന്മകാണാതെ വെറുത്തിരുന്ന
നിങ്ങള്‍ എന്തിനായ് ഈ മരിച്ച ദേഹത്തെ സ്നേഹിക്കുന്നു

അന്ധകാരത്തിലേക്ക് ആണ്ട് പോകുന്ന എനിക്കായ്
എന്തിനാണ് നിങ്ങള്‍ ദീപം തെളിയിക്കുന്നത്

ജീവിച്ചിരുന്നപ്പോ കാണാനാഗ്രഹിച്ചിരുന്ന ദൃശ്യങ്ങള്‍
നിങ്ങള്‍ ഇന്നീ ശവത്തെ കാണിച്ചിട്ടെന്ത്‌ കാര്യം

ഇത് ഒരു ശവത്തിന്റെ രോദനം, ഒരിക്കല്‍
ശവമാകുന്ന, എന്റെയും..........

Wednesday, May 25, 2016

യാത്ര...ഒരു യാത്ര പോണം, മനസ്സിനോടൊപ്പം
ആ പഴയ ബാല്യത്തിലേക്ക്
അമ്മയുടെ മടിയിലെ കുഞ്ഞു പൈതലായ്‌
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുകര്‍ന്ന്
പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച്
അച്ഛന്റെ കൈ പിടിച്ച് നടന്ന് കൊഞ്ചി ചിണുങ്ങി
ആ സ്നേഹം ആവോളം ആസ്വദിക്കണം
മോളെന്നുള്ള അച്ഛന്റെ വാത്സല്യത്തോടുള്ള
ആ വിളി കാതില്‍ തേന്മഴയായി നിറയണം

തൊടിയിലെ ചെടികളോട് കുശലം പറഞ്ഞ്
ഒരു ശലഭത്തെ പോല്‍ പാറി നടക്കണം
കൂട്ടുകാരോടൊത്ത് മണ്ണപ്പം ചുട്ട് കളിക്കണം
മണ്ണില്‍ കളിക്കാതെന്നുള്ള അമ്മയുടെ വാത്സല്യ
ശകാരം കേട്ട് മുഖം വീര്‍പ്പിച്ചിരിക്കണം
അമ്മയുടെ സ്നേഹത്തോടെയുള്ള  തലോടല്‍
സാന്ത്വനമായി നെഞ്ചോട്‌ ചേര്‍ത്ത് വെയ്ക്കണം

കുസൃതി കാണിച്ച് ഏട്ടന്മാരോട് അടി കൂടണം
അവരുടെ ശകാരം ആസ്വദിച്ച് അമ്മയുടെ
സാരി തുമ്പില്‍ ഒളിച്ച്, അമ്മയുടെ കയ്യില്‍
നിന്ന് അവര്‍ക്ക് വഴക്ക് വാങ്ങി കൊടുക്കണം
അത്  കണ്ട് കൈ കൊട്ടി ചിരിക്കണം
ഉത്സവത്തിന് കൈ നിറയെ നിറമുള്ള
കുപ്പിവളകള്‍ വാങ്ങി അണിഞ്ഞ്
അവരെ കിലുക്കി ചിരിപ്പിച്ച്
ആ ചിരിക്കൊപ്പം പൊട്ടിച്ചിരിക്കണം

അച്ഛന്റെ വാത്സല്യവും,അമ്മയുടെ സ്നേഹവും
ഏട്ടന്മാരുടെ സംരക്ഷണവും  അമൃതായ്
എന്നില്‍ പൊഴിയണം
വര്‍ണ്ണാഭമായ യാത്രക്കൊടുവില്‍ എത്തിയത്
ആകാശത്തുള്ള ഫ്ലാറ്റിലെ, പത്താം നിലയിലെ
 ആളൊഴിഞ്ഞ ഇരുണ്ട മുറിയിലാണ്...............


Tuesday, May 17, 2016

ഓര്‍മ്മകളുടെ പൂക്കാലം...മാഞ്ഞുവോ സ്മൃതിയില്‍  മൌനമായ് നീ
ഒരു വാക്ക് മിണ്ടാതെ നിറഞ്ഞുവോ
ഓര്‍മ്മയില്‍ കിനാവ്‌ പോല്‍ നീ
ഒരു നോക്ക്കാണാതെ നിലാവ്
പോല്‍ മാഞ്ഞുവോ നീ
മൌനനൊമ്പരമായി പുന്നാരംചൊല്ലി
മനസ്സിന്‍റെ താളില്‍ മറഞ്ഞുവോ നീ
പ്രിയ ശ്രീരാഗമായ് പൊന്നോട-
ക്കുഴലില്‍ നിറഞ്ഞുവോ നീ
ആര്‍ദ്ര ഗീതം പോല്‍, ശോക
മൂകമായി മറഞ്ഞുവോ നീ

ഒരു മാത്ര വന്നെന്‍റെ നെറുകില്‍  തഴുകി
ഒരായിരം വര്‍ണ്ണങ്ങള്‍ വാരി  വിതറി
മഴമേഘമായ് മറഞ്ഞുവോ നീ
അറിയാതൊരു  കവിതയായ് വന്ന്
പ്രിയമാം വാക്കുകളായ് തുളുമ്പാതെ
തൂലിക തുമ്പില്‍ നിന്നടര്‍ന്നുവോ നീ

ഓര്‍മ്മകളുടെ പൂക്കാലം നല്‍കി
സ്മൃതികളില്‍ കൊഴിഞ്ഞുവോ നീ
കാറ്റിലൂടൊഴുകി വന്ന മധുരമാം  ഇശലായ്
 മനോമുകുരത്തില്‍ നിറഞ്ഞ്
അസ്തമയ സൂര്യനെ പോല്‍ മറഞ്ഞുവോ നീ
പീലി തുണ്ടായി മനസ്സിന്‍റെ പെട്ടകത്തിലൊളിച്ച്
മധുര നൊമ്പരമായി മാഞ്ഞുവോ നീ
തിരികെ കിട്ടാത്ത ഓര്‍മ്മകളുടെ പൂക്കാലം
അതെന്നും വസന്തത്തിന്‍ പൂക്കാലം.....


Wednesday, May 4, 2016

പെണ്ണായി പിറന്നാല്‍......പ്രതികരിച്ചിട്ട് കാര്യമില്ലെന്നു അറിയാം,പ്രതികരണ ശേഷി നഷ്ടപെട്ടിട്ടല്ല, നിങ്ങള്‍ അത് കെടുത്തി കളഞ്ഞതാണ്.സമൂഹത്തിന്റെ പ്രതികരണത്തിന് വിലയുണ്ടായിരുന്നെങ്കില്‍ വീണ്ടും ഒരു ഗോവിന്ദച്ചാമി നമ്മുടെ നാട്ടില്‍ ഉണ്ടാകില്ലായിരുന്നു. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉന്നതപദവി അലങ്കരിക്കുന്ന സ്ത്രീകളുള്ള നമ്മുടെ നാട്ടില്‍,ഒരമ്മക്ക് കൂടി മകളെ നഷ്ടമായിരിക്കുന്നു.കാമവെറിയെന്റെ കയ്യില്‍ അകപ്പെട്ട്, പെണ്ണായി പിറന്നത്‌ കൊണ്ട് മാത്രം, ഒരു പെണ്‍ക്കുട്ടിയുടെ ജീവിതം കൂടി അകാലത്തില്‍ പൊലിഞ്ഞിരിക്കുന്നു.ആണിനും, പെണ്ണിനും, സമത്വം കൊട്ടി ഘോഷിക്കുന്ന നമ്മുടെ ഭരണഖടനക്ക്, ഒരു പെണ്ണായത് കൊണ്ട് നിന്നെ സംരക്ഷിക്കാന്‍ കഴിയാതെ പോയി, ലജ്ജിക്കുന്നു സോദരി.

ജിഷയുടെ വാര്‍ത്ത കേട്ടത്, കണ്ടത്, ഒരു പാട് വേദനയോടെയാണ്. ആ സ്ഥാനത്ത് എന്‍റെ സഹോദരിയെ, മകളെയാണ് കാണാന്‍ കഴിഞ്ഞത്. ഇന്നല്ലങ്കില്‍ നാളെ ആര്‍ക്കും ഇത് സംഭവിക്കാം.ജിഷയുടെ ശരീരത്തിലുണ്ടായ മുറിവുകളെ കുറിച്ച് എണ്ണി പറഞ്ഞ് ആഘോഷിക്കുന്ന ചാനലുകള്‍ക്കും, പത്രങ്ങള്‍ക്കും,തന്റെ മകളെ നഷ്ടപ്പെട്ട ആ അമ്മയുടെ വേദന കാണാന്‍ കഴിയാതെ പോണത് എന്ത് കൊണ്ടാണ്. തന്റെ മകള്‍ക്കുണ്ടായ ഓരോ മുറിവും ആഴ്ന്നിറങ്ങിയത്,തന്റെ മകളെ കാമവെറിയന്റെ കണ്ണില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയാതെ പോയല്ലോന്ന് ഓര്‍ത്ത്  പൊട്ടിക്കരയുന്ന ആ അമ്മയുടെ നെഞ്ചില്‍ തന്നെയല്ലേ.

കണ്ണ് മൂടി കെട്ടിയ  നിയമദേവത,ഇനിയും കണ്ണ് തുറന്നില്ലെങ്കില്‍, വീണ്ടും ഒരു പാട് ഗോവിന്ദ  ചാമിമാരും.ബാലിയാടാവാന്‍ വീണ്ടും, സൌമ്യയും,ജിഷയും ഉണ്ടാകാം.കാമവെറിയോടെ മാത്രം  പെണ്ണുങ്ങളെ നോക്കുന്ന കണ്ണുകള്‍ ചൂഴ്ന്ന് എറിയപ്പെടുക തന്നെ വേണം.സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് തക്കതായ ശിക്ഷകള്‍ തന്നെ കൊടുക്കണം. വധശിക്ഷ അത് തന്നെയാണ് വേണ്ടത്. ഗോവിന്ദച്ചാമിയെ ജയിലിലിട്ട് വളര്‍ത്താതെ, അന്നേ വധശിക്ഷ നടപ്പിലാക്കിയിരുന്നെങ്കില്‍ ഇന്ന് വീണ്ടുമൊരു ചാമിയെ സൃഷ്ടിക്കില്ലായിരുന്നു, അമ്മക്ക് മകളെ നഷ്ടപെടില്ലായിരുന്നു.എന്ത് തെറ്റ് ചെയ്താലും, കുറ്റവാളിയെ ശിക്ഷിക്കുന്ന അതേ നിയമം തന്നെ അവരെ സംരക്ഷിക്കുമെന്ന വിശ്വാസം, ആ നിയമ വ്യവസ്ഥിതിയാണ് മാറേണ്ടത്. പ്രതിഷേധങ്ങള്‍ ആവശ്യമാണ്, അത് വാക്കുകളില്‍ ഒതുങ്ങരുതെന്ന് മാത്രം.ഞാനും പ്രതിഷേധിക്കുന്നു, ജീവിച്ച് കൊതി തീരാതെ അകാലത്തില്‍ പൊലിഞ്ഞ പ്രിയ സോദരിക്ക് വേണ്ടി,  ഒരു മൌന പ്രതിഷേധം.........

Monday, April 25, 2016

മറവി....ഓര്‍മ്മയുടെ ആഴങ്ങളിലേക്കാണ്ടിറങ്ങിയ
രൂപങ്ങള്‍ മനസ്സിന്‍റെ താളുകളില്‍
നിറഞ്ഞു നില്‍ക്കുന്നു
തളര്‍ച്ച ബാധിച്ച ശരീരത്തില്‍,മറവിയുടെ
ആഴങ്ങളിലേക്ക് പോയ ഓര്‍മ്മകള്‍
ഓര്‍ത്തെടുക്കാനാകാതെ വിതുമ്പുന്ന മനസ്സ്
ദൃഢമായിരുന്ന മനസ്സില്‍,അപ്പൂപ്പന്‍ താടികളെപ്പോല്‍
പറന്ന് മറയുന്ന ഓര്‍മ്മകള്‍ മാത്രം ഇന്ന്

പണ്ട് കണ്ടതെല്ലാമുണ്ട് മനസ്സില്‍, മാറാല മൂടി
കിടക്കുന്നെല്ലാം ഓര്‍മ്മയില്‍
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്തോറും മറവിയിലേക്ക്
മറഞ്ഞ് പോകുന്ന ഓര്‍മ്മകള്‍
മനസ്സിലെ മറിയുന്ന താളുകളില്‍ നിറഞ്ഞ്
നില്‍ക്കുന്ന ഓര്‍മ്മകള്‍, ഓര്‍ത്തെടുക്കാന്‍
ശ്രമിക്കുന്തോറും മറവിയിലേക്ക് ഓടി ഒളിക്കുന്നു.....

വിദൂരതയിലേക്ക് കണ്ണ് നട്ട്,മറവിയിലേക്ക്
ആഴ്ന്നിറങ്ങിയ മധുര സ്മരണകളെ
ഓര്‍ത്തെടുക്കാനുള്ള ഒരു പാഴ് ശ്രമം
ആ കണ്ണുകളില്‍ നിന്ന് വായിച്ചെടുത്തു ഞാന്‍
കണ്ണീര്‍ പൊടിയാതെ കാണാന്‍ കഴിയാത്ത കാഴ്ച
എന്നിട്ടും എല്ലാമൊരു ചിരിയിലൊതുക്കുന്ന
എന്നും എന്‍റെ ഓര്‍മ്മകളെ ഉണര്‍ത്തിയിരുന്ന
പ്രീയ രൂപം,ഓര്‍മ്മകളുടെ വസന്തത്തിലേക്ക്-
 വീണ്ടും മടങ്ങി വരുമെന്ന പ്രതീക്ഷ മാത്രം......

Saturday, March 12, 2016

ദുബയിലെ കനത്ത മഴയില്‍ നിന്ന് നാട്ടിലെ കൊടും ചൂടിലേക്ക്.ഈ ചൂടിലും മനസ്സില്‍ കുളിര്‍മയാണ്.അച്ഛനും,അമ്മയോടൊത്തുമുള്ള കുറച്ച് ദിവസങ്ങള്‍.പറമ്പിലൂടെ തുമ്പിയെ പിടിക്കാന്‍ ഓടി നടന്നിരുന്ന ആ കൊച്ച് കുട്ടിതന്നെയാണ് അവര്‍ക്ക് ഞാനിപ്പോഴും. മാതാപിതാക്കളുടെ കണ്ണില്‍ മക്കള്‍ എന്നും കൊച്ചുകുട്ടികള്‍ തന്നെയാണല്ലോ. ആ വാത്സല്യം അനുഭവിച്ച് ഞാനും,ആ കൊച്ച് കുട്ടി ആവുകയാണ്.ഇനിയും ഒരു പാട് നാള്‍,ഈ വാത്സല്യം അനുഭവിക്കാനുള്ള ഭാഗ്യമുണ്ടാകണേയെന്ന പ്രാര്‍ത്ഥന മാത്രം.കിണറ്റിലെ തണുത്ത വെള്ളം ദേഹത്ത് വീഴുമ്പോള്‍ കിട്ടുന്ന സുഖം,കുശലാന്യെഷണം നടത്തുന്ന ചിരപരിചിതരെ കാണുമ്പോഴുള്ള സന്തോഷം,ഒരുപാട് ഓര്‍മ്മകള്‍ തരുന്ന വഴികളിലൂടെയുള്ള യാത്രകള്‍ ആസ്വദിക്കുമ്പോള്‍ കിട്ടുന്ന ആനന്ദം, ഈ കടുത്ത വേനലിലും കുളിര്‍ മഴയായി പെയ്തിറങ്ങുന്നു......

Friday, January 22, 2016

തൂലിക......
സ്കൂള്‍ ജീവിതത്തിനെ പോലെ തന്നെ രസകരമായ ദിനങ്ങളായിരുന്നു, ഫാര്‍മസി കഴിഞ്ഞുള്ള മൂന്ന് മാസത്തെ ട്രെയിനിംഗ്.അത് കൂടി കഴിഞ്ഞാലെ കോഴ്സ് കമ്പ്ലീറ്റ് ആകുന്നുള്ളൂ. തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിലെ ആ ദിനങ്ങള്‍ ഇന്നും മനസ്സില്‍ മധുരമായി നിലകൊള്ളുന്നു.പല ഫാര്‍മസി കോളേജില്‍ നിന്നുമുള്ള ആണ്‍ കുട്ടികളും,പെണ്‍ കുട്ടികളുമായി  പതിനഞ്ച് പേരായിരുന്നു നമ്മുടെ ബാച്ചില്‍. പല കോളേജില്‍ നിന്നുള്ളവരായിട്ടും എല്ലാരും പെട്ടന്ന്  തന്നെ നല്ല കൂട്ടുകാരായി. ചിരിയും  തമാശയമൊക്കെയായി കുറെ നല്ല ദിനങ്ങള്‍.

അമ്മയ്ക്കും,കുഞ്ഞുങ്ങള്‍ക്കും മാത്രമുള്ള ആശുപത്രി  ആയത് കൊണ്ട് തന്നെ സന്തോഷകരവും, ദുഃഖകരവുമായ ഒരു പാട് രംഗങ്ങള്‍ കാണേണ്ടതായും വന്നു.കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട്,നെഞ്ച് പൊട്ടിക്കരയുന്ന മാതാപിതാക്കളുടെ സങ്കടം ഇന്നും കണ്മുന്നില്‍ തന്നെയുണ്ട്.ദൈവം,ഇത്രയും ക്രൂരനാണോന്ന് തോന്നിപ്പോകുന്ന നിമിഷങ്ങള്‍.അത് കൊണ്ട് തന്നെയാകണം,എന്ത് കണ്ടാലും ജീവിതത്തില്‍ നേരിടാനുള്ലൊരു ശക്തി കിട്ടിയതും.

മെഡിക്കല്‍ കോളേജിന് വെളിയില്‍ അന്ന് നല്ലൊരു കാന്റീന്‍ ഉണ്ടായിരുന്നു. വൈകുന്നേരം മിക്കവാറും ദിവസങ്ങളില്‍ കൂട്ടുകാരോടോന്നിച്ച് അവിടൊന്നൊരു ആവി പറക്കുന്ന ചായയും,വാഴക്ക അപ്പവും, ഇന്നും ഓര്‍ക്കുമ്പോ കൊതിയാണ്.സ്കൂള്‍ ജീവിതം കഴിഞ്ഞതിന് ശേഷം ഒരു വരിപോലും എഴുതാതിരുന്ന എനിക്ക് വീണ്ടും എഴുതാനുള്ള പ്രചോദനം കിട്ടിയത് ഇവിടെ നിന്നുള്ള അനുഭവങ്ങള്‍  തന്നെയാണ്.അതിന് അന്ന് എന്നെ ഈ കൂട്ടുകാര്‍ ഒരു പാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.കൊള്ളില്ലെങ്കില്‍, ഇല്ലായെന്നും,നന്നായാല്‍,നന്നായെന്നുമുള്ള അഭിപ്രായം പറയാന്‍ അവര്‍ മടി കാണിച്ചിരുന്നില്ല. 

നമ്മള്‍ പതിനഞ്ച് പേരില്‍, അധികം ട്രെയിനിംഗിന് വരാതിരുന്ന, അധികം ആരോടും മിണ്ടാതെ, ചിരിക്കാതെ, നമ്മുടെ കൂട്ടത്തില്‍പ്പെടാതെ മാറിയിരുന്ന ഒരു മുഖം, ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന മുഖം. വല്ലപ്പോഴും വരും, പിന്നെ കുറെ നാള്‍ ആളിനെ കാണില്ല. താടിയൊക്കെ വളര്‍ത്തി ഒരു വിഷാദ രൂപം.പുള്ളിയുടെ സഹോദരി, എന്തോ അസുഖം ബാധിച്ച് പെട്ടന്ന് മരിച്ചു.അതിന് ശേഷമാണ് ഇങ്ങനെ ആയതെന്ന് പറഞ്ഞു കേട്ടിരുന്നു. ഞാന്‍ എന്തെങ്കിലും എഴുതിയാല്‍,വാങ്ങി വായിച്ചു നോക്കുമായിരുന്നു, എന്നിട്ട് ഒരു ഭാവ ഭേദവുമില്ലാതെ "ഗുഡ്" എന്ന മറുപടിയും തരും.

ട്രെയിനിംഗിന്‍റെ അവസാന നാളുകള്‍, ഇന്നും കണ്മുന്നില്‍ തന്നെയുണ്ട്‌.ഒരു പാട് എന്‍ജോയ് ചെയ്യ്തിരുന്ന ദിനങ്ങള്‍.ആ ട്രെയിനിംഗ് അവസാനിക്കരുതേന്ന് ആഗ്രഹിച്ച ദിവസങ്ങളായിരുന്നു അതൊക്കെ.ആ ദിവസം എനിക്ക് കിട്ടിയ ആ സമ്മാനം,ഇന്നും നെഞ്ചോട്‌ ചേര്‍ത്ത് വെയ്യ്ക്കുന്ന വിലമതിക്കാനാകാത്ത ആ സമ്മാനം. എന്‍റെ പെങ്ങള്‍ ഇന്ന് ഈ ലോകത്ത് ഇല്ല.അവള്‍ ഒരു പാട് എഴുതുമായിരുന്നു, മനസിലുള്ളത് പ്രകടിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല ആയുധമാണ് തൂലിക.ഈ പേന ഇനി എന്‍റെ ഈ പെങ്ങള്‍ക്ക് ഇരിക്കട്ടെയെന്ന് പറഞ്ഞ് വിട ചൊല്ലി പോയ ആ മുഖവും,ഒരു നിധിയായി  സൂക്ഷിച്ച്, എന്നോ എവിടെയോ വെച്ച് നഷ്ടമായ ആ തൂലികയും, ഈ ആള്‍ക്കൂട്ടത്തിനിടയില്‍ ഇന്നും തിരയുന്നു.......

Sunday, January 17, 2016

നിനക്കായ്........മനതാരില്‍ നീയൊരു മായാത്ത 
ചിത്രമായിന്ന് മാറി 
ഒരു നിഴലായി കൂടെ വന്ന്
നീയെന്‍റെ കൂട്ടായി തീരുമെന്ന് 
ജീവനായി മാറുമെന്ന് അറിഞ്ഞതില്ല 
നീ പല പല വേഷങ്ങള്‍ കെട്ടിയാടി 
കയ്യിലൊരു കയറുമായി പോത്തിന്‍ പുറത്ത് 
വരുന്ന കാലന്‍റെ വേഷം നീ ഭംഗിയായി 
എന്‍റെ ജീവിതമാകുന്ന സ്റ്റേജില്‍ അവതരിപ്പിച്ചു....

നിന്നില്‍ നിന്നകലാന്‍ ശ്രമിക്കുമ്പോഴൊക്കെ 
നീ ആവേശത്തോടെ എന്നെ ഗ്രസിക്കുന്നതും 
എന്നില്‍ നിറയുന്നതും, ഇന്ന് ഞാനറിയുന്നു 
ഓരോ നിമിഷവും നീയെന്നില്‍ അലിഞ്ഞു -
ചേരുമ്പോള്‍, ഞാനറിയുന്നു,എന്‍റെ ജീവനില്‍- 
തണുപ്പ് പടരുന്നതും കൊതിയോടെ നീ നോക്കുന്നതും
നിന്‍റെ കണക്ക് പുസ്തകത്തില്‍, എന്‍റെ ജീവന് 
നീയിട്ട വിലയുടെ ദാനമാണ് ഈ ജീവിതമെന്ന് 
മറക്കുവതെങ്ങനെ....

സ്നേഹിച്ചോരെല്ലാം വിട്ടകന്നാലും
അവസാന ശ്വാസകണികവരെ
ആറടി മണ്ണില്‍ ഒടുക്കുമ്പോഴും 
കടലില്‍ അലിഞ്ഞ് ചേര്‍ന്ന്  മായുമ്പോഴും
നീ മാത്രം എന്നോടൊപ്പമുണ്ടാകുമെന്ന യാഥാര്‍ത്ഥ്യം 
ഹേ മരണമേ!!!!!!!നിന്നെ ഞാനിന്ന് വല്ലാതെ 
പ്രണയിച്ച് പോകുന്നു.....