Tuesday, November 26, 2013

പൊന്നൂഞ്ഞാല്‍.....മഞ്ഞ ചരടില്‍ ആലില താലി ചാര്‍ത്തി 
നെറുകയില്‍ കുംകുമം വിതറി 
അഗ്നി സാക്ഷിയായി 
അച്ഛന്‍ പിടിച്ചേല്‍പ്പിച്ച കയ്യും പിടിച്ച്
ഞാന്‍ നിന്‍റെ വധുവായി 
നാടും വീടും ഉപേക്ഷിച്ച് നിന്നോടൊപ്പം 
ചേര്‍ന്നു ഒരായിരം സ്വപ്‌നങ്ങള്‍ 
നെയ്യ്തു കൂട്ടി 
ആ സ്വപ്നത്തില്‍ ഞാനൊരു 
ഊഞ്ഞാല്‍ കെട്ടി, കളിവീട് ഒരുക്കി 
 കാത്തിരുന്നു 
 ഊഞ്ഞാല്‍ ആടാന്‍ എന്‍റെ കണ്ണന്‍ 
വരുമെന്ന് 
ഒരു മാത്ര താലോലിക്കാന്‍ കൊതിക്കെ 
ഒരു നിഴലായി എന്നില്‍ നിന്നും
നടന്ന് അകന്നു.............Wednesday, November 20, 2013

ഇത് എന്‍റെ സുഹൃത്ത്‌ എന്നോട് പറഞ്ഞ അവളുടെ ജീവിത കഥയാണ്. ഇത് ഒരു കഥയെന്നു പറയാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല,  അത് കൊണ്ട് തന്നെ ഒരു തലകെട്ട് കൊടുക്കുന്നില്ല. എന്‍റെ സുഹൃത്തിന്‍റെ വാക്കുകളില്‍ നിന്നും എനിക്കു നല്ലൊരു ഗുണപാഠമാണ്  കിട്ടിയത്.....


എന്‍റെ സുഹൃത്ത്‌, എന്നോട് അവളുടെ ജീവിത കഥ പറയാന്‍ തുടങ്ങി. കാണാന്‍ സുന്ദരി ആയതുകൊണ്ട് തന്നെ എനിക്കു ചെറുതിലെ തന്നെ  അതിന്‍റെയൊരു അഹംഭാവം ഉണ്ടായിരുന്നു. ഒരു നിമിഷം കൊണ്ട് ആ സൌന്ദര്യം ഇല്ലാതാകുമെന്ന ചിന്ത അന്നെനിക്ക് ഇല്ലായിരുന്നു. പത്താംതരം പാസായ സമയത്ത് ആണ് എന്‍റെ ജീവിതം ആകെ മാറ്റി മറിച്ച ആ സംഭവം ഉണ്ടായത്. അമ്മ ഓഫീസില്‍ നിന്ന് വരുന്നതിനു മുന്നേ ചായ ഇടാനായി മണ്ണെണ്ണ അടുപ്പ് കത്തിച്ചു. അധികം മണ്ണെണ്ണ ഇല്ലാന്ന് മനസിലാക്കി, അടുപ്പിനു മുകളിലായി ചുവരില്‍ അടിച്ചു വെച്ച തട്ടില്‍ നിന്ന് കൈ എത്തി മണ്ണെണ്ണ പാട്ട എടുത്തത് മാത്രമേ എനിക്കു ഓര്‍മ്മയുള്ളു. ദേഹം മുഴുവനും പൊള്ളുന്ന ഒരു പ്രതീതി, പിന്നെ ഒന്നും എനിക്കു ഓര്‍മ്മയില്ല. കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ ആശുപത്രി കിടക്കിയിലാണ്. മുഖം ഒഴികെ, കഴുത്ത് മുതല്‍ ദേഹത്തിന്‍റെ മറ്റെല്ലാ ഭാഗങ്ങളും പൊള്ളിയിരിക്കുന്നു. തട്ടില്‍ നിന്ന് മണ്ണെണ്ണ എടുക്കാനായി കൈ ഉയര്‍ത്തിയപ്പോള്‍,  കൈ തട്ടി മണ്ണെണ്ണ, കത്തി കൊണ്ടിരുന്ന അടുപ്പിന് മുകളില്‍ വീണ്,  അടുപ്പ് പൊട്ടി തെറിച്ച് തീ പടര്‍ന്നതാണ്. ആ സമയം ഓഫീസില്‍ നിന്ന്  അമ്മ വീട്ടില്‍ എത്തിയത് കൊണ്ടാണ് ഞാന്‍ ജീവിച്ചിരിക്കുന്നത്‌. ഒത്തിരി കരഞ്ഞു അന്ന് ഞാന്‍, ഇത് കണ്ട്   പൊട്ടികരയുന്ന എന്‍റെ അമ്മയും.അച്ഛന്‍ ഗള്‍ഫില്‍ ആയിരുന്നത് കൊണ്ട് തന്നെ പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്യ്ത്‌ പൊള്ളിയത്‌ കുറെയൊക്കെ ഭേദമാക്കി. ആ സമയത്താണ് അച്ഛന്റെറ മരണം സംഭവിച്ചത്. അതും എനിക്കു വലിയൊരു ഷോക്ക്‌ ആയി. ഈ സംഭവത്തിന്‌ ശേഷം ഞാന്‍ എന്‍റെ മുറി വിട്ടു പുറത്തിറങ്ങാതെ ആയി. കണ്ണാടി നോക്കാന്‍ ഞാന്‍ ഇഷ്ടപെട്ടില്ല. തുടര്‍ന്ന് പഠിക്കാന്‍ ഞാന്‍ കൂട്ടാക്കിയില്ല. ദൈവത്തിനെ പോലും ഞാന്‍ പ്രാര്‍ഥിക്കാതായി. 

വീണ്ടും ആശുപത്രിയില്‍ പോയ ആ ദിവസം ഒരിക്കലും എനിക്കു മറക്കാന്‍ ആവില്ല.  ആശുപത്രിക്കകത്ത്  കയറിയതെയുള്ളു, ഇടനാഴിയില്‍ നഗ്നനായ മദ്ധ്യവയസ്കനായ ഒരു മനുഷ്യന്‍, കണ്ണില്‍നിന്നും കണ്ണുനീര്‍ ഒഴുകി കൊണ്ടിരിക്കുന്നു. ദൂരെ മാറി നിന്ന് കുറെ ആള്‍ക്കാര്‍ കളിയാക്കി ചിരിക്കുന്നു. പക്ഷെ എനിക്ക് ആ രംഗം കണ്ട് ചിരിക്കാന്‍ തോന്നിയില്ല. ആ സമയo  ആ ആളിനോടൊപ്പമുള്ള പയ്യന്‍ വന്ന്, അദേഹത്തിന്റെറ താഴെ വീണ മുണ്ട് ഉടുത്ത് കൊടുത്തു. എന്തോ അത്യാഹിതത്തില്‍ അദേഹത്തിന്റെറ രണ്ട് കൈപ്പത്തികളും നഷ്ടമായി. ഇപ്പൊ അദേഹത്തിന്  മുണ്ട് ഉണ്ടുക്കാന്‍ പോലും ആരുടെയെങ്കിലും സഹായം ആവശ്യമാണ്. ആ നിമിഷം ഞാന്‍ ഓര്‍ത്തു, ഇത് വെച്ച് നോക്കുമ്പോ എനിക്ക് ഉണ്ടായ അത്യാഹിതം എത്രയോ ചെറുതാണ്. സ്വന്തമായി എല്ലാം ചെയ്യാനുള്ള കഴിവ് എനിക്ക് ഇപ്പോഴും ഉണ്ട്. ഈ കാഴ്ച എന്നെ പഠിപ്പിച്ച പാഠം ഇതാണ്, നമ്മള്‍ എപ്പോഴും നമ്മുടെ താഴെ ഉള്ള വരെ കുറിച്ച് ചിന്തിക്കണം. ഒന്നിനെ കുറിച്ചും അഹങ്കരിക്കാന്‍ പാടില്ല. വേറൊരാളിന്റെറ ദുരിതാവസ്ഥ കണ്ട് ഒരിക്കലും നമ്മള്‍ കളിയാക്കി ചിരിക്കരുത്. അടുത്ത നിമിഷത്തില്‍ നമ്മുടെ ജീവിതത്തിലും ഈ ദുരന്തങ്ങള്‍ കടന്ന് വരാം.  ഈ സംഭവത്തില്‍ നിന്നും  എനിക്ക് വലിയൊരു പ്രചോദനമാണ് കിട്ടിയത്.  ഞാന്‍ വീണ്ടും പഠിക്കാന്‍ തുടങ്ങി. ഡിഗ്രി പാസായി. ജോലിയും കിട്ടി. അവിടെ വെച്ച് എന്‍റെ പോരായ്യ്മകള്‍ എല്ലാം മനസിലാക്കി എന്നോടൊപ്പം ജോലി ചെയ്യ്ത ആള്‍ എന്നെ വിവാഹം കഴിച്ചു. ഇപ്പോ മക്കളുമായി സന്തോഷമായ ഒരു കുടുംബ ജീവിതം നയിക്കുന്നു.....

ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോള്‍ എന്‍റെ സുഹൃത്തിന്റെറ മുഖത്ത് കണ്ട ആത്മ ധൈര്യം, അത് തന്നെയാണ് ഇത് ഇവിടെ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും ഗുണപാഠം കിട്ടിയെങ്കില്‍ സന്തോഷം ........................


Tuesday, November 12, 2013

മദ്യമേവ ജയതേ...മനസ്സില്‍ തോന്നിയ ഒരു ആശയം. എത്രത്തോളം ശരിയാവുമെന്നു അറിയില്ല.എഴുതി നോക്കട്ടെ  ഇതിലെ കഥാപാത്രങ്ങള്‍ തികച്ചും സാംകല്പികം മാത്രം. ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി ഒരു സാമ്യവും ഇല്ല.....

മദ്യത്തിന്റെറ മണമുള്ള നോട്ടുകള്‍ അവള്‍ ബ്ലൌസിനുള്ളില്‍ തിരുകി. അഴിഞ്ഞുലഞ്ഞ പുടവയും, മുടിയും വാരി ചുറ്റുമ്പോഴും  അവളുടെ മുന്നില്‍ വിശന്ന് കരഞ്ഞ് തളര്‍ന്ന് ഉറങ്ങുന്ന തന്റെറ ഉണ്ണി കുട്ടന്റെറ മുഖമായിരുന്നു. ബോധ രഹിതനായി കിടക്കുന്ന ആ മാന്യനെ  നോക്കി അവള്‍ ഊറി ചിരിച്ച്, അയാളുടെ അടുത്തിരുന്ന പാതി ഒഴിഞ്ഞ മദ്യകുപ്പി ദേഷ്യത്തോടെ അടുത്ത് കണ്ട ഡസ്റ്റ് ബിന്നിലേക്ക്  വലിച്ചെറിഞ്ഞ് ധൃതിയോടെ ആ മുറിവിട്ട്‌ പുറത്തിറങ്ങി. ആ ഹോട്ടലിന് മുന്നില്‍ പാതി നഗ്നനായി ബോധമില്ലാതെ മദ്യമേവ ജയതേയെന്നു പിറുപിറുത്തു കൊണ്ട് കിടന്ന മനുഷ്യനെ കണ്ടപ്പോ അവള്‍ക്ക്, കുടിച്ച് ബോധം കെട്ടു തന്നെയും, അനുജത്തിമാരെയും, അമ്മയേയും തല്ലിയിരുന്ന അച്ഛനെയാണ് ഓര്‍മ്മ വന്നത്. അമിത മദ്യപാനം നിമിത്തം മരിച്ച തന്റെറ  അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ താന്‍ ഇങ്ങനെ ആവില്ലായിരുന്നു വെന്നു അവള്‍ ഒരു നിമിഷം ചിന്തിച്ചു. അച്ഛന്റെറ മരണ ശേഷം  ഇളയ രണ്ടു അനുജത്തിമാരെയും, അച്ഛന്റെറ ക്രൂരതയില്‍ സുഖമില്ലാതെ കിടപ്പിലായ അമ്മയേയും നോക്കേണ്ട ചുമതല മൂത്തവളായ തനിക്കായി. പത്താംക്ലാസ് പാസായ തനിക്കു നല്ലൊരു ജോലി വാങ്ങി തരാമെന്ന്  സ്വന്തകാരനായ അമ്മാവന്‍ പറഞ്ഞപ്പോ, പിന്നെ ഒന്നും ആലോചിച്ചില്ല. പക്ഷെ അമ്മാവന്‍ തന്നെ കൊണ്ട് പോയത് ഒരു സെക്സ് റാക്കറ്റിന്റെറ അടുത്തേക്കായിരുന്നു. അവിടെ നിന്ന് രക്ഷപെടാന്‍ പല പ്രാവശ്യം ശ്രെമിച്ചതാണ്. അവസാനം തനിക്കും സ്വന്തം ശരീരം വിറ്റ് ജീവിക്കുന്ന ഒരു പെണ്ണ് ആകേണ്ടി വന്നു. അനുജത്തിമാരെ പഠിപ്പിച്ച് ജോലികാരാക്കി, അമ്മക്ക് നല്ല ചികിത്സ നല്കി. താനൊരു ശരീരം വിറ്റ് നടക്കുന്ന  പെണ്ണാണെന്ന് വീട്ടില്‍ അറിഞ്ഞപ്പോ, അനുജത്തിമാര്‍ വെറുപ്പോടെ തന്നെ നോക്കി , അമ്മക്ക് പോലും തന്നെ കാണാന്‍ താല്പര്യമില്ലാന്നു പറഞ്ഞ്,  അനുജത്തിമാരുടെ ഭാവി ഇല്ലാതാക്കരുതെന്നു പറഞ്ഞ് തനിക്കു മുന്നില്‍ വാതില്‍ കൊട്ടി അടച്ചു.  തന്റെറ കര്‍ത്തവ്യം ഭംഗിയായി നിറവേറ്റിയെന്നുള്ള വിശ്വാസം ഉണ്ടായിരുന്നത് കൊണ്ട് തന്നെ ആ സങ്കടങ്ങള്‍ക്കിടയിലും അവള്‍ക്കൊരു ആശ്വാസം തോന്നിയിരുന്നു. ഉണ്ണി കുട്ടന്‍ തന്റെറ വയറ്റില്‍ വളര്‍ന്നപ്പോ പലരും നിര്‍ബന്ധിച്ചതാണ് അവനെ കളയാനായി. അച്ഛന്‍ ആരെന്നു അറിയാത്ത കുഞ്ഞിനെ വളര്‍ത്തരുതെന്നു തന്നെ പരിചയമുള്ളവര്‍ പറഞ്ഞതാണ്. പക്ഷെ തനിക്കു അതിനു മനസ് വന്നില്ല. ഉണ്ണികുട്ടനെ പ്രസവിച്ച്, അവനെയും കൊണ്ട് പുതിയ നാട്ടില്‍, പുതിയൊരു ജീവിതം തുടങ്ങാനായി വന്നതാണ്. അവിടെ വെച്ചാണ് അമ്മിണി അമ്മ തന്റെറയും, ഉണ്ണി കുട്ടന്റെറയും ജീവിതത്തില്‍ കടന്ന് വന്നത്. മക്കള്‍ ഉപേക്ഷിച്ച് വിശന്ന് തളര്‍ന്ന് വഴിവക്കില്‍ ബോധരഹിതയായി കിടന്ന അമ്മിണി അമ്മ, ഉണ്ണികുട്ടന് അമ്മുമ്മയും, തനിക്കൊരു അമ്മയുമായി മാറി. അവിടെയും തന്റെറ ഭൂതകാലം തന്നെ വെറുതെ വിട്ടില്ല. പലരും തന്നെ പുച്ഛത്തോടെ നോക്കി വേശ്യയെന്നു കളിയാക്കി ചിരിച്ചു. അവള്‍ക്കപ്പോ മനസിലായി ഭൂതകാലം, കഴിഞ്ഞു പോയതാണെന്ന് പറയുമെങ്കിലും, അതിന്റെറ നിഴല്‍ വര്‍ത്തമാനകലത്തിലും പിന്തുടരുമെന്ന്. 

തന്റെറ കഴിഞ്ഞകാലം  ഓര്‍ത്ത് അവള്‍ നെടുവീര്‍പ്പിട്ടു.  ഇരുണ്ട വെളിച്ചത്തിലൂടെ  നടന്ന്  അവള്‍ അടുത്ത കണ്ട  പീടികയില്‍ നിന്ന് പലചരക്കുകള്‍ വാങ്ങി. ബാക്കി രൂപ എണ്ണി നോക്കി, നാളെ ഉണ്ണികുട്ടന്റെറ പിറന്നാളാണ്, അവന് നല്ലൊരു ഉടുപ്പ് വാങ്ങി കൊടുക്കണം. ഒരു ഓട്ടോ ഞരക്കത്തോടെ  വന്ന് നില്‍ക്കുന്ന ശബ്ദംകേട്ട് അവള്‍ തിരിഞ്ഞ് നോക്കി. തന്റെറ അയല്‍ക്കാരനായ മുരളിയുടെ ഓട്ടോ ആണ്. തന്നെ  എപ്പോ കണ്ടാലും വേശ്യയെന്നു ആക്ഷേപിക്കുന്ന, തന്നെ കണ്ടാല്‍ ഓട്ടോ നിര്‍താത്ത അവന്റെ ഓട്ടോ മുന്നില്‍ വന്ന് നില്‍ക്കുന്നത് തെല്ലൊരു അതിശയത്തോടെയാണ് അവള്‍ നോക്കിയത് . കേറിക്കോടി ഞാന്‍ നിന്നെ വീട്ടില്‍ ഇറക്കാം. ഏറെ വൈകി കയറാതിരിക്കാതെ വയ്യ  , തെല്ലൊരു സംശയത്തോടെ അവള്‍ ഓട്ടോക്കകത്തു കയറി . ഓട്ടോക്കകത്ത് മദ്യത്തിന്റെ ഗന്ധം നിറഞ്ഞു നില്‍പ്പുണ്ടായിരുന്നു. ഓട്ടോ അടുത്ത ജങ്ക്ഷനില്‍ എത്തിയതും, അയാള്‍ ഓട്ടോ ചവിട്ടി നിര്‍ത്തി. രാത്രി ഏറെ വൈകിയത് കൊണ്ട് തന്നെ അവിടെങ്ങും ആരുമില്ലായിരുന്നു. കടയുടെ തിണ്ണയില്‍ തലചായ്ക്കാനായി വന്ന രണ്ട്, മൂന്ന് നായ്ക്കള്‍ മാത്രം. രണ്ട് പെഗ്ഗ് കൂടി അടിച്ചാലെ ഇന്നത്തെ ഉറക്കം ശരിയാവു, നിന്‍റെ കൈയിലുള്ള രൂപ താടി,  പിച്ചാത്തിയുമായാ അയാളുടെ  ഭീഷണി. ഉണ്ണികുട്ടന് ഉടുപ്പ് വാങ്ങാനുള്ള രൂപയാ ഞാന്‍ തരില്ലാ, അയാളുടെ ഭീഷണിക്ക് മുന്നില്‍ അവള്‍ക്ക്, കൈയിലുള്ള രൂപ കൊടുക്കേണ്ടി വന്നു.  രൂപ വാങ്ങി, പോക്കറ്റിലിട്ട് അയാള്‍ പറഞ്ഞു, ഒരു വേശ്യയെ ഞാന്‍ എന്റെറ ഓട്ടോയില്‍ കയറ്റില്ല, ഇപ്പോ ഇറങ്ങണം എന്റെറ ഓട്ടോയില്‍ നിന്ന്. അവള്‍ വിറയ്ക്കുന്ന കാലുകളോടെ ആ ഓട്ടോയില്‍ നിന്ന് ഇറങ്ങി, അയാള്‍ ധൃതിയില്‍ സ്പീടോടെ അടുത്ത് കണ്ട മദ്യകടയിലേക്ക് ഓട്ടോ ഓടിച്ച് കയറ്റുന്നത് കണ്ട് അവള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു പോയി  "മദ്യമേവ ജയതേ"......

Monday, November 4, 2013

മണ്‍വീണ....


                                                                                                മീട്ടാന്‍ മറന്ന വീണ തന്‍ തന്തികള്‍
മൂകമായ് കേഴുന്നതാര്‍ക്ക് വേണ്ടി 
നീ ശ്രുതി മീട്ടിയ തന്തികള്‍,നിന്‍റെ 
പാട്ടിന്‍റെ മാധുര്യം നുകര്‍ന്നിടുന്നു 
നീ തീര്‍ത്തൊരാ രാഗ പ്രഭയില്‍ 
അന്നെന്‍ ദിനങ്ങള്‍ ജ്വലിച്ചിരുന്നു....

നീ തീര്‍ത്ത സപ്തസ്വരങ്ങള്‍ തന്‍ നാദം 
കേട്ട് ഞാന്‍ ആനന്ദലഹരിയില്‍ ആറാടി
എന്‍റെ തന്തികള്‍ നിനക്കായുതിര്‍ത്ത 
പ്രിയ ശ്രീരാഗം, പാട്ടിന്റെ 
പാലാഴിയായി ഒഴുകിയെത്തി
ആ സംഗീത സാഗരത്തില്‍ 
ഞാനലിഞ്ഞില്ലാതെയായി
നീ പാടിയ പാട്ടിന്‍ ശീലുകള്‍, ഇന്നുമെന്‍ 
തന്തികളില്‍ തത്തികളിക്കുന്നു.....

നാം ഒരുമിച്ച് തീര്‍ത്തൊരാ 
രാഗ പ്രപഞ്ചത്തില്‍
എല്ലാം മറന്ന് ലയിച്ചിരിക്കെ
വിറയാര്‍ന്ന പാദങ്ങളോടെ
വിട ചൊല്ലി നീ മറയവേ 
എന്‍ തന്തികളുതിര്‍ത്ത മിഴിനീര്‍ 
നിന്നോര്‍മ്മ തന്‍ രാഗ പ്രവാഹമായി 
എന്നില്‍ പെയ്യ്തിറങ്ങി.....

ഒരു മാത്ര നിന്‍റെ പദസ്വനം 
കേള്‍ക്കാന്‍ കാതോര്‍ക്കെ 
പൊട്ടിയ തന്തികള്‍ നിനക്കായ്
വീണ്ടും മീട്ടാന്‍ കൊതിക്കെ
അടച്ച് പൂട്ടിയ മുറിയുടെ കോണില്‍ 
നിനക്കായ് കാത്തിരിക്കെ 
അന്ന് നീ പാടിയ ഗസലിന്‍ ഈരടികള്‍ 
ഇന്നും ഒരു സാന്ത്വനമായി 
മനസ്സിനെ  തഴുകി തലോടുന്നു
മോഹവീണ തന്‍ തന്തിയില്‍ 
വീണ്ടും നീയൊരു രാഗപ്രപഞ്ചം
തീര്‍ക്കുമെന്ന പ്രതീക്ഷയോടെ എന്നും........