Wednesday, December 31, 2014

കഴിഞ്ഞ് പോയ നല്ലതും, ചീത്തയുമായ ദിനരാത്രങ്ങള്‍ക്ക് വിട പറഞ്ഞ് കൊണ്ട് നന്മയുടെയും, സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും ഒരു പുതു വര്‍ഷം കൂടി വരവായി . ഇനി വരാന്‍ പോകുന്ന ദിനങ്ങള്‍ ഐശ്വര്യ സമൃദ്ധമായതും, സന്തോഷവും,സമാധാനവും നിറഞ്ഞതാകട്ടെയെന്ന്‍ പ്രാര്‍ഥിക്കുന്നു. എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍....

Wednesday, December 24, 2014

മഞ്ഞ് പൊഴിയുന്ന ബെത് ലഹേമില്‍ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മകളുണര്‍ത്തി, ക്രിസ്തുമസ് കാലമെത്തി. എല്ലാ  കൂട്ടുകാര്‍ക്കും, സ്നേഹവും, സന്തോഷവും, സമാധാനവും നിറഞ്ഞ ഒരായിരം ക്രിസ്തുമസ്  ആശംസകള്‍....Sunday, December 14, 2014

ഗസല്‍.....
കാറ്റിലൂടെ ഒഴുകി വന്ന ഗസലിന്‍ ഈരടികള്‍ 
ഒരു സാന്ത്വനമായി മനസ്സിനെ തഴുകി തലോടി 
പ്രണയാര്‍ദ്രമായ ഗസലിന്‍ വരികള്‍
മധുരനൊമ്പരമായി മധുമാരിയായി പെയ്യ്തിറങ്ങി
നീ തീര്‍ത്ത ഗാന പ്രപഞ്ചത്തില്‍, എല്ലാം മറന്ന് 
പ്രകൃതി,സന്തോഷാശ്രുക്കള്‍ പുതുമഴയായി വര്‍ഷിച്ചു....

നിന്‍റെ സിത്താറില്‍ നിന്ന് ഉതിര്‍ന്ന് വീണ 
സപ്ത സ്വരങ്ങള്‍, പാട്ടിന്റെ പാലാഴിയായി 
ഒരിക്കലും നിലക്കാത്ത വേണുഗാനമായി
ഗന്ധര്‍വ നാദമായി  ഒഴുകി എത്തി
അന്ന് നീ പാടിയ പാട്ടിന്റെ പല്ലവി അറിയാതെ 
ഞാനിന്നും മൂളിടുന്നു...
നിന്‍റെ സ്വര മാധുരി മനുഷ്യ മനസ്സുകള്‍ക്ക് 
എന്നും സാന്ത്വനമാകട്ടെ, മുളം തണ്ടിലൂടെ 
ഒഴുകി വരും പ്രീയ ശ്രീ രാഗമായ്..............


Sunday, December 7, 2014

സ്മരണ...
ഡിസംബറിലെ ഒരു തണുത്ത രാത്രിയില്‍
യാത്രാമൊഴി പോലും ചൊല്ലാതെ 
നീ എന്നില്‍ നിന്നും പറന്ന് അകന്നു
നീ തന്ന സമ്മാന പൊതികളെക്കാള്‍ 
വിലപ്പെട്ടതായിരുന്നു നീ എനിക്ക് 
തന്ന സ്നേഹം......

ഒരു പാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം 
ബാക്കിവെച്ച് നീ മറഞ്ഞുവെങ്കിലും
ചുവരിലെ , ചില്ലിട്ട ചിത്രത്തിലിരുന്ന്
എല്ലാം മറന്ന്  നീ ചിരിക്കുമ്പോഴും
നിന്‍റെ മുഖത്ത് കാണുന്ന വിജയീഭാവം, 
അത് തന്നെ അല്ലെ നിന്നെ നീ ആക്കുന്നതും....

 അഗ്നി നാളത്തില്‍ കത്തിയമര്‍ന്ന്
ഒരു പിടി ചാരമായി, കടലില്‍ അലിഞ്ഞ്
ചേര്‍ന്ന് മായവേ,  തീരത്ത് അടിഞ്ഞ 
ശംഖില്‍ നിന്‍റെ പേര് ഞാന്‍ വായിച്ചെടുത്തു 
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നും
ഒരു നൊമ്പരമാണ്,നൊമ്പരമാണ് നിന്‍
ഓര്‍മ്മകളെങ്കിലും,ആ നൊമ്പരം പോലും മധുരം....
നിന്നെ പോലെ നീ മാത്രം..............


Sunday, November 30, 2014

ദേശീയ ദിനാശംസകള്‍......
                                                                        (Drawing by my Molu Aswathi Dipu)


നമ്മുടെ മാതൃ രാജ്യത്തോട്  തന്നെ ആണ് നമുക്കെന്നും സ്നേഹം. നമ്മള്‍ ഏത് രാജ്യത്താണോ വസിക്കുന്നത് അതും നമ്മുടെ നാട് തന്നെ ആണ്. നമുക്കും കുടുംബത്തിനും അന്നം തരുന്ന ആ രാജ്യത്തെയും നമ്മള്‍ തീര്‍ച്ചയായും സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യണം. നാല്പത്തി മൂന്നാമത്  ദേശീയ ദിനം ആഘോഷിക്കുന്ന യു. എ. ഇ ക്ക്  എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. നമുക്കും ഈ  ആഘോഷത്തില്‍ പങ്കു ചേരാം....

Wednesday, November 19, 2014

ചോദ്യങ്ങള്‍.....
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉണ്ടോ???????
നീ വര്‍ഷിക്കുന്ന ചോദ്യ ശരങ്ങള്‍ക്ക് മുന്നില്‍ 
ഉത്തരം പറയാനാകാതെ ഞാനിന്ന് പകച്ച്‌
നില്‍ക്കുന്നു, ഒരു കൊച്ചു കുട്ടിയെ പോലെ 
നിന്‍റെ ഓരോ ചോദ്യങ്ങളും കൂരമ്പുകളായി 
മനസ്സില്‍ തറക്കുമ്പോഴും,നിന്‍റെ ചോദ്യങ്ങള്‍ക്ക് 
ഉത്തരം പറയാനാകാതെ, അമ്പൊഴിഞ്ഞ 
ആവനാഴിയെ പോലെ, വാക്കൊഴിഞ്ഞ 
മനവും, ചലനമറ്റ തൂലികയും മാത്രം ബാക്കി.....

നിന്‍റെ ചോദ്യ ശരങ്ങള്‍ പേമാരിയായി എന്നില്‍ 
വര്‍ഷിക്കുമ്പോള്‍, ഒന്ന് നീ ഓര്‍ക്കുക, നിനക്കുള്ള 
ഉത്തരം നല്‍കാന്‍ ഞാനിന്ന് അശക്തയാണ് 
എന്നും നിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ 
ആഗ്രഹിച്ചിരുന്ന എന്‍റെ തൂലിക പോലും
ഇന്ന് എന്നില്‍ നിന്ന് അകന്ന് പോകുന്നു 
എന്നും വാചാലമായിരുന്ന എന്‍റെ മനസ്സ് പോലും 
നിന്‍റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മൌനമായി മാറിടുന്നു 
നിന്‍റെ ചോദ്യങ്ങളോരോന്നും, മനസ്സില്‍ പലയാവര്‍ത്തി 
ഉരുവിട്ടെങ്കിലും,ഉത്തരം പറയാനാകാതെ ശൂന്യത
മാത്രം ബാക്കി...

കടിഞ്ഞാണില്ലാത്ത കുതിരയെ പോല്‍ പായുന്ന 
മനസ്സില്‍, നിന്‍റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ 
ഇന്ന്നിണമില്ലാത്ത രൂപങ്ങളെ പോലെ അവ്യക്തമാണ്
"എന്‍റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തരൂ" എന്ന 
നിന്‍റെ ഓര്‍മ്മപെടുത്തല്‍ മറക്കാന്‍  എനിക്കാവില്ലല്ലോ... 
ഈ ജീവിതം ചോദ്യങ്ങള്‍ കൊണ്ട് നിറയ്ക്കാന്‍ 
ഞാന്‍ ആഗ്രഹിക്കുന്നില്ല, അത്കൊണ്ട് തന്നെ 
നിന്‍റെ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി 
ഒരു ദിവസം ഞാന്‍ വരും, അത് വരെ വിട...........


Monday, November 10, 2014

ഓര്‍മ്മകുറിപ്പ്....
കൂട്ടുകാരികളോടോത്ത് സൊറയും പറഞ്ഞ് സ്കൂളില്‍ പോയിരുന്ന ആ കാലം. ആ സമയത്തിനെ കുറിച്ച് എത്ര വര്‍ണ്ണിച്ചാലും മതിയാവില്ല. ചെറിയൊരു ഇടവഴി കഴിഞ്ഞ് റോഡിലേക്ക് ഇറങ്ങിയുള്ള ആ യാത്രയില്‍, വീട്ടിനടുത്തുള്ള കൂട്ടുകാരികള്‍ എല്ലാരും ഉണ്ടാവും. മഴക്കാലം ആയാല്‍ ഇടവഴിയിലെ ചെളി വെള്ളത്തില്‍ കളിച്ചു കൊണ്ടുള്ള യാത. മിക്കപ്പോഴും പരസ്പരം  ചെളി വെള്ളം തെറിപ്പിക്കാനും മറന്നിരുന്നില്ല. അപ്രതീക്ഷമായി വരുന്ന മഴയും നനഞ്ഞു കൊണ്ട് വീട്ടില്‍ ചെന്നു കയറുമ്പോള്‍, അമ്മയുടെ വക ശകാരം, എന്താ കുട്ടി ഇത് കുട കൊണ്ട് പോകാന്‍ പറഞ്ഞതല്ലേ, നാളെ പനി ഉറപ്പാ. അമ്മമാര്‍ക്ക് നമ്മള്‍ എത്ര വലുതായാലും ഈ ആവലാതികള്‍ മാറില്ല. ഇപ്പൊ ആയാലും അമ്മ പറയും, തല നല്ലതുപോലെ തോര്‍ത്തി, രാസ്നാദി പൊടി ഇടാന്‍ മറക്കണ്ട കുട്ട്യേ. ഇത് തന്നെയാണ് അമ്മയുടെ സ്നേഹവും...

റോഡിന്‍റെ അരികിലുള്ള കടകളിലിരുന്നു പെണ്‍കുട്ടിളെ കമന്റ്സ് അടിക്കുന്ന പൂവാലന്‍ ചേട്ടന്മാര്‍ അന്നത്തെ സ്ഥിരം കാഴ്ചയായിരുന്നു.ഇന്നത്തെകാലത്ത് പൂവാലന്‍ ചേട്ടന്മാര്‍ അധികം ഇല്ലാന്നു തോന്നുന്നു. പെണ്‍കുട്ടികളുടെ കാലിലെ ഹൈഹീല്‍ ചെരുപ്പിനെ പേടിച്ചിട്ട്‌ ആവാം അല്ലെ. അങ്ങനെ ഇരിക്കുമ്പോഴാ സൈക്കിളില്‍ വരുന്ന ഒരു പൂവാലന്‍ ചേട്ടന്റെ രംഗ പ്രവേശം.കൂട്ടിന് ഒരു കൂട്ടുകാരന്‍ കൂടി ഉണ്ട്. പക്ഷെ കൂട്ടുകാരന്‍ നിശബ്ദന്‍ ആണ്. രാവിലെയും, വൈകിട്ടും വഴിപാട് പോലെ പുറകെ  സൈകിളില്‍ വന്ന് ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും, ഇടക്ക് പാട്ട് പാടാനും മറക്കാറില്ല. നമ്മള്‍ ഇടവഴി കഴിഞ്ഞ് റോഡിലേക്ക് കയറിയാല്‍, പൂവാലന്‍ ചേട്ടന്‍ അസ്ത്രം വിട്ട പോലെ ഒരു പോക്കാണ്.  കൂട്ടുകാരികള്‍ കുറെ പേര്‍ ഉള്ളത് കൊണ്ട് അന്ന് അത് അത്ര കാര്യമായി എടുത്തതും ഇല്ല. പൂവാലന്‍ ചേട്ടന്റെ സൈകിളിലുള്ള വരവ് തുടര്‍ന്നു കൊണ്ടേയിരുന്നു...

അന്നൊക്കെ, ക്ലാസ്സിലുള്ള ഏതെങ്കിലും  കൂട്ടുകാരികളുടെ ചേച്ചിയുടെ കല്യാണം ഉണ്ടെങ്കില്‍, ഒരു ചെറിയ പിരിവും നടത്തി, ഗിഫ്ടും വാങ്ങി  പോവാന്‍ നമ്മള്‍ കൂട്ടുകാരികളെല്ലാം റെഡി ആയിരുന്നു.  ശരിക്കും അതൊക്കെ ഒരു സന്തോഷമായിരുന്നു, അത്ര അടുപ്പം തന്നെയായിരുന്നു, ക്ലാസ്സിലെ എല്ലാ കുട്ടികളുമായും, ആരോടും ഒരു വേര്‍തിരിവും തോന്നിയിട്ടില്ല. അത് കൊണ്ട് തന്നെയാണ് ഇപ്പോഴും, എവിടെ വെച്ച് കണ്ടാലും അവരെല്ലാരും ഓടി അടുത്ത് വരുന്നതും.സ്കൂള്‍ ജീവിതം കഴിഞ്ഞപ്പോ അതിനെല്ലാം ഒരു മാറ്റം വന്നു എന്നുള്ളത് തന്നെയാണ് സത്യം.  ആ പ്രാവശ്യവും, കൂട്ടുകാരിയുടെ ചേച്ചിയുടെ വിവാഹത്തിന്‍റെ ക്ഷണം കിട്ടി. പതിവ്പോലെ തന്നെ ഒരു ഗിഫ്റ്റും വാങ്ങി, കൂട്ടുകാരികളോടൊപ്പം കല്യാണ വീട്ടില്‍ എത്തി. കൂട്ടുകാരി വീട്ടിലെ എല്ലാരെയും പരിചയപെടുത്തി. അച്ഛന്‍, അമ്മ, അനുജത്തി, അമ്മൂമ്മ.  ഒരു മിനിറ്റ് ചേട്ടനെ വിളിക്കാം. ചേട്ടാ....കൂട്ടുകാരി നീട്ടി വിളിച്ചു. ചേട്ടന്‍ എത്തി, നമ്മുടെ സൈകിളില്‍ വരുന്ന പൂവാലന്‍ ചേട്ടന്‍. ആ സമയത്ത് പൂവാലന്‍ ചേട്ടന്‍റെ മുഖത്തുണ്ടായ ചമ്മല്‍, അതൊന്നു കാണേണ്ടത് തന്നെയായിരുന്നു. ഇപ്പൊ ആലോചിക്കുമ്പോഴും ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല. അതിന് ശേഷം, പൂവാലന്‍ചേട്ടന്‍, ആ വഴിക്കുള്ള വരവേ നിര്‍ത്തി....


Sunday, November 2, 2014

എന്നെ  ഒത്തിരി ആകര്‍ഷിച്ച  ഒരു ചിത്രം. ഈ നിഷ്കളങ്കമായ ചിരി തന്നെ ആയിരിക്കണം അതിന് കാരണം. വാര്‍ദ്ധക്യത്തിലും പരസ്പരം സ്നേഹിച്ചും, എല്ലാം മറന്ന് ചിരിക്കാനും കഴിയുക... അതൊരു ഭാഗ്യം തന്നെ അല്ലേ..(ജീവിതാംശം തുളുമ്പുന്ന ഈ  ചിത്രം എടുത്ത ഫോട്ടോഗ്രാഫറിന്  നന്ദി)
ഒരു മൌനത്തില്‍ എല്ലാം അറിയുന്നു
ഒരു നോട്ടത്തില്‍ എല്ലാം കാണുന്നു
ഒരു തലോടലില്‍ എല്ലാം മറക്കുന്നു
ഒരു ചിരിയില്‍ എല്ലാം പൊറുക്കുന്നു...

Saturday, November 1, 2014

മലയാളമേ ഇത് ധന്യം. നിന്‍റെ മകളായി(മകനായി) പിറന്നതെന്‍ പുണ്യം. എന്‍റെ മലയാളവും, എന്‍റെ മലയാള മണ്ണും എന്നും എനിക്ക് പ്രീയപെട്ടതാണ്..എല്ലാ കൂട്ടുകാര്‍ക്കും കേരളപിറവി ആശംസകള്‍...
Tuesday, October 21, 2014

കണ്ണുകളും, മനസ്സും നിറയുന്ന, ദീപങ്ങളുടെ പൂര കാഴ്ച . കൂട്ടുകാരുടെ    ജീവിതത്തില്‍ ഐശ്വര്യത്തിന്റെറയും, നന്മയുടെയും ദീപം എന്നും തെളിയട്ടെ. എല്ലാ കൂട്ടുകാര്‍ക്കും ദീപാവലി ആശംസകള്‍.....Sunday, October 12, 2014

എന്‍റെ ബ്ലോഗ്‌ തുടങ്ങിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാവുന്നു. കൂട്ടുകാരുടെ   സപ്പോര്‍ട്ട് തന്നെയാണ് ഈ ഉദ്യമത്തില്‍ ഞാന്‍ വിജയിക്കാന്‍ കാരണവും. എനിക്ക് തന്ന പ്രോത്സാഹനത്തിനും, സഹകരണത്തിനും, എല്ലാ കൂട്ടുകാര്‍ക്കും ഒത്തിരി, ഒത്തിരി നന്ദി... ബ്ലോഗ്ഗിന്‍റെ തുടക്കം മുതല്‍, ഞാനിടുന്ന എല്ലാ പോസ്റ്റ്‌കള്‍ക്കും  അഭിപ്രായങ്ങള്‍ പറയുന്ന അജിത് മാഷിന് പ്രത്യേകം നന്ദി അറിയിക്കുന്നു......Thursday, October 9, 2014

ഇഷ്ടം...


ഇഷ്ടമാണെന്ന് ആദ്യം ചൊല്ലിയത് നീയാണ്
ഇഷ്ടമാണോ എന്ന നിന്‍റെ ചോദ്യത്തിന് 
ഇഷ്ടം,എനിക്കിഷ്ടമെന്ന് ഞാന്‍  ചൊല്ലിയപ്പോള്‍ 
ഇഷ്ടത്തോടെ നീ പൊട്ടി ചിരിച്ചു, അത് ഞാന്‍ 
ഇഷ്ടത്തോടെ,തെല്ലു നാണത്തോടെ  നോക്കി നിന്നു
ഇഷ്ടമാണ് നൂറു വട്ടമെന്ന് നീ ചൊല്ലിയപ്പോള്‍ 
ഇഷ്ടത്തോടെ, സ്നേഹത്തോടെ ഞാന്‍ പുഞ്ചിരിച്ചു 
ഇഷ്ടത്തോടെ നീ കിന്നാരം പറഞ്ഞപ്പോള്‍ 
ഇഷ്ടത്തോടെ,കൌതുകത്തോടെ ഞാന്‍ കേട്ടിരുന്നു.... 

ഇഷ്ടത്തോടെ നീ ചൊല്ലിയതെല്ലാം 
ഇഷ്ടത്തോടെ ഞാനെന്‍റെ ഹൃദയത്തില്‍ കുറിച്ച്  വെച്ചു
ഇഷ്ടത്തോടെ നീ തന്ന സ്നേഹോപഹാരങ്ങളെല്ലാം 
ഇഷ്ടത്തോടെ, നിധിയായ്‌, ഞാന്‍ സൂക്ഷിച്ചു വെച്ചു
ഇഷ്ടമെന്ന പദത്തിന് ഭംഗി കൂടിയെന്ന് നീ ചൊല്ലിയപ്പോള്‍ 
ഇഷ്ടത്തോടെ, കാല്‍ നഖം കൊണ്ട് ഞാന്‍ കളം വരച്ചു
ഇഷ്ടത്തോടെ,നിന്‍റെ  മുരളിയില്‍ നിന്നുതിര്‍ത്ത സംഗീതം 
ഇഷ്ടത്തോടെ ഞാനെന്‍റെ നെഞ്ചോടു ചേര്‍ത്തു വെച്ചു
ഇഷ്ടത്തോടെ യാത്രമൊഴി ചൊല്ലി നീ മറഞ്ഞുവെങ്കിലും 
ഇഷ്ടത്തിന്‍ അര്‍ത്ഥം ഞാനിന്നും തേടുന്നു................Thursday, October 2, 2014

വിജയദശമി ആശംസകള്‍....

അരിയില്‍ വരച്ചിട്ട ആദ്യാക്ഷരത്തെ സ്നേഹത്തോടെ നമിച്ചിടുന്നു. അറിവിന്‍റെ വെളിച്ചം പകര്‍ന്ന് നല്‍കിയ ഗുരുക്കന്മാര്‍ക്ക് പ്രണാമം. വാണീദേവി തന്‍ കടാക്ഷം തൂലിക തുമ്പില്‍ വാക്കുകളുടെ നിറ കുംഭമായി ചൊരിയുമാറാകട്ടെ എന്ന പ്രാര്‍ഥനയോടെ എല്ലാ കൂട്ടുകാര്‍ക്കും വിജയദശമി ആശംസകള്‍.....


Wednesday, September 17, 2014

ആള്‍കൂട്ടത്തില്‍ തനിയെ.....

ആള്‍കൂട്ടം കണ്ടയാള്‍ മതി മറന്നു 
ബംഗ്ലാവ് കെട്ടി സ്വയം മറന്നു 
കൂട്ടിനായി ചുറ്റിനും ഒരായിരം കൂട്ടുകാര്‍
BMW കാറ്‌ വാങ്ങി  ഊരുചുറ്റി 
ഡോബര്‍മാന്‍, പോമറേനിയന്‍ ഒപ്പം 
അച്ഛനെയും വീട് കാവല്‍ക്കാരാക്കി
അപ്പോഴും അച്ഛന്‍ ഓര്‍മ്മിപ്പിച്ചു, മകനെ 
തട്ടി വീഴാതെ, കണ്ണ് തുറന്നു നടക്കു...

FIAT കാറ്‌ വാങ്ങി ഭാര്യക്ക് ബെര്‍ത്ത്‌
ഡേ ഗിഫ്റ്റ് നല്‍കി,മക്കളെ ഊട്ടിയില്‍ 
ബോര്‍ഡിങ്ങിലാക്കി,മോനും, മോള്‍ക്കും 
I PHONE വാങ്ങി നല്‍കി,നെറ്റ്‌ എടുത്തവര്‍ 
ചാറ്റ് തുടങ്ങി. മേനക, രംഭ, ഒപ്പം 
അമ്മയെയും വീട്ട് ജോലിക്കാരാക്കി
കണ്ണീര്‍ പൊഴിച്ചമ്മ ഇത്ര ചൊല്ലി, തട്ടി 
വീഴാതെ കണ്ണ് തുറന്ന്നടക്കു മകനെ...

മരുഭൂമിയില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം 
നശിച്ചു കൊണ്ടിരിക്കെ  വിദേശ 
പര്യടനങ്ങള്‍ നടത്തി പൊങ്ങച്ചകാരനായി 
ഫേസ് ബുക്കില്‍ ഫോട്ടോ അപ്‌ലോഡ്‌
ചെയ്ത് ലൈക്‌സും, കമന്റ്സും വാരികൂട്ടി
പാര്‍ട്ടികള്‍ നടത്തി, കുപ്പികള്‍ പൊട്ടിച്ചു 
മദ്യത്തിന്‍ ലഹരിയില്‍ പൊട്ടിച്ചിരിച്ചു 
ചുറ്റും കൂട്ടിനായി കൂട്ടുകാരും
എല്ലാം തകര്‍ന്നൊരു നിമിഷത്തില്‍ 
ഡോക്ടര്‍മാര്‍ വിധിയെഴുതി ലിവറ് പോയി 
ലിവറ് മാറ്റാനായി ബംഗ്ലാവ് വിറ്റു
കടക്കാരെ കൊണ്ടയാള്‍ പൊറുതി മുട്ടി.... 

ഇന്നില്ല ചുറ്റിനും കൂട്ടുകാര്‍, ബംഗ്ലാവില്ല 
കാറില്ല, ജോലിക്കാരില്ല, മാതാ പിതാക്കളും 
തന്റെ ബാല്യത്തിലെ, ചെറ്റകുടിലും മാത്രം 
വൃദ്ധരായ മാതാപിതാക്കളിന്ന് സന്തുഷ്ടരാണ് 
സ്നേഹമയിയായ മരുമകളും, ചുറ്റിനും
കിന്നാരം പറഞ്ഞ് ചെറുമക്കളും..............

Monday, September 8, 2014

നഷ്ട സ്വപ്‌നങ്ങള്‍...

നഷ്ട സ്വപ്‌നങ്ങള്‍,എന്നുമെന്‍ ഇഷ്ട സ്വപ്‌നങ്ങള്‍ 
മുറിയുന്ന ബന്ധങ്ങള്‍, അകലുന്ന മനസ്സുകള്‍ 
അറിഞ്ഞിരുന്നില്ല ഞാന്‍, ആ നഷ്ട സ്വപ്‌നങ്ങള്‍
ഒരിക്കലും മായാത്ത മുറിവുകളായി 
എന്നില്‍ പടരുമെന്ന്, എനിക്കായി 
നഷ്ട സൌധങ്ങള്‍ പണിയുമെന്ന്
ബന്ധങ്ങള്‍, ബന്ധനങ്ങളായി തീരുമെന്ന് 
എനിക്കായി, അവസാന അത്താഴം ഒരുക്കുമെന്ന് 

തെല്ലില്ല പരിഭവം എന്നുള്ളിലിന്ന്,കാലം കലികാലം
അഹന്ത വെടിഞ്ഞ് മണ്ണിലേക്കിറങ്ങുക, 
ആറടി മണ്ണില്‍ ഒടുങ്ങുന്നവര്‍ നമ്മള്‍
ഇന്നത്തെ വിജയങ്ങള്‍, നാളത്തെ പരാജയങ്ങള്‍
ഇന്നത്തെ പരാജയങ്ങള്‍, നാളത്തെ വിജയങ്ങള്‍ 
ഒരു നല്ല നാളേക്കായി കാത്തിരിക്കാം...

Monday, September 1, 2014

തിരിച്ചറിവുകള്‍...

അപ്രതീക്ഷിതമായിരുന്നു, ഈ പ്രാവശ്യത്തെ നാട്ടിലേക്കുള്ള യാത്ര. ഓരോ വര്‍ഷവും, സമയം ആകുമ്പോ, നാട്ടില്‍ പോകാനുള്ള മനസിന്‍റെ ആഗ്രഹം, അത് ഒരിക്കലും നിയന്ത്രിക്കാന്‍ കഴിയാറില്ല. അവിടെ ആരൊക്കെയോ നമ്മളെ പ്രതീക്ഷിച്ചിരിക്കുന്ന എന്ന ചിന്ത. ഒരു അതിഥിയെ പോലെ, സ്വന്തം വീട്ടില്‍ കുറച്ച് ദിവസം കഴിഞ്ഞിട്ട് വരാന്‍ വിധിക്കപ്പെട്ടവരാണ്, നമ്മള്‍ പ്രവാസികള്‍.  വര്‍ഷങ്ങളോളം, നടന്നിരുന്നു മുറ്റത്തെ മണ്‍തരികള്‍ പോലും, ഈ വരവ് ഇഷ്ടപെടാത്ത പോലെ. സ്നേഹത്തിന്‍റെ തുലാസിനെക്കാള്‍, പണത്തിന്റെ തുലാസിനാണ് ഇന്ന് ഡിമാണ്ട് എന്ന തിരിച്ചറിവ് വൈകി ആണെങ്കിലും മനസിലാക്കാന്‍ കഴിഞ്ഞു. എന്നാലും വീണ്ടും നാട്ടിലേക്കുള്ള യാത്രയും പ്രതീക്ഷച്ച് തന്നെയാണ് അടുത്ത കാത്തിരിപ്പ്‌.

സമയം തെറ്റി വന്ന വര്‍ഷകാലം, ആരോടൊക്കെയോ ഉള്ള ദേഷ്യം തീര്‍ത്ത പ്രകൃതി ദേവി, കടം വാങ്ങി ഉണ്ടാക്കിയ കിടപ്പാടം പോലും നഷ്ടപെട്ടവര്‍, ആ കാഴ്ച ഒരു നൊമ്പരം തന്നെയായിരുന്നു. മഴയത്ത് കളിച്ച്,  നിന്നോടൊപ്പം കുശലം പറഞ്ഞ് നടന്നിരുന്ന വഴിയിലൂടെ നടക്കാന്‍ ഞാനിന്ന് ഒറ്റക്കായിരുന്നു. നീയും എന്‍റെ കൂടെ ഉണ്ടായിരുന്നെങ്കിലെന്നു ആശിച്ചുപോയി....

Tuesday, July 1, 2014

ഫോര്‍ യു വിത്ത്‌ ലവ്...

നിന്‍റെ കോപത്തെക്കാള്‍ എനിക്കിഷ്ടം 
നിന്‍റെ പുഞ്ചിരിയാണ്
നിന്‍റെ മൂക്കിനെക്കാള്‍ എനിക്കിഷ്ടം 
സ്നേഹത്തോടെ എന്നെ നോക്കുന്ന 
നിന്‍റെ  കണ്ണുകളെയാണ് 
എന്നെ ചുംബിക്കുന്ന നിന്‍റെ ചുണ്ടുകളെക്കാള്‍
എനിക്കിഷ്ടം എന്നെ തലോടുന്ന 
നിന്‍റെ കൈകളെയാണ്
നീ ചൊല്ലുന്ന വാക്കുകളെക്കാള്‍ എനിക്കിഷ്ടം 
നീ മൂളുന്ന പാട്ടുകളെയാണ്
നിന്‍റെ വാചാലതയെക്കാള്‍ എനിക്കിഷ്ടം 
നിന്‍റെ മൌനത്തെയാണ്
നീ പൂശുന്ന അത്തറിനെക്കാള്‍ എനിക്കിഷ്ടം 
നിന്‍റെ വിയര്‍പ്പിന്‍റെ ഗന്ധമാണ് 
എന്നെക്കാള്‍ എനിക്കിഷ്ടം നിന്നെയാണ്.........Wednesday, June 25, 2014

കുഞ്ഞിപൂവ്....


നാല് മാസങ്ങള്‍ക്ക് ശേഷം, ഇവിടെ എനിക്ക് ഒരു സുഹൃത്തിനെ കിട്ടി. കൂട്ടുകാരോട് എന്‍റെ സന്തോഷം പങ്കു വെയ്യ്ക്കണമെന്ന ആഗ്രഹം, ഇവിടെ എഴുതുന്നു. അച്ഛനും, അമ്മയും, മൂന്നു മക്കളും അടങ്ങുന്ന പാകിസ്ഥാനി കുടുംബം. പരിചയപെട്ടിട്ട് കുറച്ച് ദിവസങ്ങളെ ആയുള്ളൂ വെങ്കിലും, വര്‍ഷങ്ങളായുള്ള പരിചയം പോലെ. അമ്മയുടെ ഒക്കത്തിരുന്ന്, എന്നെ അകലെ കാണുമ്പോഴേ, പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന, എന്‍റെ കുഞ്ഞിപൂവ് (ഞാന്‍ അവള്‍ക്കിട്ട പേര്.. ആദ്യ നോട്ടത്തില്‍ തന്നെ അവളെ അങ്ങനെ വിളിക്കാനാ മനസ്സില്‍ വന്നത്) കുഞ്ഞു ഫാത്തിമ, ഏതോ ജന്മബന്ധം പോലെ.....

Sunday, June 22, 2014

ചില്ല് കൊട്ടാരം.........

എഴുതാന്‍ മറന്നൊരു ഗാനം പോലെ 
നീയെന്‍റെ തൂലിക തുമ്പില്‍ നിന്നകന്ന് പോയി 
വരയാന്‍ മറന്നൊരു ചിത്രം പോലെ 
നീയെന്‍റെ നിറകൂട്ടില്‍ നിന്നകന്ന് പോയി 
പറയാന്‍ മറന്നൊരു വാക്ക് പോലെ 
നീയെന്‍റെ നാദ പ്രപഞ്ചത്തില്‍ നിന്നകന്ന് പോയി 
ഒരുങ്ങാന്‍ മറന്നൊരു പെണ്ണിനെ പോലെ 
നീയെന്‍റെ വര്‍ണ്ണ പ്രപഞ്ചത്തില്‍ നിന്നകന്ന് പോയി 
വിരിയാന്‍ മറന്നൊരു പൂവ് പോലെ 
നീയെന്‍റെ മുന്നില്‍ വാടി കരിഞ്ഞു പോയി 
പാടാന്‍ മറന്നൊരു കുയിലിനെ പോലെ 
നീയെന്‍റെ രാഗ പ്രപഞ്ചത്തില്‍ നിന്നകന്ന് പോയി 
ആടാന്‍ മറന്നൊരു മയിലിനെ പോലെ 
നീയെന്‍റെ ജീവിത താളത്തില്‍ നിന്നകന്ന് പോയി 
പെയ്യാന്‍ മറന്നൊരു മഴ മേഘത്തെപോലെ 
നീയെന്‍റെ ശീതളഛായില്‍ നിന്നകന്ന്പോയി  
ചിരിക്കാന്‍ മറന്നൊരു കോമാളിയെ പോലെ 
നീയെന്‍റെ ആഹ്ലാദങ്ങളില്‍ നിന്നകന്ന് പോയി 
കാണാന്‍ മറന്നൊരു സ്വപ്നം പോലെ 
നീയെന്‍റെ മനസ്സില്‍ നിന്നകന്ന് പോയി 
സ്നേഹിക്കാന്‍ മറന്നൊരു നായകനെപോലെ 
നീയെന്‍റെ സ്നേഹ സാമ്രാജ്യത്തില്‍ നിന്നകന്ന് പോയി 
മലര്‍പൊടികാരന്‍റെ വ്യാ മോഹം പോലെ 
നീയെന്‍റെ സ്വപ്ന സാമ്രാജ്യം  തകര്‍ത്തടിച്ചു....

Sunday, June 15, 2014

അച്ഛന് സ്നേഹപൂര്‍വ്വം....
എന്‍റെ അച്ഛന് ഞാനിപ്പോഴും, യൂണിഫോം ഇട്ട് സ്കൂളില്‍ പോയിരുന്ന ആ പഴയ കുട്ടി തന്നെയാണ്. എയര്‍പോര്‍ട്ടില്‍ സന്തോഷത്തോടെ, നമ്മുടെ വരവും കാത്ത് നില്‍ക്കുന്ന അച്ഛന്‍, യാത്ര പറയുമ്പോള്‍ കണ്ണ് നിറയുന്ന അച്ഛന്‍, സുഖമില്ലാതെയായാല്‍, ഇപ്പോഴും ഒരു കൊച്ചു കുട്ടിയെ പോലെ, എന്നെ ശിശ്രൂഷിക്കുന്ന എന്‍റെ അച്ഛന്‍. ഈ ജന്മത്തില്‍ എനിക്ക് കിട്ടിയ പുണ്യമാണ്, എന്‍റെ അച്ഛന്‍. അച്ഛനും, അമ്മയും, മക്കളും ചേര്‍ന്നാലേ ഒരു കുടുംബം പൂര്‍ണ്ണമാകുന്നുള്ളു....

Sunday, June 8, 2014

മീര...എന്നെ മറന്നുവോ കൃഷ്ണാ നീ 
എന്‍ മനം കണ്ടുവോ കൃഷ്ണാ നീ
എന്‍ സ്വരം  കേട്ടുവോ കൃഷ്ണാ നീ 
കൃഷ്ണ ലീലകള്‍ പാടി പുകഴ്ത്തും 
കണ്ണന്‍റെ ഇഷ്ട ഭക്ത മീര...
നിന്‍ കള  മുരളീരവം കേള്‍ക്കാന്‍ 
കൊതിക്കുന്നീ മീര, എന്നും കാണാന്‍ 
കൊതിക്കുന്നീ മീര....

നിന്‍ പാദാരവിന്ദത്തില്‍ അര്‍പ്പിക്കാം 
ഞാനെന്‍ കണ്ണുനീര്‍ നൈവേദ്യമായ്
എന്‍റെ ദുഃഖങ്ങള്‍ ചൊല്ലിടാം ഞാന്‍ 
കാണിക്കയായ്, കൃഷ്ണനാമമില്ലാതൊരു
നിമിഷമില്ലീ ജീവിതത്തില്‍,ഈരേഴുലകവും
കൃഷ്ണ നാമം പാടി പുകഴ്ത്തും
കണ്ണന്‍റെ  ഇഷ്ട ഭക്ത മീര.....

അമ്പല നടയില്‍ കൈകൂപ്പി നില്‍ക്കെ 
ആ കള്ള നോട്ടം കാണാന്‍ കൊതിക്കെ 
പുറകില്‍ വന്ന് നീ കണ്ണ് പൊത്തി
എന്‍ കാതിലോതിയ വാക്കുകള്‍ 
മറക്കുവതെങ്ങനെ,ആ സ്വപ്നത്തിന്‍
ഒടുവില്‍, കാറ്റിലൂടൊഴുകി വന്ന 
മുരളീ ഗാനം കേട്ട് മയിലുകള്‍ ആനന്ദ 
നൃത്തമാടി, മേഘങ്ങള്‍ തുലാവര്‍ഷമായി 
ആനന്ദാശ്രു പൊഴിച്ചു, പ്രകൃതി ദേവി 
ആനന്ദത്താല്‍ പുഞ്ചിരി തൂകി....

ആ തിരുമുടിയില്‍ ചൂടിക്കാം 
ഞാനൊരു മയില്‍‌പീലി തുണ്ട് 
പീതാംബരം ചുറ്റി നീ വെണ്ണയുണ്ണാന്‍
ഓടിയണയൂ കണ്ണാ, കായാമ്പൂ വര്‍ണ്ണാ 
ഒരു മുളം തണ്ടായി മാറിടാം ഞാന്‍ 
കണ്ണന്‍റെ വേണുവായി തീര്‍ന്നിടാം ഞാന്‍ 
ആ ദിവ്യ രൂപം കാണാന്‍ കൊതിക്കുന്നീ
മീര, നിന്‍ മുരളി പൊഴിക്കുന്ന ഗാനാലാപം  
കേള്‍ക്കാന്‍ കൊതിക്കുന്നീ മീര
കൃഷ്ണനെ എന്നും ഭജിക്കുന്നീ മീര
കൃഷ്ണന്റെറ ഇഷ്ട ഭക്ത മീര....


Thursday, May 22, 2014

ലഹരി...

മദ്യഷാപ്പിലിരുന്ന്‍, തന്‍റെ ഗ്ലാസിലെ അവസാന തുള്ളി 
മദ്യവും നുണഞ്ഞ് വിറയാര്‍ന്ന  കൈകളോടെ, 
പോക്കറ്റില്‍ നിന്ന്, നോട്ടുകള്‍ എടുത്ത് നല്‍കി 
നിലക്കാത്ത പാദങ്ങളോടെ അയാള്‍ മദ്യഷാപ്പിന്റെറ  
പടികളിറങ്ങി, ഇരുട്ടില്‍ നിന്ന് വന്ന രൂപങ്ങളുടെ 
അഭ്യര്‍ഥന മാനിച്ച്, ഒരു പെഗ്ഗ് വാങ്ങി താ..അളിയാ, 
പോക്കെറ്റിലുണ്ടായിരുന്ന അവസാന നോട്ടും നല്‍കി, 
അഭിമാനത്തോടെ ഉടുമുണ്ടൂരി തലയില്‍ കെട്ടി, 
വഴി നീളെ പൂര പാട്ടും പാടി, വീടിന്റെ ഗേറ്റ് ചവിട്ടി 
തുറന്ന്, ഭാര്യയെ തെറിയും വിളിച്ച്...

ഒന്നുമറിയാതെ യജമാനനെ നോക്കി വാലാട്ടിയ നായ്ക്ക്,
മുത്തം നല്‍കി,നീയാടാ, എന്‍റെ മോന്‍, ലഹരിയില്‍ 
അവനാണ്, അയാളുടെ മകന്‍,നന്ദി സൂചകമായി അവന്‍ 
അയാളെ മുട്ടിയുരുമ്മി...

ഉമ്മറത്ത്‌ പഠിത്തത്തില്‍ മുഴുകിയ മകന്‍റെ പുസ്തകങ്ങള്‍ 
തട്ടി എറിഞ്ഞ്‌, വിറയ്ക്കുന്ന ശരീരത്തോടെ, ഭാര്യ 
കൂലിവേല ചെയ്യ്ത് ഉണ്ടാക്കിയ ഭക്ഷണം ചവിട്ടിയെറിഞ്ഞ്, 
അവളുടെ അച്ഛനെ തെറി വിളിച്ച്, മനസമാധാനത്തോടെ,
ഉറങ്ങുന്നതിനിടയിലും അയാള്‍,സംസാരിച്ച് കൊണ്ടേയിരുന്നു, 
ലഹരിയുടെ ആലസ്യത്തില്‍....

താന്‍ മുണ്ട് മുറുക്കിയുടുത്ത് ഉണ്ടാക്കിയ, അയാള്‍ ചവിട്ടി 
എറിഞ്ഞ കഞ്ഞിയും,പയറും, വൃത്തിയാക്കുന്നതിനിടയില്‍
അവളും സംസാരിച്ചു കൊണ്ടേയിരുന്നു , തന്‍റെ വിധിയോര്‍ത്ത്
അയാളുടെ മടിയില്‍ നിന്ന് വീണ മദ്യ കുപ്പിയിലെ അവസാന 
തുള്ളി ലഹരി നുണയുന്ന തിരക്കിലായിരുന്നു പതിനൊന്ന് 
-കാരനായ അയാളുടെ ഒരേ ഒരു മകന്‍........


Monday, May 19, 2014

ഓര്‍മ്മയിലെ മുഖം...
ഓര്‍മ്മയിലെ മുഖം എന്നുമെന്‍ 
ഓമന മുഖം 
മനസ്സിന്‍റെയുള്ളില്‍ ഒളിച്ചിരുന്നാ 
മുഖം നിഴല്‍ കൂത്താടുന്നു 
കണ്ണാടിയില്‍ തെളിയാത്തൊരാ മുഖത്തി
-നെപ്പോഴും സങ്കട ഭാവം മാത്രം 
ഒരു മാത്ര വേണ്ടെന്നു ചൊല്ലിയാലും 
എന്‍ മനക്കണ്ണിലാ മുഖം തെളിഞ്ഞ് നില്‍ക്കും
ഞാനൊന്ന് ചിരിച്ചാല്‍ പരിഭവം ചൊല്ലും 
ഒന്ന് കരഞ്ഞാലോ പൊട്ടി ചിരിക്കും 
എത്ര ചൊല്ലി ഞാനെന്‍ കൂട്ടുകാരാ 
വിട ചൊല്ലി പിരിയാനെന്തേ അമാന്തം 
സന്തോഷവും, സങ്കടവും നിറഞ്ഞതാണീ
ജീവിതമെന്ന നിന്‍റെ വാക്കുകള്‍ 
സങ്കടം നിറഞ്ഞ നിഴലായി മനുഷ്യ മനസ്സില്‍
വിഹാരിക്കുമെന്ന നിന്‍റെ പ്രവചനവും
നിഴലായി, നിഴല്‍ കൂത്താടുന്ന പാവകളെ 
പോലെ, മനുഷ്യ മനസ്സില്‍ സങ്കടത്തിന്റെ
അഗ്നി പടര്‍ത്തി നീ, ആര്‍ത്ത് ചിരിക്കുമ്പോഴും 
പ്രീയ മിത്രമേ, ഒന്ന് ഓര്‍ക്കുക, നിനക്കും 
ഒരു ദിവസം  വരും, അത് നിന്‍റെ നാശത്തിന്‍റെ
ദിനമാവാതിരിക്കട്ടെ 
താല്‍കാലികമായ ഈ ലോകം കണ്ട് 
മയങ്ങാതിരിക്കാന്‍, മനുഷ്യ മനസ്സുകളെ 
ഞാനെന്‍റെ സങ്കടമാകുന്ന പാശത്താല്‍
ഒന്ന് കെട്ടിയിട്ടോട്ടെ 
എന്‍റെ മനസ്സ് വായിച്ച നീ, എന്നോട് 
ചൊല്ലിയ വാക്കുകള്‍ കേട്ട്, ഒരു മാത്ര 
ഉത്തരമില്ലാതെ നിന്ന നേരം, മുരുക്കില്‍ 
നിന്നിറങ്ങിയ വേതാളത്തെ പോലെ 
വീണ്ടുമെന്‍ മനസ്സില്‍ നീ ഇടം പിടിച്ചു
നിന്‍റെ ചോദ്യത്തിനുത്തരം തേടി ഞാനിന്നും 
ഇരിപ്പൂ......
Monday, May 12, 2014

ഓര്‍മ്മയിലെ പീലി തുണ്ട്....
മനസ്സിന്‍റെ മണിചെപ്പില്‍ സൂക്ഷിക്കുന്ന
ഒരു പിടി മഞ്ചാടിയും, മയില്‍പീലി
തുണ്ടുകളും, ഒരിക്കലും തിരിച്ച് കിട്ടാത്ത
ബാല്യകാലത്തിന്റെറ....ഓര്‍മ്മകള്‍


അന്ന് നീ തന്നൊരാ മയില്‍‌പീലി തുണ്ടുകള്‍
എന്നുമെന്‍ പുസ്തക താളില്‍ മറഞ്ഞിരുന്നു
ഒരു നിധിയായി ഞാനാ മയില്‍‌പീലി തുണ്ടുകളെ
മനസ്സിന്‍റെ പെട്ടകത്തില്‍ കാത്ത് വെച്ചു
നീയെന്‍ കാതിലോതിയ വാക്കുകള്‍, ഇന്നുമെന്‍
ഓര്‍മ്മയില്‍ തെളിഞ്ഞ് നില്പ്പൂ
മയില്‍പ്പീലി ഞാന്‍ തരാം മറക്കാതിരിക്കാനായി


അന്ധകാരത്തില്‍ ഒളിച്ചിരുന്നാ മയില്‍പീലി
തുണ്ടുകള്‍ ഗദ്ഗദത്തോടെ നിശ്വസിച്ചിടുന്നു
ഇരട്ടിയാകുമെന്ന വ്യാമോഹത്താല്‍ ഒരിക്കലും
ഞാനാ, മയില്‍ പീലി തുണ്ടുകളെ വെളിച്ചത്തിലേക്ക്
വിളിച്ചതില്ല, പാഴ്മോഹം ആണെന്നറിഞ്ഞിട്ടും,
ആ മയില്‍‌പീലി തുണ്ടുകള്‍, നിന്‍റെ വരവിനെ
പ്രതീക്ഷയോടെ കാത്തിരിക്കുന്നു
ശാപമോക്ഷം നേടി വീണ്ടുമൊരു ജന്മത്തിനായ്
മയില്‍പീലി ഞാന്‍ തരാം മറക്കാതിരിക്കാനായി
വീണ്ടുമെന്‍ അരികില്‍ വന്ന് നീ വിളിക്കുമെങ്കില്‍.....

Tuesday, May 6, 2014

അംബരവാസികള്‍....പ്രകൃതി ദേവി മനോഹരിയാക്കിയ നാടും 
വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളെയും 
തനിച്ചാക്കി, ഞാനൊരു പ്രവാസിയായി 
അംബരവാസിയായ പ്രവാസി...
ആകാശത്തില്‍ നിന്ന് ഭൂമിയിലേക്കിറങ്ങാന്‍ 
കറന്ററില്‍ പ്രവര്‍ത്തിക്കുന്ന ലിഫ്ററുണ്ട്
മണ്ണിന്‍റെ മണമില്ല, വാഹങ്ങനങ്ങള്‍ ഉതിര്‍ക്കുന്ന 
പെട്രോളിന്‍റെ ഗന്ധമുണ്ട് 
ഉണര്‍ത്ത് പാട്ട് പാടുന്ന കിളി കളില്ല 
നിര്‍ത്താതെ ശബ്ദിക്കുന്ന മൊബൈല്‍ 
അലാറം ഉണ്ട് 
കുശലാന്യേഷണം നടത്തുന്ന അയല്‍ക്കാറില്ല 
കണ്ടില്ലെന്ന ഭാവത്തില്‍ നടന്ന് അകലുന്ന 
അയല്‍ക്കാരും, നമ്മള്‍ സമ്മാനിക്കുന്ന 
ചെറു ചിരി പോലും, അത് കണ്ട് നാണിച്ച്
തല താഴ്ത്തും 
ചുറ്റും കൂട്ടിനായി, അംബര ചുംബികളും

പാടവും, പറമ്പും വെട്ടി നിരത്തി ഫ്ലാറ്റുകള്‍ 
പണിയുന്ന, നാടിന്റെറ അവസ്ഥയും ഇന്ന് 
വ്യത്യസ്തമല്ല, എന്നാലും എന്‍റെ നാടിന്റെറ
നന്മ ഒരിക്കലും നശിക്കില്ല
ഒരുനാള്‍ മടങ്ങും ഞാനെന്‍റെ നാട്ടിലേക്ക് 
അവിടെ എനിക്കായി കാത്തിരുപ്പുണ്ട്,
ആറടി മണ്ണ്..............


Tuesday, April 29, 2014

മംഗല്യസൂത്രം...ഒരു ചെറു ചിരിയില്‍ എല്ലാം മറയ്ക്കാന്‍ 
ശ്രെമിക്കുമ്പോഴും അവളുടെ കണ്ണില്‍ 
അടരാതൊതുങ്ങുന്ന തുള്ളികള്‍ 
കുറച്ചൊന്നുമല്ല മറയ്ക്കുന്നത്! 

ഇന്നലെയുടെ നഷ്ടങ്ങള്‍, അവളുടെ 
ഒരായിരം സ്വപ്നങ്ങളായിരുന്നു 
വര്‍ഷങ്ങളായി അവള്‍ താലോലിച്ച 
ആ വര്‍ണ്ണ സ്വപ്നങ്ങളെ യമധര്‍മ്മന്‍
തട്ടി തെറിപ്പിച്ച്, അവളെ വിധവയാക്കി 

സീമന്ത രേഖയിലെ സിന്ദൂരവും, മംഗല്യ
സൂത്രവും, കൈയില്‍ അവള്‍ ആഗ്രഹിച്ച്
അണിഞ്ഞ കുപ്പിവളകളും, പൊട്ടിച്ചെറിഞ്ഞ്
വെള്ള പുതപ്പിച്ച്‌, നാല് കെട്ടിന്റെറ
അകത്തളത്തില്‍ അവളെ തളച്ചു 

ജാതക ദോഷമെന്ന് പറഞ്ഞവര്‍ അവളെ 
അകറ്റി നിര്‍ത്തി. തന്‍റെ വിധിയെ ചെറു 
ചിരിയോടെ അവള്‍ നേരിട്ടു
വിധവ കരയാന്‍ മാത്രം വിധിക്കപെട്ടവള്‍
എന്ന കാരണവരുടെ ശാഠ്യം നിരസിച്ചതിന്
ചങ്ങലയാല്‍ കാലുകൊരുക്കപെട്ടു 

ഒന്നിനും, ആരോടും പരാതിയില്ല 
മദ്യപിച്ച്, സ്വയം ജീവനൊടുക്കിയ
തന്‍റെ ഭര്‍ത്താവിനോട് പോലും
ഇന്നവള്‍  സ്വബോധമില്ലാത്ത ഭ്രാന്തി
എന്നിട്ടും ആ ചെറു ചിരി മായാതെ 
അവള്‍ ഇന്നും സൂക്ഷിക്കുന്നു........Sunday, April 27, 2014

തൂവല്‍ സ്പര്‍ശം...ഈ ജീവിതയാത്രയില്‍ എന്നോടോത്ത്
തുഴയുന്ന സ്മരണകള്‍,കരയെ പുണരാന്‍
വെമ്പുന്ന തിരമാലകളെ പോലെ, കടലില്‍
നിമജ്ജനം ചെയ്യ്ത്ശാപമോക്ഷം നേടി,
തീരത്തേക്ക് അടിഞ്ഞ്, നനുത്ത മണലില്‍
ചിതറി കിടക്കുന്നു.

ആവേശത്തോടെ ഞാനവയെ നെഞ്ചോട്
ചേര്‍ത്ത് താലോലിക്കാന്‍ ശ്രെമിക്കെ,
ഞൊടിയിടയില്‍ കാലത്തിന്‍ കരിനിഴല്‍,
എന്‍ സ്മരണകളെ, പുല്‍കി കടന്നു പോയി
കാറ്റിലൂടെ ഒഴുകി വന്ന ഒരു നനുത്ത തൂവല്‍
സ്പര്‍ശം, അവയെ എന്നോട് ചേര്‍ത്ത് നിര്‍ത്തി
 
മുരളിയില്‍ നിന്നുതിര്‍ന്ന സപ്ത സ്വരങ്ങള്‍
പാട്ടിന്‍റെ പാലാഴിയായി, ഒരിക്കലും
നിലയ്ക്കാത്ത വേണുഗാനമായി ഒഴുകിയെത്തി
ഇന്ന് ഞാനറിയുന്നു, ആ തൂവല്‍ സ്പര്‍ശം
എന്‍റെ ജീവന്റെറ ഭാഗമാണെന്ന്, എന്‍റെ
സാന്ത്വനമാണെന്ന്.....
Monday, April 14, 2014

എല്ലാ കൂട്ടുകാര്‍ക്കും സ്നേഹത്തിന്‍റെയും, ഐശ്വര്യത്തിന്റെറയും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍....

Saturday, April 12, 2014

 സൌഹൃദം.....                                                                                                 
                                                                                                                           (ഫോട്ടോ ഗൂഗിള്‍)പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്ക് ആകാശമുണ്ട്, മനുഷ്യ പുത്രന് തല ചായ്ക്കാന്‍ ഫ്ലാറ്റുകള്‍ ഉണ്ട്. അംബര ചുംബികളായ കെട്ടിടങ്ങളുടെ നടുവിലൊരു താമസം. പന്ത്രണ്ട് നിലകളുള്ള കെട്ടിടത്തിന്‍റെ എട്ടാമത്തെ നിലയില്‍ നിന്ന് താഴേക്ക് നോക്കാന്‍ തെല്ലൊരു പേടിയില്ലാതില്ല. വിശാലമായ മുറ്റവും, വീടും മോഹിക്കുന്ന നമ്മള്‍ പ്രവാസികള്‍ ഏത് പരിതസ്ഥിതിയിലും പൊരുത്തപെട്ട് പോകും. പ്രവാസം നമ്മളെ അങ്ങനെ മാറ്റിയെടുക്കുന്നു എന്ന് വേണം പറയാന്‍. ദിവസവും അടുക്കള വരാന്തയില്‍ അതിഥികളായി എത്തുന്ന ഇണ പ്രാവുകള്‍, എവിടെയായാലും ഇവര്‍ തന്നെയാണ് എന്‍റെ അതിഥികള്‍. ഒരു പരാതിയും, പരിഭവവും ഇല്ലാതെ കൊടുക്കുന്ന ധാന്യ മണികള്‍ കൊത്തി പെറുക്കി ചിറകുകള്‍ ഇളക്കി വിട പറയുന്ന എന്‍റെ അതിഥികള്‍. ആകാശത്താണോ താമസം എന്ന അവരുടെ സ്നേഹാന്യേഷണം മനസ്സിലാക്കാന്‍, അവരുടെ ഭാഷ അറിയേണ്ട ആവശ്യം ഇല്ല, സ്നേഹത്തിന്‍റെ ഭാഷക്ക് അതിര്‍ വരമ്പുകള്‍ ഇല്ലല്ലോ. എവിടെയാ ഇപ്പൊ താമസമെന്ന് ആരെങ്കിലും ചോദിച്ചാല്‍, ആകാശത്തിലാ താമസം എന്നാണ് എന്‍റെ മറുപടി. കൂട്ടുകാരോടൊത്ത് കുശലം പറഞ്ഞ് നടന്നിരുന്ന മോണിംഗ് വാക്കും, അവരോടൊപ്പം കുടിച്ചിരുന്ന സ്ട്രോങ്ങ്‌ ചായയും ഒരു പാട് മിസ്സ്‌ ചെയ്യുന്നു. ആ ഓരോ ഗ്ലാസ്‌ ചായയിലും അവരുടെ സ്നേഹത്തിന്‍റെ മധുരം നിറച്ചിരുന്നു..........

Wednesday, March 26, 2014

 യാത്രാമൊഴി...

ദേശാടന പക്ഷികളെ പോലെ തന്നെയാണ് നമ്മള്‍ പ്രവാസികളും. ഒരു സ്ഥലത്ത് കൂടൊരുക്കി ആ ചുറ്റുപാടുമായി പൊരുതപെട്ടു വരുമ്പോഴായിരിക്കും അടുത്ത സ്ഥലത്തേക്കുള്ള യാത്ര. ഓരോ യാത്രയിലും കരുതും, ഇവിടെ നിന്ന് ഇനി നാട്ടിലേക്കുള്ള യാത്രയെ ഉള്ളുവെന്ന്. അത് ഇപ്പോഴും നടക്കാത്ത ഒരു സ്വപ്നമായി അവശേഷിക്കുന്നു. പുതിയ സ്ഥലത്തേക്കുള്ള ഈ യാത്രയിലും ഇതൊക്കെ തന്നെയാണ് ആഗ്രഹം. നടക്കാത്ത ആഗ്രഹമാണെന്ന് അറിയാം. എന്നാലും ആഗ്രഹങ്ങള്‍ തന്നെയാണല്ലോ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും. പഴയ കൂട് ഉപേക്ഷിച്ച് പോകുമ്പോഴും, ആ ചുറ്റുപാടും, അവിടെന്നു കിട്ടിയ സുഹൃത്ത്‌ ബന്ധങ്ങളും ഒരിക്കലും മനസ്സില്‍ നിന്ന് മാഞ്ഞു പോകാറില്ല. പുതിയ സ്ഥലവും, ചുറ്റുപാടും, അവിടത്തെ വിശേഷങ്ങളുമായി വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ, കൂട്ടുകാര്‍ ഇത് വരെ തന്ന സ്നേഹത്തിനും, സഹകരണത്തിനും നന്ദി, നമസ്കാരം....

Wednesday, March 5, 2014

പ്രസാദം....


ഇത്തിരി പ്രസാദം കൈകുമ്പിളില്‍
നിറച്ച് നീ സ്നേഹത്തിന്‍ മാധുര്യം
നുകര്‍ന്ന് തന്നു

ഒരു തിരി വെളിച്ചത്തിന്‍ നാളത്തില്‍ 
വന്നു നീ ഒരായിരം ദീപങ്ങളായി 
തിളങ്ങി 

എന്‍ കണ്ണനായ് വന്ന് ഓടകുഴലൂതി 
 പാട്ടിന്‍ പാലാഴി തീര്‍ത്ത് നീ 
സാന്ത്വനമായി എന്നരുകില്‍ വന്ന് നിന്നു

ഒരു മാത്ര നീ ഓതിയ വാക്കുകള്‍ 
ജന്മത്തിന്‍ സാഫല്യമായി എന്നില്‍ 
നിറഞ്ഞ് നിന്നു

 ആ കള്ളനോട്ടം സ്നേഹത്തിന്‍ 

ധാരയായി എന്നില്‍ പെയ്യ്തിറങ്ങുമ്പോള്‍ 
ചൊല്ലാന്‍ മറന്ന് പോയ ഒരായിരം 
വാക്കുകള്‍ ഇന്നുമെന്‍ ചുണ്ടില്‍ 
തത്തി കളിക്കുന്നു 

ആ  സ്വപ്നത്തിനൊടുവില്‍ തീരത്ത് 
അടിഞ്ഞ മയില്‍പീലിയും ഓടകുഴലും
മാത്രം, എന്നുമെന്‍ കൂട്ടായ്.......

Saturday, February 22, 2014

ആരാണ് നീ...

                                                                                   (ഫോട്ടോ ഗൂഗിള്‍)


നീയെനിക്ക് ആരാണ് 
എന്‍റെ ശത്രുവോ, മിത്രമോ 
ഞാനറിഞ്ഞില്ല നീയെന്‍റെ
ശത്രുവായി മാറുമെന്ന്
എന്നുമെന്‍ കൂട്ടായി തീരുമെന്ന് 

ഓര്‍ക്കുന്നു ഞാന്‍ നിന്‍റെ  വരവിനെ 
എന്‍റെ ജീവനെ ഗ്രസിച്ച നിമിഷത്തെ 
നിന്നെ അടര്‍ത്തി മാറ്റാന്‍ ഞാന്‍ 
ശ്രമിക്കുമ്പോഴൊക്കെയും, പോകില്ലെന്ന 
വാശിയില്‍ നീ  എന്നെ തള്ളി മാറ്റിയതും

വെറുത്തിരുന്നു, ഞാന്‍ നിന്നെ 
എന്നിട്ടും ഒരു കോമാളിയേപോലെ
നീ എന്നെ ചിരിപ്പിക്കാന്‍ മറന്നതില്ല 
ഓരോ നിമിഷവും നീയെന്നില്‍ അലിഞ്ഞു 
ചേരുമ്പോള്‍ ഞാനറിയുന്നു, എന്‍റെ 
ജീവനില്‍ തണുപ്പ് പടരുന്നതും
കൊതിയോടെ നീ നോക്കുന്നതും

ഇത്തിള്‍ കണ്ണി പോലെ  എന്നെ 
വലിഞ്ഞ് മുറുകുമ്പോഴും, ഒന്ന് നീ 
ഓര്‍ക്കുക, ഞാനില്ലാതെ നീയില്ല 
നിന്‍റെ കണക്ക് പുസ്തകത്തില്‍, എന്‍റെ 
ജീവന് നീയിട്ട വിലയുടെ ദാനമാണ് 
ഈ ജീവിതമെന്ന് മറക്കുവതെങ്ങനെ
ഇരയെ തേടി നീ ആര്‍ത്തിയോടെ 
പായുമ്പോള്‍, നിന്നെ ഗ്രഹിക്കും കരങ്ങള്‍
പുനര്‍ജനിക്കുമെന്ന വിശ്വാസം മാത്രം

ഇന്ന് ഞാനറിയുന്നു നീ എന്‍റെ  
ജീവന്‍റെ  ഭാഗമാണെന്ന്, എന്നുമെന്‍ 
കൂട്ടായ ശത്രുവാണെന്ന്
You are my enemy companion.....


Tuesday, February 11, 2014

ദുഃഖം....
                                                                                                            (ഫോട്ടോ ഗൂഗിള്‍)
ദുഃഖങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു 
എന്നില്‍ നിന്ന് അകലാന്‍ മടിച്ച്
എന്നെ നോക്കിയവര്‍ പൊട്ടിചിരിച്ചു
ആ പൊട്ടിച്ചിരി വേദനയാര്‍ന്ന സംഗീതമായി
എന്നില്‍ പ്രതിധ്വനിച്ചു
പലയാവര്‍ത്തി കേട്ട് ഞാന്‍ അവരെനിക്കേകിയ
സംഗീതത്തെ ആസ്വദിച്ചു 
നേര്‍ത്ത ഗസലിന്റെറ ഈണമായി ആ സംഗീതം 
എന്നില്‍ അലിഞ്ഞു ചേര്‍ന്നു 
ആ സ്നേഹത്തിന്‍ സംഗീതം മഞ്ഞു മഴയായി 
പെയ്യ്തിറങ്ങി, എന്‍റെ ദുഖങ്ങളെ തുടച്ചു നീക്കി 
ആ സംഗീതത്തെ ഞാനെന്‍റെ നെഞ്ചോട്
ചേര്‍ത്ത് വെച്ചു 
സുഖ, ദുഃഖങ്ങള്‍ നിറഞ്ഞതാണി ജീവിതം
എന്നവര്‍ എന്നെ പഠിപ്പിച്ചു
വെറുക്കില്ല ഞാനെന്‍റെ ദുഖങ്ങളെ , 
ദുഃഖങ്ങള്‍ക്കിടയിലും അവര്‍ എനിക്കേകിയ 
സന്തോഷങ്ങളെ മറക്കുവതെങ്ങനെ......Monday, February 10, 2014

വിധി...
                                                                                 (ഫോട്ടോ ഗൂഗിള്‍)

ആദ്യമായി നിന്നെ കണ്ടപ്പോള്‍
പുഞ്ചിരി തൂകി നീ കടന്ന് പോയപ്പോള്‍ 
അതെന്‍റെ വിധിയാണെന്ന് ഞാന്‍ കരുതി 
ഇഷ്ടമാണെന്ന് നീ ചൊല്ലിയപ്പോള്‍ 
കേള്‍ക്കാത്ത ഭാവത്തില്‍ ഞാന്‍ പോയപ്പോള്‍ 
അതെന്‍റെ വിധിയാണെന്ന് ഞാന്‍ കരുതി 
എന്‍റെ മുറ്റത്ത്‌ വന്ന് നീ ക്ഷമാപണം നടത്തിയപ്പോള്‍ 
അത് നിന്‍റെ വിധിയാണെന്ന് ഞാന്‍ കരുതി 
എന്‍റെ സ്വപ്നത്തില്‍ നീ വന്നപ്പോള്‍ 
ചിന്തകളില്‍ നീ നിറഞ്ഞു നിന്നപ്പോള്‍ 
അതെന്‍റെ വിധിയാണെന്ന് ഞാന്‍ കരുതി 
നീ എന്‍റെ ജീവിതത്തിന്റെ ഭാഗമായപ്പോള്‍ 
എന്‍റെ മനസ്സ് മന്ത്രിച്ചത് ഇത്ര മാത്രം 
വിധിയെ പഴിച്ചിട്ടെന്ത് കാര്യം......


Saturday, February 8, 2014

നയനയുടെ ആത്മഹത്യ കുറിപ്പ്...
                                                                                                            (ഫോട്ടോ ഗൂഗിള്‍)നമ്മുടെ നാട്ടില്‍ നടക്കുന്ന ഈ ആനുകാലിക വിഷയത്തെ കുറിച്ച് എന്‍റെ സുഹൃത്ത്‌ എന്തെങ്കിലും എഴുതികൂടെയെന്ന് ചോദിച്ചതനുസരിച്ചു എന്‍റെ മനസ്സില്‍ തോന്നിയ ആശയം ഇവിടെ പകര്‍ത്തുന്നു. എത്രത്തോളം വിജയിച്ചുവെന്ന് എനിക്കറിയില്ല.  ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി ഇതിലെ കഥാപാത്രങ്ങള്‍ക്ക് എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കില്‍ സാദരം ക്ഷമിക്കുക......

ഇത് നയനയുടെ ആത്മഹത്യ കുറിപ്പ്. നയന തന്‍റെ ജീവിതത്തിലുണ്ടായ അനുഭവങ്ങള്‍ അവളുടെ മരണത്തിനു മുന്‍പ് വേദനയോടെ  എഴുതിയ വരികളാണ് ഈ കുറിപ്പില്‍. ഞാന്‍ നയന,  അച്ഛനും, അമ്മക്കും ഒറ്റ മകള്‍. എന്‍റെ വലിയ തിളക്കമാര്‍ന്ന കണ്ണുകള്‍ കാരണമാണ്, ഈ പേര് എനിക്കു നല്‍കിയതെന്ന് എന്‍റെ അമ്മ പറയാറുണ്ട്‌. മുത്തശ്ശനും, മുത്തശ്ശിയും അടങ്ങിയ  ഒരു കൂട്ടുകുടുംബത്തില്‍ ആയിരുന്നു എന്‍റെ ജനനം. അമ്മയും, അച്ഛനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആയിരുന്നത് കൊണ്ട് തന്നെ, എന്നെ വളര്‍ത്തിയത്‌ എന്‍റെ മുത്തശ്ശിയും, ചിറ്റയും  ആണ്. ചിറ്റയുടെ മകള്‍ അമ്മു, എന്‍റെ അതെ പ്രായം, നമ്മള്‍ ഒന്നിച്ച് കളിച്ച്,  ഒരേ സ്കൂളില്‍, ഒരേ ക്ലാസ്സില്‍ പഠിച്ച് വളര്‍ന്നവരാണ്. അമ്മുവിന് എന്നെ ഒത്തിരി ഇഷ്ടായിരുന്നു. എനിക്കും അങ്ങനെ തന്നെയായിരുന്നു.  പക്ഷെ കൂട്ടു കുടുംബത്തില്‍ താമസിക്കുന്നത് കൊണ്ട് ഒരു പ്രൈവസിയും  ഇല്ലാന്ന് പറഞ്ഞ് അമ്മ എന്നും അച്ഛനുമായി വഴക്കായിരുന്നു. അത് മനസ്സിലാക്കി തന്നെ, മുത്തശ്ശന്‍ അച്ഛനോട് പറഞ്ഞതും, നിങ്ങളുടെ കുടുംബ ജീവിതത്തില്‍ താളപിഴകള്‍ വരാന്‍ പാടില്ല, മാറി താമാസിച്ചോളു കുട്ട്യേ. അങ്ങനെയാണ് മുത്തശ്ശനെയും, മുത്തശ്ശിയെയും, അമ്മു വിനെയും  വിട്ട്, അച്ഛന്റെറ ജോലി സ്ഥലത്തേക്ക് യാത്രയായതും.

അങ്ങനെ ഞാന്‍ പത്താംക്ലാസ്സില്‍ പുതിയ സ്കൂളില്‍ ചേര്‍ന്നു. സ്കൂള്‍ ബസില്‍ ആയിരുന്നു, വീട്ടില്‍ നിന്നും സ്കൂളിലേക്കുള്ള യാത്ര. പുതിയ  സ്കൂള്‍ ആയിരുന്നത് കൊണ്ട് തന്നെ ഒറ്റപെടല്‍ വല്ലാതെ തന്നെ അലട്ടി. അച്ഛനും, അമ്മയും ജോലി കഴിഞ്ഞു വന്നു തന്നെ ശ്രദ്ധിക്കാനോ, തന്റെറ വിശേഷങ്ങള്‍ പങ്കു വെയ്യ്ക്കാനോ സമയം കണ്ടെത്തിയതുമില്ല. അച്ഛന്‍ മുത്തശ്ശന്റെയോ, മുത്തശ്ശിയുടെയോ കാര്യം പറഞ്ഞാല്‍ മതി, അമ്മ വഴക്കുണ്ടാക്കും, ആ ദേഷ്യം എന്നോട് തീര്‍ക്കുകയും ചെയ്യുമായിരുന്നു. ഞാന്‍ കതക് അടച്ച് എന്‍റെ മുറിയില്‍, ബുക്കും തുറന്ന് വെച്ച് സങ്കടം  ഉള്ളിലൊതുക്കി ഒതുങ്ങികൂടി. അമ്മുനെ കാണണമെന്ന് ഒത്തിരി ആഗ്രഹിച്ചു. അതിനും അമ്മ സമ്മതിച്ചില്ല. ആകെ ഒറ്റപെട്ടത്‌ പോലെ. പഠിത്തത്തില്‍ പോലും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ആയിടക്കാണ്, എന്‍റെ  ക്ലാസ്സ്‌ മേറ്റ്സ് ആയ നീനയുമായി കൂട്ടായത്. നീനയുടെ പെരുമാറ്റം, എന്നെ അവളുമായി കൂടുതല്‍ അടുപ്പിച്ചു. എന്‍റെ അമ്മുവിനെ തിരിച്ച് കിട്ടിയതായി എനിക്കു തോന്നി. നീനയുടെ വീട് സ്കൂളിനടുത്ത് ആയതുകൊണ്ട് തന്നെ, ഞാന്‍ അവളുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശക ആയി. അവളുടെ അമ്മയും എന്നോട് വളരെ സ്നേഹത്തോടെ പെരുമാറി. അതിനു ശേഷം സ്കൂളില്‍ പോകാന്‍ എനിക്ക് പ്രത്യേക സന്തോഷമായിരുന്നു. ഒരു ദിവസം തന്റെ കുഞ്ഞമ്മയുടെ മകനെന്നു പറഞ്ഞു, നീന  മനു ഏട്ടനെ, എനിക്കു പരിചയ പെടുത്തി തന്നു.  ആ പരിചയപെടല്‍, താനും, മനുവുമായുള്ള ഒരു സ്നേഹബന്ധത്തിലേക്ക് വഴിമാറി. വീണ്ടും, തന്നെ സ്നേഹിക്കാന്‍, ആരൊക്കെയോ കിട്ടിയെന്ന സന്തോഷത്തില്‍ ആയിരുന്നു ഞാന്‍.

ആ ദിവസം, എന്‍റെ ജീവിതം തന്നെ തകിടം മറിഞ്ഞ ആ നശിച്ച ദിവസം. അന്ന് നീനയുടെ ജന്മദിനമാണ്, അവളുടെ വീട്ടില്‍ ചെല്ലണമെന്ന് പറഞ്ഞ ദിവസം, ശനിയാഴ്ച ആയതുകൊണ്ട് തന്നെ, എക്സ്ട്രാ ക്ലാസ് ഉണ്ടെന്നു പറഞ്ഞാണ്, നീനയുടെ വീട്ടില്‍ എത്തിയത്. നയനയും, അമ്മയും, മനുവേട്ടനും മത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ, അന്യെഷിച്ചപ്പോ, നീനയുടെ മറുപടി, നീയാടി സ്പെഷ്യല്‍ ഗസ്റ്റ്.  അതില്‍ അവിശ്വസനീയമായി എനിക്കൊന്നും തോന്നിയില്ല. നീന മുറിച്ച കേക്കും, ജ്യൂസും കഴിച്ചത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു. ദേഹം മുഴുവനും, ഞുറുങ്ങുന്ന വേദനയുമായി, ഒരു സ്വപ്നത്തിലെന്ന പോലെ ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോ, എനിക്ക് വിലപിടിച്ചതെല്ലാം നഷ്ടമായെന്ന് ഒരു ഞെട്ടലോടെ മനസ്സിലാക്കി. ഒന്നും അറിയാത്തത് പോലെ നീനയും, അമ്മയും, മനുവേട്ടനും  മൊബൈല്‍ ഫോണില്‍ പിടിച്ച, തന്റെറ നഗ്ന ചിത്രങ്ങള്‍ കാണിച്ച്, പുറത്ത് പറഞ്ഞാല്‍, ഈ ഫോട്ടോസ് സ്കൂളിലെ നോട്ടീസ് ബോര്‍ഡില്‍ പതിക്കുമെന്ന ഭീഷണിയും. നിന്നെ പോലെ നിന്‍റെ  സ്കൂളിലെ പല പെണ്‍കുട്ടികളും നമ്മുടെ വലയില്‍ കുടുങ്ങി രക്ഷപെടാന്‍ ആകാതെ കിടപ്പുണ്ട്, തെല്ലൊരു പരിഹാസത്തോടെ മനു പറഞ്ഞ് നിര്‍ത്തി. ഞാനൊരു സെക്സ് റാക്കെറ്റിന്റെറ കൈയില്‍  അകപെട്ടുവെന്ന ബോധവും എന്നെ തളര്‍ത്തി.

പിന്നെയുള്ള ദിവസങ്ങള്‍, എങ്ങനെയാ തള്ളി നീക്കിയതെന്ന് എനിക്കറിയില്ല. അമ്മയില്‍ നിന്നും, അച്ഛനില്‍ നിന്നും ഒഴിഞ്ഞു മാറി, അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാതെ, കൂടുതല്‍ സമയവും മുറിക്കകത്ത് അടച്ചിരുന്നു. നടന്നതൊന്നും, അച്ഛനോടും, അമ്മയോടും പറയാനുള്ള  ധൈര്യം എനിക്കുണ്ടായിരുന്നില്ല. ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല, അതിനിടക്ക് നീനയുടെ ഭീഷണിയും. അടുത്ത ദിവസം നീ എന്‍റെ വീട്ടിലേക്കു വരണം. വന്നില്ലെങ്കില്‍ അറിയാലോ. അവസാനം  എന്‍റെ മുന്നില്‍ തെളിഞ്ഞ് വന്ന ഒരേ ഒരു മാര്‍ഗ്ഗം ആത്മഹത്യ തന്നെയായിരുന്നു. ജീവിച്ച് കൊതി തീരും മുന്നേ ഞാന്‍ ഇവിടം വിട്ടു പോകുന്നു. എന്നെ നശിപ്പിച്ച, എത്രയോ പെണ്‍കുട്ടികളുടെ ജീവിതം തകര്‍ത്ത് കൊണ്ടിരിക്കുന്ന ആ സെക്സ് റാക്കെറ്റിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ എഴുതുന്നു. ഇനി എന്നെ പോലെ ഒരു പെണ്ണിനും സംഭവിക്കാന്‍ പാടില്ല. അച്ഛനും, അമ്മയും ഈ ഹതഭാഗ്യയായ മോളോട് ക്ഷമിക്കണം. 

ആരാണ് നയനയുടെ ആത്മഹത്യക്ക് കാരണം. കൂട്ടുകുടുംബത്തില്‍ നിന്ന് ന്യുക്ലിയര്‍ കുടുംബത്തിലേക്ക് മാറിയപ്പോ ഒറ്റപെട്ട് പോയ നയന, സ്നേഹത്തിന് വേണ്ടി തിരഞ്ഞെടുത്ത കൂട്ടുകെട്ടോ. രക്ഷിതാക്കള്‍ നമുക്ക് വേണ്ടിയാണ് കഷ്ടപെടുന്നതെന്ന ബോധം മക്കള്‍ക്ക്‌ ഉണ്ടാകണം. എന്തും രക്ഷിതാക്കളോട് തുറന്ന് പറയേണ്ടത് തങ്ങളുടെ കടമയാണെന്ന ചിന്തയും അവര്‍ക്ക് ഉണ്ടാകണം. സമ്പാദിക്കുന്നതിനോടൊപ്പം, രക്ഷിതാക്കള്‍ മക്കളോടൊപ്പം ചിലവഴിക്കാനും, അവര്‍ പറയുന്നത് കേള്‍ക്കാനും സമയം കണ്ടെത്തണം. മക്കള്‍ക്ക്‌ എന്തും തങ്ങളോട് തുറന്ന് പറയാനുള്ള ധൈര്യം കൊടുക്കേണ്ടത് രക്ഷിതാക്കളുടെ കടമ തന്നെയാണ്. നയനയുടെ ആത്മഹത്യാകുറിപ്പിലെ വിവരം അനുസരിച്ച്, ആ സെക്സ് റാക്കെറ്റിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു. പിടിപാടുള്ളവരുടെ സഹായത്താല്‍ പുറത്തിറങ്ങി  അവര്‍ ഇപ്പോഴും വലയും വിരിച്ച് അടുത്ത ഇരയെയും തേടി കാത്തിരിപ്പുണ്ട്‌. Be careful dears....

Tuesday, February 4, 2014

വാല്‍ക്കണ്ണാടി....
                                                                                                  മുഖം മനസ്സിന്റെറ കണ്ണാടി
മനസ്സിന്‍റെ ഭാവ ഭേദങ്ങള്‍ക്ക് 
ഏഴ് നിറങ്ങള്‍ നല്‍കി നീ 
നിന്‍റെ വാല്‍ക്കണ്ണാടയില്‍ 
വര്‍ണ്ണ രൂപങ്ങളായി ഒപ്പിയെടുത്തു

നിന്‍റെ വാല്‍ക്കണ്ണാടിയില്‍ 
നിറങ്ങള്‍ കൊണ്ട്, മായാ പ്രപഞ്ചം 
തീര്‍ത്ത് നീ മനോഹര രൂപങ്ങള്‍ 
മെനഞ്ഞെടുത്തു

നിന്‍റെ വാല്‍ക്കണ്ണാടിയില്‍ 
തെളിഞ്ഞ മുഖങ്ങള്‍ക്ക്
നവ രസങ്ങള്‍ നല്‍കി നീ 
നിന്‍റെ വാല്‍ക്കണ്ണാടയില്‍ 
വിവിധ ഭാവങ്ങളോടെ പ്രതിഫലിപ്പിച്ചു 

നിന്‍റെ മുന്നില്‍ വന്നൊരാ മുഖങ്ങളെ 
ആത്മ വിശ്വാസത്തോടെ നീ 
നിന്‍റെ വാല്‍ക്കണ്ണാടിയില്‍ 
ചായങ്ങള്‍ കൊണ്ട് വരച്ചെടുത്തു 

നിന്നിലൂടെ നീ ആ മനസ്സുകളുടെ 
ഭാവഭേദങ്ങളെ ഒപ്പിയെടുത്ത് 
നിന്‍റെ വാല്‍ക്കണ്ണാടയില്‍ 
വര്‍ണ്ണ പ്രപഞ്ചം തീര്‍ത്തു 

ആ മായകാഴ്ചയില്‍ മനം മറന്ന് 
നീ മയങ്ങി നില്‍ക്കെ, നീ തീര്‍ത്ത 
വര്‍ണ്ണ രൂപങ്ങളുതിര്‍ത്ത കോപാഗ്നിയില്‍
നിന്‍റെ വാല്‍ക്കണ്ണാടി പൊട്ടി ചിതറി
നിന്‍റെ മായാലോകത്തേക്ക് യാത്രയായി.......

Tuesday, January 28, 2014

ഇനിയുമുണ്ടൊരു ജന്മമെങ്കില്‍....
                                                                                                                   (ഫോട്ടോ ഗൂഗിള്‍)
തറവാടിന്‍ മുറ്റത്തൊരു തുളസി തറയുണ്ട് 
കോലായിലെ ചാരു കസേരയിലിരുന്ന്
മുറുക്കി തുപ്പുന്ന എന്‍ മുത്തശ്ശനുണ്ട്
രാമനാമം ജപിക്കുന്ന എന്‍ മുത്തശ്ശിയുണ്ട് 
പറമ്പില്‍ പണി കഴിഞ്ഞ് ക്ഷീണിച്ച് കൈയ്യില്‍
മണ്‍വെട്ടിയുമായി വരുന്ന എന്‍ അച്ഛനുണ്ട്‌
ഉണ്ണികുട്ടനെ മടിയിലിരുത്തി താലോലിക്കുന്ന 
എന്‍ അമ്മയുണ്ട്‌ 
സന്ധ്യാദീപം തെളിയിക്കുന്ന കുഞ്ഞേട്ടത്തിയുണ്ട് 

കഥകള്‍ കേള്‍ക്കാനായി മുത്തശ്ശിക്കരികില്‍ 
കാതോര്‍ത്തിരിക്കുന്ന ഞാനും, കുഞ്ഞേട്ടത്തിയും
എന്‍ ഉണ്ണി കുട്ടനും 
തുമ്പിയെ പിടിക്കാന്‍ പറമ്പില്‍ ഓടുന്ന ഉണ്ണികുട്ടനും
ഞാനും, ഓല തന്‍ തുമ്പില്‍ ഊഞ്ഞാലാടുന്ന 
എന്‍ കുഞ്ഞേട്ടത്തിയും

ഓണമായാല്‍ പറമ്പിലെ മാവില്‍ ഊഞ്ഞാലിടണം
കുടമിട്ട്  മുകളില്‍ പോയി, ഇല അടത്ത് 
ഉണ്ണി കുട്ടന് നല്‍കണം, ആ മുഖത്തെ സന്തോഷം 
കണ്ട് മതി മറന്ന് ചിരിക്കണം, അത്തപ്പൂക്കളമിടാന്‍ 
കുഞ്ഞേട്ടത്തിക്ക് പൂക്കളിറുത്തു കൊടുക്കണം 
അമ്മയുടെ  ഓണപലഹാരങ്ങള്‍ കഴിച്ച്
ഓണ കോടിയുടുത്ത്, ഓണ സദ്യ ഉണ്ണണം 

ദേവി തന്‍ നടയില്‍ ദീപാരാധന തൊഴണം 
മീന ഭരണി ഉത്സവത്തിന് അച്ഛനോടൊപ്പം 
കച ദേവയാനി ചരിതം കാണണം 
വളയും, മാലയും, പൊട്ടും വാങ്ങണം 
ചില്ലറകള്‍ സമ്പാദിക്കാനായി  കായി കുടുക്ക 
വാങ്ങണം, കൂട്ടുകാരോടൊത്ത് കളിച്ച് നടക്കണം 

എന്നും കാണാന്‍ ആഗ്രഹിക്കുന്ന എന്‍റെ 
സ്വപ്നത്തിലെ തറവാട് 
എല്ലാം മനോഹരമായൊരു വര്‍ണ്ണ സ്വപ്നം 
മാത്രം...............


Sunday, January 26, 2014

റിപ്പബ്ലിക് ദിനാശംസകള്‍.....

സ്വാതന്ത്ര്യം താനമൃതം
പാരതന്ത്ര്യം മൃതിയെക്കാള്‍ ഭയാനകം 
സ്വാതന്ത്ര്യത്തിന്‍ മാധുര്യം നുകര്‍ന്ന് 
തന്ന മഹാത്മാക്കളെ നമിച്ചിടുന്നു 
വളരട്ടെ നമ്മുടെ ദേശാഭിമാനം 
ഉയരട്ടെ നമ്മുടെ ത്രിവര്‍ണ്ണ പതാക 
വാനോളം, വന്ദേ മാതരം...........

Saturday, January 25, 2014

മൌനം..... (ഫോട്ടോ ഗൂഗിള്‍)


                                                                                                         നിനക്കായി എഴുതാന്‍ 
വാക്കുകളോ, വരികളോ ഇല്ല 
നിറഞ്ഞ മൌനം മാത്രം 

ആ മൌനത്തിലും നിനക്കായി 
എഴുതാന്‍ കൊതിച്ച വാക്കുകളും
 വരികളും നിറഞ്ഞു നിന്നു

എപ്പോഴൊക്കെയോ നിന്‍റെ സ്നേഹം 
പേമാരിയായി എന്നില്‍ വര്‍ഷിച്ചത് 
പോലെ, നിറഞ്ഞ മൌനത്തെ ഭേദിച്ച് 
നിനക്കായി എഴുതാന്‍ കൊതിച്ച 
വാക്കുകളും, വരികളും, ഓര്‍മ്മ തന്‍ 
പേമാരിയായി എന്നില്‍ പെയ്തിറങ്ങി

തൂലിക തുമ്പില്‍ നിന്ന് അടര്‍ന്ന് വീണ 
മൌനത്തിന്‍ വാക്കുകള്‍ പടര്‍ന്നിറങ്ങി 
സ്നേഹത്താല്‍ തീര്‍ത്ത മൌനത്തിന്‍ 
കൊട്ടാരം തകര്‍ന്നു വീണു..............


Monday, January 20, 2014

സ്ത്രീ....

                                                                             
സര്‍വ്വം സഹയായ സ്ത്രീ ഇന്ന് അവളുടെ

മാനം കാക്കാനായി തെരുവില്‍ പോരാടുന്നു

സ്ത്രീ അമ്മയാണ്, ദേവിയാണെന്ന് പുറമേ 
വാഴ്ത്തുന്നവര്‍ പോലും നിര്‍ലെജ്ജമായ് വില
പേശുന്നതും അവര്‍ തന്‍ മാനത്തിന്

സ്ത്രീയെ വില്പന ചരക്കായി കണ്ടിരുന്ന കാലം

ഏറെ കഴിഞ്ഞിട്ടും സ്വന്തം രക്ഷക്കായി

ഇന്നും അവള്‍ തെരുവില്‍ പോരാടുന്നു...

സമരം നടത്തിയും, മുറവിളി കൂട്ടിയും കാക്കേണ്ടതോ

സ്ത്രീയുടെ മാനം,നമുക്ക് കിട്ടില്ലിവിടെ നീതി

നമ്മുടെ സുരക്ഷക്കായി നമുക്ക് തന്നെ ശ്രമിക്കാം

മാന്യമായി വസ്ത്രം ധരിച്ച്, മേനി മുഴുവന്‍ മറയ്ക്കാം

പിഞ്ചു പെണ്മക്കളെ കരുതലോടെ സൂക്ഷിക്കാം...

അമ്മ, പെങ്ങന്മാരെ തിരിച്ചറിയാത്ത

കാമ വെറി പൂണ്ട ചെന്നായ്ക്കള്‍ക്കെതിരെ,

സ്ത്രീയായ ഭൂമി ദേവിയുടെ വിരിമാറില്‍ 
സ്ത്രീകള്‍ക്കെതിരായ അനീതിക്കെതിരെ പൊരുതാം 
നമുക്ക് ഒറ്റ കെട്ടായി, നേരിടാം മുന്‍ വിധിയോടെ, 
ഭയപ്പെടാതെ ഈ ഭൂവില്‍ ഞങ്ങളും 
ജീവിച്ചോട്ടെ ശിഷ്ട കാലം ................

Thursday, January 16, 2014

നിത്യ ഹരിത നായകന് ആദരപൂര്‍വ്വം....
ചിറയിന്കീഴിന്റെറ അഭിമാനം, ശ്രീ. പ്രേം നസീര്‍( ചിറയിന്‍കീഴ്‌ അബ്ദുള്‍ഖാദര്‍) മലയാള സിനിമയുടെ നിത്യ ഹരിത നായകന്‍, അഭ്രപാളികളില്‍ മറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. പ്രേം നസീറിന്റെറ നാട്ടുകാരിയെന്നു പറയുന്നതില്‍ ഞാന്‍ എന്നും അഭിമാനം കൊള്ളുന്നു. അദേഹത്തിനെ നേരിട്ട് കാണാന്‍ കഴിയാതെ പോയത്, നടക്കാതെ പോയ ഒരു ആഗ്രഹമാണ്.

1989 ജനവരി 16 നായിരുന്നു ആ മഹാനടന്‍ മരിച്ചത്. അനശ്വര പ്രതിഭയുടെ വിയോഗം കേട്ടറിഞ്ഞ് ചിറയിന്‍കീഴ് കൂന്തള്ളൂരില്‍ പ്രേംനസീറിന്റെ വീടായ ലൈലാ കോട്ടേജിലേക്ക് പലനാട്ടില്‍ നിന്ന് ആയിരങ്ങള്‍ ഒഴുകിയെത്തി; ഇടമുറിയാതെ. കയര്‍പിരിക്കുന്നവര്‍ മുതല്‍ വെള്ളിത്തിരയിലെ വീരനായകര്‍വരെ വരി നിന്നു പ്രേംനസീറിനെ അവസാനമായൊന്നു കാണാന്‍.


ഞാന്‍ ദൈവത്തിനുള്ളതാകുന്നു. ഞാന്‍ ദൈവത്തിലേക്ക് മടങ്ങുന്നു എന്ന വചനം സ്ഥിരീകരിച്ച് പ്രേംനസീര്‍ പിന്നെ ചിറയിന്‍കീഴ്‌ കാട്ടുമുറാക്കല്‍ പള്ളിയില്‍ അന്ത്യവിശ്രമംകൊണ്ടു. വിയോഗത്തിനുശേഷം കാല്‍നൂറ്റാണ്ടു പിന്നിട്ടിട്ടും കാലാതിവര്‍ത്തിയായ ഇതിഹാസംപോലെ എവര്‍ ജനറേഷനായി പ്രേംനസീര്‍ ഇപ്പോഴും സുഗന്ധ സ്മൃതിയാകുന്നു......

Monday, January 13, 2014

മെഡിക്കല്‍ എത്തിക്സ്...

മെഡിക്കല്‍ എത്തിക്സിനെ കുറിച്ച് എനിക്ക് വലിയ അറിവൊന്നുമില്ല. ഒന്നറിയാം ആതുര ശിശ്രൂഷകര്‍ എപ്പോഴും ലാഭേച്ച കൂടാതെ  രോഗികളെ ചികിത്സിക്കാന്‍ തയ്യാറായിരിക്കണം. അത് കൊണ്ട് തന്നെ ആ വിഭാഗത്തെ ഞാന്‍ എപ്പോഴും ബഹുമാനത്തോടെ തന്നെയാണ് കണ്ടിട്ടുള്ളതും. ഇത് ഇവിടെ പറയാന്‍ കാരണം, അടുത്തിടെ നാട്ടില്‍ പോയപ്പോഴുണ്ടായ അനുഭവം തന്നെയാണ്. 

മോളെയും കൊണ്ട് നാട്ടിലെ ഒരു ത്വക്ക് രോഗ വിദഗ്ധനെ കാണാന്‍ പോകേണ്ടി വന്നു.  നല്ല രീതിയില്‍ പ്രൈവറ്റ് പ്രാക്ടിസ് നടത്തുന്ന ഡോക്ടര്‍. ഡോക്ടറെ കണ്ട്, രോഗ വിവരം പറഞ്ഞു, അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്ന് വാങ്ങാന്‍ മരുന്നിനും കുറിച്ചു. കയ്യില്‍ കരുതിയിരുന്ന നൂറ് രൂപ ഡോക്ടറുടെ കന്‍സല്‍ട്ടേഷന്‍ ഫീസ്‌ കൊടുത്തു. നൂറ് രൂപയല്ല നൂറ്റിഅമ്പതു രൂപയാ ഫീസ്‌, ഡോക്ടര്‍ പറയുന്നത് കേട്ട് ഞാന്‍ എന്‍റെ പേഴ്സ് തപ്പാന്‍ തുടങ്ങി. ചില്ലറ ഇല്ലാതിരുന്നത് കൊണ്ട് നൂറ് രൂപ അമ്മയുടെ കയ്യില്‍ നിന്ന് വാങ്ങിയ വന്നത്. അമ്പതു രൂപ ചില്ലറ സഹിതം നുള്ളി പെറുക്കി ആ ആതുര ശിശ്രുഷകന്  കൊടുത്തു കൊണ്ട് ഇത്രയും പറയാന്‍ മറന്നില്ല,   ഡോക്ടര്‍  ഫീസ്‌ കൂട്ടിയ വിവരം ഞാന്‍ അറിഞ്ഞില്ലായിരുന്നു. ആറു മാസത്തിനു മുന്നേ ഇതേ ഡോക്ടര്‍ക്ക്‌ നൂറ് രൂപയായിരുന്നു ഫീസ്‌. അടുത്തുള്ള ചേച്ചി, വേറൊരു ഡോക്ടറിനെ കാണാന്‍ പോയപ്പോഴുണ്ടായ അനുഭവവും മറിച്ചായിരുന്നില്ല. കൈയിലുണ്ടായിരുന്ന നൂറ് രൂപ കൊടുത്തപ്പോ ആ ഡോക്ടര്‍ പറഞ്ഞത് അമ്പതു രൂപ കൂടി വേണമെന്ന്‍ തന്നെയായിരുന്നു. എന്‍റെ കയ്യില്‍ ഇതേ തരാനുള്ളു എന്ന് പറഞ്ഞ് അവര്‍ അവിടെ നിന്ന് ഇറങ്ങി വന്നു.  ജനങ്ങളെ സേവിക്കേണ്ട ഡോക്ടര്‍മാര്‍ വാവിട്ട് ചോദിച്ചു  കൈ നീട്ടി കാശു വാങ്ങിക്കുന്നത് കാണുമ്പോ ശരിക്കും ലെന്ജ തോന്നുന്നു. ലക്ഷങ്ങള്‍ കൊടുത്തു അഡ്മിഷന്‍ വാങ്ങി ഡോക്ടര്‍ ആകാന്‍ പഠിക്കുന്നവരില്‍ നിന്ന് ഇത് പോലെയൊക്കെ തന്നെ ജനങ്ങള്‍ പ്രതീക്ഷിച്ചാല്‍ മതിയല്ലോ.പിന്നെ ഗ്യാസിനും, പെട്രോളിനും, സവാളക്കുമൊക്കെ അടിക്കടി വില കൂടി കൊണ്ടിരുന്നാല്‍ ഇവര്‍ക്ക് ഫീസ്‌ കൂട്ടാതിരിക്കാതെ വേറെ എന്താ വഴി, കഷ്ടം! 

  
എല്ലാരെയും ഇവിടെ അടച്ചു ആക്ഷേപിക്കാന്‍ കഴിയില്ല. കൊല്ലങ്ങളായി ഒരേ ഫീസ്‌ വാങ്ങി ചികില്‍സിക്കുന്നവര്‍, കൊടുക്കാന്‍ കഴിവില്ലാത്തവരെ ഫ്രീ ആയി ചികിത്സിക്കുന്ന ആതുര ശിശ്രുഷകര്‍  ഇപ്പോഴും ഉണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ കഴിവുള്ള ഡോക്ടര്‍മാര്‍, ദൈവത്തിന്‍റെ സ്ഥാനത്ത് നില്‍ക്കേണ്ടവരാണ്, രാജ്യത്തിന്‌ വേണ്ടി, ജനങ്ങള്‍ക്ക്‌ വേണ്ടി ആയിരിക്കണം അവരുടെ സേവനം......