Saturday, February 22, 2014

ആരാണ് നീ...

                                                                                   (ഫോട്ടോ ഗൂഗിള്‍)


നീയെനിക്ക് ആരാണ് 
എന്‍റെ ശത്രുവോ, മിത്രമോ 
ഞാനറിഞ്ഞില്ല നീയെന്‍റെ
ശത്രുവായി മാറുമെന്ന്
എന്നുമെന്‍ കൂട്ടായി തീരുമെന്ന് 

ഓര്‍ക്കുന്നു ഞാന്‍ നിന്‍റെ  വരവിനെ 
എന്‍റെ ജീവനെ ഗ്രസിച്ച നിമിഷത്തെ 
നിന്നെ അടര്‍ത്തി മാറ്റാന്‍ ഞാന്‍ 
ശ്രമിക്കുമ്പോഴൊക്കെയും, പോകില്ലെന്ന 
വാശിയില്‍ നീ  എന്നെ തള്ളി മാറ്റിയതും

വെറുത്തിരുന്നു, ഞാന്‍ നിന്നെ 
എന്നിട്ടും ഒരു കോമാളിയേപോലെ
നീ എന്നെ ചിരിപ്പിക്കാന്‍ മറന്നതില്ല 
ഓരോ നിമിഷവും നീയെന്നില്‍ അലിഞ്ഞു 
ചേരുമ്പോള്‍ ഞാനറിയുന്നു, എന്‍റെ 
ജീവനില്‍ തണുപ്പ് പടരുന്നതും
കൊതിയോടെ നീ നോക്കുന്നതും

ഇത്തിള്‍ കണ്ണി പോലെ  എന്നെ 
വലിഞ്ഞ് മുറുകുമ്പോഴും, ഒന്ന് നീ 
ഓര്‍ക്കുക, ഞാനില്ലാതെ നീയില്ല 
നിന്‍റെ കണക്ക് പുസ്തകത്തില്‍, എന്‍റെ 
ജീവന് നീയിട്ട വിലയുടെ ദാനമാണ് 
ഈ ജീവിതമെന്ന് മറക്കുവതെങ്ങനെ
ഇരയെ തേടി നീ ആര്‍ത്തിയോടെ 
പായുമ്പോള്‍, നിന്നെ ഗ്രഹിക്കും കരങ്ങള്‍
പുനര്‍ജനിക്കുമെന്ന വിശ്വാസം മാത്രം

ഇന്ന് ഞാനറിയുന്നു നീ എന്‍റെ  
ജീവന്‍റെ  ഭാഗമാണെന്ന്, എന്നുമെന്‍ 
കൂട്ടായ ശത്രുവാണെന്ന്
You are my enemy companion.....






Tuesday, February 11, 2014

ദുഃഖം....
                                                                                                            (ഫോട്ടോ ഗൂഗിള്‍)




ദുഃഖങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു 
എന്നില്‍ നിന്ന് അകലാന്‍ മടിച്ച്
എന്നെ നോക്കിയവര്‍ പൊട്ടിചിരിച്ചു
ആ പൊട്ടിച്ചിരി വേദനയാര്‍ന്ന സംഗീതമായി
എന്നില്‍ പ്രതിധ്വനിച്ചു
പലയാവര്‍ത്തി കേട്ട് ഞാന്‍ അവരെനിക്കേകിയ
സംഗീതത്തെ ആസ്വദിച്ചു 
നേര്‍ത്ത ഗസലിന്റെറ ഈണമായി ആ സംഗീതം 
എന്നില്‍ അലിഞ്ഞു ചേര്‍ന്നു 
ആ സ്നേഹത്തിന്‍ സംഗീതം മഞ്ഞു മഴയായി 
പെയ്യ്തിറങ്ങി, എന്‍റെ ദുഖങ്ങളെ തുടച്ചു നീക്കി 
ആ സംഗീതത്തെ ഞാനെന്‍റെ നെഞ്ചോട്
ചേര്‍ത്ത് വെച്ചു 
സുഖ, ദുഃഖങ്ങള്‍ നിറഞ്ഞതാണി ജീവിതം
എന്നവര്‍ എന്നെ പഠിപ്പിച്ചു
വെറുക്കില്ല ഞാനെന്‍റെ ദുഖങ്ങളെ , 
ദുഃഖങ്ങള്‍ക്കിടയിലും അവര്‍ എനിക്കേകിയ 
സന്തോഷങ്ങളെ മറക്കുവതെങ്ങനെ......



Monday, February 10, 2014

വിധി...
                                                                                 (ഫോട്ടോ ഗൂഗിള്‍)





ആദ്യമായി നിന്നെ കണ്ടപ്പോള്‍
പുഞ്ചിരി തൂകി നീ കടന്ന് പോയപ്പോള്‍ 
അതെന്‍റെ വിധിയാണെന്ന് ഞാന്‍ കരുതി 
ഇഷ്ടമാണെന്ന് നീ ചൊല്ലിയപ്പോള്‍ 
കേള്‍ക്കാത്ത ഭാവത്തില്‍ ഞാന്‍ പോയപ്പോള്‍ 
അതെന്‍റെ വിധിയാണെന്ന് ഞാന്‍ കരുതി 
എന്‍റെ മുറ്റത്ത്‌ വന്ന് നീ ക്ഷമാപണം നടത്തിയപ്പോള്‍ 
അത് നിന്‍റെ വിധിയാണെന്ന് ഞാന്‍ കരുതി 
എന്‍റെ സ്വപ്നത്തില്‍ നീ വന്നപ്പോള്‍ 
ചിന്തകളില്‍ നീ നിറഞ്ഞു നിന്നപ്പോള്‍ 
അതെന്‍റെ വിധിയാണെന്ന് ഞാന്‍ കരുതി 
നീ എന്‍റെ ജീവിതത്തിന്റെ ഭാഗമായപ്പോള്‍ 
എന്‍റെ മനസ്സ് മന്ത്രിച്ചത് ഇത്ര മാത്രം 
വിധിയെ പഴിച്ചിട്ടെന്ത് കാര്യം......


Saturday, February 8, 2014

നയനയുടെ ആത്മഹത്യ കുറിപ്പ്...
                                                                                                            (ഫോട്ടോ ഗൂഗിള്‍)



നമ്മുടെ നാട്ടില്‍ നടക്കുന്ന ഈ ആനുകാലിക വിഷയത്തെ കുറിച്ച് എന്‍റെ സുഹൃത്ത്‌ എന്തെങ്കിലും എഴുതികൂടെയെന്ന് ചോദിച്ചതനുസരിച്ചു എന്‍റെ മനസ്സില്‍ തോന്നിയ ആശയം ഇവിടെ പകര്‍ത്തുന്നു. എത്രത്തോളം വിജയിച്ചുവെന്ന് എനിക്കറിയില്ല.  ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി ഇതിലെ കഥാപാത്രങ്ങള്‍ക്ക് എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കില്‍ സാദരം ക്ഷമിക്കുക......

ഇത് നയനയുടെ ആത്മഹത്യ കുറിപ്പ്. നയന തന്‍റെ ജീവിതത്തിലുണ്ടായ അനുഭവങ്ങള്‍ അവളുടെ മരണത്തിനു മുന്‍പ് വേദനയോടെ  എഴുതിയ വരികളാണ് ഈ കുറിപ്പില്‍. ഞാന്‍ നയന,  അച്ഛനും, അമ്മക്കും ഒറ്റ മകള്‍. എന്‍റെ വലിയ തിളക്കമാര്‍ന്ന കണ്ണുകള്‍ കാരണമാണ്, ഈ പേര് എനിക്കു നല്‍കിയതെന്ന് എന്‍റെ അമ്മ പറയാറുണ്ട്‌. മുത്തശ്ശനും, മുത്തശ്ശിയും അടങ്ങിയ  ഒരു കൂട്ടുകുടുംബത്തില്‍ ആയിരുന്നു എന്‍റെ ജനനം. അമ്മയും, അച്ഛനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആയിരുന്നത് കൊണ്ട് തന്നെ, എന്നെ വളര്‍ത്തിയത്‌ എന്‍റെ മുത്തശ്ശിയും, ചിറ്റയും  ആണ്. ചിറ്റയുടെ മകള്‍ അമ്മു, എന്‍റെ അതെ പ്രായം, നമ്മള്‍ ഒന്നിച്ച് കളിച്ച്,  ഒരേ സ്കൂളില്‍, ഒരേ ക്ലാസ്സില്‍ പഠിച്ച് വളര്‍ന്നവരാണ്. അമ്മുവിന് എന്നെ ഒത്തിരി ഇഷ്ടായിരുന്നു. എനിക്കും അങ്ങനെ തന്നെയായിരുന്നു.  പക്ഷെ കൂട്ടു കുടുംബത്തില്‍ താമസിക്കുന്നത് കൊണ്ട് ഒരു പ്രൈവസിയും  ഇല്ലാന്ന് പറഞ്ഞ് അമ്മ എന്നും അച്ഛനുമായി വഴക്കായിരുന്നു. അത് മനസ്സിലാക്കി തന്നെ, മുത്തശ്ശന്‍ അച്ഛനോട് പറഞ്ഞതും, നിങ്ങളുടെ കുടുംബ ജീവിതത്തില്‍ താളപിഴകള്‍ വരാന്‍ പാടില്ല, മാറി താമാസിച്ചോളു കുട്ട്യേ. അങ്ങനെയാണ് മുത്തശ്ശനെയും, മുത്തശ്ശിയെയും, അമ്മു വിനെയും  വിട്ട്, അച്ഛന്റെറ ജോലി സ്ഥലത്തേക്ക് യാത്രയായതും.

അങ്ങനെ ഞാന്‍ പത്താംക്ലാസ്സില്‍ പുതിയ സ്കൂളില്‍ ചേര്‍ന്നു. സ്കൂള്‍ ബസില്‍ ആയിരുന്നു, വീട്ടില്‍ നിന്നും സ്കൂളിലേക്കുള്ള യാത്ര. പുതിയ  സ്കൂള്‍ ആയിരുന്നത് കൊണ്ട് തന്നെ ഒറ്റപെടല്‍ വല്ലാതെ തന്നെ അലട്ടി. അച്ഛനും, അമ്മയും ജോലി കഴിഞ്ഞു വന്നു തന്നെ ശ്രദ്ധിക്കാനോ, തന്റെറ വിശേഷങ്ങള്‍ പങ്കു വെയ്യ്ക്കാനോ സമയം കണ്ടെത്തിയതുമില്ല. അച്ഛന്‍ മുത്തശ്ശന്റെയോ, മുത്തശ്ശിയുടെയോ കാര്യം പറഞ്ഞാല്‍ മതി, അമ്മ വഴക്കുണ്ടാക്കും, ആ ദേഷ്യം എന്നോട് തീര്‍ക്കുകയും ചെയ്യുമായിരുന്നു. ഞാന്‍ കതക് അടച്ച് എന്‍റെ മുറിയില്‍, ബുക്കും തുറന്ന് വെച്ച് സങ്കടം  ഉള്ളിലൊതുക്കി ഒതുങ്ങികൂടി. അമ്മുനെ കാണണമെന്ന് ഒത്തിരി ആഗ്രഹിച്ചു. അതിനും അമ്മ സമ്മതിച്ചില്ല. ആകെ ഒറ്റപെട്ടത്‌ പോലെ. പഠിത്തത്തില്‍ പോലും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ആയിടക്കാണ്, എന്‍റെ  ക്ലാസ്സ്‌ മേറ്റ്സ് ആയ നീനയുമായി കൂട്ടായത്. നീനയുടെ പെരുമാറ്റം, എന്നെ അവളുമായി കൂടുതല്‍ അടുപ്പിച്ചു. എന്‍റെ അമ്മുവിനെ തിരിച്ച് കിട്ടിയതായി എനിക്കു തോന്നി. നീനയുടെ വീട് സ്കൂളിനടുത്ത് ആയതുകൊണ്ട് തന്നെ, ഞാന്‍ അവളുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശക ആയി. അവളുടെ അമ്മയും എന്നോട് വളരെ സ്നേഹത്തോടെ പെരുമാറി. അതിനു ശേഷം സ്കൂളില്‍ പോകാന്‍ എനിക്ക് പ്രത്യേക സന്തോഷമായിരുന്നു. ഒരു ദിവസം തന്റെ കുഞ്ഞമ്മയുടെ മകനെന്നു പറഞ്ഞു, നീന  മനു ഏട്ടനെ, എനിക്കു പരിചയ പെടുത്തി തന്നു.  ആ പരിചയപെടല്‍, താനും, മനുവുമായുള്ള ഒരു സ്നേഹബന്ധത്തിലേക്ക് വഴിമാറി. വീണ്ടും, തന്നെ സ്നേഹിക്കാന്‍, ആരൊക്കെയോ കിട്ടിയെന്ന സന്തോഷത്തില്‍ ആയിരുന്നു ഞാന്‍.

ആ ദിവസം, എന്‍റെ ജീവിതം തന്നെ തകിടം മറിഞ്ഞ ആ നശിച്ച ദിവസം. അന്ന് നീനയുടെ ജന്മദിനമാണ്, അവളുടെ വീട്ടില്‍ ചെല്ലണമെന്ന് പറഞ്ഞ ദിവസം, ശനിയാഴ്ച ആയതുകൊണ്ട് തന്നെ, എക്സ്ട്രാ ക്ലാസ് ഉണ്ടെന്നു പറഞ്ഞാണ്, നീനയുടെ വീട്ടില്‍ എത്തിയത്. നയനയും, അമ്മയും, മനുവേട്ടനും മത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ, അന്യെഷിച്ചപ്പോ, നീനയുടെ മറുപടി, നീയാടി സ്പെഷ്യല്‍ ഗസ്റ്റ്.  അതില്‍ അവിശ്വസനീയമായി എനിക്കൊന്നും തോന്നിയില്ല. നീന മുറിച്ച കേക്കും, ജ്യൂസും കഴിച്ചത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു. ദേഹം മുഴുവനും, ഞുറുങ്ങുന്ന വേദനയുമായി, ഒരു സ്വപ്നത്തിലെന്ന പോലെ ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോ, എനിക്ക് വിലപിടിച്ചതെല്ലാം നഷ്ടമായെന്ന് ഒരു ഞെട്ടലോടെ മനസ്സിലാക്കി. ഒന്നും അറിയാത്തത് പോലെ നീനയും, അമ്മയും, മനുവേട്ടനും  മൊബൈല്‍ ഫോണില്‍ പിടിച്ച, തന്റെറ നഗ്ന ചിത്രങ്ങള്‍ കാണിച്ച്, പുറത്ത് പറഞ്ഞാല്‍, ഈ ഫോട്ടോസ് സ്കൂളിലെ നോട്ടീസ് ബോര്‍ഡില്‍ പതിക്കുമെന്ന ഭീഷണിയും. നിന്നെ പോലെ നിന്‍റെ  സ്കൂളിലെ പല പെണ്‍കുട്ടികളും നമ്മുടെ വലയില്‍ കുടുങ്ങി രക്ഷപെടാന്‍ ആകാതെ കിടപ്പുണ്ട്, തെല്ലൊരു പരിഹാസത്തോടെ മനു പറഞ്ഞ് നിര്‍ത്തി. ഞാനൊരു സെക്സ് റാക്കെറ്റിന്റെറ കൈയില്‍  അകപെട്ടുവെന്ന ബോധവും എന്നെ തളര്‍ത്തി.

പിന്നെയുള്ള ദിവസങ്ങള്‍, എങ്ങനെയാ തള്ളി നീക്കിയതെന്ന് എനിക്കറിയില്ല. അമ്മയില്‍ നിന്നും, അച്ഛനില്‍ നിന്നും ഒഴിഞ്ഞു മാറി, അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാതെ, കൂടുതല്‍ സമയവും മുറിക്കകത്ത് അടച്ചിരുന്നു. നടന്നതൊന്നും, അച്ഛനോടും, അമ്മയോടും പറയാനുള്ള  ധൈര്യം എനിക്കുണ്ടായിരുന്നില്ല. ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല, അതിനിടക്ക് നീനയുടെ ഭീഷണിയും. അടുത്ത ദിവസം നീ എന്‍റെ വീട്ടിലേക്കു വരണം. വന്നില്ലെങ്കില്‍ അറിയാലോ. അവസാനം  എന്‍റെ മുന്നില്‍ തെളിഞ്ഞ് വന്ന ഒരേ ഒരു മാര്‍ഗ്ഗം ആത്മഹത്യ തന്നെയായിരുന്നു. ജീവിച്ച് കൊതി തീരും മുന്നേ ഞാന്‍ ഇവിടം വിട്ടു പോകുന്നു. എന്നെ നശിപ്പിച്ച, എത്രയോ പെണ്‍കുട്ടികളുടെ ജീവിതം തകര്‍ത്ത് കൊണ്ടിരിക്കുന്ന ആ സെക്സ് റാക്കെറ്റിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ എഴുതുന്നു. ഇനി എന്നെ പോലെ ഒരു പെണ്ണിനും സംഭവിക്കാന്‍ പാടില്ല. അച്ഛനും, അമ്മയും ഈ ഹതഭാഗ്യയായ മോളോട് ക്ഷമിക്കണം. 

ആരാണ് നയനയുടെ ആത്മഹത്യക്ക് കാരണം. കൂട്ടുകുടുംബത്തില്‍ നിന്ന് ന്യുക്ലിയര്‍ കുടുംബത്തിലേക്ക് മാറിയപ്പോ ഒറ്റപെട്ട് പോയ നയന, സ്നേഹത്തിന് വേണ്ടി തിരഞ്ഞെടുത്ത കൂട്ടുകെട്ടോ. രക്ഷിതാക്കള്‍ നമുക്ക് വേണ്ടിയാണ് കഷ്ടപെടുന്നതെന്ന ബോധം മക്കള്‍ക്ക്‌ ഉണ്ടാകണം. എന്തും രക്ഷിതാക്കളോട് തുറന്ന് പറയേണ്ടത് തങ്ങളുടെ കടമയാണെന്ന ചിന്തയും അവര്‍ക്ക് ഉണ്ടാകണം. സമ്പാദിക്കുന്നതിനോടൊപ്പം, രക്ഷിതാക്കള്‍ മക്കളോടൊപ്പം ചിലവഴിക്കാനും, അവര്‍ പറയുന്നത് കേള്‍ക്കാനും സമയം കണ്ടെത്തണം. മക്കള്‍ക്ക്‌ എന്തും തങ്ങളോട് തുറന്ന് പറയാനുള്ള ധൈര്യം കൊടുക്കേണ്ടത് രക്ഷിതാക്കളുടെ കടമ തന്നെയാണ്. നയനയുടെ ആത്മഹത്യാകുറിപ്പിലെ വിവരം അനുസരിച്ച്, ആ സെക്സ് റാക്കെറ്റിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു. പിടിപാടുള്ളവരുടെ സഹായത്താല്‍ പുറത്തിറങ്ങി  അവര്‍ ഇപ്പോഴും വലയും വിരിച്ച് അടുത്ത ഇരയെയും തേടി കാത്തിരിപ്പുണ്ട്‌. Be careful dears....

Tuesday, February 4, 2014

വാല്‍ക്കണ്ണാടി....
                                                                                                  



മുഖം മനസ്സിന്റെറ കണ്ണാടി
മനസ്സിന്‍റെ ഭാവ ഭേദങ്ങള്‍ക്ക് 
ഏഴ് നിറങ്ങള്‍ നല്‍കി നീ 
നിന്‍റെ വാല്‍ക്കണ്ണാടയില്‍ 
വര്‍ണ്ണ രൂപങ്ങളായി ഒപ്പിയെടുത്തു

നിന്‍റെ വാല്‍ക്കണ്ണാടിയില്‍ 
നിറങ്ങള്‍ കൊണ്ട്, മായാ പ്രപഞ്ചം 
തീര്‍ത്ത് നീ മനോഹര രൂപങ്ങള്‍ 
മെനഞ്ഞെടുത്തു

നിന്‍റെ വാല്‍ക്കണ്ണാടിയില്‍ 
തെളിഞ്ഞ മുഖങ്ങള്‍ക്ക്
നവ രസങ്ങള്‍ നല്‍കി നീ 
നിന്‍റെ വാല്‍ക്കണ്ണാടയില്‍ 
വിവിധ ഭാവങ്ങളോടെ പ്രതിഫലിപ്പിച്ചു 

നിന്‍റെ മുന്നില്‍ വന്നൊരാ മുഖങ്ങളെ 
ആത്മ വിശ്വാസത്തോടെ നീ 
നിന്‍റെ വാല്‍ക്കണ്ണാടിയില്‍ 
ചായങ്ങള്‍ കൊണ്ട് വരച്ചെടുത്തു 

നിന്നിലൂടെ നീ ആ മനസ്സുകളുടെ 
ഭാവഭേദങ്ങളെ ഒപ്പിയെടുത്ത് 
നിന്‍റെ വാല്‍ക്കണ്ണാടയില്‍ 
വര്‍ണ്ണ പ്രപഞ്ചം തീര്‍ത്തു 

ആ മായകാഴ്ചയില്‍ മനം മറന്ന് 
നീ മയങ്ങി നില്‍ക്കെ, നീ തീര്‍ത്ത 
വര്‍ണ്ണ രൂപങ്ങളുതിര്‍ത്ത കോപാഗ്നിയില്‍
നിന്‍റെ വാല്‍ക്കണ്ണാടി പൊട്ടി ചിതറി
നിന്‍റെ മായാലോകത്തേക്ക് യാത്രയായി.......