Tuesday, April 29, 2014

മംഗല്യസൂത്രം...



ഒരു ചെറു ചിരിയില്‍ എല്ലാം മറയ്ക്കാന്‍ 
ശ്രെമിക്കുമ്പോഴും അവളുടെ കണ്ണില്‍ 
അടരാതൊതുങ്ങുന്ന തുള്ളികള്‍ 
കുറച്ചൊന്നുമല്ല മറയ്ക്കുന്നത്! 

ഇന്നലെയുടെ നഷ്ടങ്ങള്‍, അവളുടെ 
ഒരായിരം സ്വപ്നങ്ങളായിരുന്നു 
വര്‍ഷങ്ങളായി അവള്‍ താലോലിച്ച 
ആ വര്‍ണ്ണ സ്വപ്നങ്ങളെ യമധര്‍മ്മന്‍
തട്ടി തെറിപ്പിച്ച്, അവളെ വിധവയാക്കി 

സീമന്ത രേഖയിലെ സിന്ദൂരവും, മംഗല്യ
സൂത്രവും, കൈയില്‍ അവള്‍ ആഗ്രഹിച്ച്
അണിഞ്ഞ കുപ്പിവളകളും, പൊട്ടിച്ചെറിഞ്ഞ്
വെള്ള പുതപ്പിച്ച്‌, നാല് കെട്ടിന്റെറ
അകത്തളത്തില്‍ അവളെ തളച്ചു 

ജാതക ദോഷമെന്ന് പറഞ്ഞവര്‍ അവളെ 
അകറ്റി നിര്‍ത്തി. തന്‍റെ വിധിയെ ചെറു 
ചിരിയോടെ അവള്‍ നേരിട്ടു
വിധവ കരയാന്‍ മാത്രം വിധിക്കപെട്ടവള്‍
എന്ന കാരണവരുടെ ശാഠ്യം നിരസിച്ചതിന്
ചങ്ങലയാല്‍ കാലുകൊരുക്കപെട്ടു 

ഒന്നിനും, ആരോടും പരാതിയില്ല 
മദ്യപിച്ച്, സ്വയം ജീവനൊടുക്കിയ
തന്‍റെ ഭര്‍ത്താവിനോട് പോലും
ഇന്നവള്‍  സ്വബോധമില്ലാത്ത ഭ്രാന്തി
എന്നിട്ടും ആ ചെറു ചിരി മായാതെ 
അവള്‍ ഇന്നും സൂക്ഷിക്കുന്നു........







Sunday, April 27, 2014

തൂവല്‍ സ്പര്‍ശം...



ഈ ജീവിതയാത്രയില്‍ എന്നോടോത്ത്
തുഴയുന്ന സ്മരണകള്‍,കരയെ പുണരാന്‍
വെമ്പുന്ന തിരമാലകളെ പോലെ, കടലില്‍
നിമജ്ജനം ചെയ്യ്ത്ശാപമോക്ഷം നേടി,
തീരത്തേക്ക് അടിഞ്ഞ്, നനുത്ത മണലില്‍
ചിതറി കിടക്കുന്നു.

ആവേശത്തോടെ ഞാനവയെ നെഞ്ചോട്
ചേര്‍ത്ത് താലോലിക്കാന്‍ ശ്രെമിക്കെ,
ഞൊടിയിടയില്‍ കാലത്തിന്‍ കരിനിഴല്‍,
എന്‍ സ്മരണകളെ, പുല്‍കി കടന്നു പോയി
കാറ്റിലൂടെ ഒഴുകി വന്ന ഒരു നനുത്ത തൂവല്‍
സ്പര്‍ശം, അവയെ എന്നോട് ചേര്‍ത്ത് നിര്‍ത്തി
 
മുരളിയില്‍ നിന്നുതിര്‍ന്ന സപ്ത സ്വരങ്ങള്‍
പാട്ടിന്‍റെ പാലാഴിയായി, ഒരിക്കലും
നിലയ്ക്കാത്ത വേണുഗാനമായി ഒഴുകിയെത്തി
ഇന്ന് ഞാനറിയുന്നു, ആ തൂവല്‍ സ്പര്‍ശം
എന്‍റെ ജീവന്റെറ ഭാഗമാണെന്ന്, എന്‍റെ
സാന്ത്വനമാണെന്ന്.....




Monday, April 14, 2014

എല്ലാ കൂട്ടുകാര്‍ക്കും സ്നേഹത്തിന്‍റെയും, ഐശ്വര്യത്തിന്റെറയും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍....





Saturday, April 12, 2014

 സൌഹൃദം.....                                                                                                 
                                                                                                                           (ഫോട്ടോ ഗൂഗിള്‍)



പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്ക് ആകാശമുണ്ട്, മനുഷ്യ പുത്രന് തല ചായ്ക്കാന്‍ ഫ്ലാറ്റുകള്‍ ഉണ്ട്. അംബര ചുംബികളായ കെട്ടിടങ്ങളുടെ നടുവിലൊരു താമസം. പന്ത്രണ്ട് നിലകളുള്ള കെട്ടിടത്തിന്‍റെ എട്ടാമത്തെ നിലയില്‍ നിന്ന് താഴേക്ക് നോക്കാന്‍ തെല്ലൊരു പേടിയില്ലാതില്ല. വിശാലമായ മുറ്റവും, വീടും മോഹിക്കുന്ന നമ്മള്‍ പ്രവാസികള്‍ ഏത് പരിതസ്ഥിതിയിലും പൊരുത്തപെട്ട് പോകും. പ്രവാസം നമ്മളെ അങ്ങനെ മാറ്റിയെടുക്കുന്നു എന്ന് വേണം പറയാന്‍. ദിവസവും അടുക്കള വരാന്തയില്‍ അതിഥികളായി എത്തുന്ന ഇണ പ്രാവുകള്‍, എവിടെയായാലും ഇവര്‍ തന്നെയാണ് എന്‍റെ അതിഥികള്‍. ഒരു പരാതിയും, പരിഭവവും ഇല്ലാതെ കൊടുക്കുന്ന ധാന്യ മണികള്‍ കൊത്തി പെറുക്കി ചിറകുകള്‍ ഇളക്കി വിട പറയുന്ന എന്‍റെ അതിഥികള്‍. ആകാശത്താണോ താമസം എന്ന അവരുടെ സ്നേഹാന്യേഷണം മനസ്സിലാക്കാന്‍, അവരുടെ ഭാഷ അറിയേണ്ട ആവശ്യം ഇല്ല, സ്നേഹത്തിന്‍റെ ഭാഷക്ക് അതിര്‍ വരമ്പുകള്‍ ഇല്ലല്ലോ. എവിടെയാ ഇപ്പൊ താമസമെന്ന് ആരെങ്കിലും ചോദിച്ചാല്‍, ആകാശത്തിലാ താമസം എന്നാണ് എന്‍റെ മറുപടി. കൂട്ടുകാരോടൊത്ത് കുശലം പറഞ്ഞ് നടന്നിരുന്ന മോണിംഗ് വാക്കും, അവരോടൊപ്പം കുടിച്ചിരുന്ന സ്ട്രോങ്ങ്‌ ചായയും ഒരു പാട് മിസ്സ്‌ ചെയ്യുന്നു. ആ ഓരോ ഗ്ലാസ്‌ ചായയിലും അവരുടെ സ്നേഹത്തിന്‍റെ മധുരം നിറച്ചിരുന്നു..........