Wednesday, September 17, 2014

ആള്‍കൂട്ടത്തില്‍ തനിയെ.....

ആള്‍കൂട്ടം കണ്ടയാള്‍ മതി മറന്നു 
ബംഗ്ലാവ് കെട്ടി സ്വയം മറന്നു 
കൂട്ടിനായി ചുറ്റിനും ഒരായിരം കൂട്ടുകാര്‍
BMW കാറ്‌ വാങ്ങി  ഊരുചുറ്റി 
ഡോബര്‍മാന്‍, പോമറേനിയന്‍ ഒപ്പം 
അച്ഛനെയും വീട് കാവല്‍ക്കാരാക്കി
അപ്പോഴും അച്ഛന്‍ ഓര്‍മ്മിപ്പിച്ചു, മകനെ 
തട്ടി വീഴാതെ, കണ്ണ് തുറന്നു നടക്കു...

FIAT കാറ്‌ വാങ്ങി ഭാര്യക്ക് ബെര്‍ത്ത്‌
ഡേ ഗിഫ്റ്റ് നല്‍കി,മക്കളെ ഊട്ടിയില്‍ 
ബോര്‍ഡിങ്ങിലാക്കി,മോനും, മോള്‍ക്കും 
I PHONE വാങ്ങി നല്‍കി,നെറ്റ്‌ എടുത്തവര്‍ 
ചാറ്റ് തുടങ്ങി. മേനക, രംഭ, ഒപ്പം 
അമ്മയെയും വീട്ട് ജോലിക്കാരാക്കി
കണ്ണീര്‍ പൊഴിച്ചമ്മ ഇത്ര ചൊല്ലി, തട്ടി 
വീഴാതെ കണ്ണ് തുറന്ന്നടക്കു മകനെ...

മരുഭൂമിയില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം 
നശിച്ചു കൊണ്ടിരിക്കെ  വിദേശ 
പര്യടനങ്ങള്‍ നടത്തി പൊങ്ങച്ചകാരനായി 
ഫേസ് ബുക്കില്‍ ഫോട്ടോ അപ്‌ലോഡ്‌
ചെയ്ത് ലൈക്‌സും, കമന്റ്സും വാരികൂട്ടി
പാര്‍ട്ടികള്‍ നടത്തി, കുപ്പികള്‍ പൊട്ടിച്ചു 
മദ്യത്തിന്‍ ലഹരിയില്‍ പൊട്ടിച്ചിരിച്ചു 
ചുറ്റും കൂട്ടിനായി കൂട്ടുകാരും
എല്ലാം തകര്‍ന്നൊരു നിമിഷത്തില്‍ 
ഡോക്ടര്‍മാര്‍ വിധിയെഴുതി ലിവറ് പോയി 
ലിവറ് മാറ്റാനായി ബംഗ്ലാവ് വിറ്റു
കടക്കാരെ കൊണ്ടയാള്‍ പൊറുതി മുട്ടി.... 

ഇന്നില്ല ചുറ്റിനും കൂട്ടുകാര്‍, ബംഗ്ലാവില്ല 
കാറില്ല, ജോലിക്കാരില്ല, മാതാ പിതാക്കളും 
തന്റെ ബാല്യത്തിലെ, ചെറ്റകുടിലും മാത്രം 
വൃദ്ധരായ മാതാപിതാക്കളിന്ന് സന്തുഷ്ടരാണ് 
സ്നേഹമയിയായ മരുമകളും, ചുറ്റിനും
കിന്നാരം പറഞ്ഞ് ചെറുമക്കളും..............

Monday, September 8, 2014

നഷ്ട സ്വപ്‌നങ്ങള്‍...

നഷ്ട സ്വപ്‌നങ്ങള്‍,എന്നുമെന്‍ ഇഷ്ട സ്വപ്‌നങ്ങള്‍ 
മുറിയുന്ന ബന്ധങ്ങള്‍, അകലുന്ന മനസ്സുകള്‍ 
അറിഞ്ഞിരുന്നില്ല ഞാന്‍, ആ നഷ്ട സ്വപ്‌നങ്ങള്‍
ഒരിക്കലും മായാത്ത മുറിവുകളായി 
എന്നില്‍ പടരുമെന്ന്, എനിക്കായി 
നഷ്ട സൌധങ്ങള്‍ പണിയുമെന്ന്
ബന്ധങ്ങള്‍, ബന്ധനങ്ങളായി തീരുമെന്ന് 
എനിക്കായി, അവസാന അത്താഴം ഒരുക്കുമെന്ന് 

തെല്ലില്ല പരിഭവം എന്നുള്ളിലിന്ന്,കാലം കലികാലം
അഹന്ത വെടിഞ്ഞ് മണ്ണിലേക്കിറങ്ങുക, 
ആറടി മണ്ണില്‍ ഒടുങ്ങുന്നവര്‍ നമ്മള്‍
ഇന്നത്തെ വിജയങ്ങള്‍, നാളത്തെ പരാജയങ്ങള്‍
ഇന്നത്തെ പരാജയങ്ങള്‍, നാളത്തെ വിജയങ്ങള്‍ 
ഒരു നല്ല നാളേക്കായി കാത്തിരിക്കാം...

Monday, September 1, 2014

തിരിച്ചറിവുകള്‍...

അപ്രതീക്ഷിതമായിരുന്നു, ഈ പ്രാവശ്യത്തെ നാട്ടിലേക്കുള്ള യാത്ര. ഓരോ വര്‍ഷവും, സമയം ആകുമ്പോ, നാട്ടില്‍ പോകാനുള്ള മനസിന്‍റെ ആഗ്രഹം, അത് ഒരിക്കലും നിയന്ത്രിക്കാന്‍ കഴിയാറില്ല. അവിടെ ആരൊക്കെയോ നമ്മളെ പ്രതീക്ഷിച്ചിരിക്കുന്ന എന്ന ചിന്ത. ഒരു അതിഥിയെ പോലെ, സ്വന്തം വീട്ടില്‍ കുറച്ച് ദിവസം കഴിഞ്ഞിട്ട് വരാന്‍ വിധിക്കപ്പെട്ടവരാണ്, നമ്മള്‍ പ്രവാസികള്‍.  വര്‍ഷങ്ങളോളം, നടന്നിരുന്നു മുറ്റത്തെ മണ്‍തരികള്‍ പോലും, ഈ വരവ് ഇഷ്ടപെടാത്ത പോലെ. സ്നേഹത്തിന്‍റെ തുലാസിനെക്കാള്‍, പണത്തിന്റെ തുലാസിനാണ് ഇന്ന് ഡിമാണ്ട് എന്ന തിരിച്ചറിവ് വൈകി ആണെങ്കിലും മനസിലാക്കാന്‍ കഴിഞ്ഞു. എന്നാലും വീണ്ടും നാട്ടിലേക്കുള്ള യാത്രയും പ്രതീക്ഷച്ച് തന്നെയാണ് അടുത്ത കാത്തിരിപ്പ്‌.

സമയം തെറ്റി വന്ന വര്‍ഷകാലം, ആരോടൊക്കെയോ ഉള്ള ദേഷ്യം തീര്‍ത്ത പ്രകൃതി ദേവി, കടം വാങ്ങി ഉണ്ടാക്കിയ കിടപ്പാടം പോലും നഷ്ടപെട്ടവര്‍, ആ കാഴ്ച ഒരു നൊമ്പരം തന്നെയായിരുന്നു. മഴയത്ത് കളിച്ച്,  നിന്നോടൊപ്പം കുശലം പറഞ്ഞ് നടന്നിരുന്ന വഴിയിലൂടെ നടക്കാന്‍ ഞാനിന്ന് ഒറ്റക്കായിരുന്നു. നീയും എന്‍റെ കൂടെ ഉണ്ടായിരുന്നെങ്കിലെന്നു ആശിച്ചുപോയി....