Sunday, November 30, 2014

ദേശീയ ദിനാശംസകള്‍......
                                                                        (Drawing by my Molu Aswathi Dipu)


നമ്മുടെ മാതൃ രാജ്യത്തോട്  തന്നെ ആണ് നമുക്കെന്നും സ്നേഹം. നമ്മള്‍ ഏത് രാജ്യത്താണോ വസിക്കുന്നത് അതും നമ്മുടെ നാട് തന്നെ ആണ്. നമുക്കും കുടുംബത്തിനും അന്നം തരുന്ന ആ രാജ്യത്തെയും നമ്മള്‍ തീര്‍ച്ചയായും സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യണം. നാല്പത്തി മൂന്നാമത്  ദേശീയ ദിനം ആഘോഷിക്കുന്ന യു. എ. ഇ ക്ക്  എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. നമുക്കും ഈ  ആഘോഷത്തില്‍ പങ്കു ചേരാം....

Wednesday, November 19, 2014

ചോദ്യങ്ങള്‍.....
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉണ്ടോ???????
നീ വര്‍ഷിക്കുന്ന ചോദ്യ ശരങ്ങള്‍ക്ക് മുന്നില്‍ 
ഉത്തരം പറയാനാകാതെ ഞാനിന്ന് പകച്ച്‌
നില്‍ക്കുന്നു, ഒരു കൊച്ചു കുട്ടിയെ പോലെ 
നിന്‍റെ ഓരോ ചോദ്യങ്ങളും കൂരമ്പുകളായി 
മനസ്സില്‍ തറക്കുമ്പോഴും,നിന്‍റെ ചോദ്യങ്ങള്‍ക്ക് 
ഉത്തരം പറയാനാകാതെ, അമ്പൊഴിഞ്ഞ 
ആവനാഴിയെ പോലെ, വാക്കൊഴിഞ്ഞ 
മനവും, ചലനമറ്റ തൂലികയും മാത്രം ബാക്കി.....

നിന്‍റെ ചോദ്യ ശരങ്ങള്‍ പേമാരിയായി എന്നില്‍ 
വര്‍ഷിക്കുമ്പോള്‍, ഒന്ന് നീ ഓര്‍ക്കുക, നിനക്കുള്ള 
ഉത്തരം നല്‍കാന്‍ ഞാനിന്ന് അശക്തയാണ് 
എന്നും നിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ 
ആഗ്രഹിച്ചിരുന്ന എന്‍റെ തൂലിക പോലും
ഇന്ന് എന്നില്‍ നിന്ന് അകന്ന് പോകുന്നു 
എന്നും വാചാലമായിരുന്ന എന്‍റെ മനസ്സ് പോലും 
നിന്‍റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മൌനമായി മാറിടുന്നു 
നിന്‍റെ ചോദ്യങ്ങളോരോന്നും, മനസ്സില്‍ പലയാവര്‍ത്തി 
ഉരുവിട്ടെങ്കിലും,ഉത്തരം പറയാനാകാതെ ശൂന്യത
മാത്രം ബാക്കി...

കടിഞ്ഞാണില്ലാത്ത കുതിരയെ പോല്‍ പായുന്ന 
മനസ്സില്‍, നിന്‍റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ 
ഇന്ന്നിണമില്ലാത്ത രൂപങ്ങളെ പോലെ അവ്യക്തമാണ്
"എന്‍റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തരൂ" എന്ന 
നിന്‍റെ ഓര്‍മ്മപെടുത്തല്‍ മറക്കാന്‍  എനിക്കാവില്ലല്ലോ... 
ഈ ജീവിതം ചോദ്യങ്ങള്‍ കൊണ്ട് നിറയ്ക്കാന്‍ 
ഞാന്‍ ആഗ്രഹിക്കുന്നില്ല, അത്കൊണ്ട് തന്നെ 
നിന്‍റെ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി 
ഒരു ദിവസം ഞാന്‍ വരും, അത് വരെ വിട...........


Monday, November 10, 2014

ഓര്‍മ്മകുറിപ്പ്....
കൂട്ടുകാരികളോടോത്ത് സൊറയും പറഞ്ഞ് സ്കൂളില്‍ പോയിരുന്ന ആ കാലം. ആ സമയത്തിനെ കുറിച്ച് എത്ര വര്‍ണ്ണിച്ചാലും മതിയാവില്ല. ചെറിയൊരു ഇടവഴി കഴിഞ്ഞ് റോഡിലേക്ക് ഇറങ്ങിയുള്ള ആ യാത്രയില്‍, വീട്ടിനടുത്തുള്ള കൂട്ടുകാരികള്‍ എല്ലാരും ഉണ്ടാവും. മഴക്കാലം ആയാല്‍ ഇടവഴിയിലെ ചെളി വെള്ളത്തില്‍ കളിച്ചു കൊണ്ടുള്ള യാത. മിക്കപ്പോഴും പരസ്പരം  ചെളി വെള്ളം തെറിപ്പിക്കാനും മറന്നിരുന്നില്ല. അപ്രതീക്ഷമായി വരുന്ന മഴയും നനഞ്ഞു കൊണ്ട് വീട്ടില്‍ ചെന്നു കയറുമ്പോള്‍, അമ്മയുടെ വക ശകാരം, എന്താ കുട്ടി ഇത് കുട കൊണ്ട് പോകാന്‍ പറഞ്ഞതല്ലേ, നാളെ പനി ഉറപ്പാ. അമ്മമാര്‍ക്ക് നമ്മള്‍ എത്ര വലുതായാലും ഈ ആവലാതികള്‍ മാറില്ല. ഇപ്പൊ ആയാലും അമ്മ പറയും, തല നല്ലതുപോലെ തോര്‍ത്തി, രാസ്നാദി പൊടി ഇടാന്‍ മറക്കണ്ട കുട്ട്യേ. ഇത് തന്നെയാണ് അമ്മയുടെ സ്നേഹവും...

റോഡിന്‍റെ അരികിലുള്ള കടകളിലിരുന്നു പെണ്‍കുട്ടിളെ കമന്റ്സ് അടിക്കുന്ന പൂവാലന്‍ ചേട്ടന്മാര്‍ അന്നത്തെ സ്ഥിരം കാഴ്ചയായിരുന്നു.ഇന്നത്തെകാലത്ത് പൂവാലന്‍ ചേട്ടന്മാര്‍ അധികം ഇല്ലാന്നു തോന്നുന്നു. പെണ്‍കുട്ടികളുടെ കാലിലെ ഹൈഹീല്‍ ചെരുപ്പിനെ പേടിച്ചിട്ട്‌ ആവാം അല്ലെ. അങ്ങനെ ഇരിക്കുമ്പോഴാ സൈക്കിളില്‍ വരുന്ന ഒരു പൂവാലന്‍ ചേട്ടന്റെ രംഗ പ്രവേശം.കൂട്ടിന് ഒരു കൂട്ടുകാരന്‍ കൂടി ഉണ്ട്. പക്ഷെ കൂട്ടുകാരന്‍ നിശബ്ദന്‍ ആണ്. രാവിലെയും, വൈകിട്ടും വഴിപാട് പോലെ പുറകെ  സൈകിളില്‍ വന്ന് ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും, ഇടക്ക് പാട്ട് പാടാനും മറക്കാറില്ല. നമ്മള്‍ ഇടവഴി കഴിഞ്ഞ് റോഡിലേക്ക് കയറിയാല്‍, പൂവാലന്‍ ചേട്ടന്‍ അസ്ത്രം വിട്ട പോലെ ഒരു പോക്കാണ്.  കൂട്ടുകാരികള്‍ കുറെ പേര്‍ ഉള്ളത് കൊണ്ട് അന്ന് അത് അത്ര കാര്യമായി എടുത്തതും ഇല്ല. പൂവാലന്‍ ചേട്ടന്റെ സൈകിളിലുള്ള വരവ് തുടര്‍ന്നു കൊണ്ടേയിരുന്നു...

അന്നൊക്കെ, ക്ലാസ്സിലുള്ള ഏതെങ്കിലും  കൂട്ടുകാരികളുടെ ചേച്ചിയുടെ കല്യാണം ഉണ്ടെങ്കില്‍, ഒരു ചെറിയ പിരിവും നടത്തി, ഗിഫ്ടും വാങ്ങി  പോവാന്‍ നമ്മള്‍ കൂട്ടുകാരികളെല്ലാം റെഡി ആയിരുന്നു.  ശരിക്കും അതൊക്കെ ഒരു സന്തോഷമായിരുന്നു, അത്ര അടുപ്പം തന്നെയായിരുന്നു, ക്ലാസ്സിലെ എല്ലാ കുട്ടികളുമായും, ആരോടും ഒരു വേര്‍തിരിവും തോന്നിയിട്ടില്ല. അത് കൊണ്ട് തന്നെയാണ് ഇപ്പോഴും, എവിടെ വെച്ച് കണ്ടാലും അവരെല്ലാരും ഓടി അടുത്ത് വരുന്നതും.സ്കൂള്‍ ജീവിതം കഴിഞ്ഞപ്പോ അതിനെല്ലാം ഒരു മാറ്റം വന്നു എന്നുള്ളത് തന്നെയാണ് സത്യം.  ആ പ്രാവശ്യവും, കൂട്ടുകാരിയുടെ ചേച്ചിയുടെ വിവാഹത്തിന്‍റെ ക്ഷണം കിട്ടി. പതിവ്പോലെ തന്നെ ഒരു ഗിഫ്റ്റും വാങ്ങി, കൂട്ടുകാരികളോടൊപ്പം കല്യാണ വീട്ടില്‍ എത്തി. കൂട്ടുകാരി വീട്ടിലെ എല്ലാരെയും പരിചയപെടുത്തി. അച്ഛന്‍, അമ്മ, അനുജത്തി, അമ്മൂമ്മ.  ഒരു മിനിറ്റ് ചേട്ടനെ വിളിക്കാം. ചേട്ടാ....കൂട്ടുകാരി നീട്ടി വിളിച്ചു. ചേട്ടന്‍ എത്തി, നമ്മുടെ സൈകിളില്‍ വരുന്ന പൂവാലന്‍ ചേട്ടന്‍. ആ സമയത്ത് പൂവാലന്‍ ചേട്ടന്‍റെ മുഖത്തുണ്ടായ ചമ്മല്‍, അതൊന്നു കാണേണ്ടത് തന്നെയായിരുന്നു. ഇപ്പൊ ആലോചിക്കുമ്പോഴും ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല. അതിന് ശേഷം, പൂവാലന്‍ചേട്ടന്‍, ആ വഴിക്കുള്ള വരവേ നിര്‍ത്തി....


Sunday, November 2, 2014

എന്നെ  ഒത്തിരി ആകര്‍ഷിച്ച  ഒരു ചിത്രം. ഈ നിഷ്കളങ്കമായ ചിരി തന്നെ ആയിരിക്കണം അതിന് കാരണം. വാര്‍ദ്ധക്യത്തിലും പരസ്പരം സ്നേഹിച്ചും, എല്ലാം മറന്ന് ചിരിക്കാനും കഴിയുക... അതൊരു ഭാഗ്യം തന്നെ അല്ലേ..(ജീവിതാംശം തുളുമ്പുന്ന ഈ  ചിത്രം എടുത്ത ഫോട്ടോഗ്രാഫറിന്  നന്ദി)
ഒരു മൌനത്തില്‍ എല്ലാം അറിയുന്നു
ഒരു നോട്ടത്തില്‍ എല്ലാം കാണുന്നു
ഒരു തലോടലില്‍ എല്ലാം മറക്കുന്നു
ഒരു ചിരിയില്‍ എല്ലാം പൊറുക്കുന്നു...

Saturday, November 1, 2014

മലയാളമേ ഇത് ധന്യം. നിന്‍റെ മകളായി(മകനായി) പിറന്നതെന്‍ പുണ്യം. എന്‍റെ മലയാളവും, എന്‍റെ മലയാള മണ്ണും എന്നും എനിക്ക് പ്രീയപെട്ടതാണ്..എല്ലാ കൂട്ടുകാര്‍ക്കും കേരളപിറവി ആശംസകള്‍...