Sunday, February 15, 2015


അവള്‍....

കുസൃതി പിള്ളേര്‍ അവളെ വിളിച്ചിരുന്നത് ഭ്രാന്തി  എന്നായിരുന്നു. പിള്ളേര്‍  മാത്രമല്ല, അറിവുള്ള പ്രായമായവരും അവളെ അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്‌.  അവര്‍ക്ക് അവള്‍ സുന്ദരിയായ ഭ്രാന്തിയായിരുന്നു. സാധാരണ രീതിയില്‍ ചിന്തിക്കാന്‍ കഴിയാതെ, മനസ്സിന്റെ താളം തെറ്റുമ്പോഴാണ്, നമ്മളില്‍ നിന്ന് അസാധാരണ പെരുമാറ്റങ്ങള്‍ ഉണ്ടാവുന്നത്. അങ്ങനെ ഭ്രാന്തി അല്ലെങ്കില്‍, ഭ്രാന്തന്‍ എന്ന പുതിയൊരു പേര് ജനങ്ങള്‍ ചാര്‍ത്തി തരും. 

 കയലിയും, പൂക്കളുള്ള ബ്ലൌസും,  തോളില്‍ വൃത്തിയുള്ള ഒരു തോര്‍ത്തും അതായിരുന്നു അവളുടെ വേഷം.  നീണ്ട മുടി വൃത്തിയായി കെട്ടാനും അവള്‍ മറന്നിരുന്നില്ല .സമനില തെറ്റി കഴിഞ്ഞാല്‍ അവളുടെ കൈയില്‍ ഒരു ചൂലും കാണും. ആ ചൂല് അവളുടെ ചുറ്റും കൂടുന്ന പൂവാലന്മാരെ ഓടിക്കാനാണെന്ന് പലരും കളിയാക്കി പറയാറുണ്ടായിരുന്നു. ഉയര്‍ന്ന കുടുംബത്തിലായിരുന്നു അവളുടെ ജനനം. കൂട്ടുകാരോടൊപ്പം, കളിച്ചു ചിരിച്ചു സ്കൂളില്‍ പോയിരുന്ന മിടുക്കിയായ അവളുടെ  സ്വഭാവത്തിന് വ്യത്യാസം വന്നത് പെട്ടന്നു ആയിരുന്നു. ആരോടും ഒന്നും മിണ്ടാതെ, അവള്‍ മുറിക്കുള്ളില്‍ ഒതുങ്ങി.  ആത്മഹത്യ ചെയ്യ്ത  അവളുടെ ചിറ്റയുടെ പ്രേതം കൂടിയതാണെന്ന്, കുടുംബകാരില്‍ ചിലര്‍ വിധിയെഴുതി. ചുട്ട കോഴിയെ പറപ്പിക്കാന്‍ കഴിവുള്ള മന്ത്രവാദിയെ വരുത്തി.  അയാള്‍, പ്രേതത്തെ ഒഴിപ്പിക്കാന്‍, അവളെ തലങ്ങും, വിലങ്ങും തല്ലി, രാത്രി യാമങ്ങളില്‍ അവളുടെ രോദനം , ആ വീട്ടില്‍ നിന്ന് മുഴങ്ങി കേട്ടു. പലപ്പോഴും അവള്‍ ചൂലുമായി വഴിയോരത്ത്, പിറു പിറുത്തു കൊണ്ട് നില്‍ക്കുന്നത് കാണാമായിരുന്നു. ആ ചൂല് കൊണ്ട് അവളെ ശല്യം ചെയ്യുന്ന  കുസൃതി പിള്ളേരെ വിരട്ടി ഓടിക്കാനും അവള്‍ മറന്നിരുന്നില്ല.

ആരുടെയൊക്കെയോ സമ്മര്‍ദം കാരണം, അവസാനം അവളെ ഊളന്‍ പാറയില്‍, ഭ്രാന്താലയത്തില്‍ അഡ്മിറ്റ്‌ ചെയ്യ്തു.  ഭ്രാന്തായവരെ ചങ്കലക്ക് ഇടുന്ന   ആശുപത്രിയെന്ന അറിവ്, ഈ ആശുപത്രിയെ കുറിച്ച് ഇന്ന് കേള്‍ക്കുമ്പോഴും ഒരു ഭയമാണ്. ചങ്കലയില്‍ കിടന്ന് പിടയുന്ന കുറെ ജീവനുകള്‍. ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വന്ന അവള്‍ പഴയ ആ വായാടിയായ മിടുക്കി ആയിരുന്നു. എന്നിട്ടും പൊതു ജനം അവളെ,  പഴയ ഭ്രാന്തിയായി തന്നെ  കണ്ടു. ആ ഒരു ഒറ്റപെടല്‍ വീണ്ടും അവളെ മുറിക്കുള്ളില്‍ ഒതുങ്ങാന്‍ പ്രേരിപ്പിച്ചു. അവളുടെ കല്യാണം, നടത്തിയാല്‍ രോഗം ഭേദമാകുമെന്ന മന്ത്രവാദിയുടെ പ്രവചനം, വീട്ടുകാര്‍ അതിന് മുതിര്‍ന്നു. ഉയര്‍ന്ന സ്ത്രീധനം നല്‍കി അവളുടെ വിവാഹം നടത്തി. അധികം കഴിയാതെ വീണ്ടും അവളെ വഴിയോരത്ത് കാണാന്‍ തുടങ്ങി. ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചു പോയി, അവള്‍ ഗര്‍ഭിണിയാണെന്നും, അറിയാന്‍ കഴിഞ്ഞു.  ജനങ്ങള്‍ക്ക്‌ അവള്‍, ഗര്‍ഭിണിയായ ഭ്രാന്തിയായി. അവള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സമനില തെറ്റിയാല്‍ അവളുടെ കുഞ്ഞിനെ പോലും അവള്‍  ശ്രെദ്ധിക്കാറില്ലായിരുന്നു. അവസാനം വീട്ടുകാര്‍ക്കും അവള്‍ ഒരു ശല്യമായി. ആശുപത്രിയില്‍ ഒരിക്കല്‍ കൊണ്ട് പോയിട്ട്, അവര്‍ അവളെ തിരിച്ചു കൊണ്ട് വരാന്‍ വിസമ്മതിച്ചു  എന്നാണ്  പിന്നെ  അറിയാന്‍ കഴിഞ്ഞത്.

ഇന്ന് അവള്‍ ഈ ലോകത്ത് ഇല്ല. എന്നാലും  അവളുടെ ദയനീയ മുഖവും രാത്രി യാമങ്ങളിലെ  അവളുടെ രോദനവും  ഒരു നൊമ്പരമായി മനസ്സില്‍ ഉണ്ട്. എന്തായിരുന്നു അവളുടെ സമനില തെറ്റാനുള്ള കാരണം, ഇന്നും അതൊരു ദുരൂഹമാണ്. ഒരു മനുഷ്യന്‍റെ മനോനില  തെറ്റാന്‍ അധിക സമയം വേണ്ട. ആ സ്ഥിതിയിലായി കഴിഞ്ഞാല്‍ സമൂഹം അവരെ കാണുന്ന രീതി അതാണ്‌  മാറേണ്ടത്. ആരും ഭ്രാന്തനായോ, ഭ്രാന്തിയായോ ജനിക്കുന്നില്ല. ഓരോ സാഹചര്യങ്ങളാണ് അവരെ അങ്ങനെയാക്കി മാറ്റുന്നത്. അവരെ വീണ്ടും സാധരണ രീതിയില്‍  ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക അതാണ്‌ വീട്ടുകാരും, അവര്‍ക്ക് ചുറ്റുമുള്ള  സമൂഹവും  ചെയ്യേണ്ടത്. പ്രേത ബാധ യാണ് മനോനില തെറ്റാനുള്ള കാരണമെന്ന്  വിശ്വസിക്കുന്നവരും,  അതിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന മന്ത്രവാദികളും ഇപ്പോഴും ഉണ്ടെന്നുള്ളത് ദുഖകരം തന്നെയാണ്.......6 comments:

 1. ഭ്രാന്ത് പലപ്പോഴും അടിച്ചേല്‍പ്പിക്കുകയാണ്...

  ReplyDelete
  Replies
  1. വളരെ ശരിയാണ്. മനോനില തെറ്റി കഴിഞ്ഞാല്‍ പിന്നെ അവരെ ആ സമൂഹം കാണുന്നത്, ഒരു ഭ്രാന്തിയോ, ഭ്രാന്തനോ ആയി തന്നെയാണ്, അതില്‍ നിന്ന് അവര്‍ മോചിതര്‍ ആയാലും, സാധാരണ രീതിയില്‍ അവരെ കാണാന്‍ ഇപ്പോഴും സമൂഹം തയ്യാറാകുന്നില്ലയെന്നത് യാഥാര്‍ഥ്യം തന്നെയാണ്..ഇവിടെ വന്നതിനും വിലയേറിയ അഭിപ്രായത്തിനും ഒത്തിരി നന്ദി, സന്തോഷം :) Sangeeth....

   Delete
 2. ഇന്നും.., മനുഷ്യന്‍ അന്യ ഗ്രഹങ്ങളിലേക്ക് കുതിക്കുവാന്‍ തയാര്‍ എടുക്കുന്ന ഈ കാലത്തും.. ഇത്തരം വിശ്വാസങ്ങള്‍ രീതികള്‍.. നിലനില്‍ക്കുന്നു. ഇത് ചിലരുടെ ബോധപൂര്‍വമുള്ള പിന്നോട്ടടിക്കല്‍ ആണ്. മനുഷ്യകുലത്തിനു ശാപം ആയ ചിലരുടെ ..............................

  ReplyDelete
  Replies
  1. നമ്മള്‍ എത്ര മുന്നോട്ട് പോയാലും, ഇത് പോലുള്ള ചില അന്ധവിശ്വാസങ്ങള്‍, ഇപ്പോഴും കാണാന്‍ കഴിയുന്നത്‌, ദുഖകരം തന്നെയാണ്. ഇവിടെ വന്നതിനും, വിലയേറിയ അഭിപ്രായത്തിനും ഒത്തിരി നന്ദി, സന്തോഷം.....

   Delete
 3. സത്യം പറഞ്ഞാല്‍ എല്ലാ മനുഷ്യര്‍ക്കും ഭ്രാന്തുണ്ട്... ഓരോരുത്തരിലും അതിന്‍റെ അളവ് ഏറിയും കുറഞ്ഞുമിരിക്കുമെന്നു മാത്രം. Social norms-നു വിരുദ്ധമായി ചിന്തിക്കുകയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ, 'normal' എന്നു സ്വയം വിശേഷിപ്പിക്കുന്ന majority, മനോരോഗികളായി മുദ്രകുത്തുന്നു എന്നു മാത്രം!

  ReplyDelete
  Replies
  1. ഇവിടെ വന്നതിനും, വിലയേറിയ അഭിപ്രായത്തിനും ഒത്തിരി നന്ദി ഡിയര്‍.....പുനര്‍ജനി

   Delete