Wednesday, May 25, 2016

യാത്ര...ഒരു യാത്ര പോണം, മനസ്സിനോടൊപ്പം
ആ പഴയ ബാല്യത്തിലേക്ക്
അമ്മയുടെ മടിയിലെ കുഞ്ഞു പൈതലായ്‌
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുകര്‍ന്ന്
പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച്
അച്ഛന്റെ കൈ പിടിച്ച് നടന്ന് കൊഞ്ചി ചിണുങ്ങി
ആ സ്നേഹം ആവോളം ആസ്വദിക്കണം
മോളെന്നുള്ള അച്ഛന്റെ വാത്സല്യത്തോടുള്ള
ആ വിളി കാതില്‍ തേന്മഴയായി നിറയണം

തൊടിയിലെ ചെടികളോട് കുശലം പറഞ്ഞ്
ഒരു ശലഭത്തെ പോല്‍ പാറി നടക്കണം
കൂട്ടുകാരോടൊത്ത് മണ്ണപ്പം ചുട്ട് കളിക്കണം
മണ്ണില്‍ കളിക്കാതെന്നുള്ള അമ്മയുടെ വാത്സല്യ
ശകാരം കേട്ട് മുഖം വീര്‍പ്പിച്ചിരിക്കണം
അമ്മയുടെ സ്നേഹത്തോടെയുള്ള  തലോടല്‍
സാന്ത്വനമായി നെഞ്ചോട്‌ ചേര്‍ത്ത് വെയ്ക്കണം

കുസൃതി കാണിച്ച് ഏട്ടന്മാരോട് അടി കൂടണം
അവരുടെ ശകാരം ആസ്വദിച്ച് അമ്മയുടെ
സാരി തുമ്പില്‍ ഒളിച്ച്, അമ്മയുടെ കയ്യില്‍
നിന്ന് അവര്‍ക്ക് വഴക്ക് വാങ്ങി കൊടുക്കണം
അത്  കണ്ട് കൈ കൊട്ടി ചിരിക്കണം
ഉത്സവത്തിന് കൈ നിറയെ നിറമുള്ള
കുപ്പിവളകള്‍ വാങ്ങി അണിഞ്ഞ്
അവരെ കിലുക്കി ചിരിപ്പിച്ച്
ആ ചിരിക്കൊപ്പം പൊട്ടിച്ചിരിക്കണം

അച്ഛന്റെ വാത്സല്യവും,അമ്മയുടെ സ്നേഹവും
ഏട്ടന്മാരുടെ സംരക്ഷണവും  അമൃതായ്
എന്നില്‍ പൊഴിയണം
വര്‍ണ്ണാഭമായ യാത്രക്കൊടുവില്‍ എത്തിയത്
ആകാശത്തുള്ള ഫ്ലാറ്റിലെ, പത്താം നിലയിലെ
 ആളൊഴിഞ്ഞ ഇരുണ്ട മുറിയിലാണ്...............


Tuesday, May 17, 2016

ഓര്‍മ്മകളുടെ പൂക്കാലം...മാഞ്ഞുവോ സ്മൃതിയില്‍  മൌനമായ് നീ
ഒരു വാക്ക് മിണ്ടാതെ നിറഞ്ഞുവോ
ഓര്‍മ്മയില്‍ കിനാവ്‌ പോല്‍ നീ
ഒരു നോക്ക്കാണാതെ നിലാവ്
പോല്‍ മാഞ്ഞുവോ നീ
മൌനനൊമ്പരമായി പുന്നാരംചൊല്ലി
മനസ്സിന്‍റെ താളില്‍ മറഞ്ഞുവോ നീ
പ്രിയ ശ്രീരാഗമായ് പൊന്നോട-
ക്കുഴലില്‍ നിറഞ്ഞുവോ നീ
ആര്‍ദ്ര ഗീതം പോല്‍, ശോക
മൂകമായി മറഞ്ഞുവോ നീ

ഒരു മാത്ര വന്നെന്‍റെ നെറുകില്‍  തഴുകി
ഒരായിരം വര്‍ണ്ണങ്ങള്‍ വാരി  വിതറി
മഴമേഘമായ് മറഞ്ഞുവോ നീ
അറിയാതൊരു  കവിതയായ് വന്ന്
പ്രിയമാം വാക്കുകളായ് തുളുമ്പാതെ
തൂലിക തുമ്പില്‍ നിന്നടര്‍ന്നുവോ നീ

ഓര്‍മ്മകളുടെ പൂക്കാലം നല്‍കി
സ്മൃതികളില്‍ കൊഴിഞ്ഞുവോ നീ
കാറ്റിലൂടൊഴുകി വന്ന മധുരമാം  ഇശലായ്
 മനോമുകുരത്തില്‍ നിറഞ്ഞ്
അസ്തമയ സൂര്യനെ പോല്‍ മറഞ്ഞുവോ നീ
പീലി തുണ്ടായി മനസ്സിന്‍റെ പെട്ടകത്തിലൊളിച്ച്
മധുര നൊമ്പരമായി മാഞ്ഞുവോ നീ
തിരികെ കിട്ടാത്ത ഓര്‍മ്മകളുടെ പൂക്കാലം
അതെന്നും വസന്തത്തിന്‍ പൂക്കാലം.....


Wednesday, May 4, 2016

പെണ്ണായി പിറന്നാല്‍......പ്രതികരിച്ചിട്ട് കാര്യമില്ലെന്നു അറിയാം,പ്രതികരണ ശേഷി നഷ്ടപെട്ടിട്ടല്ല, നിങ്ങള്‍ അത് കെടുത്തി കളഞ്ഞതാണ്.സമൂഹത്തിന്റെ പ്രതികരണത്തിന് വിലയുണ്ടായിരുന്നെങ്കില്‍ വീണ്ടും ഒരു ഗോവിന്ദച്ചാമി നമ്മുടെ നാട്ടില്‍ ഉണ്ടാകില്ലായിരുന്നു. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉന്നതപദവി അലങ്കരിക്കുന്ന സ്ത്രീകളുള്ള നമ്മുടെ നാട്ടില്‍,ഒരമ്മക്ക് കൂടി മകളെ നഷ്ടമായിരിക്കുന്നു.കാമവെറിയെന്റെ കയ്യില്‍ അകപ്പെട്ട്, പെണ്ണായി പിറന്നത്‌ കൊണ്ട് മാത്രം, ഒരു പെണ്‍ക്കുട്ടിയുടെ ജീവിതം കൂടി അകാലത്തില്‍ പൊലിഞ്ഞിരിക്കുന്നു.ആണിനും, പെണ്ണിനും, സമത്വം കൊട്ടി ഘോഷിക്കുന്ന നമ്മുടെ ഭരണഖടനക്ക്, ഒരു പെണ്ണായത് കൊണ്ട് നിന്നെ സംരക്ഷിക്കാന്‍ കഴിയാതെ പോയി, ലജ്ജിക്കുന്നു സോദരി.

ജിഷയുടെ വാര്‍ത്ത കേട്ടത്, കണ്ടത്, ഒരു പാട് വേദനയോടെയാണ്. ആ സ്ഥാനത്ത് എന്‍റെ സഹോദരിയെ, മകളെയാണ് കാണാന്‍ കഴിഞ്ഞത്. ഇന്നല്ലങ്കില്‍ നാളെ ആര്‍ക്കും ഇത് സംഭവിക്കാം.ജിഷയുടെ ശരീരത്തിലുണ്ടായ മുറിവുകളെ കുറിച്ച് എണ്ണി പറഞ്ഞ് ആഘോഷിക്കുന്ന ചാനലുകള്‍ക്കും, പത്രങ്ങള്‍ക്കും,തന്റെ മകളെ നഷ്ടപ്പെട്ട ആ അമ്മയുടെ വേദന കാണാന്‍ കഴിയാതെ പോണത് എന്ത് കൊണ്ടാണ്. തന്റെ മകള്‍ക്കുണ്ടായ ഓരോ മുറിവും ആഴ്ന്നിറങ്ങിയത്,തന്റെ മകളെ കാമവെറിയന്റെ കണ്ണില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയാതെ പോയല്ലോന്ന് ഓര്‍ത്ത്  പൊട്ടിക്കരയുന്ന ആ അമ്മയുടെ നെഞ്ചില്‍ തന്നെയല്ലേ.

കണ്ണ് മൂടി കെട്ടിയ  നിയമദേവത,ഇനിയും കണ്ണ് തുറന്നില്ലെങ്കില്‍, വീണ്ടും ഒരു പാട് ഗോവിന്ദ  ചാമിമാരും.ബാലിയാടാവാന്‍ വീണ്ടും, സൌമ്യയും,ജിഷയും ഉണ്ടാകാം.കാമവെറിയോടെ മാത്രം  പെണ്ണുങ്ങളെ നോക്കുന്ന കണ്ണുകള്‍ ചൂഴ്ന്ന് എറിയപ്പെടുക തന്നെ വേണം.സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് തക്കതായ ശിക്ഷകള്‍ തന്നെ കൊടുക്കണം. വധശിക്ഷ അത് തന്നെയാണ് വേണ്ടത്. ഗോവിന്ദച്ചാമിയെ ജയിലിലിട്ട് വളര്‍ത്താതെ, അന്നേ വധശിക്ഷ നടപ്പിലാക്കിയിരുന്നെങ്കില്‍ ഇന്ന് വീണ്ടുമൊരു ചാമിയെ സൃഷ്ടിക്കില്ലായിരുന്നു, അമ്മക്ക് മകളെ നഷ്ടപെടില്ലായിരുന്നു.എന്ത് തെറ്റ് ചെയ്താലും, കുറ്റവാളിയെ ശിക്ഷിക്കുന്ന അതേ നിയമം തന്നെ അവരെ സംരക്ഷിക്കുമെന്ന വിശ്വാസം, ആ നിയമ വ്യവസ്ഥിതിയാണ് മാറേണ്ടത്. പ്രതിഷേധങ്ങള്‍ ആവശ്യമാണ്, അത് വാക്കുകളില്‍ ഒതുങ്ങരുതെന്ന് മാത്രം.ഞാനും പ്രതിഷേധിക്കുന്നു, ജീവിച്ച് കൊതി തീരാതെ അകാലത്തില്‍ പൊലിഞ്ഞ പ്രിയ സോദരിക്ക് വേണ്ടി,  ഒരു മൌന പ്രതിഷേധം.........