Monday, March 6, 2017

മോഹവീണ.....



മീട്ടാന്‍ മറന്ന വീണ തന്‍ തന്തികള്‍
മൂകമായ് കേഴുന്നതാര്‍ക്ക് വേണ്ടി 
നീ ശ്രുതി മീട്ടിയ തന്തികള്‍,നിന്‍റെ 
പാട്ടിന്‍റെ മാധുര്യം നുകര്‍ന്നിടുന്നു 
നീ തീര്‍ത്തൊരാ രാഗ പ്രഭയില്‍ 
അന്നെന്‍ ദിനങ്ങള്‍ ജ്വലിച്ചിരുന്നു....

നീ തീര്‍ത്ത സപ്തസ്വരങ്ങള്‍ തന്‍ നാദം 
കേട്ട് ഞാന്‍ ആനന്ദലഹരിയില്‍ ആറാടി
എന്‍റെ തന്തികള്‍ നിനക്കായുതിര്‍ത്ത 
പ്രിയ ശ്രീരാഗം, പാട്ടിന്റെ  പാലാഴിയായ്
ഒരിയ്ക്കലും നിലയ്ക്കാത്ത
വേണുഗാനമായ് ഒഴുകിയെത്തി
ആ സംഗീത സാഗരത്തില്‍ 
ഞാനലിഞ്ഞില്ലാതെയായി
നീ പാടിയ പാട്ടിന്‍ ശീലുകള്‍, ഇന്നുമെന്‍ 
തന്തികളില്‍ തത്തികളിക്കുന്നു.....

നാം ഒരുമിച്ച് തീര്‍ത്തൊരാ 
രാഗ പ്രപഞ്ചത്തില്‍
എല്ലാം മറന്ന് ലയിച്ചിരിക്കെ
വിറയാര്‍ന്ന പാദങ്ങളോടെ
വിട ചൊല്ലി നീ മറയവേ 
എന്‍ തന്തികളുതിര്‍ത്ത മിഴിനീര്‍ 
നിന്നോര്‍മ്മ തന്‍ രാഗ പ്രവാഹമായി 
എന്നില്‍ പെയ്യ്തിറങ്ങി.....

ഒരു മാത്ര നിന്‍റെ പദസ്വനം 
കേള്‍ക്കാന്‍ കാതോര്‍ക്കെ 
പൊട്ടിയ തന്തികള്‍ നിനക്കായ്
വീണ്ടും മീട്ടാന്‍ കൊതിക്കെ
അടച്ച് പൂട്ടിയ മുറിയുടെ കോണില്‍ 
നിനക്കായ് കാത്തിരിക്കെ 
അന്ന് നീ പാടിയ ഗസലിന്‍ ഈരടികള്‍ 
ഇന്നും ഒരു സാന്ത്വനമായി 
മനസ്സിനെ  തഴുകി തലോടുന്നു
മോഹവീണ തന്‍ തന്തിയില്‍ 
വീണ്ടും നീയൊരു രാഗപ്രപഞ്ചം
തീര്‍ക്കുമെന്ന പ്രതീക്ഷയോടെ എന്നും........