Sunday, March 4, 2018

പച്ച ലൈറ്റ്...തന്‍റെ കൂട്ടുകാരിയുടെ ക്ഷണം സ്വീകരിച്ച് അങ്ങനെ ശാന്തി എഫ് ബിയിലെ അംഗമായി.പറഞ്ഞ എല്ലാ കോളങ്ങളും ശരിയായി ഫില്‍ ചെയ്തു, അവളുടെ ഒരു പ്രൊഫൈല്‍ പിക്ച്ചറും ചേര്‍ത്തു.അവള്‍ ഡിഗ്രി അവാസന വര്ഷം  പട്ടണത്തിലെ ഒരു വിമണ്‍സ് കോളേജില്‍ പഠിക്കുന്നു.അച്ഛന്‍ വിദേശത്ത്, വീട്ടില്‍ അമ്മയും സ്കൂളില്‍ പഠിക്കുന്ന അനുജത്തിയും മാത്രം.ആദ്യമൊന്നും എഫ് ബി അവള്‍ക്കു അത്ര പിടിച്ചില്ല.തന്‍റെ കൂട്ടുകാര്‍ ചിലരെ ഫ്രണ്ട്സായി ആഡ് ചെയ്തു.ഓരോ ദിവസവും റിക്വസ്റ്റുകളുടെ എണ്ണം കൂടി വന്നു.കണ്ണിനു പിടിച്ച ചിലരുടെ റിക്വസ്റ്റ് അക്സപ്റ്റും ചെയ്തു. ആരുമായും അധികം ചാറ്റിംഗിനൊന്നും പോയില്ല.ആരെങ്കിലും എന്തേലും ചോദിച്ചാല്‍ ഹൈ പറഞ്ഞു  അവിടെ നിര്‍ത്തും. ചിരിച്ച് കൊണ്ട് കത്തുന്ന ആ പച്ച ലൈറ്റിനെ അവള്‍ക്കന്ന് പേടിയായിരുന്നു.

അന്ന് ഫ്രണ്ട് റിക്വസ്റ്റ് നോക്കുന്നതിനിടയില്‍ ആ പേര് കണ്ണിലുടക്കി വിശാല്‍. ആ പ്രൊഫൈല്‍ അവള്‍ വിശദമായി പരിശോധിച്ചു.NAME-VISHAL KRISHNA,SOFTWARE ENGINEER,LIVES IN DUBAI, FROM ERNAKULAM. തരക്കേടില്ലല്ലോ,റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തേക്കാം.അതാ അക്സ്പറ്റ് ചെയ്തില്ല അതിനിടക്ക് ഹായ് വന്നല്ലോ.ഒരു ഹായ് കൊടുക്കണോ,അവള്‍ ഒന്ന് മടിച്ചു. അടുത്ത മെസേജ്, ശാന്തി, നൈസ് നയിം.താങ്ക് യൂ അവള്‍ തിരിച്ച് റിപ്ലെ കൊടുത്തു.അങ്ങനെ ആ ചാറ്റ് അവിടെ തുടങ്ങി.ആദ്യം അവന്‍ അവളെ കുറിച്ചെല്ലാം ചോദിച്ചറിഞ്ഞു. അവന്റെ പെരുമാറ്റത്തില്‍ അവള്‍ തൃപ്തയായിരുന്നു.താമസിയാതെ അവളാ ചിരിച്ച് കൊണ്ട് കത്തിയ  പച്ച ലൈറ്റിന്റെ വെളിച്ചത്തില്‍ മയങ്ങി വീണു.

ആ ചാറ്റിങ്ങിന്റെ സമയവും ദൈര്‍ഘ്യവുമെല്ലാം കൂടാന്‍ അധിക ദിവസം വേണ്ടി വന്നില്ല. രാത്രികാലങ്ങളില്‍ ആ ചാറ്റ് തുടരാന്‍ വേണ്ടി അവള്‍ തന്റെ അനിയത്തിയെ അവളുടെ മുറിയില്‍ നിന്ന് തന്ത്രപൂര്‍വ്വം ഒഴിവാക്കി. അനിയത്തി ചിണുങ്ങി കൊണ്ട് അമ്മയുടെ അടുത്ത് പരാതിയുമായി ചെന്നു.എന്തിനാ ശാന്തി, കുഞ്ഞിയുമായി നീ വഴക്ക് പിടിച്ചത്.നേരത്തെ കണ്ടു വെച്ചിരുന്ന ഉത്തരം അവള്‍ അമ്മയുടെ മുന്നില്‍ അവതരിപ്പിച്ചു, എക്സാം ആവാറായില്ലേ അമ്മേ, ഒത്തിരി പഠിക്കാന്‍ ഉണ്ട്, പിന്നെ റിക്കോഡ്‌ ഒക്കെ കമ്പ്ലീറ്റ് ചെയ്തു കൊടുക്കണം.രാത്രി വൈകി ഇരുന്നാലെ അതൊക്കെ നടക്കുള്ളൂ.കുഞ്ഞി  അമ്മയോടൊപ്പം കിടന്നോട്ടെ. കുഞ്ഞി  ചേച്ചിയെ കോക്രി കാണിച്ച് കൊണ്ട് അമ്മയുടെ മുറിയിലേക്ക് ഓടി.അങ്ങനെ ആ തടസ്സവും മാറി കിട്ടി. അയ്യോ നെറ്റ് തീരാറായല്ലോ.അതിനെന്താ ഒരു വഴി.അമ്മയോട് ഒന്ന് മുട്ടി നോക്കാം. അമ്മാ നാളെ എനിക്കൊരു അഞ്ചൂറ് രൂപ വേണം.ഗൈഡ്സ് വാങ്ങാന്‍ ഉണ്ട്. ഓക്കേ, രാവിലെ പോകുമ്പോ ഓര്‍മ്മിച്ച് വാങ്ങി കൊണ്ട് പൊക്കോ ശാന്തി.അങ്ങനെ അത് ഓക്കേ ആയി. നാളെ അഞ്ചൂറ് രൂപക്ക് നെറ്റ് റിചാര്‍ജിംഗ് കൂപ്പണ്‍ വാങ്ങണം.അത് പോലെ അച്ഛന്‍ വിളിക്കുമ്പോ പറയണേ അമ്മേ, ആരേലും അവിടന്ന് വരുമ്പോ ഒരു ലാപ്ടോപ്‌ കൊടുത്തു വിടാന്‍.നോട്ട്സ് ഒക്കെ പ്രിപ്പൈര്‍ ചെയ്യാന്‍ നെറ്റ്  ഇല്ലാതെ പറ്റില്ല അമ്മെ.അച്ഛനെ കൊണ്ട് സമ്മതിപ്പിക്കണേ.ഓക്കേ അച്ഛന്‍ വിളിക്കുമ്പോ ഞാന്‍ പറയാം, അത്രയും പറഞ്ഞു അമ്മ നടന്നു.

രാത്രികാലങ്ങളില്‍ ഉണര്‍ന്നിരുന്നായി പിന്നെയുള്ള ചാറ്റിങ്.ചാറ്റിങ് ചീറ്റിംഗ് ആവാന്‍ അധിക താമസം എടുത്തില്ല.അവന്‍ അവളോട്‌ ഉറപ്പിച്ചു പറഞ്ഞു. ശാന്തി നീ പേടിക്കണ്ട, അടുത്ത ലീവിന് വരുമ്പോ നിന്റെ വീട്ടില്‍ വന്നു ഞാന്‍ നിന്നെ കെട്ടിച്ചു തരണമെന്ന് പറയും. അവള്‍ക്കത് വിശ്വസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അവള് പിന്നെ ഒരു സ്വപ്ന ലോകത്തില്‍ ആയിരുന്നു. അവനും താനും തമ്മിലുള്ള ആ  സ്വപ്നലോകത്തില്‍ അവള്‍ പാറിപ്പറന്നു. അന്ന് കോളേജ് അവധി ആയിരുന്നത് കൊണ്ട് തന്നെ കുഞ്ഞിയുടെ  പിറന്നാളിന് ഡ്രസ്സ്‌ എടുക്കാന്‍ അമ്മയോടൊപ്പം തുണിക്കടയില്‍ പോകാന്‍ അവള്‍ റെഡിയായി. തുണിത്തരങ്ങള്‍ അന്യെഷിക്കുന്നതിനിടയില്‍ ആരോ വന്നു തന്റെ തോളില്‍ തട്ടി.അയ്യോ ഇതാരാ മിലിയോ, തന്റെ പ്രിയ കൂട്ടുകാരി മിലി.സ്കൂളില്‍ തന്നോടൊപ്പം പത്താം തരാം വരെ ഒരുമിച്ചായിരുന്നു.അത് കഴിഞ്ഞു അവളുടെ അച്ഛന്റെ ജോലി സ്ഥലത്തേക്ക് അവര്‍ താമസം മാറിയിരുന്നു.മിലി, സുഖം ആണോ നിനക്ക്.എന്താ വിശേഷങ്ങള്‍.എടി, എന്റെ വിവാഹമാണ് ഈ മാസം അവസാനം.പയ്യന്‍ ഗള്‍ഫില്‍ ആണ്.നിനക്ക് എഫ് ബിയില്ലേ ശാന്തി.അതിലുണ്ടായിരുന്നു എങ്കില്‍ ആളിനെ കാണിച്ചു തരായിരുന്നു.ദാ, ഇതാ ആള്, നോക്കിയേ ശാന്തി.അവള്‍ ആ പ്രൊഫൈല്‍ പേജിലേക്ക് ഒന്നേ നോക്കിയുള്ളൂ, വിശാല്‍ കൃഷ്ണ. മിലി പറഞ്ഞു കൊണ്ടേയിരുന്നു. നമ്മുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് ഒരു കൊല്ലം ആയി.വിശാല്‍ ലീവിന് ഈ മാസം വരും,അപ്പോ നമ്മുടെ വിവാഹമാണ്.കല്യാണം കഴിഞ്ഞു അവന്‍ എന്നെ അങ്ങ് കൊണ്ട് പോകും.എന്നെ ഒത്തിരി ഇഷ്ടമാണ് അവന്.എന്നും നമ്മള്‍ എഫ് ബി വഴി ചാറ്റ് ചെയ്യാറുണ്ട് അവള്‍ ഒരു നാണത്തോടെ പറഞ്ഞു കൊണ്ടേയിരുന്നു.ശാന്തി എന്താ പറയേണ്ടതെന്ന് അറിയാതെ നിശബ്ദയായി നിന്നു.

കടയില്‍ നിന്ന് മടങ്ങും വഴി തനിക്ക് പറ്റിയ അബ്ദത്തെ  കുറിച്ച് മാത്രമായിരുന്നു അവളുടെ ചിന്ത.വീട്ടില്‍ വന്നതും കതകടച്ച് കുറെ നേരം അവള്‍ കരഞ്ഞു.അതിനൊടുവില്‍ അവള്‍ ഒരു തീരുമാനത്തില്‍ എത്തി താന്‍ ഇവിടെ തോല്‍ക്കാന്‍ പാടില്ല.അവന് അവള്‍ അവസാന മെസ്സേജ് എഴുതി.BEST WISHES FOR UR MARRIAGE. GUD BYE...അവള്‍ തന്റെ എഫ് ബി അക്കൌന്റ് ഡിലീറ്റ് ചെയ്യാന്‍ ഇട്ടു.ഇനി താന്‍ ഈ ലോകത്തേക്ക് ഇല്ല.ഇവിടെ തനിക്ക് പറ്റിയതല്ല. ചേച്ചി കതകു തുറക്കൂ, കുഞ്ഞിയുടെ വിളി കേട്ട്, അവള്‍ ഓടിപ്പോയി മുഖം കഴുകി വന്നു, കതകു തുറന്നു. കുഞ്ഞി ഇന്ന് മുതല്‍ നീ ചേച്ചിയുടെ അടുത്ത് കിടക്കണേ.അവള്‍ ചേച്ചിയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു.ആഹാ, രണ്ടു പേരും തമ്മില്‍ വീണ്ടും സ്നേഹം ആയോ.അമ്മെ അച്ഛന്‍ വിളിക്കുമ്പോ പറയണേ, എനിക്കിപ്പോ ലാപ്‌ ട്ടോപ്പ് വേണ്ടെന്നു.ഇപ്പൊ അതിന്റെ ആവശ്യമില്ല.വീട് വെച്ചതിന്റെ കടമൊക്കെ തീര്‍ന്നിട്ട് വാങ്ങാമെന്നു അച്ഛനോട് അമ്മ പറയണേ.നീ തന്നെ ഇന്ന് അച്ഛന്‍ വിളിക്കുമ്പോ പറഞ്ഞോ,അച്ഛന് സന്തോഷം ആവട്ടെ.കുഞ്ഞി തന്റെ കട്ടിലില്‍ കയറി മറിയുന്നത് കണ്ടു, അവളും കുഞ്ഞിയോടൊപ്പം കൂടി.അമ്മയും അവരോടൊപ്പം ആ സന്തോഷത്തില്‍ പങ്ക് ചേര്‍ന്നു. താന്‍ എന്തിനു വേണ്ടിയായിരുന്നു കുറച്ചു നാളെങ്കിലും ഈ സന്തോഷമൊക്കെ ഇല്ലാതാക്കിയതെന്നു അവള്‍ അതിനിടയിലും ചിന്തിക്കാന്‍ മറന്നില്ല.

ചിരിച്ച് കൊണ്ട് കത്തുന്ന പല പച്ച ലൈറ്റുകളുമുണ്ട്.എല്ലാം തെളിഞ്ഞു കത്തുന്നതാണെന്ന് വിശ്വസിക്കരുത്. ആണ്‍ പെണ്‍ ഭേദമില്ലാതെ ആര്‍ക്കും നല്ല സുഹൃത്തുക്കള്‍ ആകാം. ബഹുമാനവും, പരസ്പര വിശ്വാസവും തന്നെയാണ് ഒരു നല്ല സൌഹൃദത്തിന്റെ അടിത്തറ.സോഷ്യല്‍ മീഡിയയില്‍ ഒരു പാട് നല്ല സൌഹൃദങ്ങള്‍ ഉണ്ട്. അതിനിടയിലും      ഒളിഞ്ഞിരിക്കുന്ന കപട മുഖങ്ങളെ തീര്‍ച്ചയായും തിരിച്ചറിയേണ്ടത് തന്നെയാണ്........

3 comments:

 1. This comment has been removed by the author.

  ReplyDelete
 2. നല്ലൊരു ചിന്ത.. പക്ഷേ ആരുടെയൊക്കെ എത്രയൊക്കെ അനുഭവങ്ങൾ കേട്ടാലും ഇന്നത്തെ തലമുറ അതിൽനിന്നൊന്നും പഠിക്കുമെന്നു തോന്നുന്നില്ല.. ഓരോ ദിവസവും പത്രത്തിൽ വരുന്ന വാർത്തകൾ സാക്ഷി.

  ആദ്യമായാണ് ഇവിടെ. ബ്ലോഗിനെ ഫോളോ ചെയ്തിട്ടുണ്ട്. ഇനിയും വരാം.:-)

  ReplyDelete
  Replies
  1. പലതിനെയും ഉള്‍കൊള്ളാന്‍ ഇന്നത്തെ തലമുറ വിമുഖത കാണിക്കുന്നു എന്നതാണ്.എന്നാലും പറയാനുള്ള ഒരു കടപ്പാട് നമുക്ക് എല്ലാര്‍ക്കും ഉണ്ടെന്ന ഒരു വിശ്വാസം...ഒത്തിരി നന്ദി,സന്തോഷം ഇവിടെ വന്നതിനും വിലയേറിയ അഭിപ്രായത്തിനും..........

   Delete