Friday, June 22, 2018

പെണ്ണ് ⚢

ഇത് ഇന്നത്തെ പെണ്ണല്ല, ഒരു കാലത്ത് പെണ്ണായത് കൊണ്ട് മാത്രം അകത്തളങ്ങളിൽ തളച്ചിട്ടിരുന്ന ഒരു പിടി സ്ത്രീജന്മങ്ങൾ ഉണ്ടായിരുന്നു. പെണ്ണിനെ വെറുപ്പോടെ കാണുന്നവർ ഇന്നും നമ്മുടെ സമൂഹത്തിലുണ്ടെന്നുള്ളത് ദുഃഖകരം തന്നെയാണ്.....


ചിരിയ്ക്കാൻ പാടില്ലാന്ന് 
അവൾ പെണ്ണാത്രേ 
നാലാൾ കൂടുന്ന ഉമ്മറത്ത് 
ഇരിയ്ക്കരുതെന്ന് പെണ്ണാത്രേ 
തൊടിയിലെ തുമ്പികളോടും 
പക്ഷികളോടും കുശലം പറയാൻ 
കൊതിയ്ക്കരുതെന്ന് പെണ്ണാത്രേ 
കൂടുതൽ വിദ്യാഭ്യാസം 
വേണ്ടെന്ന് പെണ്ണാത്രേ 
പുറം ലോകം കാണാൻ 
ആഗ്രഹിയ്ക്കരുതെന്ന് പെണ്ണാത്രേ 

മുത്തശ്ശി ചൊല്ലിയ കഥകൾ കേട്ട് 
വളർന്ന അവളുടെ സ്വപ്നങ്ങളിൽ 
ധീര വനിതകളായ ഝാൻസി റാണിയും 
റാണിലക്ഷ്മി ഭായിയുമൊക്കെ നിറഞ്ഞു നിന്നു 
സ്വാതന്ത്രം കൊതിച്ച അവളുടെ 
മനസ്സിനെ അവർ വിലങ്ങു വെച്ചു 
ആചാരാനുഷ്ഠാനങ്ങളെ 
പൊട്ടിച്ചെറിയരുതെന്ന് പെണ്ണാത്രേ 

സമ്മതമില്ലാതെ വയസനുമായി 
വേളി നിശ്ചയിച്ചപ്പോഴും 
പ്രതികരിക്കരുതെന്ന് പെണ്ണാത്രേ 
വേളിയ്ക്ക് തലകുനിക്കുമ്പോഴും 
കണ്ണീർത്തുള്ളികൾ 
പൊടിയരുതെന്ന് പെണ്ണാത്രെ 
ആർത്തിയോടെ  തന്റെ മേൽ 
അയാൾ കാമഭ്രാന്ത് തീർത്തപ്പോഴും 
എതിർക്കരുതെന്ന് പെണ്ണാത്രെ 

വേളി കഴിഞ്ഞ്  പത്താം നാൾ 
വിധവയായപ്പോഴും 
മിണ്ടരുതെന്ന് പെണ്ണാത്രേ 
വെള്ളയുടുപ്പിച്ച് സിന്ദൂരം തൂത്തെറിഞ്ഞ് 
അകത്തളത്തിൽ തളച്ചപ്പോൾ 
ആചാരങ്ങളുടെ നൂലാമാലകളെ 
പൊട്ടിച്ചെറിഞ്ഞ്  അവൾ അലറി വിളിച്ചു 
ഞാൻ പെണ്ണായി പിറന്നത് എൻ്റെ കുറ്റമല്ല

സ്വന്തം ചോരയിൽ പിറന്നത് 
പെണ്ണെന്ന് അറിയുമ്പോൾ 
തെരുവിൽ വലിച്ചെറിയുന്ന 
സമൂഹമേ! നിങ്ങളുടെ കണ്ണുകൾ 
ഇനിയെങ്കിലും തുറക്കട്ടെ..................

Thursday, June 14, 2018

തണൽ മരം....




അച്ഛനെന്ന നന്മകളുടെ തണൽമരത്തിന് താഴെ 
ഞാനെന്നും സംതൃപ്തയായിരുന്നു 
ആ വിരൽ തുമ്പ് പിടിച്ച്‌ പിച്ച വെയ്ക്കുമ്പോഴും 
കാലൊന്നിടറിയാൽ ഓടിയെടുത്ത് 
സ്നേഹത്തോടെ സാന്ത്വനിപ്പിക്കുമെന്ന 
വിശ്വാസം തന്നെയാവണം 

ബാല്യത്തിലും കൗമാരത്തിലും 
ആ തണലിൽ അഭിമാനത്തോടെ 
തന്നെ നടന്നിരുന്നത്, അച്ഛന്റെ 
ആ കരുതൽ കൂടെയുണ്ടെന്നുള്ള 
ധൈര്യം തന്നെയാണ് 

യൗവനത്തിൽ ഏത് കൊടുങ്കാറ്റിലും 
ചേർത്ത് പിടിച്ച് രക്ഷിക്കാനുള്ള 
ഒരു സുരക്ഷാ കവചമായി അച്ഛൻ 
കൂടെയുണ്ടെന്നുള്ള ആത്മധൈര്യമായിരുന്നു 
ഓരോ ചുവടുവെപ്പിലും അച്ഛന്റെ 
ആ സ്നേഹം കൂട്ടായി ഉണ്ടെന്നുള്ള ഉറപ്പ് 
ഒരു നിഴലായി ആ കരുതൽ എപ്പോഴും 
ഒപ്പമുണ്ടെന്നുള്ള വിശ്വാസം 

തൻ്റെ കുടക്കീഴിൽ നിന്ന് മകളെ 
വേദനയോടെ പറിച്ചെടുത്ത് മറ്റൊരു 
കരങ്ങളിലേല്പിക്കുമ്പോൾ 
ആ കണ്ണുകളിൽ കാണുന്നത് ആശ്വാസമല്ല 
പകരം എൻ്റെ കുഞ്ഞ് ആ കൈകളിൽ 
സുരക്ഷിതയാവുമോയെന്ന ആശങ്ക തന്നെയാവാം 
ആ വിശ്വാസം തെറ്റിയെന്നറിഞ്ഞാൽ 
ആരും കാണാതെ നെഞ്ചുരുകി 
കരയുന്ന അച്ഛനെയും കാണാം 

അച്ഛനെന്ന നന്മകളുടെ തണൽ മരം 
ഓരോ പെൺ മക്കൾക്കും 
സ്നേഹത്തിന്റെയും,കരുതലിന്റെയും 
വടവൃഷം തന്നെയാണ്...........