Friday, October 19, 2018

അക്ഷരം....


'അമ്മ തൻ നാവിൽ 
നിന്നുതിർന്നു വീണ 
സ്നേഹത്തിൻ ആദ്യാക്ഷരം 
അമ്മിഞ്ഞപ്പാലിന്റെ മാധുര്യത്തോടെ 
ഇന്നും ഓർത്തിടുന്നു 
അരിയിൽ വരച്ചിട്ട ആദ്യാക്ഷരത്തെ 
സ്നേഹത്തോടെ നമിച്ചീടുന്നു 
അറിവിന്റെ വെളിച്ചം പകർന്നു 
നൽകിയ ഗുരുക്കന്മാർക്ക് പ്രണാമം...

വർണ്ണാക്ഷരങ്ങൾ തെറ്റാതെ 
ഉരുവിട്ട് പഠിപ്പിച്ച ഗുരുവിനെ 
ബഹുമാനത്തോടെ സ്മരിക്കുന്നു
വർണ്ണാക്ഷരങ്ങൾ കൊണ്ട് ഞാൻ 
സ്നേഹത്തിൻ വാക്കുകൾ
വരികളായി മെനഞ്ഞെടുത്തു 
വർണ്ണാക്ഷരങ്ങൾ കൊണ്ട് 
തീർത്ത വാക്കുകളുടെ മായാ
പ്രപഞ്ചത്തിൽ എപ്പോഴൊക്കെയോ 
ഒറ്റപ്പെട്ട് ഞാൻ പകച്ചു നിൽക്കുന്നു 
അമ്പൊഴിഞ്ഞ ആവനാഴിയെ പോൽ 
വാക്കുകൾ ഒഴിഞ്ഞ മനവും 
ചലനമറ്റ തൂലികയുമായ് 
നിൻ സ്നേഹത്തിൻ കരസ്പർശം 
വീണ്ടുമെൻ തൂലികയെ 
തലോടുമെന്ന പ്രതീക്ഷയുമായ്.....

Saturday, October 13, 2018

തൂലിക......



തൂലിക പടവാളാക്കിയായിരുന്നു 
നിന്റെ പോരാട്ടം 
ആ തൂലികയിൽ നിന്നുതിർന്ന 
വർണ്ണാക്ഷരങ്ങളുടെ പ്രഭയിൽ 
നീയൊരു ഉദയ സൂര്യനെപ്പോൽ 
ജ്വലിച്ചു നിന്നു... 

അസ്തമയ സൂര്യനിലും നീയൊരു 
കെടാവിളക്കായ് വെളിച്ചം പകർന്നിരുന്നു 
ആ തൂലികയിൽ അക്ഷരങ്ങളുടെ 
വസന്തം രചിച്ചു നീ ആസ്വാദക 
മനസ്സിൽ ചേക്കേറി 
ദുഃഖമോ വിരഹമോ നിന്റെ 
തൂലികയെ ഉലച്ചതില്ല...

ആ തൂലികയിൽ നീ തീർത്ത 
പ്രണയാർദ്ര കാവ്യങ്ങൾക്ക് 
നൂറഴകായിരുന്നു 
ആ സുന്ദര കാവ്യങ്ങളിലെ 
നായിക ഞാനാണെന്നു 
ഞാൻ വെറുതെ നിനച്ചിരുന്നു...

ആ തൂലികയിൽ നീ രചിച്ച 
മന്ത്രാക്ഷരങ്ങൾ പടർന്നിറങ്ങി 
നീയൊരുക്കിയ സ്വപ്ന സൗധം തച്ചുടച്ചു 
ഒരു മാത്ര മൗനമായി നീ മറയുമ്പോൾ 
അശക്തയായി ആ തൂലിക 
മണ്ണിലടിഞ്ഞു കിടക്കുന്നു 
നീ വീണ്ടും അക്ഷരവസന്തം 
തീർക്കുമെന്ന പ്രതീക്ഷയോടെ..........