Saturday, February 23, 2019

രക്തസാക്ഷികൾ 👦🧑


ഇന്ദു  ധൃതിയില്‍ ഗേറ്റടച്ച്‌  പുറത്തിറങ്ങി, വാച്ചില്‍  നോക്കി മണി എട്ട്  ആകുന്നു.എട്ടര ക്കുള്ള ബസ്‌ കിട്ടിയാലേ കറക്റ്റ് സമയത്ത് ഓഫീസില്‍ എത്താന്‍ കഴിയുള്ളൂ.ഇല്ലെങ്കില്‍ ഇന്നും ആ ഓഫീസറുടെ തുറിച്ചുള്ള നോട്ടം കാണേണ്ടി വരും.താക്കോലുമായി അയല്‍വക്കത്തെ ആമിന ഉമ്മയുടെ വീട്ടിലേക്ക് കയറി.ആമിന ഉമ്മ, നമ്മള്‍ ഇവിടെ താമസിക്കാന്‍ വന്നപ്പോൾ  മുതലുള്ള ആത്മ ബന്ധം ആണ്.അമ്മു കുട്ടിയെ ധൈര്യമായി ഏല്പിച്ചു പോകാം.എന്‍റെ ചെറു കൊച്ചല്ലേ ഇവള്‍, ആമിന ഉമ്മക്ക്‌ അമ്മു കുട്ടിയോട് അത്രയും സ്നേഹം ആണ്. ഇവിടെ ആരും ഇല്ലേ, ചോദിച്ചതേയുള്ളൂ, ഉമ്മയുടെ മകള്‍ ഐഷ ഓടിയെത്തി. എന്താ നിനക്കിന്നു ക്ലാസ്സില്ലേ, ഇല്ല ചേച്ചി, സ്പോർട്സ് ഡേ ആണ്.

തന്റെ കൈയില്‍ ഇരുന്ന കവറും താക്കോലും ഐഷയെ ഏല്‍പിച്ചു പറഞ്ഞു, അമ്മു കുട്ടിക്ക് ജലദോഷമായിട്ടാ  ഇന്ന് ക്ലാസ്സില്‍ പോയത്, വരുമ്പോ ചൂടുണ്ടെങ്കില്‍ ഈ സിറപ്പില്‍ നിന്ന് ഒരു ടേബിള്‍ സ്പൂണ്‍ കൊടുത്തേക്കണേ. ദാസേട്ടന് ഇന്നെന്തോ മീറ്റിംഗ് ആണ് ലേറ്റ് ആവുമെന്ന് പറഞ്ഞിരുന്നു. അതിനെന്താ ഞാന്‍ കൊടുത്തേക്കാം ചേച്ചി.ശരി, ഞാന്‍ ഇറങ്ങുവാണേ, ആമിന ഉമ്മയോട് പറഞ്ഞേക്കണേ.ഇത്രയും പറഞ്ഞു കൊണ്ട് തന്നെ  ഗേറ്റ് കടന്നു ഇടവഴിയിലേക്ക് ഇറങ്ങി. ഇനിയും പതിഞ്ചു മിനിറ്റ് നടന്നാലേ റോഡില്‍ എത്തുള്ളൂ.ബസ്‌ സ്റ്റോപ്പില്‍ എട്ടരക്കുള്ള  ബസും കാത്ത് പതിവ് പോലെ തന്നെ ആളുകള്‍ നിറഞ്ഞിരുന്നു.ബസ്സ്‌ എത്തിയതും ചക്കയില്‍ ഈച്ച പൊതിയുന്ന പോലെ ആളുകള്‍ ബസ്സിനെ പൊതിഞ്ഞു. എങ്ങനെയെങ്കിലും അതിനിടയില്‍ കൂടി ഞെങ്ങി ഞെരുങ്ങി ബസില്‍ കയറി പറ്റി. നിറഞ്ഞ വയറും താങ്ങി ബസ്‌ പതുക്കെ മുന്നോട്ട് നീങ്ങി.

ഓഫീസിൽ എത്തി കസേരയിൽ  ഇരുന്നതും മുന്നിൽ ചായയും കൊണ്ട് വെച്ച്  കണാരേട്ടൻ പറഞ്ഞു, ഇന്ദു  സാർ അറിഞ്ഞില്ലേ ഇന്നലെ നമ്മുടെ സൂപ്രണ്ട് സാറിന്റെ മകന്റെ  ബൈക്   ആക്സിഡന്റായി.മെഡിക്കൽ കോളേജ് ഐ സി യു വിലാണ്.സീരിയസ് എന്നാ അറിയുന്നേ.ഞാൻ രാവിലെ അവിടെ കയറിയിട്ടാ വന്നത്.പാവം സൂപ്രണ്ട് സാർ കരഞ്ഞു തളർന്നു ആ ഐ സി യുവിന് മുന്നിൽ തന്നെയുണ്ട്.ആ സാധനത്തിന്റെ മണ്ടയിൽ കയറിയാൽ ഇപ്പോഴത്തെ പിള്ളേർക്ക് കണ്ണ് കണ്ടൂടല്ലോ.ഒത്തിരി വർഷത്തെ കാത്തിരിപ്പിന് ശേഷം അവർക്ക് കിട്ടിയ കുട്ടിയാ.അതിന് ഒന്നും സംഭവിക്കാതിരിക്കട്ടെ.ഇന്ദു സാർ പോണില്ലേ ഹോസ്പിറ്റലിൽ.പോണം കണാരേട്ടാ.ഇവിടെ മറ്റാരോടുമില്ലാത്തൊരു സ്നേഹം സൂപ്രണ്ട് സാറിന് തന്നോട് ഉണ്ട്.തന്റെ സീനിയർ ആണെങ്കിലും തനിക്കൊരു ചേച്ചിയെപ്പോലെ ആണ് സാർ.അതിനിവിടെ ചിലർക്ക് കണ്ണ് കടിയുമുണ്ട്.കൂടെ വരാൻ വിളിച്ചെങ്കിലും പലരും ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.ഉച്ച ആയപ്പോ ഹാഫ് ഡേ  ലീവ് എഴുതി കൊടുത്ത് ഓഫീസിൽ നിന്നിറങ്ങി,ഇപ്പൊ പോയാൽ സന്ദർശന സമയം ആവുമ്പൊ അകത്ത് കയറാം.തന്നെ കണ്ടതും  സൂപ്രണ്ട് സാർ പൊട്ടിക്കരഞ്ഞു,ഇന്ദൂ എന്റെ മോൻ.എന്ത് പറഞ്ഞാ ഈ അവസ്ഥയിൽ ആ അമ്മയെ താൻ ആശ്വസിപ്പിക്കുക.ഒന്നാണെങ്കിലും പത്താണെങ്കിലും അതിൽ ഒരാളിന് ഒരു പനി വന്നാൽ മതി,അത് മാറും വരെ ആ അമ്മക്ക് ആധിയാണ്.മക്കൾക്ക് അത് അരോചകമായി തോന്നാം,എന്നാൽ ഒരമ്മക്ക് അതിനെ കഴിയുള്ളൂ,അതാണ് 'അമ്മ മനസ്. ഓരോന്ന് പറഞ്ഞു ആശ്വസിപ്പിച്ചു കുറച്ചു നേരം സാറിനരികിൽ ഇരുന്നു.മോന് പെട്ടന്ന് ഭേദമാകും.അവൻ ആരോഗ്യവാനായിരിക്കുന്നത് കാണാൻ വീണ്ടും വരാമെന്ന് സാറിനോടും ഭർത്താവിനോടും പറഞ്ഞ് അവിടെ നിന്നിറങ്ങി.***(SPEED DOWN EYES UP DRIVE SAFELY)***

ആശുപത്രിയുടെ ഇടനാഴിയിലൂടെ ധൃതിയിൽ നടന്നു വരുമ്പോൾ പുറകിൽ നിന്നൊരു വിളി കേട്ടു, ഇന്ദൂട്ടി...തിരിഞ്ഞു നോക്കി,വീൽ ചെയറിൽ ഇരിക്കുന്ന താടിയൊക്കെ നീട്ടി വളർത്തിയ ഒരാൾ.കൂടെ ഒരു സ്ത്രീയും ഉണ്ട്.വീൽ ചെയറുമുരുട്ടി തന്റെ അടുത്തേക്ക് വന്നു.ഇന്ദൂട്ടി എന്നെ മനസിലായില്ലേ നിന്റെ ഗോപേട്ടൻ. ഗോപേട്ടൻ.....ഇങ്ങനെയായോ.അതെ ഇന്ദൂട്ടി, കാലങ്ങൾ ഒരു പാട് മാറ്റങ്ങൾ വരുത്തി.ഇന്ദൂട്ടി ഇങ്ങോട്ട് കയറി വരുന്നത് ഞാൻ കണ്ടിരുന്നു.കൂടെയുണ്ടായിരുന്ന സ്ത്രീയെ നോക്കി,തന്നെ  പരിചയപ്പെടുത്തി, ശാന്തി  ഇതാണ് ഞാൻ പറയാറുള്ള ഇന്ദൂട്ടി.ഗോപേട്ടൻ ഇന്ദൂട്ടിയുടെ കാര്യം എപ്പോഴും പറയാറുണ്ട്.നിങ്ങളുടെ വീടിനടുത്തു താമസിച്ചതും, ഇന്ദൂന് കോളേജിലെ ബോഡി ഗാഡ്  ഗോപേട്ടൻ ആയിരുന്നു എന്നൊക്കെ. അതെ ഏട്ടന്മാർ ഇല്ലാതിരുന്ന എനിക്ക് ഗോപേട്ടൻ എന്റെ സ്വന്തം ഏട്ടനെപ്പോലെ ആയിരുന്നു.കോളേജിൽ ആയപ്പോ ഗോപേട്ടൻ പഠിക്കുന്ന  കോളേജിൽ ചേർന്നതും അതായിരുന്നു. അന്നവിടത്തെ പാർട്ടിയുടെ ഏറ്റവും വലിയ നേതാവായിരുന്നു ഗോപേട്ടൻ. കലാലയ രാഷ്ട്രീയം കത്തി നിന്നിരുന്ന സമയം.അതോണ്ട് തന്നെ ഗോപേട്ടന്റെ പെങ്ങളെന്ന പരിഗണന അവിടെ എനിക്കും കിട്ടിയിരുന്നു. പൂവാലന്മാരൊക്കെ എന്നെ കാണ്ടാൽ വാലും ചുരുട്ടി ഓടുമായിരുന്നു.ഇന്ദു ചിരിച്ചു കൊണ്ട്  പറഞ്ഞു 

കോളേജിൽ അന്നുണ്ടായ ആ അടിപിടി ഇന്നും ഓർക്കുന്നു.കാമ്പസിൽ ഒളിപ്പിച്ചു വെച്ചിരുന്ന വടിവാളൊക്കെ എടുത്ത് കുത്തും വെട്ടും,പേടിച്ചോടി നമ്മൾ ക്ലാസ്സിനകത്തു വിരണ്ടിരുന്നു.അവസാനം ആണ് അറിഞ്ഞത് വെട്ടു കൊണ്ട് ഗോപേട്ടൻ സീരിയസായി ആശുപത്രിയിൽ ആണെന്ന്.അതിന്റെ പേരിൽ നേതാക്കളിൽ ആരെയൊക്കെയോ അറസ്റ്റ് ചെയ്തൂന്നും കേട്ടിരുന്നു. അന്ന് എനിക്ക് നഷ്ടമായത് എന്റെ ജീവിതമാണ് ഇന്ദൂട്ടി.എന്റെ ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോയി.എന്റെ ചികിത്സ നടത്തി അച്ഛൻ കടത്തിലായി.അങ്ങനെയാണ് നിങ്ങളുടെ അടുത്തുള്ള  ആ വീട് വിറ്റിട്ട് നമ്മൾ അമ്മയുടെ കുടുംബ വീട്ടിലേക്ക് പോയത്.ഇന്ദൂട്ടിയുടെ അച്ഛൻ അന്ന്‌ നമ്മളെ ഒരു പാട് സഹായിച്ചു.ആ കടപ്പാട് ഒന്നും ഈ ജന്മം തീരില്ല. അച്ചന്റെയും അമ്മയുടെയും പരിചരണം കൊണ്ട് ഒരു സൈഡ് തളർന്ന ഞാൻ ഈ വീൽ ചെയറിന്റെ സഹായത്തോടെ ജീവിക്കാൻ പഠിച്ചു.ഡിഗ്രി കംപ്ലീറ്റ് ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. അന്ന് പഠിത്തത്തിന്റെ വില ഞാൻ മനസിലാക്കിയില്ല.ഇന്ന് അതിൽ ഞാൻ പശ്ചാത്തപിക്കുന്നു. ശാന്തി  ഇവൾ എന്റെ അമ്മാവന്റെ മകളാണ്.ചെറുതിലെ മുതൽ സ്നേഹിച്ച നമ്മൾ,ഞാൻ ഇങ്ങനെ ആയപ്പോ ഇവളോട് വേറെ വിവാഹം കഴിക്കാൻ പല പ്രാവശ്യം പറഞ്ഞതാണ്.ഇവൾ അതിന് തയ്യാറായില്ല.അമ്മയും അച്ഛനും പോയി.ശാന്തി വീട്ടിനടുത്തുള്ള സ്‌കൂളിൽ ടീച്ചറാണ്. വീട്ടിനോട് ചേർന്ന് ഒരു ചെറിയ പലചരക്ക് കടയുണ്ടെനിക്ക്.മാസം തോറും ഒരു നല്ല തുക എന്റെ മരുന്നുകൾക്ക് മാത്രം വേണം. 

അമ്മേ, ദാ മരുന്ന്.ഇന്ദൂട്ടി ഇത് എന്റെ മോൻ അനിക്കുട്ടൻ.കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നു. ഗോപേട്ടന്റെ കോളേജിൽ പഠിക്കുന്ന പ്രായമാണ് അവനിൽ ഞാൻ കണ്ടത്.അച്ഛനെ പോലെ മോനും നേതാവാണോ.ഇല്ല ഇന്ദൂട്ടി ഇവനെ ഞാൻ എന്നെപ്പോലൊരു രക്തസാക്ഷിയാക്കില്ല. അന്നത്തെ ചോരത്തിളപ്പിൽ  ഞാൻ എടുത്ത് ചാടി ഓരോന്നു ചെയ്തു.അച്ഛനും അമ്മയും പറഞ്ഞിട്ട് ചെവി കൊണ്ടില്ല.എല്ലാം മനസിലാക്കി വന്നപ്പോഴേക്കും ഞാനീ അവസ്ഥയിലായി. പാർട്ടിക്ക് വേണ്ടി എന്തും ചെയ്യാൻ അന്ന് തയ്യാറായിരുന്നു.എന്നെ തോളിലേറ്റി നടന്ന പാർട്ടിയിലെ വലിയ നേതാക്കൾ പോലും ഉപയോഗശൂന്യമായ  എന്നെ കറിവേപ്പിലപ്പോലെ വലിച്ചെറിഞ്ഞു.ചകിത്സാ ചിലവെന്നും പറഞ്ഞു പോലും  ഒരഞ്ചു പൈസ  പാർട്ടിയുടെ പേരിൽ തന്നില്ല.അവർക്ക് ആഘോഷിക്കാൻ ഒരു രക്തസാക്ഷിയെ കൂടി കിട്ടിയ സന്തോഷത്തിലായിരുന്നു. എന്റെ മോനെ അത് പോലെ ആക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.എല്ലാം പറഞ്ഞു സമ്മതിച്ചാ അവനെ കോളേജിൽ ചേർത്തത്.പഠിച്ചു ഇവനൊരു ജോലിയായാൽ രക്ഷപ്പെട്ടു.ഇവനിലാണ് ഇനി നമുക്കുള്ള പ്രതീക്ഷ.  ഇതെല്ലാം കേട്ട് ഒന്നും മിണ്ടാതെ  അനിക്കുട്ടൻ അവിടെ നില്പുണ്ടായിരുന്നു. ഇന്ദൂട്ടി നിങ്ങളെല്ലാരും കൂടി ഒരു ദിവസം വീട്ടിലേക്ക് വരണേ.ദാസനെയും മോളെയും കാണാമല്ലോ എനിക്ക്.അനിക്കുട്ടാ,ഇന്ദൂട്ടിക്ക് കടയിലെ ഫോൺ നമ്പർ കുറിച്ച് കൊടുക്കൂ. ഞാൻ പോട്ടെ ഗോപേട്ടാ, സ്‌കൂളൊക്കെ വിട്ട് ബസിലൊക്കെ നല്ല തിരക്കാവും.

അവരോട് യാത്ര പറഞ്ഞ് ആശുപത്രിയിൽ നിന്നിറങ്ങി.പതിവ് പോലെയുള്ള തിരക്ക് ബസ്സ്റ്റോപ്പിൽ കണ്ടില്ല.ഏതോ കോളേജിൽ പിള്ളേര് തമ്മിൽ അടിയായി,സ്‌കൂളും കോളേജുമൊക്കെ നേരത്തെ വിട്ടുവെന്ന് അവിടെ നിന്ന ആരോ പറയുന്നുണ്ടായിരുന്നു.നാളെ വിദ്യാഭ്യാസ ബന്ദും ആണെന്ന്. അപ്പൊ നാളെ അമ്മൂന് സന്തോഷമാകും മുഴുവൻ സമയവും ഐഷ ചേച്ചിയുടെ കൂടെ കളിക്കാല്ലോ.ബസ്സിൽ കയറി അധികം ആളില്ലാതിരുന്നത് കൊണ്ട് തന്നെ സൈഡ് സീറ്റും പിടിച്ച് കാഴ്ചകളും കണ്ട് ബസ്സ് മുന്നോട്ട് നീങ്ങി. പെട്ടന്ന് സ്പീടിനോടി കൊണ്ടിരുന്ന ബസിന്റെ സ്പീഡ് കുറഞ്ഞു.കുറേ കോളേജ് പിള്ളേർ നയിക്കുന്ന ജാഥയാണല്ലോ അത്.തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല, നമ്മളിൽ ഒന്നിനെ തൊട്ടു കളിച്ചാൽ അക്കളി  തീക്കളി സൂക്ഷിച്ചോ. മുൻനിരയിൽ കൊടിയും പിടിച്ചു ആവേശത്തോടെ ഉച്ചത്തിൽ വിളിച്ചു കൂവുന്ന  നേതാവിനെ കണ്ട് ഇന്ദൂട്ടി അന്തം വിട്ടു.അത് ഗോപേട്ടന്റെ മകൻ അനിക്കുട്ടൻ തന്നെയല്ലേ.അതെ തന്റെ കണ്ണുകൾക്ക് തെറ്റിയിട്ടില്ല. അച്ഛനെപ്പോലെ ഒരു   രക്തസാക്ഷിയാവാനാണോ മകന്റെയും വിധി...... 

Tuesday, February 5, 2019

ഇതൾ...


കൊഴിയാത്തൊരു ഇതളായി 
നീയെൻ ഓർമ്മയിൽ നിറഞ്ഞു നിന്നു
ഓരോ ഇതളിലും നിന്റെ
ഒളി  തങ്ങി  നിന്നു

വർഷമേഘം കടലായി പെയ്ത്
നിറഞ്ഞപ്പോഴും അഞ്ചിതൾ
പൂവ് പോൽ കൊഴിയാതെ
ഏഴഴകായി നീയെൻ  മനസ്സിന്റെ
പൂന്തോട്ടത്തിൽ പൂത്ത് നിന്നു

ഇതളാർന്ന പൂവിന്റെ കൊഴിയാത്തൊരു
ഇതളായി  നീയെൻ മനസ്സിൽ വിരിഞ്ഞു
നിന്റെ ഇതളിലെ മധു തേടി 
ചിത്ര പതംഗമായ് നിനക്ക് 
ചുറ്റിലും ഞാൻ പാറിപ്പറന്നു

വാടാത്ത പൂവിലെ കൊഴിയാത്തൊരു 
ഇതളായി നീയെൻ ജീവിത വാടിയിൽ 
സുഗന്ധം ചൊരിഞ്ഞു നിന്നു 
ഇതളാർന്നു നീ കൊഴിയാനൊരുങ്ങവേ 
നിന്റെ സൗരഭ്യത്തെ  ആസ്വദിക്കാൻ 
ഞാൻ കൊതിച്ചു പോയി 

ഇതളാർന്ന മൗനം മിഴിയിൽ 
ഒളിപ്പിച്ചു നീ പിരിയാനൊരുങ്ങവേ 
ആയിരമിതളായി നീ എൻ മനസ്സിൽ 
വിടർന്നു  നിന്നു......

Friday, February 1, 2019

അച്ഛന്റെ പൊന്നു മോൾ 👪




അച്ചന്റെ പൊന്നു മോളെ....കൃഷ്ണൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. കട്ടിലിന്റെ അരികിലിരുന്ന ഫോണെടുത്തു സമയം നോക്കി. രണ്ട് മണി ആയതേയുള്ളൂ.നേരം വെളുക്കാൻ ഇനിയും സമയം ഉണ്ട്.തൻ്റെ അരികിൽ സുഖനിദ്രയിൽ കിടന്നുറങ്ങുന്ന തന്റെ ഭാര്യ ഇന്ദു ഇതൊന്നും അറിഞ്ഞിട്ടില്ലല്ലോയെന്ന് കൃഷ്ണൻ ആശ്വസിച്ചു.ഉറക്ക ഗുളിക കഴിച്ചുറങ്ങുന്ന അവൾ എങ്ങനെയാണ് അറിയുന്നത്. ഒന്നും അറിയാതെ അവളെങ്കിലും സുഖമായി ഉറങ്ങട്ടെ, നെടുവീർപ്പിട്ടു കൊണ്ട് അയാൾ പിറു പിറുത്തു. കട്ടിലിൽ നിന്ന്  എഴുന്നേറ്റു കൃഷ്ണൻ കതക് പതുക്കെ തുറന്ന്  വെളിയിൽ ഇറങ്ങി.അടുത്ത് കണ്ട മുറിയിലേക്ക് കയറി ലൈറ്റ് ഇട്ടു.ഭിത്തിയിൽ തൂങ്ങുന്ന ആ ഫോട്ടോയിൽ  അയാൾ നോക്കി.കൃഷ്ണന്റെ കണ്ണിൽ നിന്നും നീർത്തുള്ളികൾ ധാരയായി ഒഴുകി.അയാൾ അടുത്ത് കണ്ട കസേരയിലിരുന്ന് മേശയിലേക്ക് തല താഴ്ത്തി പൊട്ടിക്കരഞ്ഞു.തന്റെയും കൃഷ്ണയുടെയും മകൾ കൃഷ്‌ണേന്ദു.ഒരു പാട് നാളത്തെ കാത്തിരിപ്പിന് ശേഷം ദൈവം നമുക്ക് തന്ന കണ്മണി. ശലഭത്തിനെ പോലെ അവൾ പാറി നടന്നു. സന്തോഷം നിറഞ്ഞ ദിനങ്ങളായിരുന്നു അത്.തന്റെ പുറകെ വാലായി ചലച്ചു കൊണ്ട് എപ്പോഴും കൂടെയുണ്ടാവും.അവൾ പറയുന്നതെല്ലാം ഞാൻ  മൂളി കേട്ടില്ലെങ്കിൽ പിണക്കം ആയി.ഞാനൊന്നു എടുത്ത് കൊഞ്ചിച്ചാൽ തീരുന്നതായിരുന്നു ആ പിണക്കങ്ങൾ.

കാലങ്ങൾ എത്രപ്പെട്ടന്നാ കടന്നു പോകുന്നത്.കണ്ണടച്ച് തുറക്കും മുൻപേ കൃഷ്ണയ്ക്ക് (വീട്ടിലെ പേരാണെ)  അഞ്ച് വയസ്സായി.ഒരു കൊച്ചു സുന്ദരി കുട്ടി.ഇന്ദു എപ്പോഴും പരാതി പറയും,കൃഷ്ണേട്ടനെ ഉരിച്ചു വെച്ചത് പോലെയാണ് കൃഷ്ണ. അതിൽ തനിക്ക് തെല്ല് അഭിമാനവും, സന്തോഷവുമുണ്ടായിരുന്നു. വീടിനടുത്തുള്ള സ്‌കൂളിൽ കൃഷ്ണയെ ചേർത്തു. ഇന്ദുവിന്റെ ആഗ്രഹമായിരുന്നു അവളെ പാട്ടും ഡാൻസുമൊക്കെ പഠിപ്പിക്കണമെന്ന്.അതിനുള്ള ഏർപ്പാടുകളും ചെയ്തു.കൃഷ്ണയുടെ പിന്നീടുള്ള ദിവസങ്ങൾ തിരക്ക് പിടിച്ചതായി.കൃഷിക്കാരനായ കൃഷ്ണൻ,തങ്ങളുടെ പൊന്നു മോൾക്ക്  ഒരു കുറവും വരുത്താതെ  നോക്കി.അവൾ മിടുക്കിയായി വളരണം, പഠിച്ചു നല്ല നിലയിലെത്തണം.തനിക്കോ അതിനുള്ള ഭാഗ്യം കിട്ടിയില്ല. അതായിരുന്നു കൃഷ്ണന്റെ ആഗ്രഹം.അതിനു വേണ്ടി എന്തും സഹിക്കാൻ അയാൾ തയ്യാറായിരുന്നു.പാട്ടിലും ഡാൻസിലും പഠിത്തത്തിലുമൊക്കെ  ഒന്നാമത് തന്നെയായിരുന്നു.നാട്ടുകാർക്കും അവൾ പൊന്നോമനയായിരുന്നു.

പത്താം ക്ലാസ് വരെ ട്യൂഷന് ഒന്നും പോകാതെ കൃഷ്ണ ക്ലാസ്സിൽ ഫസ്റ്റായി തന്നെ പഠിച്ചു വന്നു.അവൾ അച്ഛനോട് പറഞ്ഞു,ഈ കണക്ക് ഒരു കണക്കാ അച്ഛാ വലിയ പാടായിട്ടു വരുക.ക്ലാസ്സിലെ കുട്ടികളൊക്കെ ട്യൂഷന് പോണുണ്ട് കണക്കിന്.മോള് വിഷമിക്കണ്ട അച്ഛൻ നോക്കട്ടെ.ആരേലും കണ്ടു പിടിക്കാം ട്യൂഷൻ പഠിപ്പിക്കാൻ അത് പോരെ. തന്റെ കൂട്ടുകാരൻ ബാലന്റെ മകൻ വേണു ആയിരുന്നു കൃഷ്ണന്റെ മനസ്സിൽ ഓടിയെത്തിയത്. വേണു കണക്ക് മാഷാവാൻ  പഠിച്ചിട്ട് നിൽക്കുകയാണെന്ന് ബാലൻ കഴിഞ്ഞ ദിവസം കണ്ടപ്പോ പറഞ്ഞല്ലോ.വേണു നമ്മുടെ പയ്യൻ അല്ലെ.നല്ല സ്വഭാവവും ആണ്.ഇന്ദുവിനും സമ്മതം ആവും.കൃഷ്ണയെ ചെറുതിലെ മുതൽ അറിയുകയും ചെയ്യാം. ഇന്ദുവുമായി ആലോചിച്ച് കൃഷ്ണൻ ബാലനോട് സംസാരിച്ചു.അങ്ങനെ വേണു കൃഷ്ണയുടെ കണക്ക് മാഷായി.

ഇന്ദു....മണി അഞ്ചാവാറായല്ലോ മോളെ കണ്ടില്ലല്ലോ.ഇന്ന് എക്സ്ട്രാ ക്ലാസ് വല്ലതും ഉണ്ടെന്നു അവൾ പറഞ്ഞിരുന്നോ.ഇല്ലല്ലോ കൃഷ്ണേട്ടാ.ഞാനും അതാ നോക്കിയിരിക്കുന്നെ.കൃഷ്ണേട്ടൻ മീനയുടെ വീട്ടിൽ പോയെന്നു ചോദിച്ചേ,ആ കുട്ടി സ്‌കൂളിൽ നിന്ന് വന്നോയെന്ന്.സ്‌കൂളിൽ നിന്ന് വരുന്ന വഴി കുറെ സ്ഥലം ആൾപ്പാർപ്പില്ലാത്തതാണ്.എപ്പോഴും ഞാൻ കൃഷ്ണയോട് പറയാറുണ്ട് അത് വഴി തനിച്ചു വരരുതെന്ന്.ഇങ്ങോട്ടു വരാൻ അവർ രണ്ടു പേരും മാത്രമേ ഉള്ളൂ.കൃഷ്ണൻ കേൾക്കാത്ത പാതി ഓടി അടുത്തുള്ള മീനയുടെ വീട്ടിൽ ചെന്നു.തിരികെ നിരാശനായി കൃഷ്ണൻ ഇന്ദുവിന്റെ അടുത്ത് ചെന്നു,മീനൂട്ടിക്ക് സുഖമില്ലാതിരുന്നത് കൊണ്ട് ഇന്ന് സ്‌കൂളിൽ പോയില്ലെന്ന്.മണി അഞ്ചു കഴിഞ്ഞ് ആറായി. കൃഷ്ണയെ കാണാനില്ല.കൃഷ്ണൻ റോഡിലിറങ്ങി കണ്ടവരോടൊക്കെ അന്വേഷിച്ചു.രാവിലെ കൃഷ്ണ മോൾ സ്‌കൂളിൽ പോകുന്നത് കണ്ടതാണല്ലോ. ക്ലാസ് ടീച്ചറിനോട് അന്വേഷിച്ചപ്പോ പറഞ്ഞതും കൃഷ്ണ സ്‌കൂളിൽ നിന്ന് വൈകിട്ട് ക്ലാസ് കഴിഞ്ഞ് ഇറങ്ങുന്നത് കണ്ടു എന്നാണ്.ഇന്ദു നെഞ്ചിലിടിച്ചു കരയാൻ തുടങ്ങി,ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി.അന്നത്തെ ആ രാത്രി കൃഷ്ണനും ഇന്ദുവും തങ്ങളുടെ പുന്നാര മോളെ കണാതെ തേങ്ങി കരഞ്ഞു.

പിറ്റേ ദിവസം ഉച്ച ആയപ്പോഴേക്കും ഒരു പോലീസ് കാരൻ കൃഷ്ണന്റെ വീട്ടിലെത്തി.കൃഷ്ണനെ മാറ്റി നിർത്തി എന്തൊക്കെയോ സംസാരിച്ചു. നിശബ്ദനായി കൃഷ്ണൻ ഇന്ദുവിന്റെ അടുത്ത് വന്നു പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു, നമ്മുടെ മോള് പോയെടി....ഇത്രയും പറയാനേ അയാൾക്ക്‌ കഴിഞ്ഞുള്ളു.അത് കേട്ടതും ഇന്ദു ബോധമറ്റ്‌ നിലം പതിച്ചു.സ്‌കൂളിൽ നിന്ന് വരുന്ന വഴിയിലുള്ള ആളൊഴിഞ്ഞ ഒരു വീടുണ്ട്,അവിടെ നിന്ന് കൃഷ്ണയുടെ മൃതദേഹം കിട്ടിയെന്ന്.തങ്ങളുടെ പുന്നാര മകളുടെ ഈ രീതിയിലുള്ള വിയോഗം നമ്മുടെ കൃഷ്ണേട്ടനും ഇന്ദു ചേച്ചിയും എങ്ങനെ സഹിക്കും.നാട്ടുകാർ തമ്മിൽ തമ്മിൽ പറഞ്ഞു.പോസ്റ്റ്മോർട്ടം ചെയ്തു കൃഷ്നയുടെ മൃതദേഹം വീട്ടിൽ കൊണ്ട് വന്നു. ഇന്ദു  തന്റെ മകളുടെ ശരീരത്തിലേക്ക് വീണു.അവിടെ നിന്ന് ഇന്ദുനെ പിടിച്ചു മാറ്റാൻ വളരെ പണി പെടേണ്ടി വന്നു.ഇതെല്ലം കണ്ട് ജീവശവമായി നിന്ന് കൃഷ്ണൻ  തന്റെ പൊന്നു മോളുടെ  ചടങ്ങുകളെല്ലാം നിർവഹിച്ചു.തങ്ങളുടെ പൊന്നു മോൾ  ഇല്ലാതെ ഇനി താനും ഇന്ദുവും എങ്ങനെ ജീവിക്കും, അല്ലെങ്കിൽ ആർക്കു വേണ്ടി ഇനി ജീവിക്കണം.

കൃഷ്ണയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ അറിഞ്ഞു കൃഷ്ണൻ ഞെട്ടി.തന്റെ പുന്നാര മകളെ ആരോ ബലാത്ക്കാരം ചെയ്‌ത്‌ ശ്വാസം മുട്ടിച്ചു കൊന്നിരിക്കുന്നു.ഇതറിഞ്ഞ ഇന്ദു പൊട്ടിക്കരഞ്ഞു കൊണ്ട് കൃഷ്ണന്റെ നെഞ്ചിൽ വീണു.കൃഷ്ണേട്ടാ..നമ്മുടെ മകളെ കൊന്നവനെ വെറുതെ വിടരുത്.നമ്മളെ പോലെ ഇനി ഒരച്ഛനും അമ്മയ്ക്കും തങ്ങളുടെ മക്കളെ നഷ്ടമാകാൻ പാടില്ല.പോലീസിന്റെ കൈയിൽ കിട്ടിയാലും അവൻ രക്ഷപ്പെടും.നമ്മുടെ പുന്നാര മകളെ കൊന്നവനെ നമുക്ക് തന്നെ ശിക്ഷ വിധിക്കണം.കൃഷ്ണനും അങ്ങനെ തന്നെ ഉറച്ചു.ഇല്ല അവൻ ആരായാലും ഞാൻ ശിക്ഷ നടപ്പാക്കിയിരിക്കും.പിന്നെ അങ്ങോട്ടുള്ള കൃഷ്ണന്റെ ദിവസങ്ങൾ തന്റെ പുന്നാര മകളുടെ ഘാതകനെ കുറിച്ചുള്ള അന്വേഷണമായിരുന്നു.പോലീസ് കാരുടെ അന്വേഷണത്തിൽ കൃഷ്ണൻ തൃപ്തൻ അല്ലായിരുന്നു. ഊണും ഉറക്കവുമില്ലാത്ത ഇന്ദുവിനെ കൂടി കാണുമ്പോൾ അയാൾക്ക് സഹിക്കാൻ കഴിയാതെയായി.ഇന്ദുവിനെ നല്ലൊരു സൈക്ക്യാട്രിസ്റ്റിനെ കാണിക്കൂ കൃഷ്ണാ,പലരും പറയാൻ തുടങ്ങി.അതിനു ശേഷം ആണ് ഇന്ദു രാത്രിയിൽ  ഉറങ്ങാൻ തുടങ്ങിയത്.


കൃഷ്ണൻ എന്തോ ഉറച്ച മട്ടിൽ യാത്ര പറഞ്ഞു വീട്ടിൽ നിന്നിറങ്ങി.പോകുന്ന വഴിയിൽ ഫോൺ വിളിച്ചു ആരോടോ സംസാരിക്കുന്നുണ്ടായിരുന്നു.അയാൾ നേരെ പോയത് തന്റെ പുന്നാര മകൾ മരിച്ചു കിടന്ന ആ വീട്ടിലേക്കാണ്. ആൾ താമസം ഇല്ലാതെ വർഷങ്ങളായി അടഞ്ഞു കിടക്കുന്ന വീട്. കതക്കൊക്കെ ദ്രവിച്ചു,ഓടൊക്കെ പൊട്ടി  നശിച്ചിരിക്കുന്നു.ഇപ്പൊ അവിടത്തെ അന്തേവാസികൾ പട്ടിയും പൂച്ചയുമൊക്കെ ആണ്.കൃഷ്ണൻ ആ വീടിനകത്തേക്ക് കയറി.വല്ലാത്ത ദുർഗന്ധം.കൃഷ്ണേട്ടാ...ആ വിളി കേട്ട് അയാൾ പറഞ്ഞു ഇങ്ങ് കയറി പോരെ.ഞാൻ വൈകിയില്ലല്ലോ കൃഷ്ണേട്ടാ. ഇല്ല ഞാനും ഇപ്പോഴാ വന്നത് അയാൾ മറുപടി കൊടുത്തു.അല്ല കൃഷ്ണേട്ടൻ എന്താ ഇവിടെ.കൃഷ്ണൻ പോക്കറ്റിൽ നിന്ന് ചെറുതായി മടക്കിയ ഒരു പേപ്പർ എടുത്ത് വേണുവിന് കൊടുത്തു കൊണ്ട് പറഞ്ഞു, ഇതിൽ എഴുതിയിരിക്കുന്നത് വായിക്ക്.വേണു ആ പേപ്പർ വാങ്ങി വായിക്കാൻ തുടങ്ങി.എന്തിനാണ് വേണുവേട്ടൻ എന്റെ ...അത്ര വായിച്ചതും  വേണു വിയർക്കാൻ തുടങ്ങി.നിനക്ക് വായിക്കാൻ വയ്യ അല്ലേ ഞാൻ പറയാമെടാ ബാക്കി കൃഷ്ണൻ ആക്രോശിച്ചു കൊണ്ട് പറഞ്ഞു, എന്തിനാണ് വേണുവേട്ടൻ എന്റെ ശരീരത്തിൽ തൊട്ടത്.വീണ്ടും  ഇങ്ങനെ ചെയ്യോ.അച്ഛനോടും അമ്മയോടും പറയണോ..എന്നിട്ട് ഒരു കരയുന്ന ചിഹ്നവും..ഇതാടാ എന്റെ പുന്നാര മോൾ ഈ കുഞ്ഞു പേപ്പറിലെഴുതി,അവൾ സൂക്ഷിച്ചിരുന്ന കായികുടുക്കയിൽ ഇട്ടിരുന്നത്.കഴിഞ്ഞ ദിവസം ഉറക്കമില്ലാതെ മോളുടെ മുറിയിലിരിക്കുമ്പോ മേശപ്പുറത്തിരുന്ന അവളുടെ കായിക്കുടുക്ക(അവൾ പൈസ ഇട്ടിരുന്നത് അതിലാണ്. നിറയുമ്പോ  അവൾക്കൊരു പാദസരം വാങ്ങാൻ എന്ന് പറഞ്ഞു സൂക്ഷിച്ചാണ്) എന്റെ കൈ തട്ടി താഴെ വീണു. അതിൽ നിന്ന് കിട്ടിയതാ ഈ തുണ്ട് കടലാസ്സ് കഷണം.ഇത് നിന്നെ കാണിക്കാതിരിക്കാൻ എനിക്ക് കഴിയോടാ.പറയെടാ........

കൃഷ്ണന്റെ മുന്നിൽ സംഭ്രമിച്ചു നിന്നിരുന്ന വേണു,കൈ കൂപ്പി കൊണ്ട് പറഞ്ഞു,കൃഷ്ണേട്ടാ എന്നോട് ക്ഷമിക്കൂ, കൃഷ്ണയെ ട്യൂഷൻ  പഠിപ്പിക്കാൻ വന്നത് മുതൽ ഞാനവളെ അവൾ അറിയാതെ തന്നെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. കൃഷ്ണയോട് ഒരു ഇഷ്ടം  തോന്നിയിരുന്നു.എന്നാൽ കൃഷ്ണ എന്നെ അവളുടെ സ്വന്തം ചേട്ടനെ പോലെയാണ് കണ്ടത്.അവളോട് തന്റെ മനസിലുളളത് തുറന്നു പറയണമെന്ന് ഞാൻ തീരുമാനിച്ചു.അന്ന് ആ ദിവസം കൃഷ്ണ സ്‌കൂൾ വിട്ടു വരുന്നതും നോക്കി ഈ വീടിന്റെ മുന്നിൽ ഞാൻ കാത്ത് നിന്നു.രാവിലെ കൃഷ്ണ തനിച്ചു സ്‌കൂളിൽ പോയത് കണ്ടു കൊണ്ട്,കൂടെ ആരും കാണില്ലായെന്നു അറിയാമായിരുന്നു.ഒരു ധൈര്യത്തിന് അച്ഛൻ വീട്ടിൽ കരുതിയിരുന്ന മദ്യത്തിൽ നിന്ന് കുറച്ച് ഒരു കുപ്പിയിൽ കരുതിയിരുന്നു. നേരത്തെ തന്നെ ഇവിടെ വന്ന് അതിൽ നിന്ന് കുറച്ചെടുത്തു കുടിച്ചിട്ടാ ഇവിടെ കാത്ത് നിന്നത്.എനിക്കറിയാം കൃഷ്ണക്ക് പൂച്ചകളോടുള്ള ഇഷ്ടം,അത് കൊണ്ട് തന്നെ ഈ ഒഴിഞ്ഞ വീട്ടിൽ പൂച്ചകുട്ടികൾ ഉണ്ടെന്നും പറഞ്ഞാ അവളെ ഇങ്ങോട്ട് വരാൻ വിളിച്ചത് . ഒഴിഞ്ഞ പ്രദേശം ആയത് കൊണ്ട് ആരും കാണില്ലെന്നും ഉറപ്പുണ്ടായിരുന്നു. ഇവിടെ കയറിയതും കൃഷ്ണ പൂച്ചകുട്ടികൾ എവിടെ വേണുവേട്ടാ എന്നും ചോദിച്ചു ബഹളം ആയി. അവളെ ഇഷ്ടമാണെന്നു പറഞ്ഞതും അവൾ കൃഷ്ണേട്ടനോട് പറയുമെന്ന് പറഞ്ഞു ഇറങ്ങി ഓടാൻ തുടങ്ങി.ബലമായി പിടിച്ചിഴച്ചു ഞാനവളെ ഈ മുറിക്കകത്തു കൊണ്ട് വന്നു.അവളിട്ടിരുന്ന ഷാൾ അഴിച്ചു അവളുടെ കൈ പുറകിൽ കെട്ടി.അപ്പോഴും അവൾ പറയുന്നുണ്ടായിരുന്നു, വീട്ടിൽ ചെന്ന് ഞാൻ അച്ഛനോടും അമ്മയോടും പറയുമെന്ന്.വേണുവേട്ടൻ എന്റെ ശരീരത്തിൽ തൊട്ടുയെന്നും ഞാൻ പറയും.ഇതൊക്കെ കേട്ട് കലി കയറി കുപ്പിയിലെ മദ്യം വായിലേക്ക് ഒഴിച്ചു,  ഞാനവളുടെ മുഖത്ത് ആഞ്ഞടിച്ചു. ബോധം നശിച്ചു അവൾ താഴെ വീണു. എന്റെ ദേഷ്യം മുഴുവൻ അവളുടെ ശരീരത്തിൽ ഞാൻ തീർത്തു.ഇടക്ക് അവൾക്ക് ബോധം വീണ് ബഹളം വെയ്ക്കാൻ തുടങ്ങിയപ്പോൾ,കുപ്പിയിലുണ്ടായിരുന്ന ബാക്കി മദ്യം അവളുടെ വായിലേക്ക് ഞാൻ ഒഴിച്ചു കൊടുത്തു. ഷാൾ കൊണ്ട് കഴുത്തിൽ മുറുക്കി.എല്ലാം കഴിഞ്ഞപ്പോഴാണ് എന്റെ ദേഷ്യത്തിൽ നിന്ന് ഞാൻ മുക്തനായത്.ചെയ്ത തെറ്റോർത്ത്  അവളുടെ മൃതദേഹത്തിന് മുന്നിലിരുന്നു പൊട്ടിക്കരഞ്ഞു.ആ കുറ്റബോധത്തിനിടയിലും എങ്ങനെ രക്ഷപ്പെടണമെന്ന ചിന്തമാത്രം ആയിരുന്നു. തെളിവുകൾ ഒന്നും വെയ്ക്കാതെ എല്ലാം അവിടെ നിന്ന് നീക്കം ചെയ്തു.ഇത്രയും പറഞ്ഞു വേണു കൃഷ്ണന്റെ കാലിൽ വീണു പൊട്ടിക്കരഞ്ഞു.

കൃഷ്ണേട്ടാ.... എനിക്ക് മാപ്പ് തരൂ.കൃഷ്ണൻ വേണുവിനെ പിടിച്ചെഴുന്നേല്പിച്ചു, തന്റെ അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് വേണുവിനെ തലങ്ങും വിലങ്ങും കുത്തി,അതിനിടയിൽ അയാൾ പറഞ്ഞു കൊണ്ടേയിരുന്നു. എന്റെ പുന്നാര മോളെ ഈ വിധം കൊന്ന നിനക്ക് മാപ്പില്ല.നിനക്ക് മാപ്പ് തന്നാൽ എന്റെ മകളുടെ ആത്മാവ് പോലും എന്നോട് ക്ഷമിക്കില്ല.ഒരച്ഛനും തങ്ങളുടെ പുന്നാര മോളെ കൊന്നവനോട് ക്ഷമിക്കാൻ കഴിയില്ല. ഒരു നിയമത്തിനും നിന്നെ വിട്ടു കൊടുക്കാനും എനിക്ക് ഇഷ്ടമല്ല.എന്റെ കൂട്ടുകാരൻ, നിന്റെ അച്ഛൻ എന്നോട് പൊറുക്കാൻ പറ്റുമെങ്കിൽ പൊറുക്കട്ടെ.ബാലനും എന്നോട് പറഞ്ഞതാ കൃഷ്ണമോളുടെ ഘാതകനെ കിട്ടിയാൽ നിയമത്തിനു വിട്ടു കൊടുക്കരുതെന്ന്.തന്റെ മകനാണ് അതെന്നു അറിയുമ്പോ സഹിക്കാനുള്ള ശക്തി അവനു ദൈവം കൊടുക്കട്ടെ. വേണുവിന്റെ ശ്വാസം നിലച്ചെന്നുറപ്പ് വരുത്തി കൃഷ്ണൻ ആ ശരീരത്തിൽ നിന്ന് കത്തി വലിച്ചൂരി.എവിടേക്കോ അയാൾ ഫോൺ ചെയ്തു.അഞ്ചു മിനിറ്റ് കഴിഞ്ഞതും പോലീസ് ജീപ്പ് ആ കെട്ടിടത്തിന്റെ മുന്നിലെത്തി.പോലീസിന്റെ മുന്നിൽ രണ്ടു കൈയും നീട്ടി നിന്ന് കൊണ്ട് കൃഷ്ണൻ പറഞ്ഞു, എന്റെ പുന്നാര മോളെ കൊന്നവനെ ഞാൻ കൊന്നു. നിങ്ങളുടെ നിയമത്തിനെ  എനിക്ക് വിശ്വാസമില്ല.നിങ്ങൾ തരുന്ന ഏത് ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. എന്റെ ഇന്ദുവിനും സന്തോഷമായിക്കാണും.എന്റെ പൊന്നു മോൾക്ക്  വേണ്ടി ഇനി ഈ അച്ഛന് ചെയ്തു കൊടുക്കാൻ പറ്റുന്നത് ഇത് മാത്രമായിരുന്നു.അവളിനി ആരെയും പേടിക്കാതെ സുഖമായി ഉറങ്ങട്ടെ........