മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര മധുരം തുടിക്കുന്നതേതു ഭാഷ. ഞാനൊരു എഴുത്തുകാരി അല്ല, മലയാളത്തെ അതിയായി സ്നേഹിക്കുന്ന ഒരു മലയാളി. പാതിവഴിയില്‍ ഉപേക്ഷിച്ച് പോയ അക്ഷരങ്ങളെ, എന്റെ സ്വപ്നങ്ങളെ വീണ്ടും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനുള്ള ഒരു എളിയ ശ്രെമം....
Tuesday, March 26, 2019
Saturday, February 23, 2019
രക്തസാക്ഷികൾ 👦🧑
ഇന്ദു ധൃതിയില്‍ ഗേറ്റടച്ച് പുറത്തിറങ്ങി, വാച്ചില്‍ നോക്കി മണി എട്ട് ആകുന്നു.എട്ടര ക്കുള്ള ബസ് കിട്ടിയാലേ കറക്റ്റ് സമയത്ത് ഓഫീസില്‍ എത്താന്‍ കഴിയുള്ളൂ.ഇല്ലെങ്കില്‍ ഇന്നും ആ ഓഫീസറുടെ തുറിച്ചുള്ള നോട്ടം കാണേണ്ടി വരും.താക്കോലുമായി അയല്‍വക്കത്തെ ആമിന ഉമ്മയുടെ വീട്ടിലേക്ക് കയറി.ആമിന ഉമ്മ, നമ്മള് ഇവിടെ താമസിക്കാന്‍ വന്നപ്പോൾ മുതലുള്ള ആത്മ ബന്ധം ആണ്.അമ്മു കുട്ടിയെ ധൈര്യമായി ഏല്പിച്ചു പോകാം.എന്റെ ചെറു കൊച്ചല്ലേ ഇവള്, ആമിന ഉമ്മക്ക് അമ്മു കുട്ടിയോട് അത്രയും സ്നേഹം ആണ്. ഇവിടെ ആരും ഇല്ലേ, ചോദിച്ചതേയുള്ളൂ, ഉമ്മയുടെ മകള്‍ ഐഷ ഓടിയെത്തി. എന്താ നിനക്കിന്നു ക്ലാസ്സില്ലേ, ഇല്ല ചേച്ചി, സ്പോർട്സ് ഡേ ആണ്.
തന്റെ കൈയില്‍ ഇരുന്ന കവറും താക്കോലും ഐഷയെ ഏല്പിച്ചു പറഞ്ഞു, അമ്മു കുട്ടിക്ക് ജലദോഷമായിട്ടാ ഇന്ന് ക്ലാസ്സില്‍ പോയത്, വരുമ്പോ ചൂടുണ്ടെങ്കില്‍ ഈ സിറപ്പില്‍ നിന്ന് ഒരു ടേബിള്‍ സ്പൂണ്‍ കൊടുത്തേക്കണേ. ദാസേട്ടന് ഇന്നെന്തോ മീറ്റിംഗ് ആണ് ലേറ്റ് ആവുമെന്ന് പറഞ്ഞിരുന്നു. അതിനെന്താ ഞാന്‍ കൊടുത്തേക്കാം ചേച്ചി.ശരി, ഞാന്‍ ഇറങ്ങുവാണേ, ആമിന ഉമ്മയോട് പറഞ്ഞേക്കണേ.ഇത്രയും പറഞ്ഞു കൊണ്ട് തന്നെ ഗേറ്റ് കടന്നു ഇടവഴിയിലേക്ക് ഇറങ്ങി. ഇനിയും പതിഞ്ചു മിനിറ്റ് നടന്നാലേ റോഡില്‍ എത്തുള്ളൂ.ബസ് സ്റ്റോപ്പില്‍ എട്ടരക്കുള്ള ബസും കാത്ത് പതിവ് പോലെ തന്നെ ആളുകള്‍ നിറഞ്ഞിരുന്നു.ബസ്സ് എത്തിയതും ചക്കയില്‍ ഈച്ച പൊതിയുന്ന പോലെ ആളുകള്‍ ബസ്സിനെ പൊതിഞ്ഞു. എങ്ങനെയെങ്കിലും അതിനിടയില്‍ കൂടി ഞെങ്ങി ഞെരുങ്ങി ബസില്‍ കയറി പറ്റി. നിറഞ്ഞ വയറും താങ്ങി ബസ് പതുക്കെ മുന്നോട്ട് നീങ്ങി.
ഓഫീസിൽ എത്തി കസേരയിൽ ഇരുന്നതും മുന്നിൽ ചായയും കൊണ്ട് വെച്ച് കണാരേട്ടൻ പറഞ്ഞു, ഇന്ദു സാർ അറിഞ്ഞില്ലേ ഇന്നലെ നമ്മുടെ സൂപ്രണ്ട് സാറിന്റെ മകന്റെ ബൈക് ആക്സിഡന്റായി.മെഡിക്കൽ കോളേജ് ഐ സി യു വിലാണ്.സീരിയസ് എന്നാ അറിയുന്നേ.ഞാൻ രാവിലെ അവിടെ കയറിയിട്ടാ വന്നത്.പാവം സൂപ്രണ്ട് സാർ കരഞ്ഞു തളർന്നു ആ ഐ സി യുവിന് മുന്നിൽ തന്നെയുണ്ട്.ആ സാധനത്തിന്റെ മണ്ടയിൽ കയറിയാൽ ഇപ്പോഴത്തെ പിള്ളേർക്ക് കണ്ണ് കണ്ടൂടല്ലോ.ഒത്തിരി വർഷത്തെ കാത്തിരിപ്പിന് ശേഷം അവർക്ക് കിട്ടിയ കുട്ടിയാ.അതിന് ഒന്നും സംഭവിക്കാതിരിക്കട്ടെ.ഇന്ദു സാർ പോണില്ലേ ഹോസ്പിറ്റലിൽ.പോണം കണാരേട്ടാ.ഇവിടെ മറ്റാരോടുമില്ലാത്തൊരു സ്നേഹം സൂപ്രണ്ട് സാറിന് തന്നോട് ഉണ്ട്.തന്റെ സീനിയർ ആണെങ്കിലും തനിക്കൊരു ചേച്ചിയെപ്പോലെ ആണ് സാർ.അതിനിവിടെ ചിലർക്ക് കണ്ണ് കടിയുമുണ്ട്.കൂടെ വരാൻ വിളിച്ചെങ്കിലും പലരും ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.ഉച്ച ആയപ്പോ ഹാഫ് ഡേ ലീവ് എഴുതി കൊടുത്ത് ഓഫീസിൽ നിന്നിറങ്ങി,ഇപ്പൊ പോയാൽ സന്ദർശന സമയം ആവുമ്പൊ അകത്ത് കയറാം.തന്നെ കണ്ടതും സൂപ്രണ്ട് സാർ പൊട്ടിക്കരഞ്ഞു,ഇന്ദൂ എന്റെ മോൻ.എന്ത് പറഞ്ഞാ ഈ അവസ്ഥയിൽ ആ അമ്മയെ താൻ ആശ്വസിപ്പിക്കുക.ഒന്നാണെങ്കിലും പത്താണെങ്കിലും അതിൽ ഒരാളിന് ഒരു പനി വന്നാൽ മതി,അത് മാറും വരെ ആ അമ്മക്ക് ആധിയാണ്.മക്കൾക്ക് അത് അരോചകമായി തോന്നാം,എന്നാൽ ഒരമ്മക്ക് അതിനെ കഴിയുള്ളൂ,അതാണ് 'അമ്മ മനസ്. ഓരോന്ന് പറഞ്ഞു ആശ്വസിപ്പിച്ചു കുറച്ചു നേരം സാറിനരികിൽ ഇരുന്നു.മോന് പെട്ടന്ന് ഭേദമാകും.അവൻ ആരോഗ്യവാനായിരിക്കുന്നത് കാണാൻ വീണ്ടും വരാമെന്ന് സാറിനോടും ഭർത്താവിനോടും പറഞ്ഞ് അവിടെ നിന്നിറങ്ങി.***(SPEED DOWN EYES UP DRIVE SAFELY)***
ആശുപത്രിയുടെ ഇടനാഴിയിലൂടെ ധൃതിയിൽ നടന്നു വരുമ്പോൾ പുറകിൽ നിന്നൊരു വിളി കേട്ടു, ഇന്ദൂട്ടി...തിരിഞ്ഞു നോക്കി,വീൽ ചെയറിൽ ഇരിക്കുന്ന താടിയൊക്കെ നീട്ടി വളർത്തിയ ഒരാൾ.കൂടെ ഒരു സ്ത്രീയും ഉണ്ട്.വീൽ ചെയറുമുരുട്ടി തന്റെ അടുത്തേക്ക് വന്നു.ഇന്ദൂട്ടി എന്നെ മനസിലായില്ലേ നിന്റെ ഗോപേട്ടൻ. ഗോപേട്ടൻ.....ഇങ്ങനെയായോ.അതെ ഇന്ദൂട്ടി, കാലങ്ങൾ ഒരു പാട് മാറ്റങ്ങൾ വരുത്തി.ഇന്ദൂട്ടി ഇങ്ങോട്ട് കയറി വരുന്നത് ഞാൻ കണ്ടിരുന്നു.കൂടെയുണ്ടായിരുന്ന സ്ത്രീയെ നോക്കി,തന്നെ പരിചയപ്പെടുത്തി, ശാന്തി ഇതാണ് ഞാൻ പറയാറുള്ള ഇന്ദൂട്ടി.ഗോപേട്ടൻ ഇന്ദൂട്ടിയുടെ കാര്യം എപ്പോഴും പറയാറുണ്ട്.നിങ്ങളുടെ വീടിനടുത്തു താമസിച്ചതും, ഇന്ദൂന് കോളേജിലെ ബോഡി ഗാഡ് ഗോപേട്ടൻ ആയിരുന്നു എന്നൊക്കെ. അതെ ഏട്ടന്മാർ ഇല്ലാതിരുന്ന എനിക്ക് ഗോപേട്ടൻ എന്റെ സ്വന്തം ഏട്ടനെപ്പോലെ ആയിരുന്നു.കോളേജിൽ ആയപ്പോ ഗോപേട്ടൻ പഠിക്കുന്ന കോളേജിൽ ചേർന്നതും അതായിരുന്നു. അന്നവിടത്തെ പാർട്ടിയുടെ ഏറ്റവും വലിയ നേതാവായിരുന്നു ഗോപേട്ടൻ. കലാലയ രാഷ്ട്രീയം കത്തി നിന്നിരുന്ന സമയം.അതോണ്ട് തന്നെ ഗോപേട്ടന്റെ പെങ്ങളെന്ന പരിഗണന അവിടെ എനിക്കും കിട്ടിയിരുന്നു. പൂവാലന്മാരൊക്കെ എന്നെ കാണ്ടാൽ വാലും ചുരുട്ടി ഓടുമായിരുന്നു.ഇന്ദു ചിരിച്ചു കൊണ്ട് പറഞ്ഞു
കോളേജിൽ അന്നുണ്ടായ ആ അടിപിടി ഇന്നും ഓർക്കുന്നു.കാമ്പസിൽ ഒളിപ്പിച്ചു വെച്ചിരുന്ന വടിവാളൊക്കെ എടുത്ത് കുത്തും വെട്ടും,പേടിച്ചോടി നമ്മൾ ക്ലാസ്സിനകത്തു വിരണ്ടിരുന്നു.അവസാനം ആണ് അറിഞ്ഞത് വെട്ടു കൊണ്ട് ഗോപേട്ടൻ സീരിയസായി ആശുപത്രിയിൽ ആണെന്ന്.അതിന്റെ പേരിൽ നേതാക്കളിൽ ആരെയൊക്കെയോ അറസ്റ്റ് ചെയ്തൂന്നും കേട്ടിരുന്നു. അന്ന് എനിക്ക് നഷ്ടമായത് എന്റെ ജീവിതമാണ് ഇന്ദൂട്ടി.എന്റെ ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോയി.എന്റെ ചികിത്സ നടത്തി അച്ഛൻ കടത്തിലായി.അങ്ങനെയാണ് നിങ്ങളുടെ അടുത്തുള്ള ആ വീട് വിറ്റിട്ട് നമ്മൾ അമ്മയുടെ കുടുംബ വീട്ടിലേക്ക് പോയത്.ഇന്ദൂട്ടിയുടെ അച്ഛൻ അന്ന് നമ്മളെ ഒരു പാട് സഹായിച്ചു.ആ കടപ്പാട് ഒന്നും ഈ ജന്മം തീരില്ല. അച്ചന്റെയും അമ്മയുടെയും പരിചരണം കൊണ്ട് ഒരു സൈഡ് തളർന്ന ഞാൻ ഈ വീൽ ചെയറിന്റെ സഹായത്തോടെ ജീവിക്കാൻ പഠിച്ചു.ഡിഗ്രി കംപ്ലീറ്റ് ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. അന്ന് പഠിത്തത്തിന്റെ വില ഞാൻ മനസിലാക്കിയില്ല.ഇന്ന് അതിൽ ഞാൻ പശ്ചാത്തപിക്കുന്നു. ശാന്തി ഇവൾ എന്റെ അമ്മാവന്റെ മകളാണ്.ചെറുതിലെ മുതൽ സ്നേഹിച്ച നമ്മൾ,ഞാൻ ഇങ്ങനെ ആയപ്പോ ഇവളോട് വേറെ വിവാഹം കഴിക്കാൻ പല പ്രാവശ്യം പറഞ്ഞതാണ്.ഇവൾ അതിന് തയ്യാറായില്ല.അമ്മയും അച്ഛനും പോയി.ശാന്തി വീട്ടിനടുത്തുള്ള സ്കൂളിൽ ടീച്ചറാണ്. വീട്ടിനോട് ചേർന്ന് ഒരു ചെറിയ പലചരക്ക് കടയുണ്ടെനിക്ക്.മാസം തോറും ഒരു നല്ല തുക എന്റെ മരുന്നുകൾക്ക് മാത്രം വേണം.
അമ്മേ, ദാ മരുന്ന്.ഇന്ദൂട്ടി ഇത് എന്റെ മോൻ അനിക്കുട്ടൻ.കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നു. ഗോപേട്ടന്റെ കോളേജിൽ പഠിക്കുന്ന പ്രായമാണ് അവനിൽ ഞാൻ കണ്ടത്.അച്ഛനെ പോലെ മോനും നേതാവാണോ.ഇല്ല ഇന്ദൂട്ടി ഇവനെ ഞാൻ എന്നെപ്പോലൊരു രക്തസാക്ഷിയാക്കില്ല. അന്നത്തെ ചോരത്തിളപ്പിൽ ഞാൻ എടുത്ത് ചാടി ഓരോന്നു ചെയ്തു.അച്ഛനും അമ്മയും പറഞ്ഞിട്ട് ചെവി കൊണ്ടില്ല.എല്ലാം മനസിലാക്കി വന്നപ്പോഴേക്കും ഞാനീ അവസ്ഥയിലായി. പാർട്ടിക്ക് വേണ്ടി എന്തും ചെയ്യാൻ അന്ന് തയ്യാറായിരുന്നു.എന്നെ തോളിലേറ്റി നടന്ന പാർട്ടിയിലെ വലിയ നേതാക്കൾ പോലും ഉപയോഗശൂന്യമായ എന്നെ കറിവേപ്പിലപ്പോലെ വലിച്ചെറിഞ്ഞു.ചകിത്സാ ചിലവെന്നും പറഞ്ഞു പോലും ഒരഞ്ചു പൈസ പാർട്ടിയുടെ പേരിൽ തന്നില്ല.അവർക്ക് ആഘോഷിക്കാൻ ഒരു രക്തസാക്ഷിയെ കൂടി കിട്ടിയ സന്തോഷത്തിലായിരുന്നു. എന്റെ മോനെ അത് പോലെ ആക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.എല്ലാം പറഞ്ഞു സമ്മതിച്ചാ അവനെ കോളേജിൽ ചേർത്തത്.പഠിച്ചു ഇവനൊരു ജോലിയായാൽ രക്ഷപ്പെട്ടു.ഇവനിലാണ് ഇനി നമുക്കുള്ള പ്രതീക്ഷ. ഇതെല്ലാം കേട്ട് ഒന്നും മിണ്ടാതെ അനിക്കുട്ടൻ അവിടെ നില്പുണ്ടായിരുന്നു. ഇന്ദൂട്ടി നിങ്ങളെല്ലാരും കൂടി ഒരു ദിവസം വീട്ടിലേക്ക് വരണേ.ദാസനെയും മോളെയും കാണാമല്ലോ എനിക്ക്.അനിക്കുട്ടാ,ഇന്ദൂട്ടിക്ക് കടയിലെ ഫോൺ നമ്പർ കുറിച്ച് കൊടുക്കൂ. ഞാൻ പോട്ടെ ഗോപേട്ടാ, സ്കൂളൊക്കെ വിട്ട് ബസിലൊക്കെ നല്ല തിരക്കാവും.
അവരോട് യാത്ര പറഞ്ഞ് ആശുപത്രിയിൽ നിന്നിറങ്ങി.പതിവ് പോലെയുള്ള തിരക്ക് ബസ്സ്റ്റോപ്പിൽ കണ്ടില്ല.ഏതോ കോളേജിൽ പിള്ളേര് തമ്മിൽ അടിയായി,സ്കൂളും കോളേജുമൊക്കെ നേരത്തെ വിട്ടുവെന്ന് അവിടെ നിന്ന ആരോ പറയുന്നുണ്ടായിരുന്നു.നാളെ വിദ്യാഭ്യാസ ബന്ദും ആണെന്ന്. അപ്പൊ നാളെ അമ്മൂന് സന്തോഷമാകും മുഴുവൻ സമയവും ഐഷ ചേച്ചിയുടെ കൂടെ കളിക്കാല്ലോ.ബസ്സിൽ കയറി അധികം ആളില്ലാതിരുന്നത് കൊണ്ട് തന്നെ സൈഡ് സീറ്റും പിടിച്ച് കാഴ്ചകളും കണ്ട് ബസ്സ് മുന്നോട്ട് നീങ്ങി. പെട്ടന്ന് സ്പീടിനോടി കൊണ്ടിരുന്ന ബസിന്റെ സ്പീഡ് കുറഞ്ഞു.കുറേ കോളേജ് പിള്ളേർ നയിക്കുന്ന ജാഥയാണല്ലോ അത്.തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല, നമ്മളിൽ ഒന്നിനെ തൊട്ടു കളിച്ചാൽ അക്കളി തീക്കളി സൂക്ഷിച്ചോ. മുൻനിരയിൽ കൊടിയും പിടിച്ചു ആവേശത്തോടെ ഉച്ചത്തിൽ വിളിച്ചു കൂവുന്ന നേതാവിനെ കണ്ട് ഇന്ദൂട്ടി അന്തം വിട്ടു.അത് ഗോപേട്ടന്റെ മകൻ അനിക്കുട്ടൻ തന്നെയല്ലേ.അതെ തന്റെ കണ്ണുകൾക്ക് തെറ്റിയിട്ടില്ല. അച്ഛനെപ്പോലെ ഒരു രക്തസാക്ഷിയാവാനാണോ മകന്റെയും വിധി......
Tuesday, February 5, 2019
ഇതൾ...
കൊഴിയാത്തൊരു ഇതളായി
നീയെൻ ഓർമ്മയിൽ നിറഞ്ഞു നിന്നു
ഓരോ ഇതളിലും നിന്റെ
ഒളി തങ്ങി നിന്നു
വർഷമേഘം കടലായി പെയ്ത്
നിറഞ്ഞപ്പോഴും അഞ്ചിതൾ
പൂവ് പോൽ കൊഴിയാതെ
ഏഴഴകായി നീയെൻ മനസ്സിന്റെ
പൂന്തോട്ടത്തിൽ പൂത്ത് നിന്നു
ഇതളാർന്ന പൂവിന്റെ കൊഴിയാത്തൊരു
ഇതളായി നീയെൻ മനസ്സിൽ വിരിഞ്ഞു
നിന്റെ ഇതളിലെ മധു തേടി
ചിത്ര പതംഗമായ് നിനക്ക്
ചുറ്റിലും ഞാൻ പാറിപ്പറന്നു
വാടാത്ത പൂവിലെ കൊഴിയാത്തൊരു
ഇതളായി നീയെൻ ജീവിത വാടിയിൽ
സുഗന്ധം ചൊരിഞ്ഞു നിന്നു
ഇതളാർന്നു നീ കൊഴിയാനൊരുങ്ങവേ
നിന്റെ സൗരഭ്യത്തെ ആസ്വദിക്കാൻ
ഞാൻ കൊതിച്ചു പോയി
ഇതളാർന്ന മൗനം മിഴിയിൽ
ഒളിപ്പിച്ചു നീ പിരിയാനൊരുങ്ങവേ
ആയിരമിതളായി നീ എൻ മനസ്സിൽ
വിടർന്നു നിന്നു......
Friday, February 1, 2019
അച്ഛന്റെ പൊന്നു മോൾ 👪
അച്ചന്റെ പൊന്നു മോളെ....കൃഷ്ണൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. കട്ടിലിന്റെ അരികിലിരുന്ന ഫോണെടുത്തു സമയം നോക്കി. രണ്ട് മണി ആയതേയുള്ളൂ.നേരം വെളുക്കാൻ ഇനിയും സമയം ഉണ്ട്.തൻ്റെ അരികിൽ സുഖനിദ്രയിൽ കിടന്നുറങ്ങുന്ന തന്റെ ഭാര്യ ഇന്ദു ഇതൊന്നും അറിഞ്ഞിട്ടില്ലല്ലോയെന്ന് കൃഷ്ണൻ ആശ്വസിച്ചു.ഉറക്ക ഗുളിക കഴിച്ചുറങ്ങുന്ന അവൾ എങ്ങനെയാണ് അറിയുന്നത്. ഒന്നും അറിയാതെ അവളെങ്കിലും സുഖമായി ഉറങ്ങട്ടെ, നെടുവീർപ്പിട്ടു കൊണ്ട് അയാൾ പിറു പിറുത്തു. കട്ടിലിൽ നിന്ന് എഴുന്നേറ്റു കൃഷ്ണൻ കതക് പതുക്കെ തുറന്ന് വെളിയിൽ ഇറങ്ങി.അടുത്ത് കണ്ട മുറിയിലേക്ക് കയറി ലൈറ്റ് ഇട്ടു.ഭിത്തിയിൽ തൂങ്ങുന്ന ആ ഫോട്ടോയിൽ അയാൾ നോക്കി.കൃഷ്ണന്റെ കണ്ണിൽ നിന്നും നീർത്തുള്ളികൾ ധാരയായി ഒഴുകി.അയാൾ അടുത്ത് കണ്ട കസേരയിലിരുന്ന് മേശയിലേക്ക് തല താഴ്ത്തി പൊട്ടിക്കരഞ്ഞു.തന്റെയും കൃഷ്ണയുടെയും മകൾ കൃഷ്ണേന്ദു.ഒരു പാട് നാളത്തെ കാത്തിരിപ്പിന് ശേഷം ദൈവം നമുക്ക് തന്ന കണ്മണി. ശലഭത്തിനെ പോലെ അവൾ പാറി നടന്നു. സന്തോഷം നിറഞ്ഞ ദിനങ്ങളായിരുന്നു അത്.തന്റെ പുറകെ വാലായി ചലച്ചു കൊണ്ട് എപ്പോഴും കൂടെയുണ്ടാവും.അവൾ പറയുന്നതെല്ലാം ഞാൻ മൂളി കേട്ടില്ലെങ്കിൽ പിണക്കം ആയി.ഞാനൊന്നു എടുത്ത് കൊഞ്ചിച്ചാൽ തീരുന്നതായിരുന്നു ആ പിണക്കങ്ങൾ.
കാലങ്ങൾ എത്രപ്പെട്ടന്നാ കടന്നു പോകുന്നത്.കണ്ണടച്ച് തുറക്കും മുൻപേ കൃഷ്ണയ്ക്ക് (വീട്ടിലെ പേരാണെ) അഞ്ച് വയസ്സായി.ഒരു കൊച്ചു സുന്ദരി കുട്ടി.ഇന്ദു എപ്പോഴും പരാതി പറയും,കൃഷ്ണേട്ടനെ ഉരിച്ചു വെച്ചത് പോലെയാണ് കൃഷ്ണ. അതിൽ തനിക്ക് തെല്ല് അഭിമാനവും, സന്തോഷവുമുണ്ടായിരുന്നു. വീടിനടുത്തുള്ള സ്കൂളിൽ കൃഷ്ണയെ ചേർത്തു. ഇന്ദുവിന്റെ ആഗ്രഹമായിരുന്നു അവളെ പാട്ടും ഡാൻസുമൊക്കെ പഠിപ്പിക്കണമെന്ന്.അതിനുള്ള ഏർപ്പാടുകളും ചെയ്തു.കൃഷ്ണയുടെ പിന്നീടുള്ള ദിവസങ്ങൾ തിരക്ക് പിടിച്ചതായി.കൃഷിക്കാരനായ കൃഷ്ണൻ,തങ്ങളുടെ പൊന്നു മോൾക്ക് ഒരു കുറവും വരുത്താതെ നോക്കി.അവൾ മിടുക്കിയായി വളരണം, പഠിച്ചു നല്ല നിലയിലെത്തണം.തനിക്കോ അതിനുള്ള ഭാഗ്യം കിട്ടിയില്ല. അതായിരുന്നു കൃഷ്ണന്റെ ആഗ്രഹം.അതിനു വേണ്ടി എന്തും സഹിക്കാൻ അയാൾ തയ്യാറായിരുന്നു.പാട്ടിലും ഡാൻസിലും പഠിത്തത്തിലുമൊക്കെ ഒന്നാമത് തന്നെയായിരുന്നു.നാട്ടുകാർക്കും അവൾ പൊന്നോമനയായിരുന്നു.
പത്താം ക്ലാസ് വരെ ട്യൂഷന് ഒന്നും പോകാതെ കൃഷ്ണ ക്ലാസ്സിൽ ഫസ്റ്റായി തന്നെ പഠിച്ചു വന്നു.അവൾ അച്ഛനോട് പറഞ്ഞു,ഈ കണക്ക് ഒരു കണക്കാ അച്ഛാ വലിയ പാടായിട്ടു വരുക.ക്ലാസ്സിലെ കുട്ടികളൊക്കെ ട്യൂഷന് പോണുണ്ട് കണക്കിന്.മോള് വിഷമിക്കണ്ട അച്ഛൻ നോക്കട്ടെ.ആരേലും കണ്ടു പിടിക്കാം ട്യൂഷൻ പഠിപ്പിക്കാൻ അത് പോരെ. തന്റെ കൂട്ടുകാരൻ ബാലന്റെ മകൻ വേണു ആയിരുന്നു കൃഷ്ണന്റെ മനസ്സിൽ ഓടിയെത്തിയത്. വേണു കണക്ക് മാഷാവാൻ പഠിച്ചിട്ട് നിൽക്കുകയാണെന്ന് ബാലൻ കഴിഞ്ഞ ദിവസം കണ്ടപ്പോ പറഞ്ഞല്ലോ.വേണു നമ്മുടെ പയ്യൻ അല്ലെ.നല്ല സ്വഭാവവും ആണ്.ഇന്ദുവിനും സമ്മതം ആവും.കൃഷ്ണയെ ചെറുതിലെ മുതൽ അറിയുകയും ചെയ്യാം. ഇന്ദുവുമായി ആലോചിച്ച് കൃഷ്ണൻ ബാലനോട് സംസാരിച്ചു.അങ്ങനെ വേണു കൃഷ്ണയുടെ കണക്ക് മാഷായി.
ഇന്ദു....മണി അഞ്ചാവാറായല്ലോ മോളെ കണ്ടില്ലല്ലോ.ഇന്ന് എക്സ്ട്രാ ക്ലാസ് വല്ലതും ഉണ്ടെന്നു അവൾ പറഞ്ഞിരുന്നോ.ഇല്ലല്ലോ കൃഷ്ണേട്ടാ.ഞാനും അതാ നോക്കിയിരിക്കുന്നെ.കൃഷ്ണേട്ടൻ മീനയുടെ വീട്ടിൽ പോയെന്നു ചോദിച്ചേ,ആ കുട്ടി സ്കൂളിൽ നിന്ന് വന്നോയെന്ന്.സ്കൂളിൽ നിന്ന് വരുന്ന വഴി കുറെ സ്ഥലം ആൾപ്പാർപ്പില്ലാത്തതാണ്.എപ്പോഴും ഞാൻ കൃഷ്ണയോട് പറയാറുണ്ട് അത് വഴി തനിച്ചു വരരുതെന്ന്.ഇങ്ങോട്ടു വരാൻ അവർ രണ്ടു പേരും മാത്രമേ ഉള്ളൂ.കൃഷ്ണൻ കേൾക്കാത്ത പാതി ഓടി അടുത്തുള്ള മീനയുടെ വീട്ടിൽ ചെന്നു.തിരികെ നിരാശനായി കൃഷ്ണൻ ഇന്ദുവിന്റെ അടുത്ത് ചെന്നു,മീനൂട്ടിക്ക് സുഖമില്ലാതിരുന്നത് കൊണ്ട് ഇന്ന് സ്കൂളിൽ പോയില്ലെന്ന്.മണി അഞ്ചു കഴിഞ്ഞ് ആറായി. കൃഷ്ണയെ കാണാനില്ല.കൃഷ്ണൻ റോഡിലിറങ്ങി കണ്ടവരോടൊക്കെ അന്വേഷിച്ചു.രാവിലെ കൃഷ്ണ മോൾ സ്കൂളിൽ പോകുന്നത് കണ്ടതാണല്ലോ. ക്ലാസ് ടീച്ചറിനോട് അന്വേഷിച്ചപ്പോ പറഞ്ഞതും കൃഷ്ണ സ്കൂളിൽ നിന്ന് വൈകിട്ട് ക്ലാസ് കഴിഞ്ഞ് ഇറങ്ങുന്നത് കണ്ടു എന്നാണ്.ഇന്ദു നെഞ്ചിലിടിച്ചു കരയാൻ തുടങ്ങി,ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി.അന്നത്തെ ആ രാത്രി കൃഷ്ണനും ഇന്ദുവും തങ്ങളുടെ പുന്നാര മോളെ കണാതെ തേങ്ങി കരഞ്ഞു.
പിറ്റേ ദിവസം ഉച്ച ആയപ്പോഴേക്കും ഒരു പോലീസ് കാരൻ കൃഷ്ണന്റെ വീട്ടിലെത്തി.കൃഷ്ണനെ മാറ്റി നിർത്തി എന്തൊക്കെയോ സംസാരിച്ചു. നിശബ്ദനായി കൃഷ്ണൻ ഇന്ദുവിന്റെ അടുത്ത് വന്നു പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു, നമ്മുടെ മോള് പോയെടി....ഇത്രയും പറയാനേ അയാൾക്ക് കഴിഞ്ഞുള്ളു.അത് കേട്ടതും ഇന്ദു ബോധമറ്റ് നിലം പതിച്ചു.സ്കൂളിൽ നിന്ന് വരുന്ന വഴിയിലുള്ള ആളൊഴിഞ്ഞ ഒരു വീടുണ്ട്,അവിടെ നിന്ന് കൃഷ്ണയുടെ മൃതദേഹം കിട്ടിയെന്ന്.തങ്ങളുടെ പുന്നാര മകളുടെ ഈ രീതിയിലുള്ള വിയോഗം നമ്മുടെ കൃഷ്ണേട്ടനും ഇന്ദു ചേച്ചിയും എങ്ങനെ സഹിക്കും.നാട്ടുകാർ തമ്മിൽ തമ്മിൽ പറഞ്ഞു.പോസ്റ്റ്മോർട്ടം ചെയ്തു കൃഷ്നയുടെ മൃതദേഹം വീട്ടിൽ കൊണ്ട് വന്നു. ഇന്ദു തന്റെ മകളുടെ ശരീരത്തിലേക്ക് വീണു.അവിടെ നിന്ന് ഇന്ദുനെ പിടിച്ചു മാറ്റാൻ വളരെ പണി പെടേണ്ടി വന്നു.ഇതെല്ലം കണ്ട് ജീവശവമായി നിന്ന് കൃഷ്ണൻ തന്റെ പൊന്നു മോളുടെ ചടങ്ങുകളെല്ലാം നിർവഹിച്ചു.തങ്ങളുടെ പൊന്നു മോൾ ഇല്ലാതെ ഇനി താനും ഇന്ദുവും എങ്ങനെ ജീവിക്കും, അല്ലെങ്കിൽ ആർക്കു വേണ്ടി ഇനി ജീവിക്കണം.
കൃഷ്ണയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ അറിഞ്ഞു കൃഷ്ണൻ ഞെട്ടി.തന്റെ പുന്നാര മകളെ ആരോ ബലാത്ക്കാരം ചെയ്ത് ശ്വാസം മുട്ടിച്ചു കൊന്നിരിക്കുന്നു.ഇതറിഞ്ഞ ഇന്ദു പൊട്ടിക്കരഞ്ഞു കൊണ്ട് കൃഷ്ണന്റെ നെഞ്ചിൽ വീണു.കൃഷ്ണേട്ടാ..നമ്മുടെ മകളെ കൊന്നവനെ വെറുതെ വിടരുത്.നമ്മളെ പോലെ ഇനി ഒരച്ഛനും അമ്മയ്ക്കും തങ്ങളുടെ മക്കളെ നഷ്ടമാകാൻ പാടില്ല.പോലീസിന്റെ കൈയിൽ കിട്ടിയാലും അവൻ രക്ഷപ്പെടും.നമ്മുടെ പുന്നാര മകളെ കൊന്നവനെ നമുക്ക് തന്നെ ശിക്ഷ വിധിക്കണം.കൃഷ്ണനും അങ്ങനെ തന്നെ ഉറച്ചു.ഇല്ല അവൻ ആരായാലും ഞാൻ ശിക്ഷ നടപ്പാക്കിയിരിക്കും.പിന്നെ അങ്ങോട്ടുള്ള കൃഷ്ണന്റെ ദിവസങ്ങൾ തന്റെ പുന്നാര മകളുടെ ഘാതകനെ കുറിച്ചുള്ള അന്വേഷണമായിരുന്നു.പോലീസ് കാരുടെ അന്വേഷണത്തിൽ കൃഷ്ണൻ തൃപ്തൻ അല്ലായിരുന്നു. ഊണും ഉറക്കവുമില്ലാത്ത ഇന്ദുവിനെ കൂടി കാണുമ്പോൾ അയാൾക്ക് സഹിക്കാൻ കഴിയാതെയായി.ഇന്ദുവിനെ നല്ലൊരു സൈക്ക്യാട്രിസ്റ്റിനെ കാണിക്കൂ കൃഷ്ണാ,പലരും പറയാൻ തുടങ്ങി.അതിനു ശേഷം ആണ് ഇന്ദു രാത്രിയിൽ ഉറങ്ങാൻ തുടങ്ങിയത്.
കൃഷ്ണൻ എന്തോ ഉറച്ച മട്ടിൽ യാത്ര പറഞ്ഞു വീട്ടിൽ നിന്നിറങ്ങി.പോകുന്ന വഴിയിൽ ഫോൺ വിളിച്ചു ആരോടോ സംസാരിക്കുന്നുണ്ടായിരുന്നു.അയാൾ നേരെ പോയത് തന്റെ പുന്നാര മകൾ മരിച്ചു കിടന്ന ആ വീട്ടിലേക്കാണ്. ആൾ താമസം ഇല്ലാതെ വർഷങ്ങളായി അടഞ്ഞു കിടക്കുന്ന വീട്. കതക്കൊക്കെ ദ്രവിച്ചു,ഓടൊക്കെ പൊട്ടി നശിച്ചിരിക്കുന്നു.ഇപ്പൊ അവിടത്തെ അന്തേവാസികൾ പട്ടിയും പൂച്ചയുമൊക്കെ ആണ്.കൃഷ്ണൻ ആ വീടിനകത്തേക്ക് കയറി.വല്ലാത്ത ദുർഗന്ധം.കൃഷ്ണേട്ടാ...ആ വിളി കേട്ട് അയാൾ പറഞ്ഞു ഇങ്ങ് കയറി പോരെ.ഞാൻ വൈകിയില്ലല്ലോ കൃഷ്ണേട്ടാ. ഇല്ല ഞാനും ഇപ്പോഴാ വന്നത് അയാൾ മറുപടി കൊടുത്തു.അല്ല കൃഷ്ണേട്ടൻ എന്താ ഇവിടെ.കൃഷ്ണൻ പോക്കറ്റിൽ നിന്ന് ചെറുതായി മടക്കിയ ഒരു പേപ്പർ എടുത്ത് വേണുവിന് കൊടുത്തു കൊണ്ട് പറഞ്ഞു, ഇതിൽ എഴുതിയിരിക്കുന്നത് വായിക്ക്.വേണു ആ പേപ്പർ വാങ്ങി വായിക്കാൻ തുടങ്ങി.എന്തിനാണ് വേണുവേട്ടൻ എന്റെ ...അത്ര വായിച്ചതും വേണു വിയർക്കാൻ തുടങ്ങി.നിനക്ക് വായിക്കാൻ വയ്യ അല്ലേ ഞാൻ പറയാമെടാ ബാക്കി കൃഷ്ണൻ ആക്രോശിച്ചു കൊണ്ട് പറഞ്ഞു, എന്തിനാണ് വേണുവേട്ടൻ എന്റെ ശരീരത്തിൽ തൊട്ടത്.വീണ്ടും ഇങ്ങനെ ചെയ്യോ.അച്ഛനോടും അമ്മയോടും പറയണോ..എന്നിട്ട് ഒരു കരയുന്ന ചിഹ്നവും..ഇതാടാ എന്റെ പുന്നാര മോൾ ഈ കുഞ്ഞു പേപ്പറിലെഴുതി,അവൾ സൂക്ഷിച്ചിരുന്ന കായികുടുക്കയിൽ ഇട്ടിരുന്നത്.കഴിഞ്ഞ ദിവസം ഉറക്കമില്ലാതെ മോളുടെ മുറിയിലിരിക്കുമ്പോ മേശപ്പുറത്തിരുന്ന അവളുടെ കായിക്കുടുക്ക(അവൾ പൈസ ഇട്ടിരുന്നത് അതിലാണ്. നിറയുമ്പോ അവൾക്കൊരു പാദസരം വാങ്ങാൻ എന്ന് പറഞ്ഞു സൂക്ഷിച്ചാണ്) എന്റെ കൈ തട്ടി താഴെ വീണു. അതിൽ നിന്ന് കിട്ടിയതാ ഈ തുണ്ട് കടലാസ്സ് കഷണം.ഇത് നിന്നെ കാണിക്കാതിരിക്കാൻ എനിക്ക് കഴിയോടാ.പറയെടാ........
കൃഷ്ണന്റെ മുന്നിൽ സംഭ്രമിച്ചു നിന്നിരുന്ന വേണു,കൈ കൂപ്പി കൊണ്ട് പറഞ്ഞു,കൃഷ്ണേട്ടാ എന്നോട് ക്ഷമിക്കൂ, കൃഷ്ണയെ ട്യൂഷൻ പഠിപ്പിക്കാൻ വന്നത് മുതൽ ഞാനവളെ അവൾ അറിയാതെ തന്നെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. കൃഷ്ണയോട് ഒരു ഇഷ്ടം തോന്നിയിരുന്നു.എന്നാൽ കൃഷ്ണ എന്നെ അവളുടെ സ്വന്തം ചേട്ടനെ പോലെയാണ് കണ്ടത്.അവളോട് തന്റെ മനസിലുളളത് തുറന്നു പറയണമെന്ന് ഞാൻ തീരുമാനിച്ചു.അന്ന് ആ ദിവസം കൃഷ്ണ സ്കൂൾ വിട്ടു വരുന്നതും നോക്കി ഈ വീടിന്റെ മുന്നിൽ ഞാൻ കാത്ത് നിന്നു.രാവിലെ കൃഷ്ണ തനിച്ചു സ്കൂളിൽ പോയത് കണ്ടു കൊണ്ട്,കൂടെ ആരും കാണില്ലായെന്നു അറിയാമായിരുന്നു.ഒരു ധൈര്യത്തിന് അച്ഛൻ വീട്ടിൽ കരുതിയിരുന്ന മദ്യത്തിൽ നിന്ന് കുറച്ച് ഒരു കുപ്പിയിൽ കരുതിയിരുന്നു. നേരത്തെ തന്നെ ഇവിടെ വന്ന് അതിൽ നിന്ന് കുറച്ചെടുത്തു കുടിച്ചിട്ടാ ഇവിടെ കാത്ത് നിന്നത്.എനിക്കറിയാം കൃഷ്ണക്ക് പൂച്ചകളോടുള്ള ഇഷ്ടം,അത് കൊണ്ട് തന്നെ ഈ ഒഴിഞ്ഞ വീട്ടിൽ പൂച്ചകുട്ടികൾ ഉണ്ടെന്നും പറഞ്ഞാ അവളെ ഇങ്ങോട്ട് വരാൻ വിളിച്ചത് . ഒഴിഞ്ഞ പ്രദേശം ആയത് കൊണ്ട് ആരും കാണില്ലെന്നും ഉറപ്പുണ്ടായിരുന്നു. ഇവിടെ കയറിയതും കൃഷ്ണ പൂച്ചകുട്ടികൾ എവിടെ വേണുവേട്ടാ എന്നും ചോദിച്ചു ബഹളം ആയി. അവളെ ഇഷ്ടമാണെന്നു പറഞ്ഞതും അവൾ കൃഷ്ണേട്ടനോട് പറയുമെന്ന് പറഞ്ഞു ഇറങ്ങി ഓടാൻ തുടങ്ങി.ബലമായി പിടിച്ചിഴച്ചു ഞാനവളെ ഈ മുറിക്കകത്തു കൊണ്ട് വന്നു.അവളിട്ടിരുന്ന ഷാൾ അഴിച്ചു അവളുടെ കൈ പുറകിൽ കെട്ടി.അപ്പോഴും അവൾ പറയുന്നുണ്ടായിരുന്നു, വീട്ടിൽ ചെന്ന് ഞാൻ അച്ഛനോടും അമ്മയോടും പറയുമെന്ന്.വേണുവേട്ടൻ എന്റെ ശരീരത്തിൽ തൊട്ടുയെന്നും ഞാൻ പറയും.ഇതൊക്കെ കേട്ട് കലി കയറി കുപ്പിയിലെ മദ്യം വായിലേക്ക് ഒഴിച്ചു, ഞാനവളുടെ മുഖത്ത് ആഞ്ഞടിച്ചു. ബോധം നശിച്ചു അവൾ താഴെ വീണു. എന്റെ ദേഷ്യം മുഴുവൻ അവളുടെ ശരീരത്തിൽ ഞാൻ തീർത്തു.ഇടക്ക് അവൾക്ക് ബോധം വീണ് ബഹളം വെയ്ക്കാൻ തുടങ്ങിയപ്പോൾ,കുപ്പിയിലുണ്ടായിരുന്ന ബാക്കി മദ്യം അവളുടെ വായിലേക്ക് ഞാൻ ഒഴിച്ചു കൊടുത്തു. ഷാൾ കൊണ്ട് കഴുത്തിൽ മുറുക്കി.എല്ലാം കഴിഞ്ഞപ്പോഴാണ് എന്റെ ദേഷ്യത്തിൽ നിന്ന് ഞാൻ മുക്തനായത്.ചെയ്ത തെറ്റോർത്ത് അവളുടെ മൃതദേഹത്തിന് മുന്നിലിരുന്നു പൊട്ടിക്കരഞ്ഞു.ആ കുറ്റബോധത്തിനിടയിലും എങ്ങനെ രക്ഷപ്പെടണമെന്ന ചിന്തമാത്രം ആയിരുന്നു. തെളിവുകൾ ഒന്നും വെയ്ക്കാതെ എല്ലാം അവിടെ നിന്ന് നീക്കം ചെയ്തു.ഇത്രയും പറഞ്ഞു വേണു കൃഷ്ണന്റെ കാലിൽ വീണു പൊട്ടിക്കരഞ്ഞു.
കൃഷ്ണേട്ടാ.... എനിക്ക് മാപ്പ് തരൂ.കൃഷ്ണൻ വേണുവിനെ പിടിച്ചെഴുന്നേല്പിച്ചു, തന്റെ അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് വേണുവിനെ തലങ്ങും വിലങ്ങും കുത്തി,അതിനിടയിൽ അയാൾ പറഞ്ഞു കൊണ്ടേയിരുന്നു. എന്റെ പുന്നാര മോളെ ഈ വിധം കൊന്ന നിനക്ക് മാപ്പില്ല.നിനക്ക് മാപ്പ് തന്നാൽ എന്റെ മകളുടെ ആത്മാവ് പോലും എന്നോട് ക്ഷമിക്കില്ല.ഒരച്ഛനും തങ്ങളുടെ പുന്നാര മോളെ കൊന്നവനോട് ക്ഷമിക്കാൻ കഴിയില്ല. ഒരു നിയമത്തിനും നിന്നെ വിട്ടു കൊടുക്കാനും എനിക്ക് ഇഷ്ടമല്ല.എന്റെ കൂട്ടുകാരൻ, നിന്റെ അച്ഛൻ എന്നോട് പൊറുക്കാൻ പറ്റുമെങ്കിൽ പൊറുക്കട്ടെ.ബാലനും എന്നോട് പറഞ്ഞതാ കൃഷ്ണമോളുടെ ഘാതകനെ കിട്ടിയാൽ നിയമത്തിനു വിട്ടു കൊടുക്കരുതെന്ന്.തന്റെ മകനാണ് അതെന്നു അറിയുമ്പോ സഹിക്കാനുള്ള ശക്തി അവനു ദൈവം കൊടുക്കട്ടെ. വേണുവിന്റെ ശ്വാസം നിലച്ചെന്നുറപ്പ് വരുത്തി കൃഷ്ണൻ ആ ശരീരത്തിൽ നിന്ന് കത്തി വലിച്ചൂരി.എവിടേക്കോ അയാൾ ഫോൺ ചെയ്തു.അഞ്ചു മിനിറ്റ് കഴിഞ്ഞതും പോലീസ് ജീപ്പ് ആ കെട്ടിടത്തിന്റെ മുന്നിലെത്തി.പോലീസിന്റെ മുന്നിൽ രണ്ടു കൈയും നീട്ടി നിന്ന് കൊണ്ട് കൃഷ്ണൻ പറഞ്ഞു, എന്റെ പുന്നാര മോളെ കൊന്നവനെ ഞാൻ കൊന്നു. നിങ്ങളുടെ നിയമത്തിനെ എനിക്ക് വിശ്വാസമില്ല.നിങ്ങൾ തരുന്ന ഏത് ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. എന്റെ ഇന്ദുവിനും സന്തോഷമായിക്കാണും.എന്റെ പൊന്നു മോൾക്ക് വേണ്ടി ഇനി ഈ അച്ഛന് ചെയ്തു കൊടുക്കാൻ പറ്റുന്നത് ഇത് മാത്രമായിരുന്നു.അവളിനി ആരെയും പേടിക്കാതെ സുഖമായി ഉറങ്ങട്ടെ........
Saturday, December 1, 2018
പ്രതിച്ഛായ...
ഇന്ന് ഞാനവളെ കണ്ടു
മാടിയൊതുക്കാത്ത മുടിയും
കുഴിയിലാണ്ട കണ്ണും
ചിരി വറ്റിയ ചുണ്ടുമായി
അവൾ ഞാനല്ലേ
എൻ്റെ പ്രതിച്ഛായ തന്നെയല്ലേ...
അന്ന് ആ ദിനം
നവവധുവായ് അണിഞ്ഞൊരുങ്ങി
ആലിലത്താലി ചാർത്തി
സീമന്തരേഖയിൽ സിന്ദൂരം ചാർത്തി
അവന്റെ കയ്യും പിടിച്ചവൾ
സുമംഗലി ആയി....
അന്ന് ആ ദിനം
പേറ്റ് നോവറിഞ്ഞവൾ അമ്മയായി
സ്വപ്നം കണ്ട കണ്മണി
അവളുടെ സ്വന്തമായി
അവളിലെ പെണ്ണ് പൂർണ്ണമായി
ഭാര്യയുടെയും അമ്മയുടെയും
ഭാഗം ഭംഗിയായി ചെയ്തവൾ മുന്നേറി
അവളിലെ യൗവനം
കൊഴിഞ്ഞ് വർദ്ധക്യമേകി....
ഇന്ന് ഈ ദിനം
കണ്മണിയേകിയ മുറിവും പേറി
വൃദ്ധസദനത്തിന്റെ ഈ മുറിയിൽ
ഇരിക്കുമ്പോൾ അവൾക്ക് ചുറ്റും
അമ്മിണിയമ്മ മാധവിയമ്മ
മീനാക്ഷിയമ്മ തുടങ്ങി നിരവധി
അമ്മമാർ കൂട്ടിനുണ്ട്
ഗോപാലേട്ടൻ പറഞ്ഞത് പോലെ
ഞാനില്ലെങ്കിലും നീ തനിച്ചാവില്ല
എന്റെ ഗോമതി!!!!!!!!!!!!!!!!!!!!!!!!!
അവൾ ഞാനല്ലേ
എൻ്റെ പ്രതിച്ഛായ തന്നെയല്ലേ........
Sunday, November 25, 2018
സ്വാമി ശരണം 🙏
പൊന്നും പതിനെട്ടാം പടി കയറി
അയ്യാ നിന്നെ കാണുമ്പോൾ
ഈ ജന്മം സഫലമായതായി തോന്നും
ആ തിരുമുന്നിൽ അണയുമ്പോൾ
ഒരു കുഞ്ഞായി മാറും ഞാൻ
മായാത്ത ചിരിയോടെ വന്നെന്നെ നീ
പുല്കുമ്പോൾ ഒരു ജ്യേഷ്ഠ സ്നേഹം
അറിയുന്നു ഞാനെൻ അയ്യാ
ആ പാദാരവിന്ദത്തിലർപ്പിക്കും
ഒരു പൂവായ് ഞാൻ മാറിയെങ്കിൽ
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ...
അയ്യാ നിൻ മൂന്നിൽ
കൈകൂപ്പി നിൽക്കുമ്പോൾ
ഈ ജന്മം പോരെന്ന് തോന്നും
നിന്നെ തൊഴാൻ ഒരു പാട്
ജന്മങ്ങൾ വേണമെന്ന് തോന്നും
തൊഴുതാലും തൊഴുതാലും
മതിയാവില്ലല്ലോ അയ്യാ
നിൻ ഒളി കണ്ടാൽ
ആ ജപമാലയിലെ ഒരു മുത്തായി
ഞാൻ മാറിയെങ്കിൽ
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ...
അയ്യാ നിൻ മുഖം കണ്ട് മനം
നിറയുമ്പോൾ ദുഃഖങ്ങൾ
ചൊല്ലാൻ ഞാൻ മറന്നു പോകും
ശരണമന്ത്രങ്ങൾ കേട്ടെൻ കാത്
കുളിർക്കുമ്പോൾ കളഭാഭിഷേകം
ചാർത്തിയ നിൻ മലർമേനി കണ്ട്
തൊഴണ മെന്ന ആഗ്രഹം മാത്രം
ആ തിരുസന്നിധിയിൽ തെളിയും
ഒരു താരകമായ് ഞാൻ മാറിയെങ്കിൽ
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ...
ഹരിവരാസനം കേട്ട് നീ മയങ്ങുമ്പോൾ
അയ്യാ നിന്നെ ഉണർത്തും ഉണർത്തു
പാട്ടായി ഞാൻ മാറിയെങ്കിൽ
മനസ്സിനെ കല്ലാക്കി യാത്രാമൊഴി
ചെല്ലുമ്പോൾ അയ്യാ നീ കൂടെ
ഉണ്ടെന്ന ആശ്വാസം മാത്രം
വീണ്ടും അയ്യാ നിന്നെ
കാണണമെന്ന മോഹം മാത്രം
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ....
Friday, November 2, 2018
സുവർണ്ണ നിമിഷം💑
ഓർക്കാൻ ഓമനിയ്ക്കാൻ
ഒരു നിമിഷം
പീലിത്തുണ്ടായ് മനസ്സിൽ
നിറയുന്ന ആ നിമിഷം
നീയെൻ ചാരേ അണയുന്ന
ശുഭ മുഹൂർത്തം...
കാത്തിരിപ്പിന്റെ ഈണമായ്
പ്രിയതരമൊരു പാട്ടായ്
നീയെൻ തന്ത്രികളെ
തഴുകുന്ന ധന്യ മുഹൂർത്തം
പെയ്യാൻ വിതുമ്പുന്ന വർഷമേഘമായ്
മഴയെ പ്രണയിക്കുന്ന വേഴാമ്പലായ്
നീയെന്നിൽ പെയ്തിറങ്ങുന്ന
സുവർണ്ണ നിമിഷം....
നിറയാൻ മോഹിയ്ക്കുന്ന പുഴയായ്
തുളുമ്പാൻ കൊതിയ്ക്കുന്ന നിറകുടമായ്
നീയെന്നിൽ നിറയുന്ന അസുലഭ നിമിഷം
കാണാതെ പോയൊരു സുന്ദര സ്വപ്നമായ്
നീയെന്നിൽ നിന്നും അകന്നു പോകുന്ന
സാന്ദ്ര നിമിഷം....
Friday, October 19, 2018
അക്ഷരം....
'അമ്മ തൻ നാവിൽ
നിന്നുതിർന്നു വീണ
സ്നേഹത്തിൻ ആദ്യാക്ഷരം
അമ്മിഞ്ഞപ്പാലിന്റെ മാധുര്യത്തോടെ
ഇന്നും ഓർത്തിടുന്നു
അരിയിൽ വരച്ചിട്ട ആദ്യാക്ഷരത്തെ
സ്നേഹത്തോടെ നമിച്ചീടുന്നു
അറിവിന്റെ വെളിച്ചം പകർന്നു
നൽകിയ ഗുരുക്കന്മാർക്ക് പ്രണാമം...
വർണ്ണാക്ഷരങ്ങൾ തെറ്റാതെ
ഉരുവിട്ട് പഠിപ്പിച്ച ഗുരുവിനെ
ബഹുമാനത്തോടെ സ്മരിക്കുന്നു
വർണ്ണാക്ഷരങ്ങൾ കൊണ്ട് ഞാൻ
സ്നേഹത്തിൻ വാക്കുകൾ
വരികളായി മെനഞ്ഞെടുത്തു
വർണ്ണാക്ഷരങ്ങൾ കൊണ്ട്
തീർത്ത വാക്കുകളുടെ മായാ
പ്രപഞ്ചത്തിൽ എപ്പോഴൊക്കെയോ
ഒറ്റപ്പെട്ട് ഞാൻ പകച്ചു നിൽക്കുന്നു
അമ്പൊഴിഞ്ഞ ആവനാഴിയെ പോൽ
വാക്കുകൾ ഒഴിഞ്ഞ മനവും
ചലനമറ്റ തൂലികയുമായ്
നിൻ സ്നേഹത്തിൻ കരസ്പർശം
വീണ്ടുമെൻ തൂലികയെ
തലോടുമെന്ന പ്രതീക്ഷയുമായ്.....
Saturday, October 13, 2018
തൂലിക......
തൂലിക പടവാളാക്കിയായിരുന്നു
നിന്റെ പോരാട്ടം
ആ തൂലികയിൽ നിന്നുതിർന്ന
വർണ്ണാക്ഷരങ്ങളുടെ പ്രഭയിൽ
നീയൊരു ഉദയ സൂര്യനെപ്പോൽ
ജ്വലിച്ചു നിന്നു...
അസ്തമയ സൂര്യനിലും നീയൊരു
കെടാവിളക്കായ് വെളിച്ചം പകർന്നിരുന്നു
ആ തൂലികയിൽ അക്ഷരങ്ങളുടെ
വസന്തം രചിച്ചു നീ ആസ്വാദക
മനസ്സിൽ ചേക്കേറി
ദുഃഖമോ വിരഹമോ നിന്റെ
തൂലികയെ ഉലച്ചതില്ല...
ആ തൂലികയിൽ നീ തീർത്ത
പ്രണയാർദ്ര കാവ്യങ്ങൾക്ക്
നൂറഴകായിരുന്നു
ആ സുന്ദര കാവ്യങ്ങളിലെ
നായിക ഞാനാണെന്നു
ഞാൻ വെറുതെ നിനച്ചിരുന്നു...
ആ തൂലികയിൽ നീ രചിച്ച
മന്ത്രാക്ഷരങ്ങൾ പടർന്നിറങ്ങി
നീയൊരുക്കിയ സ്വപ്ന സൗധം തച്ചുടച്ചു
ഒരു മാത്ര മൗനമായി നീ മറയുമ്പോൾ
അശക്തയായി ആ തൂലിക
മണ്ണിലടിഞ്ഞു കിടക്കുന്നു
നീ വീണ്ടും അക്ഷരവസന്തം
തീർക്കുമെന്ന പ്രതീക്ഷയോടെ..........
Friday, September 14, 2018
എന്റെ അമ്മുക്കുട്ടിക്ക് 💕
കിട്ടാതെ കിട്ടിയ മുത്തല്ലേ നീ
ദൈവം തന്ന നിധിയല്ലേ നീ
'അമ്മ തൻ താരാട്ട് പാട്ടിൻ ഈണമല്ലേ നീ
അച്ചന്റെ ഹൃദയത്തുടിപ്പിൻ താളമല്ലേ നീ
ഒരു സ്നേഹമന്ത്രം പോലെ എൻ്റെ
ജീവനായി മാറിയ പുണ്യമല്ലേ നീ
ഇരുളാർന്ന എൻ ജീവിതത്തിൽ
പ്രകാശം ചൊരിഞ്ഞ മുത്തല്ലേ നീ
നിന്റെ പുഞ്ചിരി അമൃതായി
എന്നിൽ നിറച്ച സൗഭാഗ്യമല്ലേ നീ
നൊമ്പരങ്ങൾക്ക് സാന്ത്വനമായി
എൻ്റെ ജീവനിൽ നിറഞ്ഞ ആനന്ദമല്ലേ നീ...
നിന്റെ പാദസരത്തിൻ ധ്വനി മഴത്തുള്ളി
കിലുക്കമായി എങ്ങും നിറഞ്ഞു നിൽക്കുന്നു
നിന്റെ പദനിസ്വനം എപ്പോഴും കേൾക്കാൻ
കാതോർത്തിരിക്കുന്നീ 'അമ്മ
നിന്റെ ചിരിമങ്ങാത്ത മുഖം
എന്നും കാണാൻ കൊതിക്കുന്നീ 'അമ്മ
നിന്റെ കിളിക്കൊഞ്ചൽ എന്നും
കേൾക്കാൻ കൊതിക്കുന്നീ 'അമ്മ.....
Wednesday, August 22, 2018
നമുക്ക് ഒന്നിക്കാം അതിജീവനത്തിനായി 👫👫
നമ്മുടെ കൊച്ചു കേരളം ഇന്ന് നേരിടുന്ന പ്രതിസന്ധിഘട്ടത്തിൽ നമുക്കും ഒരു കൈത്താങ്ങാവാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഓൺലൈനായും സംഭാവനകൾ നൽകാവുന്നതാണ്. SOUTH INDIAN BANK, FEDERAL BANK, AIRTEL PAYMENTS BANK, STATE BANK OF INDIA, PAYTM, HDFC BANK ഇവയിൽ നിന്നും പേമെന്റ് ചാർജ് ഇല്ലാതെ സംഭാവനകൾ അയയ്ക്കാൻ കഴിയുന്നതാണ്.
PLEASE SUPPORT OUR GODS OWN COUNTRY TO OVERCOME THE RECENT CALAMITY. DONATE TO CHIEF MINISTER'S DISTRESS RELIEF FUND ONLINE OR THROUGH SOUTH INDIAN BANK, FEDERAL BANK, AIR TEL PAYMENTS BANK, STATE BANK OF INDIA, PAYTM, HDFC BANK WITHOUT PAYMENT CHARGES....
https://kerala.gov.in/
PLEASE SUPPORT OUR GODS OWN COUNTRY TO OVERCOME THE RECENT CALAMITY. DONATE TO CHIEF MINISTER'S DISTRESS RELIEF FUND ONLINE OR THROUGH SOUTH INDIAN BANK, FEDERAL BANK, AIR TEL PAYMENTS BANK, STATE BANK OF INDIA, PAYTM, HDFC BANK WITHOUT PAYMENT CHARGES....
https://kerala.gov.in/
Friday, July 6, 2018
മധുരനൊമ്പരം....
ഒരു വാക്ക് മിണ്ടാതെ
മറുവാക്ക് ചൊല്ലാതെ പോയതെന്തേ നീ
പേമാരിയായി പെയ്തു നീ തോർന്നിട്ടും
മഴമേഘമായ് സ്മൃതിയിൽ നിറയുന്നതെന്തേ
മനസ്സിന്റെ താളുകളില്‍ പെയ്തിറങ്ങിയ
മഴത്തുള്ളികള്‍ നിന്റെ ചിരി പോലെ തന്നെ
അടര്‍ന്നു വീഴുന്ന മഴമുത്തുകളായ്
ഇന്നും ഓര്‍മ്മയുടെ അകത്തളത്തളങ്ങളില്
മായാതെ പെയ്തു നിറയുന്നു ഒരു മധുര നൊമ്പരമായ്...
പോയ വസന്തങ്ങൾ കൊഴിഞ്ഞു പോയിട്ടും
വീണ്ടും വസന്തമായ് അണയുന്നതെന്തേ നീ
മഴവില്ലിൻ ചാരുതയോടെ പൊൻകിനാവായ്
മനതാരിൽ നിയറുന്നതെന്തേ നീ
ചൊല്ലാൻ കൊതിച്ച വാക്കുകളൊക്കെയും
മൊഴികളെക്കാൾ മാധുര്യമേറിയ മൗനമായ്
മനസ്സിൽ നിറഞ്ഞതെന്തേ
കേൾക്കാൻ കൊതിച്ച പാട്ടിന്റെ പല്ലവി
പാടാൻ മറന്നതെന്തേ നീ...
ആകാശം കാണാ മയിൽപ്പീലി പോലെ
മനസ്സിന്റെ പെട്ടകത്തിൽ ഒളിച്ചതെന്തേ
മനസ്സിന്റെ താളിൽ കുറിച്ച് വെച്ചൊരാ
പ്രണയ നൊമ്പരം കാണാതെ പോയതെന്തേ
ആ പദനിസ്വനം കേൾക്കാൻ കൊതിക്കെ
ഒരു പാഴ്ക്കിനാവായ് അകന്ന് പോയതെന്തേ നീ........
Friday, June 22, 2018
പെണ്ണ് ⚢
ഇത് ഇന്നത്തെ പെണ്ണല്ല, ഒരു കാലത്ത് പെണ്ണായത് കൊണ്ട് മാത്രം അകത്തളങ്ങളിൽ തളച്ചിട്ടിരുന്ന ഒരു പിടി സ്ത്രീജന്മങ്ങൾ ഉണ്ടായിരുന്നു. പെണ്ണിനെ വെറുപ്പോടെ കാണുന്നവർ ഇന്നും നമ്മുടെ സമൂഹത്തിലുണ്ടെന്നുള്ളത് ദുഃഖകരം തന്നെയാണ്.....
ചിരിയ്ക്കാൻ പാടില്ലാന്ന്
അവൾ പെണ്ണാത്രേ
നാലാൾ കൂടുന്ന ഉമ്മറത്ത്
ഇരിയ്ക്കരുതെന്ന് പെണ്ണാത്രേ
തൊടിയിലെ തുമ്പികളോടും
പക്ഷികളോടും കുശലം പറയാൻ
കൊതിയ്ക്കരുതെന്ന് പെണ്ണാത്രേ
കൂടുതൽ വിദ്യാഭ്യാസം
വേണ്ടെന്ന് പെണ്ണാത്രേ
പുറം ലോകം കാണാൻ
ആഗ്രഹിയ്ക്കരുതെന്ന് പെണ്ണാത്രേ
മുത്തശ്ശി ചൊല്ലിയ കഥകൾ കേട്ട്
വളർന്ന അവളുടെ സ്വപ്നങ്ങളിൽ
ധീര വനിതകളായ ഝാൻസി റാണിയും
റാണിലക്ഷ്മി ഭായിയുമൊക്കെ നിറഞ്ഞു നിന്നു
സ്വാതന്ത്രം കൊതിച്ച അവളുടെ
മനസ്സിനെ അവർ വിലങ്ങു വെച്ചു
ആചാരാനുഷ്ഠാനങ്ങളെ
പൊട്ടിച്ചെറിയരുതെന്ന് പെണ്ണാത്രേ
സമ്മതമില്ലാതെ വയസനുമായി
വേളി നിശ്ചയിച്ചപ്പോഴും
പ്രതികരിക്കരുതെന്ന് പെണ്ണാത്രേ
വേളിയ്ക്ക് തലകുനിക്കുമ്പോഴും
കണ്ണീർത്തുള്ളികൾ
പൊടിയരുതെന്ന് പെണ്ണാത്രെ
വേളിയ്ക്ക് തലകുനിക്കുമ്പോഴും
കണ്ണീർത്തുള്ളികൾ
പൊടിയരുതെന്ന് പെണ്ണാത്രെ
ആർത്തിയോടെ തന്റെ മേൽ
അയാൾ കാമഭ്രാന്ത് തീർത്തപ്പോഴും
എതിർക്കരുതെന്ന് പെണ്ണാത്രെ
വേളി കഴിഞ്ഞ് പത്താം നാൾ
വിധവയായപ്പോഴും
മിണ്ടരുതെന്ന് പെണ്ണാത്രേ
വെള്ളയുടുപ്പിച്ച് സിന്ദൂരം തൂത്തെറിഞ്ഞ്
അകത്തളത്തിൽ തളച്ചപ്പോൾ
ആചാരങ്ങളുടെ നൂലാമാലകളെ
പൊട്ടിച്ചെറിഞ്ഞ് അവൾ അലറി വിളിച്ചു
ഞാൻ പെണ്ണായി പിറന്നത് എൻ്റെ കുറ്റമല്ല
സ്വന്തം ചോരയിൽ പിറന്നത്
പെണ്ണെന്ന് അറിയുമ്പോൾ
തെരുവിൽ വലിച്ചെറിയുന്ന
സമൂഹമേ! നിങ്ങളുടെ കണ്ണുകൾ
ഇനിയെങ്കിലും തുറക്കട്ടെ..................
Thursday, June 14, 2018
തണൽ മരം....
അച്ഛനെന്ന നന്മകളുടെ തണൽമരത്തിന് താഴെ
ഞാനെന്നും സംതൃപ്തയായിരുന്നു
ആ വിരൽ തുമ്പ് പിടിച്ച് പിച്ച വെയ്ക്കുമ്പോഴും
കാലൊന്നിടറിയാൽ ഓടിയെടുത്ത്
സ്നേഹത്തോടെ സാന്ത്വനിപ്പിക്കുമെന്ന
വിശ്വാസം തന്നെയാവണം
ബാല്യത്തിലും കൗമാരത്തിലും
ആ തണലിൽ അഭിമാനത്തോടെ
തന്നെ നടന്നിരുന്നത്, അച്ഛന്റെ
ആ കരുതൽ കൂടെയുണ്ടെന്നുള്ള
ധൈര്യം തന്നെയാണ്
യൗവനത്തിൽ ഏത് കൊടുങ്കാറ്റിലും
ചേർത്ത് പിടിച്ച് രക്ഷിക്കാനുള്ള
ഒരു സുരക്ഷാ കവചമായി അച്ഛൻ
കൂടെയുണ്ടെന്നുള്ള ആത്മധൈര്യമായിരുന്നു
ഓരോ ചുവടുവെപ്പിലും അച്ഛന്റെ
ആ സ്നേഹം കൂട്ടായി ഉണ്ടെന്നുള്ള ഉറപ്പ്
ഒരു നിഴലായി ആ കരുതൽ എപ്പോഴും
ഒപ്പമുണ്ടെന്നുള്ള വിശ്വാസം
തൻ്റെ കുടക്കീഴിൽ നിന്ന് മകളെ
വേദനയോടെ പറിച്ചെടുത്ത് മറ്റൊരു
കരങ്ങളിലേല്പിക്കുമ്പോൾ
ആ കണ്ണുകളിൽ കാണുന്നത് ആശ്വാസമല്ല
പകരം എൻ്റെ കുഞ്ഞ് ആ കൈകളിൽ
സുരക്ഷിതയാവുമോയെന്ന ആശങ്ക തന്നെയാവാം
ആ വിശ്വാസം തെറ്റിയെന്നറിഞ്ഞാൽ
ആരും കാണാതെ നെഞ്ചുരുകി
കരയുന്ന അച്ഛനെയും കാണാം
അച്ഛനെന്ന നന്മകളുടെ തണൽ മരം
ഓരോ പെൺ മക്കൾക്കും
സ്നേഹത്തിന്റെയും,കരുതലിന്റെയും
വടവൃഷം തന്നെയാണ്...........
Thursday, April 12, 2018
💖
മനസിന്റെ ചെപ്പില്‍
സൂക്ഷിച്ചി ട്ടുണ്ടൊരു കവിത
വാക്കുകളും വരികളുമില്ലാത്തൊരു കവിത
വര്‍ണ്ണങ്ങളും പദങ്ങളുമില്ലാത്തൊരു കവിത
മഴവില്ലിന് ചാരുതയോടെ ഏഴഴകില്‍
തീര്‍ത്തൊരു കവിത
പ്രണയത്തിന് ഇശലായ്
നെഞ്ചില്‍ നിറഞ്ഞൊരു കവിത
പീലിത്തുണ്ട് പോലെ
കാത്ത് വെച്ചോരാ കവിത
ഒടുവില്‍ നീയെത്തുമെങ്കില്‍
ചെവിയില്‍ മൂളാന്‍.................
Monday, February 19, 2018
ഗസല്‍പ്പൂക്കള്‍...
ഗസലിന് ഇശലായ്
നീ അണഞ്ഞ നേരം
അറിയാതെന്നില്‍
വിരിഞ്ഞു മോഹപ്പൂക്കള്‍
ശ്രുതിയായ് ലയമായ് താളമായ്
പെയ്യ്തിറങ്ങിയൊരാ ഗസല്‍മഴ
നിന് ഓര്‍മ്മ തന് വാടാപ്പൂക്കളായ്
അരികില്ലെങ്കിലും ചൂടാതെ
ചൂടുന്ന മധുര പ്രതീക്ഷകളായി
നിനക്കായി തീര്‍ത്ത
ഗസലിന് വരികള്‍
മായാതെ അകക്കണ്ണില്‍
നിറയുന്ന പ്രേമ പ്രതീക്ഷകളായി
നീ എനിക്കായി തീര്‍ത്ത
ഗസല്‍ മഴയില്‍ ഈറനണിഞ്ഞു
ലയിച്ചു ഞാന്‍ നില്ക്കവേ
അധരപുടങ്ങളെ ചുംബിച്ചുണര്‍ത്തി
എന്‍ മുന്നില്‍ മലരായ് നീ വിടര്‍ന്നു .....
Thursday, February 8, 2018
💖
ഏഴാം കടലിനിപ്പുറത്ത് ആയാലും "സുഖമാണോ മോളെന്നുള്ള" അച്ഛന്റെ ആ സ്നേഹാന്യേഷണം മതി എല്ലാ സങ്കടങ്ങളും ഒരു നിമിഷത്തേക്കെങ്കിലും മറക്കാന്‍. ആ വാത്സല്യവും, കരുതലും വേറെ ആരില്‍ നിന്നും കിട്ടില്ല. മറവിയിലേക്കാണ്ട് പോയ ആ മനസ്സില്‍ നിന്ന്, ഇപ്പോ വല്ലപ്പോഴും കേള്‍ക്കുന്ന സ്നേഹത്തോടെയുള്ള അച്ഛന്റെ ഈ വാക്കുകള്‍ ആനന്ദാമൃതം തന്നെയാണ്.....
വിവാഹം കഴിയുന്ന വരേയുള്ളൂ പെണ്‍കുട്ടികള്‍ക്ക് അച്ഛന്റെയും അമ്മയുടെയും സ്നേഹം ആസ്വദിക്കാനുള്ള അവസരം. അത് കഴിഞ്ഞാല്‍ വല്ലപ്പോഴും കിട്ടുന്ന ആ സുന്ദര നിമിഷങ്ങള്‍ ആസ്വദിക്കാന്‍ കൊതിക്കാത്ത ആരാണ് ഉള്ളത്. അവരുടെ മുന്നില്‍ എത്തുമ്പോള്‍ ഞാന്‍ വീണ്ടുമാ കൊഞ്ചി ചിണുങ്ങുന്ന കൊച്ചു കുട്ടി തന്നെയാണ്. ഈ പ്രവാസത്തില്‍ ഇരിക്കുമ്പോഴും ഓരോ നിമിഷവും മനസ് അവരുടെ അടുത്ത് ഓടിയെത്താന്‍ കൊതിക്കുന്നുവെങ്കില്‍ അത് ആ സ്നേഹവും, വാത്സല്യവും, കരുതലും തന്നെയാണ്. ഇനിയുമുണ്ടൊരു ജന്മമെങ്കില് എന്റെ അച്ചന്റെ മകളായി, ആ സ്നേഹം ആവോളം ആസ്വദിച്ച് ജീവിക്കണം.........
Sunday, January 21, 2018
പ്രതികരണം......
എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് നീയാണ്.ആ തെറ്റില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഞാന്‍ നേടിയ ശരിക്ക് ഇരട്ടി മധുരം ആയിരുന്നു.
തോല്ക്കാന് എളുപ്പമാണ്. നിന്റെ മുന്നില്‍ തോല്ക്കാന് ഞാന്‍ ആഗ്രഹിക്കുന്നില്ല. വര്ഷങ്ങക്ക് മുന്നേ ആയിരുന്നെങ്കില്‍ ആ തോല്‍വി ഞാന്‍ സമ്മതിക്കുമായിരുന്നു.ഇന്ന് ജീവിതാനുഭവങ്ങളിലൂടെ ഊതി കാച്ചിയെടുത്ത ഈ ജീവിതം നിന്റെ മുന്നില്‍ അടിയറവ് പറയാനുള്ളതല്ല. തെറ്റ് കണ്ടാല്‍ "നോ" എന്ന് പ്രതികരിക്കാനുള്ള മനശക്തി ഞാന്‍ ഇന്ന് നേടിയിരിക്കുന്നു. മുഖം മൂടികളുടെ മുന്നില്‍ തോല്ക്കാന് എനിക്ക് മനസില്ലെന്ന് തന്നെ കൂട്ടിക്കോളൂ...........
Wednesday, December 20, 2017
മംഗല്യസൂത്രം 💞
മനസ്സില്‍ തോന്നിയ കുറച്ച് വരികള്‍ പ്രിയ സുഹൃത്ത് ജമീഷിന്റെ സ്വരത്തില്‍...
രചന-ശ്രീജയ ദിപു,ആലാപനം-ജമീഷ് പാവറട്ടി.....
ഒരു ചെറു ചിരിയില്‍ എല്ലാം മറയ്ക്കാന്‍
ശ്രെമിക്കുമ്പോഴും അവളുടെ കണ്ണില്‍
അടരാതൊതുങ്ങുന്ന തുള്ളികള്‍
കുറച്ചൊന്നുമല്ല മറയ്ക്കുന്നത്!
ഇന്നലെയുടെ നഷ്ടങ്ങള്‍, അവളുടെ
ഒരായിരം സ്വപ്നങ്ങളായിരുന്നു
വര്‍ഷങ്ങളായി അവള് താലോലിച്ച
ആ വര്‍ണ്ണ സ്വപ്നങ്ങളെ യമധര്മ്മന്
തട്ടി തെറിപ്പിച്ച്, അവളെ വിധവയാക്കി
സീമന്ത രേഖയിലെ സിന്ദൂരവും, മംഗല്യ
സൂത്രവും, കൈയില്‍ അവള് ആഗ്രഹിച്ച്
അണിഞ്ഞ കുപ്പിവളകളും, പൊട്ടിച്ചെറിഞ്ഞ്
വെള്ള പുതപ്പിച്ച്, നാല് കെട്ടിന്റെറ
അകത്തളത്തില്‍ അവളെ തളച്ചു
ജാതക ദോഷമെന്ന് പറഞ്ഞവര്‍ അവളെ
അകറ്റി നിര്‍ത്തി. തന്റെ വിധിയെ ചെറു
ചിരിയോടെ അവള് നേരിട്ടു
വിധവ കരയാന്‍ മാത്രം വിധിക്കപെട്ടവള്‍
എന്ന കാരണവരുടെ ശാഠ്യം നിരസിച്ചതിന്
ചങ്ങലയാല്‍ കാലുകൊരുക്കപെട്ടു
ഒന്നിനും, ആരോടും പരാതിയില്ല
മദ്യപിച്ച്, സ്വയം ജീവനൊടുക്കിയ
തന്റെ ഭര്‍ത്താവിനോട് പോലും
ഇന്നവള്‍ സ്വബോധമില്ലാത്ത ഭ്രാന്തി
എന്നിട്ടും ആ ചെറു ചിരി മായാതെ
അവള് ഇന്നും സൂക്ഷിക്കുന്നു........
ഒരു ചെറു ചിരിയില്‍ എല്ലാം മറയ്ക്കാന്‍
ശ്രെമിക്കുമ്പോഴും അവളുടെ കണ്ണില്‍
അടരാതൊതുങ്ങുന്ന തുള്ളികള്‍
കുറച്ചൊന്നുമല്ല മറയ്ക്കുന്നത്!
ഇന്നലെയുടെ നഷ്ടങ്ങള്‍, അവളുടെ
ഒരായിരം സ്വപ്നങ്ങളായിരുന്നു
വര്‍ഷങ്ങളായി അവള് താലോലിച്ച
ആ വര്‍ണ്ണ സ്വപ്നങ്ങളെ യമധര്മ്മന്
തട്ടി തെറിപ്പിച്ച്, അവളെ വിധവയാക്കി
സീമന്ത രേഖയിലെ സിന്ദൂരവും, മംഗല്യ
സൂത്രവും, കൈയില്‍ അവള് ആഗ്രഹിച്ച്
അണിഞ്ഞ കുപ്പിവളകളും, പൊട്ടിച്ചെറിഞ്ഞ്
വെള്ള പുതപ്പിച്ച്, നാല് കെട്ടിന്റെറ
അകത്തളത്തില്‍ അവളെ തളച്ചു
ജാതക ദോഷമെന്ന് പറഞ്ഞവര്‍ അവളെ
അകറ്റി നിര്‍ത്തി. തന്റെ വിധിയെ ചെറു
ചിരിയോടെ അവള് നേരിട്ടു
വിധവ കരയാന്‍ മാത്രം വിധിക്കപെട്ടവള്‍
എന്ന കാരണവരുടെ ശാഠ്യം നിരസിച്ചതിന്
ചങ്ങലയാല്‍ കാലുകൊരുക്കപെട്ടു
ഒന്നിനും, ആരോടും പരാതിയില്ല
മദ്യപിച്ച്, സ്വയം ജീവനൊടുക്കിയ
തന്റെ ഭര്‍ത്താവിനോട് പോലും
ഇന്നവള്‍ സ്വബോധമില്ലാത്ത ഭ്രാന്തി
എന്നിട്ടും ആ ചെറു ചിരി മായാതെ
അവള് ഇന്നും സൂക്ഷിക്കുന്നു........
Saturday, November 25, 2017
തിരിച്ചറിവുകള്‍....
ആ ഡി അഡിക്ഷന് കേന്ദ്രത്തിന്റെ പത്താം നമ്പര്‍ റൂമിലിരുന്ന് അയാള്‍ തന്റെ ഡയറിയില്‍ കുറിച്ചു.ഞാന്‍ മുകുന്ദന്, വയസ്സ് അമ്പത്തി മൂന്ന്. പാലക്കാട് ജില്ലയിലെ മലമ്പുഴയില്‍ അച്ഛനും അമ്മയും രണ്ട് അനുജത്തിമാരും അടങ്ങുന്ന ഒരു സാധാരണ കുടുംബത്തിലെ മൂത്ത മകനായി ജനിച്ചു.അച്ഛന് റെയില്‍വേയില്‍ ഉദ്യോഗസ്ഥന് ആയിരുന്നു.
തനിക്ക് ഓര്‍മ്മയുള്ളപ്പോ മുതല്‍ അച്ഛന് കുടിച്ചു വീട്ടില്‍ വന്നു ബഹളം വെയ്ക്കുന്നത് കണ്ടു കൊണ്ട് വളര്‍ന്നത് കൊണ്ടാവണം മദ്യപാനത്തിനെ അത്രയും വെറുക്കാന്‍ കാരണം.അച്ഛന്റെ ഉപദ്രവം സഹിച്ച് കണ്ണീരുമായി കിടന്നുറങ്ങുന്ന അമ്മയുടെ രൂപം സ്ഥിരം കാഴ്ചയായിരുന്നു.അമ്മ പറയാറുണ്ടായിരുന്നു, ഇളയ രണ്ട് സഹോദരിമാരാണ് നിനക്ക് അതോര്‍മ്മ വേണം എപ്പോഴും.ആ ഓര്‍മ്മയില്‍ തന്നെയാണ് താന്‍ ജീവിച്ചതും.ഡിഗ്രി കഴിഞ്ഞു നില്ക്കുന്ന സമയത്താണ് അച്ഛന്റെ മരണം.മദ്യപാനം അച്ഛന്റെ ജീവന് എടുത്തെന്നു തന്നെ പറയാം.അങ്ങനെ അച്ഛന്റെ ജോലി തനിക്ക് ലഭിച്ചു.റെയില്‍വേയില്‍ ഉദ്യോഗസ്ഥനായി കയറുമ്പോള്‍ അമ്മ ഉപദേശിച്ചത് ഒന്ന് മാത്രം ആയിരുന്നു.നിന്റെ അനുജത്തിമാര് രണ്ടു പേരും കെട്ടിക്കാന്‍ പ്രായമായി നില്‍ക്കുന്നത് ഓര്‍മ്മയില്‍ ഉണ്ടാവണം.എന്റെ ജീവനായ അവരെ എങ്ങനെ ഞാന്‍ മറക്കാനാണ് അമ്മേ.അമ്മ വിഷമിക്കേണ്ട, രണ്ട് കൊല്ലത്തിനകം അവരെ രണ്ട് പേരെയും നല്ല രീതിയില്‍ ഞാന്‍ കെട്ടിച്ചു വിടും.
ജോലിയില്‍ പ്രവേശിച്ച് കൂട്ടുകാരോടൊപ്പമുള്ള താമസം. ആദ്യമൊക്കെ അസഹനീയമായി തോന്നി.താന്‍ വീട് വിട്ടു ഇത് വരെയും മാറി താമസിച്ചിട്ടില്ല.അധികം താമസിയാതെ ആ സൌഹൃദവുമായി കൂടുതല്‍ അടുക്കുകയും ചെയ്തു. ചെറിയ തോതില്‍ മദ്യസേവ ഉള്ളവരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.തന്നെ പല പ്രാവശ്യം നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ അതില്‍ നിന്ന് ഒഴിഞ്ഞു മാറി പോക്കൊണ്ടേയിരുന്നു. അന്ന് ബാലേട്ടന്റെ പിറന്നാള്‍ ദിനമായിരുന്നു. കുപ്പിയൊക്കെയായി ഗംഭീര ആഘോഷം.തന്നെ കുടിപ്പിക്കാന്‍ കൂടെയുള്ളവര്‍ പരമാവധി ശ്രമിച്ചു.പിന്നെ അത് തന്നെ കളിയാക്കുന്ന രീതിയിലായി.വീട്ടില്‍ അമ്മയെ പേടിയാ അതാ ഇവന് കുടിക്കാത്തെന്ന് പറഞ്ഞവര്‍ പൊട്ടി ചിരിച്ചു.മദ്യലഹരിയില്‍ ആടി നിന്ന അവരെല്ലാരും തന്നെ പരിഹസിക്കുന്നത് കണ്ടപ്പോ അടുത്ത് കണ്ട മദ്യ കുപ്പി ഒന്നായി എടുത്ത് വായിലേക്ക് ഒഴിച്ചു.അങ്ങനെ തങ്ങളുടെ മദ്യസേവ ഗ്യാങ്ങില്‍ ഒരാളെ കൂടി കിട്ടിയ സന്തോഷത്തില്‍ അവര്‍ ആര്‍ത്തു ചിരിച്ചു.
എന്റെ ജീവനായ അമ്മയെയും അനുജത്തിമാരെയുമൊക്കെ മറന്നു, എന്റെ കടമകളെ ഞാന്‍ കണ്ടില്ലെന്ന് നടിച്ചു.അങ്ങനെ ഈ മുകുന്ദന് എല്ലാരുടെയും കണ്ണില്‍ അച്ഛനെപ്പോലെ തന്നെ ഒരു കുടിയനായി. ഇതില്‍ നിന്ന് മോചനം വേണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും എനിക്ക് അതിനു കഴിഞ്ഞില്ല. ഈ നശിച്ച മദ്യം കാരണം തന്റെ കണ്ണ് നീര് തോരില്ല, അമ്മയുടെ നെഞ്ച് പൊട്ടിയുള്ള കരച്ചില് കാണാന്‍ പോലും ഞാന്‍ അന്ന് തയ്യാറായിരുന്നില്ല. ജീവനായി കരുതിയ എന്റെ സഹോദരിമാര്‍ അവര്‍ക്ക് ഇഷ്ടുള്ളവരോടൊപ്പം പോയി ജീവിതം ആരംഭിച്ചു. അതൊന്നും കണ്ടിട്ടും എനിക്ക് അന്ന് ഒരു വികാരവും തോന്നിയില്ല.ഡ്യൂട്ടി സമയത്ത് മദ്യപിച്ചു ഡ്യൂട്ടിക്ക് എത്തിയതിന് സസപെന്ഷന് കിട്ടി കുറെ നാള് വീട്ടിലിരുപ്പായി. അങ്ങനെ കൂട്ടുകാര്‍ വീട്ടില്‍ കുപ്പിയുമായി വന്ന് മദ്യപാനം ആരംഭിച്ചു. സഹികെട്ട അമ്മ പിറു പിറുത്ത് കൊണ്ടേയിരുന്നു. നിന്റെ അച്ഛന് ഇതില്‍ നിന്നും എത്രയോ ഭേദമായിരുന്നു.അന്ന് അതൊന്നും തന്റെ ചെവിയില്‍ കയറിയില്ല.
എന്റെ അമ്മാവന്റെ മകള്‍, തന്റെ ബാല്യകാല സഖിയെ ജീവിത സഖിയാക്കിയപ്പോഴും അമ്മക്ക് പ്രതീക്ഷ ഒന്ന് മാത്രമായിരുന്നു. വിവാഹത്തോടെ ഇവന്റെ മദ്യപാനം കുറയുമെന്ന്.എന്റെ മകന് ഉണ്ണിയെ താലോലിക്കാന്‍ പോലും എനിക്ക് സമയം ഉണ്ടായിരുന്നില്ല. എന്നും കുടിച്ച് നാല് കാലില്‍ വരുന്ന എന്റടുത്തു വരാന്‍ തന്നെ അവന് പേടിയായിരുന്നു.എന്റെ ഉണ്ണിക്ക് വേണ്ടിയാ ഇതൊക്കെ സഹിച്ച് ഞാന്‍ ജീവിച്ചിരിക്കുന്നത്, എന്റെ മീരയുടെ സങ്കടത്തോടെ യുള്ള ആ കരച്ചിലും ഞാന്‍ അന്ന് വക വെച്ചില്ല.ആ ദിവസം തനിയ്ക്ക് മറക്കാന്‍ പറ്റില്ല. തന്റെ മകന് ഉണ്ണിയുടെ ഹോസ്റ്റലില്‍ നിന്ന് വന്ന ഫോണ്‍ കാള്‍, നിങ്ങളുടെ മകനും കൂട്ടുകാരും കൂടി ഇന്നലെ രാത്രി മദ്യപിച്ച് ഇവിടെയുണ്ടാക്കിയത് ഒന്നും പറയാന്‍ കൊള്ളില്ല. ഇനി ഉണ്ണിക്ക് ഈ ഹോസ്റ്റലിലും നമ്മുടെ കോളേജിലും സ്ഥാനമില്ല. നിങ്ങള്‍ക്ക് അവനെ വന്നു കൊണ്ട് പോകാം. മദ്യം എവിടെ നിന്ന് കിട്ടിയെന്ന ചോദ്യത്തിന് അവന് പറഞ്ഞ ഉത്തരം, എന്റെ അച്ഛന് വീട്ടില്‍ കൊണ്ട് വെച്ചിരുന്ന മദ്യ കുപ്പി ഞാന്‍ കൊണ്ട് വന്നതാണ് എന്നാണ്. നിങ്ങള്‍ തന്നെ ഇങ്ങനെയല്ലേ, നിങ്ങളുടെ മകന് ഇങ്ങനെ ആയില്ലെങ്കിലേ അതിശയം ഉള്ളൂ.ആ വാക്കുകള്‍ ഒരു ഇടിത്തീപ്പോലെ എന്റെ മണ്ടക്ക് വന്നു വീഴുന്നത് ഞാന്‍ അറിഞ്ഞു.
ഈ നശിച്ച മദ്യപാനത്തില്‍ നിന്നൊരു മോചനം അതായിരുന്നു പിന്നെ എന്റെ ശ്രമം. അങ്ങനെയാണ് ഞാന്‍ ഇന്നീ ഡി അഡിക്ഷന് സെന്ററിലിരിക്കുന്നത്. ഞാന്‍ ഇനിയൊരിക്കലും ആ പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകില്ലെന്ന് ഉറച്ച തീരുമാനം എടുത്തിട്ടുണ്ട്. മദ്യപാനിയായ ഞാന്‍ ചെയ്തു കൂട്ടിയ തെറ്റുകള്‍, എന്റെ കടമകള്‍ മറന്നു എന്റെ കുടുംബത്തിനോട് ചെയ്തത് ഓര്‍ത്ത് ഇന്ന് എനിക്ക് പശ്ചാത്താപം ഉണ്ട്. വിറയാര്‍ന്ന കൈ കളോടെ ഇത്രയും കുറിച്ച് അയാള്‍ തന്റെ ഡയറികുറിപ്പ് തല്‍ക്കാലത്തേക്ക് പൂര്‍ത്തിയാക്കി. മദ്യം സര്‍വ്വ തിന്മകളുടെയും താക്കോല്‍. വരും തലമുറയെ കൂടി നശിപ്പിക്കാന്‍ മദ്യപാനം കാരണമാകുന്നു. മദ്യപാനം അന്തസ്സല്ല......അപമാനമാണ്................
Tuesday, November 21, 2017
സ്വാമി ശരണം 🙏
ഈ ജന്മത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് അയ്യനെ ഒരു നോക്ക് ദര്‍ശിക്കണമെന്നത്.......
വൃശ്ചിക നാളില്‍ നൊയമ്പ് നോറ്റ്
കല്ലും മുള്ളും പുല്‍മേടയാക്കി
പതിനെട്ടാം പടിയെ വണങ്ങി
അയ്യനെ കാണാന്‍ വരുന്നു ഞങ്ങള്‍
സ്വാമിയേ അയ്യപ്പോ...അയ്യപ്പോ സ്വാമിയേ
ഇരുമുടി കെട്ടേന്തി
ഹൃത്തടത്തില്‍ അയ്യനെ നിറച്ച്
അയ്യപ്പ നാമങ്ങള്‍ ഉരുവിട്ട്
നെയ്യഭിഷേകം നടത്താന്‍
വരുന്നു ഞങ്ങള്‍
സ്വാമിയേ അയ്യപ്പോ...അയ്യപ്പോ സ്വാമിയേ
നിന്നെതേടി വന്നു പലജന്മം എന്നയ്യാ
വൃശ്ചികപ്പുലരി പിറന്നാല്‍
ആ തിരുമുന്പില് അണയാന്‍
കൊതിയ്ക്കുന്നു ഞങ്ങള്‍
എല്ലാ ദുഖങ്ങളും തീര്‍ത്തു തരാന്‍
മനം നൊന്തു കേഴും ഭക്തര്‍ തന്
പ്രാര്‍ത്ഥന കേള്‍ക്കും കാനന വാസന്
സ്വാമിയേ അയ്യപ്പോ...അയ്യപ്പോ സ്വാമിയേ
തിരുവാഭരണം ചാർത്തിയൊരുങ്ങിയ
ആ ഓമൽ തിരു രൂപം
എന്നന്തരംഗത്തിൽ നിറയേണം
അയ്യനെ കാണും കണ്ണുകള്‍
ആത്മനിര്‍വൃതിയാല്‍ സായൂജ്യമടയുന്നു
ദുഖങ്ങളെല്ലാം ആ തിരു മുന്നിന്
കര്‍പ്പൂരനാളമായി എരിഞ്ഞു തീര്‍ന്നെങ്കില്‍
സ്വാമിയേ അയ്യപ്പോ...അയ്യപ്പോ സ്വാമിയേ
മകരവിളക്കിന് പ്രഭയില്‍
അയ്യനെ ഒരു നോക്ക് ദര്‍ശിച്ച്
ശരണം വിളിച്ച്,മാമലയിറങ്ങും
ഭക്തര്‍ തന് മനസ്സില്‍ അയ്യനെ
വീണ്ടും ദര്‍ശിക്കാനുള്ള മോഹം മാത്രം
സ്വാമിയേ അയ്യപ്പോ...അയ്യപ്പോ സ്വാമിയേ
ഹരിഹരപുത്ര സുതനേ ശരണം പൊന്നയ്യപ്പാ....
Monday, November 13, 2017
നന്ദി...നന്ദി..നന്ദി 💖
എന്റെ ബ്ലോഗ് തുടങ്ങിയിട്ട്, അഞ്ച് വര്‍ഷം കഴിയുന്നു.മനസ്സില്‍ തോന്നുന്നത് ഒരു വരിയായാല്‍ പോലും , അത് ഇവിടെ എഴുതി കഴിഞ്ഞാല്‍, ഒരു പുസ്തകം പബ്ലിഷ് ചെയ്യുന്നത് പോലെയുള്ള സന്തോഷം തന്നെയാണ്. കൂട്ടുകാരുടെ സഹകരണം തന്നെയാണ് ഈ ഉദ്യമത്തില്‍ ഞാന്‍ വിജയിക്കാന്‍ കാരണവും. എനിക്ക് തന്ന പ്രോത്സാഹനത്തിനും സഹകരണത്തിനും, എല്ലാ കൂട്ടുകാര്‍ക്കും ഒത്തിരി ഒത്തിരി നന്ദി.
ബ്ലോഗ്ഗിന്റെ ആദ്യം മുതല്‍ എനിക്ക് കട്ട സപ്പോര്‍ട്ട് നല്കിയ അജിത് മാഷിനെ ഈ അവസരത്തില്‍ സ്നേഹപൂര്‍വം സ്മരിക്കുന്നു. കുറച്ചു നാളായി മാഷിനെ ഇങ്ങോട്ടൊക്കെ കണ്ടിട്ട്. ഇവിടെ വരുന്ന നിങ്ങളില്‍ ആര്‍ക്കെങ്കിലും അജിത് മാഷിനെ കുറിച്ച് എന്തെങ്കിലും വിവരമുണ്ടെങ്കില്‍ ദയവുചെയ്ത് എന്നെ ഒന്ന് അറിയിക്കുമല്ലോ ....
Tuesday, November 7, 2017
സുഗന്ധ സ്മൃതികള്‍.....
മറക്കാനാവാത്ത മധുരിത ഗാനം
എന്‍ അന്തരംഗത്തില്‍ നീ
ചാര്‍ത്തിയ നാണം
ഓമലേ നീ മറന്നുവോ
നിശാഗന്ധി പൂത്ത നിശയില്‍
നീയൊരു സുഗന്ധമായ്
എന്‍ ചാരേ ഒഴുകി വന്നു
ആ നിമിഷത്തില്‍ നിന്റെ കടക്കണ്ണില്‍
ഒളിച്ചു വെച്ച ആദ്യാനുരാഗം
ഓമലേ നീ മറന്നുവോ
താരകങ്ങള്‍ ഒരുക്കിയ നിറക്കൂട്ടില്‍
നിശയുടെ ചിറകിലേറി നാം പറന്നത്
ഓമലേ നീ മറന്നുവോ
നിലാവില് പൂക്കുന്ന നീ
തന്നൊരാ പ്രണയ മൊട്ടുകള്‍
വാടില്ലൊരിയ്ക്കലും ഓമലേ
നീ തൂകിയ സുഗന്ധം പേറി
എത്രയോ കാതങ്ങള്‍ ഞാന്‍ പിന്നിട്ടു
എന്നിട്ടും സ്മൃതിയില്‍ കാണാകാഴ്ച
പോലെ നീയെന്നും............
Monday, October 23, 2017
Saturday, October 7, 2017
സമര്‍പ്പണം........
അമ്മയോട് എപ്പോഴും പരാതി പറയാറുണ്ട്,രണ്ടു ചേട്ടന്മാരില് ഒരു സഹോദരിയെ എനിക്ക് തന്നൂടായിരുന്നോന്ന്. കുട്ടിയായിരിക്കുമ്പോ ഒരിക്കലും അങ്ങനെയൊരു ചിന്ത മനസ്സില്‍ വന്നിട്ടില്ല.അത്രയും സ്നേഹമായിരുന്നു രണ്ടു ഏട്ടന്മാര്ക്കും എന്നോട്.ജീവിതയാത്രയുടെ ഏതോ ഘട്ടത്തില്‍ ആ സ്നേഹത്തില്‍ വിള്ളലുണ്ടായി.അപ്പോഴാണ് മനസ്സില്‍ ആ ചിന്ത വന്നതും,എനിക്കൊരു സഹോദരിയുണ്ടായിരുന്നെങ്കില്‍.അമ്മയോട് പല പ്രാവശ്യം ഈ ചിന്തയെ കുറിച്ച് പറഞ്ഞിട്ടുമുണ്ട്.
ഈ പ്രാവശ്യം നാട്ടില്‍ എത്തിയ സമയത്ത്, ഡോക്ടര്‍ അടിയന്തിരമായി സര്‍ജറി വേണമെന്ന് നിര്‍ദേശിച്ചപ്പോ,പിന്നീട് ആകട്ടെന്നു പറഞ്ഞു മാറ്റിവെയ്ക്കുക ആയിരുന്നു.അര്‍ജെന്റായി ഡോക്ടര്‍ പറഞ്ഞ സ്ഥിതിക്ക് ഉടനെ അത് ചെയ്തേ പറ്റുള്ളൂന്നു ഏട്ടന്മാര് നിര്‍ബന്ധം പിടിച്ചു. സര്‍ജറിക്ക് മുമ്പേയുള്ള പ്രൊസീചര്‍ മുതല്‍ സര്‍ജറി വരെ എന്നോടൊപ്പം എല്ലാത്തിനുമുണ്ടായിരുന്നത് എന്റെ രണ്ട് ഏട്ടന്മാരും ആയിരുന്നു.അവര്‍ എന്നോടൊപ്പമുണ്ടെന്നുള്ള മനോധൈര്യം ആയിരിക്കണം ഒരു ഭയവും കൂടാതെ സര്‍ജറിയെ നേരിടാന്‍ എനിക്ക് കഴിഞ്ഞത്.നാല് ദിവസം ഐ സി യു വിന് വെളിയില്‍ പകലും രാത്രിയും അവരുടെ ജോലിയും ഉപേക്ഷിച്ച് എനിക്ക് വേണ്ടി എന്തിനും തയ്യാറായി ഉറക്കമൊഴിഞ്ഞിരുന്ന അവരുടെ സ്നേഹം കണ്ട് കണ്ണും മനസ്സും നിറഞ്ഞ നിമിഷങ്ങളയിരുന്നു അത്.വീണ്ടും ആ പഴ സ്നേഹം ആവോളം ആസ്വദിച്ച ദിനങ്ങളായിരുന്നു അത്.ഈ രണ്ട് ഏട്ടന്മാരെ എനിക്ക് തന്നതില്‍ സര്‍വ്വേശ്വരനോട് നന്ദി പറയുന്നു......
തന്റെ പ്രൊഫഷന്റെ മഹത്വം കാത്തു സൂക്ഷിക്കുന്ന തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ ഗൈനിക് ഡോക്ടര്‍ റഫീക്കാ മാഡത്തിനെ കുറിച്ച് കൂടി എഴുതാതെ ഈ കുറിപ്പ് പൂര്‍ണ്ണമാകില്ല.കിംസ് ഹോസ്പിറ്റലിനെ കുറിച്ച് എനിക്ക് വലിയ അഭിപ്രായമില്ലായിരുന്നു.പക്ഷേ റഫീക്ക മാഡത്തിനെ കുറിച്ച് കേട്ടപ്പോ പിന്നെ ഒന്നും ചിന്തിച്ചില്ല.ആദ്യത്തെ കണ്സള്ട്ടേഷനില് തന്നെ അത് മനസിലാവുകയും ചെയ്തു.ഡോക്ടര്‍ തന്ന ഒരു പോസിറ്റീവ് എനര്‍ജി കൂടിയാവണം ഒരു പേടിയും കൂടാതെ സര്‍ജറിയെ നേരിടാനും, പെട്ടന്നുള്ള റിക്കവറിക്കും കാരണമായതെന്നു വിശ്വസിക്കുന്നു. ഇത് വരെ കണ്ടിട്ടുള്ള ഡോക്ടര്‍മാരില്‍ വിരളം പേരെ എന്റെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുള്ളൂ, അതില്‍ റഫീക്ക മാഡത്തിനെയും പൂര്‍ണ്ണ മനസോടെ സ്വീകരിക്കുന്നു.....
Monday, October 2, 2017
സിന്ദൂരം.....
കനവായ് നിനവായ്
നിറഞ്ഞു നില്ക്കുന്നു നീയെന്നും
അകലാതെ അകലുന്ന മനസ്സ് പോലെ
അറിയാതെ അകലുന്ന ഹൃദയതുടിപ്പുകള്‍
പറയാതെ പറയുന്ന വാക്ക് പോലെ
അറിയാതെ പറയുന്ന മധുര നൊമ്പരങ്ങള്‍
പാടാതെ പാടുന്ന പാട്ട് പോലെ
പാടാന്‍ കൊതിക്കുന്ന പ്രണയഗീതങ്ങള്‍
എഴുതാതെ എഴുതുന്ന കവിത പോലെ
എഴുതാന്‍ കൊതിക്കുന്ന സ്നേഹാക്ഷരങ്ങള്‍
ഒഴുകാതെ ഒഴുകുന്ന പുഴ പോലെ
നിന്നിലേക്ക് അലിഞ്ഞു ചേര്‍ന്നു ഞാന്‍
കത്താതെ കത്തുന്ന നാളം പോലെ
നീ എന്നിലേക്ക് പടര്‍ന്ന് കയറി
ഒരു പിടി ചാരമായ് കടലില്‍
അലിഞ്ഞു ചേര്‍ന്നു മായവേ
മായാതെ നില്ക്കുന്നു നെറുകില്‍
നീ ചാര്‍ത്തിയ രക്ത സിന്ദൂരം.........
Thursday, September 14, 2017
സ്വപ്നത്തൊട്ടില്‍ 💓
മനസ്സിലൊരു സ്വപ്നത്തൊട്ടിൽ
ഒരുക്കിയിരുന്നു നിനക്കായ്
കൊഞ്ചി ചിണുങ്ങി 'അമ്മ മാറിൽ
തല ചായ്ക്കാൻ നീ വരുമെന്ന്
ഞാൻ വെറുതെ കൊതിച്ചു
നീ വരില്ലെന്ന് അറിഞ്ഞിട്ടും
പ്രതീക്ഷയോടെ ഒത്തിരി നാൾ
ആ സ്വപ്നത്തൊട്ടിൽ നിനക്കായി
ഞാൻ കാത്ത് വെച്ചു
എന്നെങ്കിലും നീ
എന്നടുത്ത് അണയുമെന്ന്
ഞാൻ വെറുതെ മോഹിച്ചു
നിന്നെയുറക്കാന്‍ ആ
സ്വപ്നത്തൊട്ടിലിന്നില്ല
താരാട്ട് ശീലുകളുമില്ല
നിന്നെ അണിയിക്കാന്‍
പട്ടു പുടവയുമില്ല
നിന്നെയൂട്ടാന്‍ നറു
വെണ്ണയുമിന്നില്ല
നിനക്കായൊരുക്കിയിരുന്ന സ്വപ്ന-
ത്തൊട്ടിലിന്ന് നിലം പൊത്തി
ഒരു മാത്ര താലോലിക്കാൻ കൊതിക്കെ
ഒരു നിഴലായ് എന്നിൽ നിന്നും
നീ നടന്ന് അകന്നു..........
Monday, July 24, 2017
പ്രണയാക്ഷരങ്ങള്‍ ♥️
രണ്ടാം സമ്മാനം കിട്ടിയ പ്രണയ ലേഖനം.ഇത് കാണുമ്പോ നിങ്ങള്‍ വിചാരിക്കരുത് പ്രണയലേഖനം എഴുതി എനിക്ക് നല്ല പരിചയം ആണെന്ന്.മത്സരം കണ്ടപ്പോ ഒന്ന് പയറ്റി നോക്കാന്ന് കരുതി കയറിയതാ 😊
ഹൃദയ വേദനയോടെ പ്രണയാക്ഷരങ്ങള്‍ കൊണ്ട് നീ ചാലിച്ചെഴുതിയ ഈ പ്രണയ ലേഖനം ഒത്തിരി സന്തോഷത്തോടെ അതിലേറെ വേദനയോടെ ഞാന്‍ വായിച്ചു തീര്‍ത്തു.എത്രയോ നാളുകള്‍ക്ക് മുന്നേ നിന്നില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന വാക്കുകളും വരികളും.അതിനു വേണ്ടി ഇത്രയും നാള് കാത്തിരിക്കേണ്ടി വന്ന വേദനയും.ഓരോ വരികളിലും നിനക്ക് എന്നോടുള്ള പ്രണയം ഞാന്‍ വായിച്ചെടുത്തു.എത്രയോ പ്രാവശ്യം വീണ്ടും വീണ്ടും ഞാനിതു വായിച്ചെന്നു നിനക്കറിയാമോ.ഓരോ പ്രാവശ്യവും ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഞാനിത് വായിച്ചു തീര്‍ത്തത്.ഇന്ന് ഇതിലെ ഓരോ വാക്കും എനിക്ക് മനപാഠമാണ്.നിന്നില്‍ നിന്ന് ഞാനെന്നോ കേള്‍ക്കാന്‍ ആഗ്രഹിച്ചതായിരുന്നു ഇതിലെ ഓരോ വരിയും.സ്നേഹാക്ഷരങ്ങള്‍ കൊണ്ട് നീ തീര്‍ത്ത ഈ വരികളില്‍ നിന്ന് മനസിലാകും,എന്നോടുള്ള പ്രണയം തുടിക്കുന്ന നിന്റെ മനസ്.
ഹൃദയ വേദനയോടെ പ്രണയാക്ഷരങ്ങള്‍ കൊണ്ട് നീ ചാലിച്ചെഴുതിയ ഈ പ്രണയ ലേഖനം ഒത്തിരി സന്തോഷത്തോടെ അതിലേറെ വേദനയോടെ ഞാന്‍ വായിച്ചു തീര്‍ത്തു.എത്രയോ നാളുകള്‍ക്ക് മുന്നേ നിന്നില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന വാക്കുകളും വരികളും.അതിനു വേണ്ടി ഇത്രയും നാള് കാത്തിരിക്കേണ്ടി വന്ന വേദനയും.ഓരോ വരികളിലും നിനക്ക് എന്നോടുള്ള പ്രണയം ഞാന്‍ വായിച്ചെടുത്തു.എത്രയോ പ്രാവശ്യം വീണ്ടും വീണ്ടും ഞാനിതു വായിച്ചെന്നു നിനക്കറിയാമോ.ഓരോ പ്രാവശ്യവും ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഞാനിത് വായിച്ചു തീര്‍ത്തത്.ഇന്ന് ഇതിലെ ഓരോ വാക്കും എനിക്ക് മനപാഠമാണ്.നിന്നില്‍ നിന്ന് ഞാനെന്നോ കേള്‍ക്കാന്‍ ആഗ്രഹിച്ചതായിരുന്നു ഇതിലെ ഓരോ വരിയും.സ്നേഹാക്ഷരങ്ങള്‍ കൊണ്ട് നീ തീര്‍ത്ത ഈ വരികളില്‍ നിന്ന് മനസിലാകും,എന്നോടുള്ള പ്രണയം തുടിക്കുന്ന നിന്റെ മനസ്.
ഹൃദയവേദനയോടെ തൂലിക ചലിപ്പിക്കുന്ന നിന്റെ മുഖമാണ് ഈ പ്രണയലേഖനത്തിലൂടെ ഞാന്‍ കണ്ടത്.നീ എന്നടുത്ത് എത്തുമ്പോഴൊക്കെ നിന്നോട് പറയാന്‍ ഞാന്‍ കരുതിയിരുന്ന വാക്കുകള്‍, പറയാനാകാതെ ഞാന്‍ മൌനത്തോടെ നിന്നു. അത് നിന്നോട് എനിക്കുള്ള സ്നേഹകൂടുതല് കൊണ്ട് തന്നെയാണ്.നിന്നെ എനിക്ക് നഷ്ടമകുമോ എന്ന പേടിയും.യാഥാസ്ഥിതികരായ എന്റെ വീട്ടുകാര്‍ ഒരിക്കലും നമ്മുടെ ഈ ബന്ധത്തിനെ അനുകൂലിക്കില്ല. നിന്നെ അവര്‍ അപായപ്പെടുത്തുമോയെന്ന ആശങ്ക തന്നെയാവാം എന്നെ നിന്നില്‍ നിന്ന് മാറിനില്ക്കാന് പ്രേരിപ്പിച്ചതും.നിന്നോടൊപ്പം ചിലവിട്ട ഓരോ നിമിഷവും സുന്ദര നിമിഷങ്ങളായി എന്റെ ഓര്‍മ്മയില്‍ എന്നും ഞാന്‍ സൂക്ഷിക്കും. നിനക്ക് എന്നോടുള്ള പ്രണയം നിന്റെ കണ്ണുകളില്‍ നിന്ന് പലപ്പോഴും ഞാന്‍ വായിച്ചെടുത്തതാണ്.
നിന്നെയും നിന്റെ ഓര്‍മ്മകളെയും നെഞ്ചോട് ചേര്‍ത്ത് വെച്ചേ ഞാന്‍ ഇത് വരെ കഴിഞ്ഞുട്ടുള്ളൂ. നിന്റെ ഹൃദയാക്ഷരങ്ങളില്‍ ചാലിച്ചെഴുതിയ ഈ പ്രണയ ലേഖനം,മനസ്സിന്റെ പെട്ടകത്തില്‍ നിധിയായ് ഞാന്‍ എന്നും കാത്തു വെയ്ക്കും.നിനക്ക് നന്മകള് മാത്രം വരട്ടെയെന്ന് പ്രാര്‍ഥിച്ചു കൊണ്ട് നിന്റെ.....
സ്വപ്ന സൌധം 🏠
മധുരമാം വാക്കുകളുടെ
തീരത്ത് നിന്ന് ഞാനൊരു
സ്വപ്ന സൌധം പണിതുയര്‍ത്തി
വാക്കുകളില്‍ തറച്ചിരുന്ന
കൂരമ്പ് കാണാന്‍ ഞാന്‍ മറന്നു പോയി
സ്വപ്ന സൌധത്തില്‍ നിറച്ചിരുന്ന
സ്വപ്നങ്ങളെല്ലാം വ്യര്‍ത്ഥങ്ങളായിരുന്നു
ശ്രുതിതെറ്റി പാടിയ പൂങ്കുയില്‍
വീണ്ടും കാകന്റെ കൂട്ടില്‍ മുട്ടയിട്ടു
കാകമ്മ വളര്‍ത്തിയ കാക്കകുയില്‍
ശ്രുതി ചേര്‍ത്ത് പാടി പറന്നകന്നു
വാക്കുകളാല്‍ തീര്‍ത്ത മണി മാളിക
മലര്‍പ്പൊടിക്കാരന്റെ വ്യാമോഹം
പോല്‍ തകര്‍ന്നടിഞ്ഞു
വര്‍ണ്ണ സ്വപ്നങ്ങള്‍ കൊണ്ട്
പണിതുയര്‍ത്തിയ സ്വപ്ന സൌധം
നിണമില്ലാത്ത രൂപങ്ങള്‍
പടര്‍ന്നിറങ്ങി തച്ചുടച്ചു........
Saturday, July 22, 2017
ഇനിയുമുണ്ടൊരു ജന്മമെങ്കില് 💖
ആ ബാല്യത്തിലേക്ക് മടങ്ങണം
അനുഭവിച്ച് കൊതിതീരാത്ത
അച്ഛന്റെ സ്നേഹം
ആവോളം ആസ്വദിക്കാന്‍
കൊഞ്ചി ചിണുങ്ങി അച്ഛന്റെ
വിരല്‍ത്തുമ്പ് പിടിച്ച് നടക്കാന്‍
ഒന്ന് തട്ടി വീണാലോടി വന്ന്
സ്നേഹത്തോടെ സാന്ത്വനിപ്പിക്കുന്ന
അച്ഛനെ കാണാന്‍
മോളേയെന്ന അച്ഛന്റെ വിളി കേട്ട്
മനസ് കുളിര്‍ക്കാന്‍
അച്ഛായെന്ന് ഒരായിരം വട്ടം വിളിച്ച്
സന്തോഷത്തോടെ പുറകേ നടക്കാന്‍
അച്ഛന്റെ ശാസനകേട്ട് പൊട്ടിക്കരയുമ്പോള്‍
വാത്സല്യത്തോടെ ആശ്വസിപ്പിക്കുന്ന
അച്ഛന്റെ ആ മുഖം കാണാന്‍
അച്ഛന്റെ വരവും കാത്ത്
കൈയ്യിലെ പൊതിയും പ്രതീക്ഷിച്ച്
കൊതിയോടെ കാത്തിരിയ്ക്കാന്‍
സ്നേഹത്തിന്റെ മാധുര്യം നിറച്ച്
അച്ഛന് കുഴച്ചു തരുന്ന ഒരുരുള
ചോറിന്റെ രുചി നുകരാന്‍...
അനുഭവിച്ച് കൊതിതീരാത്ത
അച്ഛന്റെ സ്നേഹം
ആവോളം ആസ്വദിക്കാന്‍
കൊഞ്ചി ചിണുങ്ങി അച്ഛന്റെ
വിരല്‍ത്തുമ്പ് പിടിച്ച് നടക്കാന്‍
ഒന്ന് തട്ടി വീണാലോടി വന്ന്
സ്നേഹത്തോടെ സാന്ത്വനിപ്പിക്കുന്ന
അച്ഛനെ കാണാന്‍
മോളേയെന്ന അച്ഛന്റെ വിളി കേട്ട്
മനസ് കുളിര്‍ക്കാന്‍
അച്ഛായെന്ന് ഒരായിരം വട്ടം വിളിച്ച്
സന്തോഷത്തോടെ പുറകേ നടക്കാന്‍
അച്ഛന്റെ ശാസനകേട്ട് പൊട്ടിക്കരയുമ്പോള്‍
വാത്സല്യത്തോടെ ആശ്വസിപ്പിക്കുന്ന
അച്ഛന്റെ ആ മുഖം കാണാന്‍
അച്ഛന്റെ വരവും കാത്ത്
കൈയ്യിലെ പൊതിയും പ്രതീക്ഷിച്ച്
കൊതിയോടെ കാത്തിരിയ്ക്കാന്‍
സ്നേഹത്തിന്റെ മാധുര്യം നിറച്ച്
അച്ഛന് കുഴച്ചു തരുന്ന ഒരുരുള
ചോറിന്റെ രുചി നുകരാന്‍...
Sunday, May 28, 2017
പ്രത്യാശ....
എഫ് ബി യിലെ ഒരു ഗ്രൂപ്പില്‍ കഥാമത്സരത്തിന് രണ്ടാം സ്ഥാനം നേടിയ എന്റെ വരികള്‍
വിശന്നു വയറ് കാളുന്നു, തന്റെ കണ്ണില്‍ നിന്നുതിര്‍ന്ന നീര്തുള്ളികളെ തൂത്തെറിഞ്ഞു അവന്.തനിക്ക് കരയാന്‍ സമയമില്ല , ഇനിയും ഒരു പാട് ജോലികള്‍ ചെയ്തു തീര്‍ത്താലെ വിശപ്പകറ്റാന്‍ എന്തെങ്കിലും കിട്ടുള്ളു. അവന് ഓര്‍ക്കുകയായിരുന്നു, ആ ദിനങ്ങള്‍.താനും അനിയനും അച്ഛനും അമ്മയുമടങ്ങിയ ആ സന്തുഷ്ട കുടുംബം. തന്റെ അനിയന് ഉണ്ണിക്കുട്ടന് തനിക്ക് ജീവിനായിരുന്നു.പെട്ടന്നാണ് തന്റെ കുടുംബത്തിന്റെ സന്തോഷമില്ലാതായത്.അച്ഛന്റെയും അമ്മയുടെയും സംസാരത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞു,അച്ഛന്റെ ബിസിനസ്സ് നഷ്ടത്തിലായി.അനാഥയായ തന്റെ അമ്മയെ വിവാഹം കഴിച്ചത് കൊണ്ട് തന്നെ, അച്ഛന്റെ വീട്ടുകാര്‍ പോലും എതിരായിരുന്നു.വീട്ടില്‍ കടക്കാര് കയറി ഇറങ്ങാന്‍ തുടങ്ങി.
അന്ന് രാത്രി അത്താഴത്തിന് തങ്ങള്‍ക്കിഷ്ടപ്പെട്ടതൊക്കെ അമ്മ ഒരുക്കിയിരുന്നു. നമ്മള് രണ്ട് മക്കളെയും അരികില്‍ ഇരുത്തി അച്ഛനും അമ്മയും സ്നേഹത്തോടെ ഞങ്ങളെ ഊട്ടി. അത് അവസാനത്തെ അത്താഴമാണെന്ന് അറിയാതെ രുചിയോടെ ഭക്ഷിച്ചു.അമ്മയുടെ കണ്ണില്‍ നിന്നടര്‍ന്നു വീണ ചൂടുള്ള ആ കണ്ണുനീര്‍ത്തുള്ളികളുടെ അര്‍ഥം പിന്നീടാണ് തനിക്ക് മനസിലായത്.ആ അത്താഴത്തില്‍ വിഷം കലര്‍ത്തിയിരുന്നു. കണ്ണ് തുറക്കുമ്പോള്‍ താന്‍ ആശുപത്രിയില്‍ ആയിരുന്നു.അച്ഛനും അമ്മയും ഈ ലോക വിട്ട് പോയെന്നും, തന്റെ ജീവനായ ഉണ്ണികുട്ടനെ ഏതോ അനാഥാലയത്തില്‍ കൊണ്ട് പോയെന്നും വേദനയോടെ കേട്ടിരുന്നു. തന്നെ ഏറ്റെടുക്കാന്‍ എത്തിയത് അച്ഛന്റെ അകന്ന ബന്ധത്തിലെ ഹോട്ടല്‍ ഉടമയായ അമ്മാവന് ആയിരുന്നു.ഒരു പാട് പ്രതീക്ഷിച്ചിരുന്നു, ഇവിടെ വന്നപ്പോ കിട്ടിയതോ, രാപ്പകല്‍ ഇല്ലാതെ കഠിനാധ്വാനവും. അവനിന്ന് ആരോടും പരാതിയില്ല തങ്ങളെ അനാഥരാക്കിപ്പോയ മാതാപിതാക്കളോട് പോലും.ശോകം നിറഞ്ഞ അവന്റെ ആ കണ്ണുകളില്‍ ഇന്നൊരു പ്രതീക്ഷയുണ്ട്.തന്റെ ജീവനായ ഉണ്ണിക്കുട്ടനെ കണ്ടു പിടിച്ച് അവനു വേണ്ടി ജീവിക്കണമെന്ന ആഗ്രഹം.ആ കുഞ്ഞു മനസിന്റെ ആഗ്രഹം നിറവേറട്ടെ..........
Wednesday, April 12, 2017
വിഷുക്കണി...
വിഷുപക്ഷി തന് മധുര നാദം കേട്ട്
അറിയാതെ നിനച്ചു ഞാന്‍ നിന്നെ
അകലെയാണെങ്കിലും ഓര്‍ക്കുന്നു
ഞാന്നെന്നും ആ വിഷുപ്പുലരികളും
നീ എനിക്കേകിയ മാധുര്യമേറിയ
വിഷുക്കണികളും....
നിന്റെ കുപ്പിവളകളുടെ പൊട്ടിച്ചിരിക്കായി
ആ പ്രഭാതങ്ങളില്‍ ഞാന്‍ കാതോര്‍ത്തിരുന്നു
എനിക്ക് വേണ്ടി ചിലച്ചിരുന്ന
വിഷുപ്പക്ഷി നീയായിരുന്നെന്നും
കാതില്‍ കിന്നാര മോതിയിരുന്ന
വിഷുപ്പക്ഷിയും പറന്നകന്നു...
പട്ടുപാവാടയും ബ്ലൌസും അണിഞ്ഞ്
അഴകാര്‍ന്ന നിന് മുടി മാടിയൊതുക്കി
നാണിച്ചു വന്നെനിക്ക് നല്കിയ
വിഷുക്കൈനീട്ടം ഞാന്‍ മറക്കുവതെങ്ങനെ
വിളറിയ എന്‍ മുഖം കണ്ട്
കൂട്ടുകാരോടൊത്ത് നീ പൊട്ടിച്ചിരിച്ചതും
ഒരുമിച്ചിരുന്ന് വിഷു സദ്യയുണ്ടതും
ഇടക്കണ്ണിട്ട് നീ എന്നെ നോക്കിയതും
മനസ്സിന്റെ മണിച്ചെപ്പില്‍ നിറമാര്‍ന്ന
വിഷു ഓര്‍മ്മകളിന്നും....
അണയില്ലാ വിഷു നാളുകളിനിയെങ്കിലും
ഓര്‍മ്മചിരാതില്‍ ഇന്നും നിറഞ്ഞു നില്ക്കുന്നു
നീ തന്നൊരാ വിഷുക്കണികള്‍ പീലി തുണ്ടുകളായ്.......
Monday, March 6, 2017
മോഹവീണ.....
മീട്ടാന്‍ മറന്ന വീണ തന് തന്തികള്‍
മൂകമായ് കേഴുന്നതാര്‍ക്ക് വേണ്ടി
നീ ശ്രുതി മീട്ടിയ തന്തികള്‍,നിന്റെ
പാട്ടിന്റെ മാധുര്യം നുകര്‍ന്നിടുന്നു
നീ തീര്‍ത്തൊരാ രാഗ പ്രഭയില്‍
അന്നെന് ദിനങ്ങള്‍ ജ്വലിച്ചിരുന്നു....
നീ തീര്‍ത്ത സപ്തസ്വരങ്ങള്‍ തന് നാദം
കേട്ട് ഞാന്‍ ആനന്ദലഹരിയില്‍ ആറാടി
എന്റെ തന്തികള്‍ നിനക്കായുതിര്‍ത്ത
പ്രിയ ശ്രീരാഗം, പാട്ടിന്റെ പാലാഴിയായ്
ഒരിയ്ക്കലും നിലയ്ക്കാത്ത
വേണുഗാനമായ് ഒഴുകിയെത്തി
ആ സംഗീത സാഗരത്തില്‍
ഞാനലിഞ്ഞില്ലാതെയായി
നീ പാടിയ പാട്ടിന് ശീലുകള്‍, ഇന്നുമെന്‍
തന്തികളില്‍ തത്തികളിക്കുന്നു.....
നാം ഒരുമിച്ച് തീര്‍ത്തൊരാ
രാഗ പ്രപഞ്ചത്തില്‍
എല്ലാം മറന്ന് ലയിച്ചിരിക്കെ
വിറയാര്‍ന്ന പാദങ്ങളോടെ
വിട ചൊല്ലി നീ മറയവേ
എന്‍ തന്തികളുതിര്‍ത്ത മിഴിനീര്
നിന്നോര്‍മ്മ തന് രാഗ പ്രവാഹമായി
എന്നില്‍ പെയ്യ്തിറങ്ങി.....
ഒരു മാത്ര നിന്റെ പദസ്വനം
കേള്‍ക്കാന്‍ കാതോര്‍ക്കെ
പൊട്ടിയ തന്തികള്‍ നിനക്കായ്
വീണ്ടും മീട്ടാന്‍ കൊതിക്കെ
അടച്ച് പൂട്ടിയ മുറിയുടെ കോണില്‍
നിനക്കായ് കാത്തിരിക്കെ
അന്ന് നീ പാടിയ ഗസലിന് ഈരടികള്‍
ഇന്നും ഒരു സാന്ത്വനമായി
മനസ്സിനെ തഴുകി തലോടുന്നു
മോഹവീണ തന് തന്തിയില്‍ ഇന്നും ഒരു സാന്ത്വനമായി
മനസ്സിനെ തഴുകി തലോടുന്നു
വീണ്ടും നീയൊരു രാഗപ്രപഞ്ചം
തീര്‍ക്കുമെന്ന പ്രതീക്ഷയോടെ എന്നും........
Subscribe to:
Posts (Atom)