Thursday, May 22, 2014

ലഹരി...





മദ്യഷാപ്പിലിരുന്ന്‍, തന്‍റെ ഗ്ലാസിലെ അവസാന തുള്ളി 
മദ്യവും നുണഞ്ഞ് വിറയാര്‍ന്ന  കൈകളോടെ, 
പോക്കറ്റില്‍ നിന്ന്, നോട്ടുകള്‍ എടുത്ത് നല്‍കി 
നിലക്കാത്ത പാദങ്ങളോടെ അയാള്‍ മദ്യഷാപ്പിന്റെറ  
പടികളിറങ്ങി, ഇരുട്ടില്‍ നിന്ന് വന്ന രൂപങ്ങളുടെ 
അഭ്യര്‍ഥന മാനിച്ച്, ഒരു പെഗ്ഗ് വാങ്ങി താ..അളിയാ, 
പോക്കെറ്റിലുണ്ടായിരുന്ന അവസാന നോട്ടും നല്‍കി, 
അഭിമാനത്തോടെ ഉടുമുണ്ടൂരി തലയില്‍ കെട്ടി, 
വഴി നീളെ പൂര പാട്ടും പാടി, വീടിന്റെ ഗേറ്റ് ചവിട്ടി 
തുറന്ന്, ഭാര്യയെ തെറിയും വിളിച്ച്...

ഒന്നുമറിയാതെ യജമാനനെ നോക്കി വാലാട്ടിയ നായ്ക്ക്,
മുത്തം നല്‍കി,നീയാടാ, എന്‍റെ മോന്‍, ലഹരിയില്‍ 
അവനാണ്, അയാളുടെ മകന്‍,നന്ദി സൂചകമായി അവന്‍ 
അയാളെ മുട്ടിയുരുമ്മി...

ഉമ്മറത്ത്‌ പഠിത്തത്തില്‍ മുഴുകിയ മകന്‍റെ പുസ്തകങ്ങള്‍ 
തട്ടി എറിഞ്ഞ്‌, വിറയ്ക്കുന്ന ശരീരത്തോടെ, ഭാര്യ 
കൂലിവേല ചെയ്യ്ത് ഉണ്ടാക്കിയ ഭക്ഷണം ചവിട്ടിയെറിഞ്ഞ്, 
അവളുടെ അച്ഛനെ തെറി വിളിച്ച്, മനസമാധാനത്തോടെ,
ഉറങ്ങുന്നതിനിടയിലും അയാള്‍,സംസാരിച്ച് കൊണ്ടേയിരുന്നു, 
ലഹരിയുടെ ആലസ്യത്തില്‍....

താന്‍ മുണ്ട് മുറുക്കിയുടുത്ത് ഉണ്ടാക്കിയ, അയാള്‍ ചവിട്ടി 
എറിഞ്ഞ കഞ്ഞിയും,പയറും, വൃത്തിയാക്കുന്നതിനിടയില്‍
അവളും സംസാരിച്ചു കൊണ്ടേയിരുന്നു , തന്‍റെ വിധിയോര്‍ത്ത്
അയാളുടെ മടിയില്‍ നിന്ന് വീണ മദ്യ കുപ്പിയിലെ അവസാന 
തുള്ളി ലഹരി നുണയുന്ന തിരക്കിലായിരുന്നു പതിനൊന്ന് 
-കാരനായ അയാളുടെ ഒരേ ഒരു മകന്‍........






Monday, May 19, 2014

ഓര്‍മ്മയിലെ മുഖം...



ഓർമ്മയിലെ മുഖമെന്നും
എന്നുമെൻ ഓമന മുഖം
മനസിന്റെയുള്ളിൽ ഒളിച്ചിരുന്നാ 
മുഖം നിഴൽക്കൂത്താടുന്നു 
കണ്ണാടിയിൽ തെളിയാത്തൊരാ 
മുഖത്തിനെപ്പോഴും സങ്കടഭാവം മാത്രം 
ഒരു മാത്ര വേണ്ടെന്ന് ചൊല്ലിയാലും 
എൻ മനക്കണ്ണിലാ മുഖം തെളിഞ്ഞു നിൽക്കും
ഞാനൊന്ന് ചിരിച്ചാൽ പരിഭവം ചൊല്ലും 
ഒന്ന് കരഞ്ഞാലോ പൊട്ടിച്ചിരിക്കും 
എത്ര ചൊല്ലി ഞാനെൻ കൂട്ടുകാരാ 
വിടചൊല്ലി പിരിയാനെന്തേ അമാന്തം...

സന്തോഷവും സങ്കടവും നിറഞ്ഞതാണീ 
ജീവിതമെന്ന നിന്റെ വാക്കുകൾ 
സങ്കടം നിറഞ്ഞ നിഴലായി മനുഷ്യ മനസ്സിൽ 
വിഹരിക്കുമെന്ന നിന്റെ പ്രവചനവും 
നിഴലായി,നിഴൽക്കൂത്താടുന്ന പാവകളെ 
പോലെ,മനുഷ്യ മനസ്സിൽ സങ്കടത്തിന്റെ 
അഗ്നി പടർത്തി നീ ആർത്തു ചിരിക്കുമ്പോഴും 
പ്രിയ മിത്രമേ ഒന്ന് ഓർക്കുക,നിനക്കും 
ഒരു ദിവസം വരും,അത് നിന്റെ 
നാശത്തിന്റെ ദിനമാവാതിരിക്കട്ടെ....

താത്കാലികമായ ഈ ലോകം കണ്ട് 
മയങ്ങാതിരിയ്ക്കാൻ,മനുഷ്യ മനസ്സുകളെ 
ഞാനെന്റെ സങ്കടമാകുന്ന പാശത്താൽ 
ഒന്ന് കെട്ടിയിട്ടോട്ടെ,എന്റെ മനസ് വായിച്ച നീ
എന്നോട് ചൊല്ലിയ വാക്കുകൾ കേട്ട്
ഒരു മാത്ര ഉത്തരമില്ലാതെ നിന്ന നേരം 
മുരുക്കിൽ നിന്നിറങ്ങിയ വേതാളത്തെ പോൽ 
വീണ്ടും നീയെൻ മനസ്സിൽ ഇടം പിടിച്ചു 
നിന്റെ ചോദ്യത്തിനുത്തരം തേടി 
ഞാനിന്നും ഇരിപ്പൂ....(Re written 31/10/2018)

Monday, May 12, 2014

ഓര്‍മ്മയിലെ പീലി തുണ്ട്....




മനസ്സിന്‍റെ മണിചെപ്പില്‍ സൂക്ഷിക്കുന്ന
ഒരു പിടി മഞ്ചാടിയും, മയില്‍പീലി
തുണ്ടുകളും, ഒരിക്കലും തിരിച്ച് കിട്ടാത്ത
ബാല്യകാലത്തിന്റെറ....ഓര്‍മ്മകള്‍


അന്ന് നീ തന്നൊരാ മയില്‍‌പീലി തുണ്ടുകള്‍
എന്നുമെന്‍ പുസ്തക താളില്‍ മറഞ്ഞിരുന്നു
ഒരു നിധിയായി ഞാനാ മയില്‍‌പീലി തുണ്ടുകളെ
മനസ്സിന്‍റെ പെട്ടകത്തില്‍ കാത്ത് വെച്ചു
നീയെന്‍ കാതിലോതിയ വാക്കുകള്‍, ഇന്നുമെന്‍
ഓര്‍മ്മയില്‍ തെളിഞ്ഞ് നില്പ്പൂ
മയില്‍പ്പീലി ഞാന്‍ തരാം മറക്കാതിരിക്കാനായി


അന്ധകാരത്തില്‍ ഒളിച്ചിരുന്നാ മയില്‍പീലി
തുണ്ടുകള്‍ ഗദ്ഗദത്തോടെ നിശ്വസിച്ചിടുന്നു
ഇരട്ടിയാകുമെന്ന വ്യാമോഹത്താല്‍ ഒരിക്കലും
ഞാനാ, മയില്‍ പീലി തുണ്ടുകളെ വെളിച്ചത്തിലേക്ക്
വിളിച്ചതില്ല, പാഴ്മോഹം ആണെന്നറിഞ്ഞിട്ടും,
ആ മയില്‍‌പീലി തുണ്ടുകള്‍, നിന്‍റെ വരവിനെ
പ്രതീക്ഷയോടെ കാത്തിരിക്കുന്നു
ശാപമോക്ഷം നേടി വീണ്ടുമൊരു ജന്മത്തിനായ്
മയില്‍പീലി ഞാന്‍ തരാം മറക്കാതിരിക്കാനായി
വീണ്ടുമെന്‍ അരികില്‍ വന്ന് നീ വിളിക്കുമെങ്കില്‍.....

Tuesday, May 6, 2014

അംബരവാസികള്‍....



പ്രകൃതി ദേവി മനോഹരിയാക്കിയ നാടും 
വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളെയും 
തനിച്ചാക്കി, ഞാനൊരു പ്രവാസിയായി 
അംബരവാസിയായ പ്രവാസി...
ആകാശത്തില്‍ നിന്ന് ഭൂമിയിലേക്കിറങ്ങാന്‍ 
കറന്ററില്‍ പ്രവര്‍ത്തിക്കുന്ന ലിഫ്ററുണ്ട്
മണ്ണിന്‍റെ മണമില്ല, വാഹങ്ങനങ്ങള്‍ ഉതിര്‍ക്കുന്ന 
പെട്രോളിന്‍റെ ഗന്ധമുണ്ട് 
ഉണര്‍ത്ത് പാട്ട് പാടുന്ന കിളി കളില്ല 
നിര്‍ത്താതെ ശബ്ദിക്കുന്ന മൊബൈല്‍ 
അലാറം ഉണ്ട് 
കുശലാന്യേഷണം നടത്തുന്ന അയല്‍ക്കാറില്ല 
കണ്ടില്ലെന്ന ഭാവത്തില്‍ നടന്ന് അകലുന്ന 
അയല്‍ക്കാരും, നമ്മള്‍ സമ്മാനിക്കുന്ന 
ചെറു ചിരി പോലും, അത് കണ്ട് നാണിച്ച്
തല താഴ്ത്തും 
ചുറ്റും കൂട്ടിനായി, അംബര ചുംബികളും

പാടവും, പറമ്പും വെട്ടി നിരത്തി ഫ്ലാറ്റുകള്‍ 
പണിയുന്ന, നാടിന്റെറ അവസ്ഥയും ഇന്ന് 
വ്യത്യസ്തമല്ല, എന്നാലും എന്‍റെ നാടിന്റെറ
നന്മ ഒരിക്കലും നശിക്കില്ല
ഒരുനാള്‍ മടങ്ങും ഞാനെന്‍റെ നാട്ടിലേക്ക് 
അവിടെ എനിക്കായി കാത്തിരുപ്പുണ്ട്,
ആറടി മണ്ണ്..............