ക്ലോക്കിൽ മണി മൂന്നടിച്ചു. മാലിനീ.....ചോറ് തിന്നാൻ തുടങ്ങുമ്പോഴായിരുന്നു ഗോമതി അമ്മയുടെ വിളി. പാത്രം അടച്ചു വെച്ച് മാലിനി ഗോമതി അമ്മയുടെ മുറിയിലേക്ക് ചെന്നു. എന്താ അമ്മേ....എൻ്റെ വലത് കാലിന് വല്ലൊത്തൊരു വേദന ആ കുഴമ്പ് ഇട്ടൊന്ന് തിരുമ്മി താ.മാലിനി കുഴമ്പ് ഇട്ട് കാല് തിരുമ്മി കൊടുത്തു. വെള്ളം ചൂടാക്കണം എനിക്ക് ഒന്ന് മേല് കഴുകണം. ചൂടാക്കി തരാം അമ്മേ. ആ പയ്യിന് വെള്ളം കൊടുത്തോ.അതിന് കൊടുത്തിട്ടാ അമ്മേ ഞാൻ ചോറ് തിന്നാനായി ഇരുന്നത്. അതെന്തിനാ വീണ്ടും കിടന്ന് വിളിക്കുന്നത്.കുറച്ചു വൈക്കോൽ കൂടി എടുത്തിട്ടു കൊടുക്ക്. ഒന്നും മിണ്ടാതെ മാലിനി അടുക്കളയിലേക്ക് നടന്നു. വിശപ്പൊക്കെ തീർന്നു. ഇനി രാത്രി കഴിക്കാം.പയ്യിന് വൈക്കോൽ കൊടുത്തിട്ട് അമ്മയ്ക്ക് വെള്ളം ചൂടാക്കണം.ഇപ്പോ വിളി വരും.
അമ്മേ...മക്കൾ രണ്ടു പേരും സ്‌കൂളിൽ നിന്ന് എത്തി. അമ്മേ ഈ ചേട്ടൻ എനിക്ക് മിഠായി തന്നില്ല.അതെന്താ നീ ഉണ്ണിക്കുട്ടന് മിഠായി കൊടുക്കാത്തെ.എന്റെ ഫ്രണ്ടിന്റെ ബെർത് ഡേക്ക് അവൻ തന്നതാ. ഇവനോട് വേണോന്ന് ചോദിച്ചപ്പോ ഇവൻ ഗമ കാണിച്ചു.അതാ ഞാൻ കഴിച്ചത്.പോട്ടെ ഉണ്ണിക്കുട്ടാ അച്ഛൻ വരുമ്പോ നമുക്ക് മിഠായി വാങ്ങിക്കാം. മാലിനി മക്കൾ വന്നോ.വന്നമ്മേ.അമ്മൂമ്മ വിളിക്കുന്നു എന്തിനാന്നു ചോദിച്ചിട്ട് വരൂ ഉണ്ണിക്കുട്ടാ.അപ്പോഴേക്കും 'അമ്മ ചായ എടുക്കാം.രണ്ട് പേരെയും കുളിപ്പിച്ച് ചായയും കൊടുത്തു.ഹോം വർക്ക് ചെയ്യാനുള്ളതൊക്കെ എടുത്ത് വെയ്ക്ക് രണ്ടു പേരും. അമ്മൂമ്മക്ക് ചായ കൊടുത്തിട്ടു 'അമ്മ ദാ വരുന്നു. ഇനി അവരോടൊപ്പമുള്ള ഗുസ്തിയാണ്.ഉണ്ണിക്കുട്ടൻ പഠിക്കാൻ ഉഴപ്പനാണ്. അവന് അടി കൊടുത്താൽ വലിയ വായിൽ കരയും,അത് കേൾക്കുമ്പോ അമ്മൂമ്മ എന്നെ വഴക്കു പറയുമെന്ന് അവനറിയാം. അത് കണക്കാക്കി തന്നെ ഒന്ന് തൊട്ടാൽ പോലും അവൻ വലിയ വായിൽ കരയും.
സമയം ആറ് ആകുന്നു.ദാസേട്ടൻ വരാനുള്ള സമയം ആയല്ലോ.ചായയിട്ട് വെയ്ക്കാം. വരുമ്പോഴേ ചായ എടുക്ക് മാലിനി എന്ന് പറഞ്ഞാവും കയറി വരുക.ദാസന് ചായ കൊടുക്കുന്നതിനിടയിലാണ് ഗോമതി 'അമ്മ വിളിച്ച് ചോദിച്ചത്,മാലിനി ആ പയ്യിനെ അഴിച്ചു അകത്ത് കെട്ടിയോ.ഇല്ല അമ്മേ ദാ കെട്ടാൻ പോണു.ഇതിനിടയിൽ ആ പയ്യിന്റെ കാര്യങ്ങൾ കൂടി നോക്കണം. അതെങ്ങനെ വേറെ എവിടുന്ന് പാല് വാങ്ങി ചായ ഇട്ടാലും ഇവിടെ ആർക്കും പിടിക്കില്ലല്ലോ.ദാസേട്ടൻ ആണെങ്കിൽ അതിന്റെ ഒരു കാര്യവും ശ്രദ്ധിക്കില്ല. നീ അല്ലെ അതിനോട് അടുപ്പം ഞാൻ അഴിക്കാൻ ചെന്നാൽ എന്നെ തള്ളിയിട്ടാലോ.പയ്യിനേം അഴിച്ചു കെട്ടി കുളിച്ചിട്ട് വന്നപ്പോഴേക്കും മണി ഏഴ്. രാത്രിയിലേക്കുള്ള ഭക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണ് മാലിനി. അമ്മക്ക് ഷുഗർ ഉള്ളത് കൊണ്ട് മൂന്നു നേരവും ഗോതമ്പ് ആഹാരം ആണ്. രാത്രി ദോശയോ ചപ്പാത്തിയോ ഉണ്ടാക്കണം.മക്കൾക്ക് ന്യൂഡിൽസോ അങ്ങനെ എന്തേലും.ദാസേട്ടന് ചൂട് ചോറ് വേണം.രാത്രി എല്ലാം കഴിഞ്ഞു പാത്രങ്ങൾ കഴുകി അടുക്കള വൃത്തിയാക്കി കഴിയുമ്പോഴേക്കും മണി പത്ത്.അത് കഴിഞ്ഞ് അമ്മയ്ക്ക് കാലിൽ കുഴമ്പും ഇട്ട് കൊടുത്ത്,ചിലപ്പോ കാല് തിരുമ്മാനും പറയും. അതൊക്കെ കഴിഞ്ഞു കിടക്കാൻ റൂമിലേക്ക് ചെല്ലുമ്പോഴേക്കും മണി പതിനൊന്ന്.
അപ്പോഴേക്കും അച്ഛനും മക്കളും രണ്ടുറക്കം കഴിഞ്ഞിട്ടുണ്ടാകും.നാല് മണിക്ക് അലാറം വെച്ച് ആ കട്ടിലിന്റെ അറ്റത്ത് നടു ഒന്ന് നിവർത്തുമ്പോഴേക്കും അലാറം അടിച്ചിട്ടുണ്ടാവും. താൻ എഴുന്നേൽക്കാൻ തുടങ്ങുമ്പോ ആവും ദാസേട്ടന്റെ കൈകൾ തന്നെ വരിഞ്ഞു മുറുക്കുന്നത്. വിടൂ ദാസേട്ടാ മണി നാലായി, പയ്യിനെ പാല് കറക്കാൻ ആള് ഇപ്പൊ വരും. സ്നേഹത്തോടെ ആ കൈ വിടുവിച്ച് കട്ടിലിൽ നിന്ന് എഴുന്നേറ്റ് ഉറക്കച്ചടവോടെ അടുക്കളയിലേക്ക്. ചായയ്ക്കുള്ള വെള്ളം അടുപ്പിൽ വെച്ച് പയ്യിന്റെ തൊഴുത്തിൽ നിന്നും ചാണകം വലിച്ചു നീക്കി. ബ്രേക്ക് ഫാസ്റ്റിനുളളത് റെഡി ആക്കണം. അതിനിടയിൽ അച്ഛനും മക്കൾക്കും ചോറ് കൊണ്ട് പോകാനുള്ളത് റെഡി ആക്കണം.'അമ്മ അതിനിടയിൽ വിളിക്കും അങ്ങോട്ട് ഓടി എത്തണം.എല്ലാം കഴിഞ്ഞു കാപ്പി കുടിച്ചെന്നു വരുത്തി തീർത്ത്പത്ത് മണി ആവുമ്പോഴേക്കും ചന്തയിൽ പോണം. തിരികെ വന്ന് അമ്മക്കുള്ള ഗോതമ്പ് കഞ്ഞി റെഡി ആക്കണം. കറികൾ ഉണ്ടാക്കണം. കൃത്യം ഒരു മണിക്ക് 'അമ്മ ഉച്ച ഊണിന് വിളിക്കും. പയ്യിന്റെ കാര്യങ്ങൾ ആയി. തുണി കഴുകലായി.ഒന്ന് നടു നിവർത്താനായി ഇരിക്കുമ്പോ ആവും അമ്മയുടെ വിളി.
ഇന്ന് എന്തായാലും ദാസേട്ടൻ വരുമ്പോ ആ കാര്യം അവതരിപ്പിക്കണം.ദാസൻ വൈകിട്ട് വന്നപ്പോ മാലിനി ആ കാര്യം അവതരിപ്പിച്ചു.ദാസേട്ടാ എന്റെ നടുവൊക്കെ വേദനയാണ്. തുണി കഴുകാൻ ഒരു വാഷിംഗ് മെഷീൻ വാങ്ങിച്ചെങ്കിൽ ഉപകാരമായേനെ. ദാസൻ മാലിനിയെ ഒന്ന് തറപ്പിച്ചു നോക്കി. ഞാൻ അമ്മയോടൊന്ന് ചോദിക്കട്ടെ.തനിക്ക് അറിയാം ദാസേട്ടൻ ഇതാ പറയുകയെന്ന്. ദാസൻ അമ്മയുടെ മുറിയിലേക്ക് നടന്നു.മാലിനിയും പുറകേ പോയി റൂമിന് വെളിയിൽ നിന്നു.അമ്മേ മാലിനിക്ക് നടു വേദനയാണ്. തുണി കഴുകാൻ വാഷിംഗ് മെഷീൻ വേണമെന്ന്. വാഷിംഗ് മെഷീനോ അതൊന്നും വേണ്ട, ഈ വീട്ടിലെ ജോലി ചെയ്യാനല്ലേ നീ അവളെ കെട്ടി കൊണ്ട് വന്നത്.അവളല്ലേ ഇപ്പോ ഇവിടത്തെ, ഉണ്ണിക്കുട്ടൻ കഴിഞ്ഞ ദിവസം ഒരു വാക്ക് പറഞ്ഞല്ലോ,എന്താ അത്,ആ ഹൌസ് വൈഫ്. മാലിനി ഓർക്കുക ആയിരുന്നു.തന്നെ പെണ്ണ് കാണാൻ വന്നപ്പോ ദാസൻ പറഞ്ഞത്. തന്റെ അച്ഛൻ പറഞ്ഞു, മാലിനി ടീച്ചർ ആവാൻ വേണ്ടിയാണ് ബി എസ് സി കഴിഞ്ഞ് ബി എഡ് പഠിച്ചത്. അതിനെന്താ കല്യാണം കഴിഞ്ഞാലും ഞാൻ അവളെ ജോലിക്ക് വിടും.ഇവിടെ വന്നിട്ടോ ജോലിക്ക് വിടാൻ 'അമ്മ തയ്യാറായില്ല. മകനും മറുത്തൊരു അഭിപ്രായം ഉണ്ടായിരുന്നില്ല.എന്നിട്ടിപ്പോ ഹൌസ് വൈഫ് ആണ് പോലും ഹൌസ് വൈഫ്.രണ്ട് മക്കളായി പോയി ഇല്ലേൽ ഞാൻ കാണിച്ച് തരായിരുന്നു. മാലിനി പിറു പിറുത്ത് കൊണ്ട് തന്റെ തട്ടകമായ അടുക്കളയിലേക്ക് നടന്നു..........
4 comments:
രണ്ട് മക്കളായി പോയി ഇല്ലേൽ ഞാൻ കാണിച്ച് തരായിരുന്നു.
നല്ല കഥ.(ധാരാളം അക്ഷരത്തെറ്റുകൾ)
അഷിതയുടെ കവിത ഓർമ്മവന്നു.
"ദിനരാത്രങ്ങളിലൂടെ, ഇടതടവില്ലാതെ,
ഉറുമ്പുപോല്‍ പണിതുനീങ്ങുന്നു
ഒരു ശരാശരി വീട്ടമ്മ......."
എഴുതി ഒന്ന് വായിച്ചു നോക്കാതെ പോസ്റ്റി.അതാ അക്ഷരത്തെറ്റുകൾ കയറി കൂടിയത്.തീർച്ചയായും ശ്രദ്ധിക്കാം :) ഇവിടെ വന്നതിലും വിലയേറിയ അഭിപ്രായത്തിനും വളരെ നന്ദി,സന്തോഷം....
അഷിതാമ്മയുടെ എത്രയോ അർത്ഥവത്തായ വരികൾ.ഒരു നിമിഷം പ്രണാമം അർപ്പിക്കാതെ വയ്യല്ലോ 🌹
വിലയേറിയ അഭിപ്രായത്തിനും വളരെ നന്ദി,സന്തോഷം:)
Post a Comment