Monday, November 10, 2014

ഓര്‍മ്മകുറിപ്പ്....
കൂട്ടുകാരികളോടോത്ത് സൊറയും പറഞ്ഞ് സ്കൂളില്‍ പോയിരുന്ന ആ കാലം. ആ സമയത്തിനെ കുറിച്ച് എത്ര വര്‍ണ്ണിച്ചാലും മതിയാവില്ല. ചെറിയൊരു ഇടവഴി കഴിഞ്ഞ് റോഡിലേക്ക് ഇറങ്ങിയുള്ള ആ യാത്രയില്‍, വീട്ടിനടുത്തുള്ള കൂട്ടുകാരികള്‍ എല്ലാരും ഉണ്ടാവും. മഴക്കാലം ആയാല്‍ ഇടവഴിയിലെ ചെളി വെള്ളത്തില്‍ കളിച്ചു കൊണ്ടുള്ള യാത. മിക്കപ്പോഴും പരസ്പരം  ചെളി വെള്ളം തെറിപ്പിക്കാനും മറന്നിരുന്നില്ല. അപ്രതീക്ഷമായി വരുന്ന മഴയും നനഞ്ഞു കൊണ്ട് വീട്ടില്‍ ചെന്നു കയറുമ്പോള്‍, അമ്മയുടെ വക ശകാരം, എന്താ കുട്ടി ഇത് കുട കൊണ്ട് പോകാന്‍ പറഞ്ഞതല്ലേ, നാളെ പനി ഉറപ്പാ. അമ്മമാര്‍ക്ക് നമ്മള്‍ എത്ര വലുതായാലും ഈ ആവലാതികള്‍ മാറില്ല. ഇപ്പൊ ആയാലും അമ്മ പറയും, തല നല്ലതുപോലെ തോര്‍ത്തി, രാസ്നാദി പൊടി ഇടാന്‍ മറക്കണ്ട കുട്ട്യേ. ഇത് തന്നെയാണ് അമ്മയുടെ സ്നേഹവും...

റോഡിന്‍റെ അരികിലുള്ള കടകളിലിരുന്നു പെണ്‍കുട്ടിളെ കമന്റ്സ് അടിക്കുന്ന പൂവാലന്‍ ചേട്ടന്മാര്‍ അന്നത്തെ സ്ഥിരം കാഴ്ചയായിരുന്നു.ഇന്നത്തെകാലത്ത് പൂവാലന്‍ ചേട്ടന്മാര്‍ അധികം ഇല്ലാന്നു തോന്നുന്നു. പെണ്‍കുട്ടികളുടെ കാലിലെ ഹൈഹീല്‍ ചെരുപ്പിനെ പേടിച്ചിട്ട്‌ ആവാം അല്ലെ. അങ്ങനെ ഇരിക്കുമ്പോഴാ സൈക്കിളില്‍ വരുന്ന ഒരു പൂവാലന്‍ ചേട്ടന്റെ രംഗ പ്രവേശം.കൂട്ടിന് ഒരു കൂട്ടുകാരന്‍ കൂടി ഉണ്ട്. പക്ഷെ കൂട്ടുകാരന്‍ നിശബ്ദന്‍ ആണ്. രാവിലെയും, വൈകിട്ടും വഴിപാട് പോലെ പുറകെ  സൈകിളില്‍ വന്ന് ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും, ഇടക്ക് പാട്ട് പാടാനും മറക്കാറില്ല. നമ്മള്‍ ഇടവഴി കഴിഞ്ഞ് റോഡിലേക്ക് കയറിയാല്‍, പൂവാലന്‍ ചേട്ടന്‍ അസ്ത്രം വിട്ട പോലെ ഒരു പോക്കാണ്.  കൂട്ടുകാരികള്‍ കുറെ പേര്‍ ഉള്ളത് കൊണ്ട് അന്ന് അത് അത്ര കാര്യമായി എടുത്തതും ഇല്ല. പൂവാലന്‍ ചേട്ടന്റെ സൈകിളിലുള്ള വരവ് തുടര്‍ന്നു കൊണ്ടേയിരുന്നു...

അന്നൊക്കെ, ക്ലാസ്സിലുള്ള ഏതെങ്കിലും  കൂട്ടുകാരികളുടെ ചേച്ചിയുടെ കല്യാണം ഉണ്ടെങ്കില്‍, ഒരു ചെറിയ പിരിവും നടത്തി, ഗിഫ്ടും വാങ്ങി  പോവാന്‍ നമ്മള്‍ കൂട്ടുകാരികളെല്ലാം റെഡി ആയിരുന്നു.  ശരിക്കും അതൊക്കെ ഒരു സന്തോഷമായിരുന്നു, അത്ര അടുപ്പം തന്നെയായിരുന്നു, ക്ലാസ്സിലെ എല്ലാ കുട്ടികളുമായും, ആരോടും ഒരു വേര്‍തിരിവും തോന്നിയിട്ടില്ല. അത് കൊണ്ട് തന്നെയാണ് ഇപ്പോഴും, എവിടെ വെച്ച് കണ്ടാലും അവരെല്ലാരും ഓടി അടുത്ത് വരുന്നതും.സ്കൂള്‍ ജീവിതം കഴിഞ്ഞപ്പോ അതിനെല്ലാം ഒരു മാറ്റം വന്നു എന്നുള്ളത് തന്നെയാണ് സത്യം.  ആ പ്രാവശ്യവും, കൂട്ടുകാരിയുടെ ചേച്ചിയുടെ വിവാഹത്തിന്‍റെ ക്ഷണം കിട്ടി. പതിവ്പോലെ തന്നെ ഒരു ഗിഫ്റ്റും വാങ്ങി, കൂട്ടുകാരികളോടൊപ്പം കല്യാണ വീട്ടില്‍ എത്തി. കൂട്ടുകാരി വീട്ടിലെ എല്ലാരെയും പരിചയപെടുത്തി. അച്ഛന്‍, അമ്മ, അനുജത്തി, അമ്മൂമ്മ.  ഒരു മിനിറ്റ് ചേട്ടനെ വിളിക്കാം. ചേട്ടാ....കൂട്ടുകാരി നീട്ടി വിളിച്ചു. ചേട്ടന്‍ എത്തി, നമ്മുടെ സൈകിളില്‍ വരുന്ന പൂവാലന്‍ ചേട്ടന്‍. ആ സമയത്ത് പൂവാലന്‍ ചേട്ടന്‍റെ മുഖത്തുണ്ടായ ചമ്മല്‍, അതൊന്നു കാണേണ്ടത് തന്നെയായിരുന്നു. ഇപ്പൊ ആലോചിക്കുമ്പോഴും ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല. അതിന് ശേഷം, പൂവാലന്‍ചേട്ടന്‍, ആ വഴിക്കുള്ള വരവേ നിര്‍ത്തി....


14 comments:

 1. പൂവാലന്മാരെ കാത്തിരിക്കുന്ന പൂവാലികളും ചിലര്‍ ഉണ്ടായിരുന്നില്ലേ?

  ReplyDelete
  Replies
  1. ഹ..ഹ..മാഷേ...നന്ദി സന്തോഷം മാഷേ....ajith...

   Delete
 2. വാഹനങ്ങളൊന്നുമില്ലാത്ത തിരക്കില്ലാത്ത വഴിയിലൂടെ നടന്നുനടന്ന് പോകുന്നത് എന്തുരസമാണ്‌...
  ഓർമ്മക്കുറിപ്പ് നന്നായിരിക്കുന്നു :)

  ReplyDelete
  Replies
  1. അതെ ഹരി..കൂട്ടുകാരോടോത്തുള്ള ആ യാത്ര...ഒരിക്കലും മറക്കാന്‍ ആവില്ല...ആ നല്ല നാളുകള്‍ തിരിച്ച് കിട്ടില്ലാന്ന് അറിയാമെങ്കിലും, മനസ്സ് വെറുതെ ആഗ്രഹിച്ചു പോകുന്നു, കൂട്ടുകാരോടൊത്ത് വീണ്ടും ആ വഴികളിലൂടെ ഒരു യാത്ര... നന്ദി, സന്തോഷം ഹരി @ Harinath...

   Delete
 3. നന്നായിരിക്കുന്നു ചേച്ചീ ...മനസ്സ് കുട്ടിക്കാലത്തേക്ക് ഒന്ന് തിരിച്ചു പോയി .... തോടുകളും പാറക്കെട്ടുകളും കടന്ന് അയല്‍വക്കത്തെ കൂട്ടുകാരും ഒന്നിച്ചുള്ള സ്കൂള്‍ യാത്ര ....നന്ദി .

  ReplyDelete
  Replies
  1. ഈ ജന്മത്തില്‍ നമുക്ക് ഇനി തിരിച്ച് കിട്ടാത്ത മധുരസ്മരണകള്‍. എന്നാലും മനസ്സ് ആഗ്രഹിച്ചുപോകുന്നു...വീണ്ടും ആ നാളുകള്‍ പുനര്‍ജനിച്ചെങ്കില്‍ എന്ന്. പ്രോത്സാഹനത്തിനും, വിലയേറിയ അഭിപ്രായത്തിനും സന്തോഷം അജേഷ്@Ajesh Mullachery

   Delete
 4. This comment has been removed by the author.

  ReplyDelete
 5. അക്കാലത്തു കൂട്ടുകാരോടൊത്ത്‌ നടന്നു പോയ ആ കാലം ഓർമ്മിപ്പിച്ചതിനു നന്ദി.
  ഇപ്പോൾ ഒരു കിലോമീറ്റർ പോലും അകലമില്ലാത്ത സ്ക്കൂളിലേക്ക്‌ ഹൈസ്കൂൾ കുട്ടികളെ വരെ ഓട്ടൊയിലും,വാനിലും മറ്റും കയറ്റി വിടുന്നത്‌ മാതാപിതാക്കൾക്ക്‌ വലിയ അഭിമാനപ്രശ്നം തന്നെയാണു.

  ReplyDelete
  Replies
  1. കൂട്ടുകാരികളോടോത്ത് സൊറയും പറഞ്ഞ് സ്കൂളില്‍ പോയിരുന്ന ആ കാലം... അത് ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു..ഇന്നത്തെ കുട്ടികള്‍ക്ക് അതൊക്കെ അന്യം തന്നെയാണ്. ഇവിടെ വന്നതിനും, വിലയേറിയ അഭിപ്രായത്തിനും, ഒത്തിരി നന്ദി, സന്തോഷം....Sudheesh Arackal...

   Delete
 6. വളരെ സജീവമായിരുന്ന പലരുടേയും ബ്ലോഗുകൾ ഇപ്പോൾ നിർജ്ജീവമാണു.

  എന്തു വിഷമമാണെന്നോ അതു വായിക്കാൻ.?

  ഫേസ്ബുക്ക്‌ ബ്ലോഗിനെ വിഴുങ്ങിക്കളഞ്ഞു.

  വായനക്കാരുമില്ലാതായി.

  പോയ കാലത്തെ ഓർമ്മകൾ മനസിൽ താലോലിക്കുന്നവർക്ക്‌ ബ്ലോഗുകൾ തന്നെയാണു ശരണം.

  വളരെ വർഷങ്ങൾക്ക്‌ മുൻപ്‌ കൈവിട്ട്‌ പോയ എന്റെ വായനാശീലം ഇപ്പോൾ എനിക്ക്‌ തിരിച്ചു കിട്ടി.

  താങ്കളെ ഞാൻ ഫോളോ ചെയ്തിട്ടുണ്ട്‌.

  വലിയ ഇടവേളകളില്ലാതെ എഴുതൂ.

  നല്ലതും ചീത്തയുമായ അഭിപ്രായങ്ങളുമായി ഞാൻ തയ്യാർ.

  ReplyDelete
  Replies
  1. വളരെ ശരിയാണ്, സജീവമായിരുന്ന പലരുടേയും ബ്ലോഗുകൾ ഇപ്പോൾ നിർജ്ജീവമാണ്. വിഷമത്തോടെ തന്നെയാണ് അത് കാണുന്നതും. ഈ പ്രോത്സാഹനത്തിന് ഒത്തിരി നന്ദി, സന്തോഷം :) Sudhessh..............

   Delete