Sunday, January 17, 2016

നിനക്കായ്........



മനതാരില്‍ നീയൊരു മായാത്ത 
ചിത്രമായിന്ന് മാറി 
ഒരു നിഴലായി കൂടെ വന്ന്
നീയെന്‍റെ കൂട്ടായി തീരുമെന്ന് 
ജീവനായി മാറുമെന്ന് അറിഞ്ഞതില്ല 
നീ പല പല വേഷങ്ങള്‍ കെട്ടിയാടി 
കയ്യിലൊരു കയറുമായി പോത്തിന്‍ പുറത്ത് 
വരുന്ന കാലന്‍റെ വേഷം നീ ഭംഗിയായി 
എന്‍റെ ജീവിതമാകുന്ന സ്റ്റേജില്‍ അവതരിപ്പിച്ചു....

നിന്നില്‍ നിന്നകലാന്‍ ശ്രമിക്കുമ്പോഴൊക്കെ 
നീ ആവേശത്തോടെ എന്നെ ഗ്രസിക്കുന്നതും 
എന്നില്‍ നിറയുന്നതും, ഇന്ന് ഞാനറിയുന്നു 
ഓരോ നിമിഷവും നീയെന്നില്‍ അലിഞ്ഞു -
ചേരുമ്പോള്‍, ഞാനറിയുന്നു,എന്‍റെ ജീവനില്‍- 
തണുപ്പ് പടരുന്നതും കൊതിയോടെ നീ നോക്കുന്നതും
നിന്‍റെ കണക്ക് പുസ്തകത്തില്‍, എന്‍റെ ജീവന് 
നീയിട്ട വിലയുടെ ദാനമാണ് ഈ ജീവിതമെന്ന് 
മറക്കുവതെങ്ങനെ....

സ്നേഹിച്ചോരെല്ലാം വിട്ടകന്നാലും
അവസാന ശ്വാസകണികവരെ
ആറടി മണ്ണില്‍ ഒടുക്കുമ്പോഴും 
കടലില്‍ അലിഞ്ഞ് ചേര്‍ന്ന്  മായുമ്പോഴും
നീ മാത്രം എന്നോടൊപ്പമുണ്ടാകുമെന്ന യാഥാര്‍ത്ഥ്യം 
ഹേ മരണമേ!!!!!!!നിന്നെ ഞാനിന്ന് വല്ലാതെ 
പ്രണയിച്ച് പോകുന്നു..... 








2 comments:

  1. മരണത്തെയും ജീവിതത്തെയും ഒരേവിധം പ്രണയിച്ചാലോ

    ReplyDelete
    Replies
    1. ജീവിതത്തിനോട് തന്നെയാണ് കൂടുതല്‍ പ്രണയം.എപ്പോഴൊക്കെയോ മരണത്തിനെയും വല്ലാതെ പ്രണയിച്ചു പോകുന്നു മാഷേ...വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷെ @ അജിത്‌ ....

      Delete