Monday, April 25, 2016

മറവി....



ഓര്‍മ്മയുടെ ആഴങ്ങളിലേക്കാണ്ടിറങ്ങിയ
രൂപങ്ങള്‍ മനസ്സിന്‍റെ താളുകളില്‍
നിറഞ്ഞു നില്‍ക്കുന്നു
തളര്‍ച്ച ബാധിച്ച ശരീരത്തില്‍,മറവിയുടെ
ആഴങ്ങളിലേക്ക് പോയ ഓര്‍മ്മകള്‍
ഓര്‍ത്തെടുക്കാനാകാതെ വിതുമ്പുന്ന മനസ്സ്
ദൃഢമായിരുന്ന മനസ്സില്‍,അപ്പൂപ്പന്‍ താടികളെപ്പോല്‍
പറന്ന് മറയുന്ന ഓര്‍മ്മകള്‍ മാത്രം ഇന്ന്

പണ്ട് കണ്ടതെല്ലാമുണ്ട് മനസ്സില്‍, മാറാല മൂടി
കിടക്കുന്നെല്ലാം ഓര്‍മ്മയില്‍
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്തോറും മറവിയിലേക്ക്
മറഞ്ഞ് പോകുന്ന ഓര്‍മ്മകള്‍
മനസ്സിലെ മറിയുന്ന താളുകളില്‍ നിറഞ്ഞ്
നില്‍ക്കുന്ന ഓര്‍മ്മകള്‍, ഓര്‍ത്തെടുക്കാന്‍
ശ്രമിക്കുന്തോറും മറവിയിലേക്ക് ഓടി ഒളിക്കുന്നു.....

വിദൂരതയിലേക്ക് കണ്ണ് നട്ട്,മറവിയിലേക്ക്
ആഴ്ന്നിറങ്ങിയ മധുര സ്മരണകളെ
ഓര്‍ത്തെടുക്കാനുള്ള ഒരു പാഴ് ശ്രമം
ആ കണ്ണുകളില്‍ നിന്ന് വായിച്ചെടുത്തു ഞാന്‍
കണ്ണീര്‍ പൊടിയാതെ കാണാന്‍ കഴിയാത്ത കാഴ്ച
എന്നിട്ടും എല്ലാമൊരു ചിരിയിലൊതുക്കുന്ന
എന്നും എന്‍റെ ഓര്‍മ്മകളെ ഉണര്‍ത്തിയിരുന്ന
പ്രീയ രൂപം,ഓര്‍മ്മകളുടെ വസന്തത്തിലേക്ക്-
 വീണ്ടും മടങ്ങി വരുമെന്ന പ്രതീക്ഷ മാത്രം......

No comments:

Post a Comment