Saturday, October 7, 2017

സമര്‍പ്പണം........


അമ്മയോട് എപ്പോഴും പരാതി പറയാറുണ്ട്‌,രണ്ടു ചേട്ടന്‍മാരില്‍ ഒരു സഹോദരിയെ എനിക്ക് തന്നൂടായിരുന്നോന്ന്. കുട്ടിയായിരിക്കുമ്പോ ഒരിക്കലും അങ്ങനെയൊരു ചിന്ത മനസ്സില്‍ വന്നിട്ടില്ല.അത്രയും സ്നേഹമായിരുന്നു രണ്ടു ഏട്ടന്‍മാര്‍ക്കും എന്നോട്.ജീവിതയാത്രയുടെ ഏതോ ഘട്ടത്തില്‍ ആ സ്നേഹത്തില്‍ വിള്ളലുണ്ടായി.അപ്പോഴാണ്‌ മനസ്സില്‍ ആ ചിന്ത വന്നതും,എനിക്കൊരു സഹോദരിയുണ്ടായിരുന്നെങ്കില്‍.അമ്മയോട് പല പ്രാവശ്യം ഈ ചിന്തയെ കുറിച്ച് പറഞ്ഞിട്ടുമുണ്ട്.
ഈ പ്രാവശ്യം നാട്ടില്‍ എത്തിയ സമയത്ത്, ഡോക്ടര്‍ അടിയന്തിരമായി സര്‍ജറി വേണമെന്ന് നിര്‍ദേശിച്ചപ്പോ,പിന്നീട് ആകട്ടെന്നു പറഞ്ഞു മാറ്റിവെയ്ക്കുക ആയിരുന്നു.അര്‍ജെന്റായി ഡോക്ടര്‍ പറഞ്ഞ സ്ഥിതിക്ക് ഉടനെ അത് ചെയ്തേ പറ്റുള്ളൂന്നു ഏട്ടന്മാര്‍ നിര്‍ബന്ധം പിടിച്ചു. സര്‍ജറിക്ക് മുമ്പേയുള്ള പ്രൊസീചര്‍ മുതല്‍ സര്‍ജറി വരെ എന്നോടൊപ്പം എല്ലാത്തിനുമുണ്ടായിരുന്നത് എന്‍റെ രണ്ട് ഏട്ടന്മാരും ആയിരുന്നു.അവര്‍ എന്നോടൊപ്പമുണ്ടെന്നുള്ള മനോധൈര്യം ആയിരിക്കണം ഒരു ഭയവും കൂടാതെ സര്‍ജറിയെ നേരിടാന്‍ എനിക്ക് കഴിഞ്ഞത്.നാല് ദിവസം ഐ സി യു വിന് വെളിയില്‍ പകലും രാത്രിയും അവരുടെ ജോലിയും ഉപേക്ഷിച്ച് എനിക്ക് വേണ്ടി എന്തിനും തയ്യാറായി ഉറക്കമൊഴിഞ്ഞിരുന്ന അവരുടെ സ്നേഹം കണ്ട് കണ്ണും മനസ്സും നിറഞ്ഞ നിമിഷങ്ങളയിരുന്നു അത്.വീണ്ടും ആ പഴ സ്നേഹം ആവോളം ആസ്വദിച്ച ദിനങ്ങളായിരുന്നു അത്.ഈ രണ്ട് ഏട്ടന്‍മാരെ എനിക്ക് തന്നതില്‍ സര്‍വ്വേശ്വരനോട് നന്ദി പറയുന്നു......
തന്‍റെ പ്രൊഫഷന്റെ മഹത്വം കാത്തു സൂക്ഷിക്കുന്ന തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ ഗൈനിക് ഡോക്ടര്‍ റഫീക്കാ മാഡത്തിനെ കുറിച്ച് കൂടി എഴുതാതെ ഈ കുറിപ്പ് പൂര്‍ണ്ണമാകില്ല.കിംസ് ഹോസ്പിറ്റലിനെ കുറിച്ച് എനിക്ക് വലിയ അഭിപ്രായമില്ലായിരുന്നു.പക്ഷേ റഫീക്ക മാഡത്തിനെ കുറിച്ച് കേട്ടപ്പോ പിന്നെ ഒന്നും ചിന്തിച്ചില്ല.ആദ്യത്തെ കണ്‍സള്‍ട്ടേഷനില്‍ തന്നെ അത് മനസിലാവുകയും ചെയ്തു.ഡോക്ടര്‍ തന്ന ഒരു പോസിറ്റീവ് എനര്‍ജി കൂടിയാവണം ഒരു പേടിയും കൂടാതെ സര്‍ജറിയെ നേരിടാനും, പെട്ടന്നുള്ള റിക്കവറിക്കും കാരണമായതെന്നു വിശ്വസിക്കുന്നു. ഇത് വരെ കണ്ടിട്ടുള്ള ഡോക്ടര്‍മാരില്‍ വിരളം പേരെ എന്‍റെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുള്ളൂ, അതില്‍ റഫീക്ക മാഡത്തിനെയും പൂര്‍ണ്ണ മനസോടെ സ്വീകരിക്കുന്നു.....

No comments:

Post a Comment