Saturday, November 25, 2017

തിരിച്ചറിവുകള്‍....



ആ ഡി അഡിക്ഷന്‍ കേന്ദ്രത്തിന്റെ പത്താം നമ്പര്‍ റൂമിലിരുന്ന് അയാള്‍ തന്‍റെ ഡയറിയില്‍ കുറിച്ചു.ഞാന്‍ മുകുന്ദന്‍, വയസ്സ്  അമ്പത്തി മൂന്ന്. പാലക്കാട് ജില്ലയിലെ മലമ്പുഴയില്‍ അച്ഛനും അമ്മയും രണ്ട് അനുജത്തിമാരും അടങ്ങുന്ന ഒരു സാധാരണ കുടുംബത്തിലെ മൂത്ത മകനായി ജനിച്ചു.അച്ഛന്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു.

തനിക്ക് ഓര്‍മ്മയുള്ളപ്പോ മുതല്‍ അച്ഛന്‍ കുടിച്ചു വീട്ടില്‍ വന്നു ബഹളം വെയ്ക്കുന്നത് കണ്ടു കൊണ്ട് വളര്‍ന്നത് കൊണ്ടാവണം മദ്യപാനത്തിനെ അത്രയും വെറുക്കാന്‍ കാരണം.അച്ഛന്റെ ഉപദ്രവം സഹിച്ച് കണ്ണീരുമായി കിടന്നുറങ്ങുന്ന അമ്മയുടെ രൂപം സ്ഥിരം കാഴ്ചയായിരുന്നു.അമ്മ പറയാറുണ്ടായിരുന്നു, ഇളയ രണ്ട് സഹോദരിമാരാണ് നിനക്ക് അതോര്‍മ്മ വേണം എപ്പോഴും.ആ ഓര്‍മ്മയില്‍ തന്നെയാണ് താന്‍ ജീവിച്ചതും.ഡിഗ്രി കഴിഞ്ഞു നില്‍ക്കുന്ന സമയത്താണ് അച്ഛന്റെ മരണം.മദ്യപാനം അച്ഛന്റെ ജീവന്‍ എടുത്തെന്നു തന്നെ പറയാം.അങ്ങനെ അച്ഛന്റെ ജോലി തനിക്ക് ലഭിച്ചു.റെയില്‍വേയില്‍ ഉദ്യോഗസ്ഥനായി കയറുമ്പോള്‍ അമ്മ ഉപദേശിച്ചത് ഒന്ന് മാത്രം ആയിരുന്നു.നിന്റെ അനുജത്തിമാര്‍ രണ്ടു പേരും കെട്ടിക്കാന്‍ പ്രായമായി നില്‍ക്കുന്നത് ഓര്‍മ്മയില്‍ ഉണ്ടാവണം.എന്‍റെ ജീവനായ അവരെ എങ്ങനെ ഞാന്‍ മറക്കാനാണ് അമ്മേ.അമ്മ വിഷമിക്കേണ്ട, രണ്ട് കൊല്ലത്തിനകം അവരെ രണ്ട് പേരെയും നല്ല രീതിയില്‍ ഞാന്‍ കെട്ടിച്ചു വിടും.

ജോലിയില്‍ പ്രവേശിച്ച്  കൂട്ടുകാരോടൊപ്പമുള്ള താമസം. ആദ്യമൊക്കെ അസഹനീയമായി തോന്നി.താന്‍ വീട് വിട്ടു ഇത് വരെയും മാറി താമസിച്ചിട്ടില്ല.അധികം താമസിയാതെ ആ സൌഹൃദവുമായി കൂടുതല്‍ അടുക്കുകയും ചെയ്തു. ചെറിയ  തോതില്‍ മദ്യസേവ ഉള്ളവരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.തന്നെ പല പ്രാവശ്യം നിര്‍ബന്ധിച്ചെങ്കിലും ഞാന്‍  അതില്‍ നിന്ന് ഒഴിഞ്ഞു മാറി പോക്കൊണ്ടേയിരുന്നു. അന്ന് ബാലേട്ടന്റെ പിറന്നാള്‍ ദിനമായിരുന്നു. കുപ്പിയൊക്കെയായി ഗംഭീര ആഘോഷം.തന്നെ കുടിപ്പിക്കാന്‍ കൂടെയുള്ളവര്‍ പരമാവധി ശ്രമിച്ചു.പിന്നെ അത് തന്നെ കളിയാക്കുന്ന രീതിയിലായി.വീട്ടില്‍ അമ്മയെ പേടിയാ അതാ ഇവന്‍ കുടിക്കാത്തെന്ന് പറഞ്ഞവര്‍ പൊട്ടി ചിരിച്ചു.മദ്യലഹരിയില്‍ ആടി നിന്ന അവരെല്ലാരും തന്നെ പരിഹസിക്കുന്നത് കണ്ടപ്പോ അടുത്ത് കണ്ട മദ്യ കുപ്പി ഒന്നായി എടുത്ത് വായിലേക്ക് ഒഴിച്ചു.അങ്ങനെ തങ്ങളുടെ മദ്യസേവ  ഗ്യാങ്ങില്‍ ഒരാളെ കൂടി കിട്ടിയ സന്തോഷത്തില്‍ അവര്‍ ആര്‍ത്തു ചിരിച്ചു.

എന്‍റെ ജീവനായ അമ്മയെയും അനുജത്തിമാരെയുമൊക്കെ മറന്നു, എന്‍റെ കടമകളെ ഞാന്‍ കണ്ടില്ലെന്ന് നടിച്ചു.അങ്ങനെ ഈ മുകുന്ദന്‍  എല്ലാരുടെയും കണ്ണില്‍ അച്ഛനെപ്പോലെ തന്നെ  ഒരു  കുടിയനായി.  ഇതില്‍ നിന്ന് മോചനം വേണമെന്ന്  ആഗ്രഹിച്ചിരുന്നെങ്കിലും എനിക്ക്  അതിനു കഴിഞ്ഞില്ല. ഈ നശിച്ച മദ്യം കാരണം തന്‍റെ കണ്ണ് നീര് തോരില്ല,  അമ്മയുടെ നെഞ്ച് പൊട്ടിയുള്ള കരച്ചില്‍ കാണാന്‍ പോലും ഞാന്‍  അന്ന് തയ്യാറായിരുന്നില്ല. ജീവനായി കരുതിയ എന്‍റെ സഹോദരിമാര്‍ അവര്‍ക്ക് ഇഷ്ടുള്ളവരോടൊപ്പം പോയി ജീവിതം ആരംഭിച്ചു. അതൊന്നും കണ്ടിട്ടും എനിക്ക് അന്ന് ഒരു വികാരവും തോന്നിയില്ല.ഡ്യൂട്ടി സമയത്ത് മദ്യപിച്ചു ഡ്യൂട്ടിക്ക് എത്തിയതിന് സസപെന്ഷന്‍ കിട്ടി കുറെ നാള്‍ വീട്ടിലിരുപ്പായി. അങ്ങനെ കൂട്ടുകാര്‍ വീട്ടില്‍ കുപ്പിയുമായി വന്ന് മദ്യപാനം ആരംഭിച്ചു. സഹികെട്ട  അമ്മ പിറു പിറുത്ത് കൊണ്ടേയിരുന്നു. നിന്റെ അച്ഛന്‍ ഇതില്‍ നിന്നും എത്രയോ ഭേദമായിരുന്നു.അന്ന് അതൊന്നും തന്‍റെ  ചെവിയില്‍ കയറിയില്ല.

എന്‍റെ അമ്മാവന്റെ മകള്‍, തന്‍റെ ബാല്യകാല സഖിയെ ജീവിത സഖിയാക്കിയപ്പോഴും അമ്മക്ക് പ്രതീക്ഷ ഒന്ന് മാത്രമായിരുന്നു. വിവാഹത്തോടെ ഇവന്റെ മദ്യപാനം കുറയുമെന്ന്.എന്‍റെ മകന്‍ ഉണ്ണിയെ താലോലിക്കാന്‍ പോലും എനിക്ക് സമയം ഉണ്ടായിരുന്നില്ല. എന്നും കുടിച്ച് നാല് കാലില്‍ വരുന്ന എന്റടുത്തു വരാന്‍ തന്നെ അവന് പേടിയായിരുന്നു.എന്‍റെ ഉണ്ണിക്ക് വേണ്ടിയാ ഇതൊക്കെ സഹിച്ച്  ഞാന്‍ ജീവിച്ചിരിക്കുന്നത്‌, എന്‍റെ മീരയുടെ സങ്കടത്തോടെ യുള്ള ആ കരച്ചിലും ഞാന്‍ അന്ന് വക വെച്ചില്ല.ആ ദിവസം തനിയ്ക്ക് മറക്കാന്‍ പറ്റില്ല. തന്റെ മകന്‍ ഉണ്ണിയുടെ ഹോസ്റ്റലില്‍ നിന്ന് വന്ന ഫോണ്‍ കാള്‍, നിങ്ങളുടെ മകനും കൂട്ടുകാരും കൂടി ഇന്നലെ രാത്രി മദ്യപിച്ച് ഇവിടെയുണ്ടാക്കിയത് ഒന്നും പറയാന്‍ കൊള്ളില്ല. ഇനി  ഉണ്ണിക്ക്   ഈ ഹോസ്റ്റലിലും നമ്മുടെ കോളേജിലും സ്ഥാനമില്ല. നിങ്ങള്‍ക്ക് അവനെ വന്നു കൊണ്ട് പോകാം. മദ്യം എവിടെ നിന്ന് കിട്ടിയെന്ന ചോദ്യത്തിന് അവന്‍ പറഞ്ഞ ഉത്തരം, എന്‍റെ അച്ഛന്‍ വീട്ടില്‍ കൊണ്ട് വെച്ചിരുന്ന  മദ്യ കുപ്പി ഞാന്‍ കൊണ്ട് വന്നതാണ് എന്നാണ്. നിങ്ങള്‍ തന്നെ ഇങ്ങനെയല്ലേ, നിങ്ങളുടെ മകന്‍ ഇങ്ങനെ  ആയില്ലെങ്കിലേ അതിശയം ഉള്ളൂ.ആ വാക്കുകള്‍ ഒരു ഇടിത്തീപ്പോലെ എന്‍റെ മണ്ടക്ക് വന്നു വീഴുന്നത് ഞാന്‍ അറിഞ്ഞു.

ഈ നശിച്ച മദ്യപാനത്തില്‍ നിന്നൊരു മോചനം അതായിരുന്നു പിന്നെ എന്‍റെ ശ്രമം. അങ്ങനെയാണ് ഞാന്‍ ഇന്നീ ഡി  അഡിക്ഷന്‍ സെന്‍ററിലിരിക്കുന്നത്. ഞാന്‍  ഇനിയൊരിക്കലും  ആ പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകില്ലെന്ന്  ഉറച്ച തീരുമാനം എടുത്തിട്ടുണ്ട്. മദ്യപാനിയായ ഞാന്‍  ചെയ്തു കൂട്ടിയ തെറ്റുകള്‍, എന്‍റെ കടമകള്‍ മറന്നു എന്‍റെ  കുടുംബത്തിനോട് ചെയ്തത് ഓര്‍ത്ത് ഇന്ന് എനിക്ക് പശ്ചാത്താപം ഉണ്ട്. വിറയാര്‍ന്ന കൈ കളോടെ ഇത്രയും  കുറിച്ച് അയാള്‍ തന്‍റെ ഡയറികുറിപ്പ് തല്‍ക്കാലത്തേക്ക് പൂര്‍ത്തിയാക്കി. മദ്യം സര്‍വ്വ തിന്മകളുടെയും താക്കോല്‍. വരും  തലമുറയെ കൂടി നശിപ്പിക്കാന്‍ മദ്യപാനം കാരണമാകുന്നു. മദ്യപാനം അന്തസ്സല്ല......അപമാനമാണ്................

2 comments:

  1. കൊള്ളാം.അവസാനം ഒരു കുമ്പസാരം മതിയല്ലോ.

    ReplyDelete
  2. മേലില്‍ ഇത് ആവര്‍ത്തിക്കില്ലെന്ന ഒരു പ്രതിഞ്ജ കൂടി ആണെന്ന് വിശ്വസിക്കാം.വിലയേറിയ പ്രതികരണത്തിന് വളരെ നന്ദി,സന്തോഷം.....

    ReplyDelete