Wednesday, June 3, 2020

വെറുതെ...വെറുതെ......




ഇത് വരെ സഖി നിന്നെ കാത്തിരുന്നു
പോയ് മറഞ്ഞൊരാ മന്ദാര ചോപ്പിലും
കാണാൻ കൊതിക്കുന്ന വാക
തൻ ചോട്ടിലും സഖി നിന്നെ 
വെറുതെ വെറുതെ തിരഞ്ഞിരുന്നു
ഇത് വരെ സഖി നിന്നെ കാത്തിരുന്നു


വിടരാൻ കൊതിക്കുന്നൊരു മൊട്ടു പോലെ 
നീയെന്റെ മുന്നിൽ നിറഞ്ഞു നിന്നു
കണ്മഷി പടർന്ന നിൻ കവിൾത്തടത്തിലെ
നുണക്കുഴികളിൽ വിരിയും മന്ദഹാസം
കാണാൻ വെറുതെ ആശിച്ചിരുന്നു
ആ മന്ദഹാസത്തിന്റെ നിഴലിൽ
ഞാൻ എല്ലാം  മറക്കാൻ 
വെറുതെ വെറുതെ നിനച്ചിരുന്നു
ഇത് വരെ സഖി നിന്നെ കാത്തിരുന്നു

ആ നീലരാവിലെൻ കാതിൽ
പ്രേമ കാവ്യങ്ങൾ ചൊല്ലുമെന്ന്
ഞാൻ വെറുതെ മോഹിച്ചിരുന്നു
നീയെൻ ചാരെ വന്ന് കാൽ വിരലാൽ
കളം വരയ്ക്കുന്നതും കാത്തിരുന്നു
ഞാൻ തീർത്ത സ്വപ്ന സൗധത്തിൽ
ഒരു നക്ഷത്രമായ് നീ  അണയുമെന്ന്
ഞാൻ വെറുതെ വെറുതെ കൊതിച്ചിരുന്നു
ഇത് വരെ സഖി നിന്നെ കാത്തിരുന്നു

വർഷമേഘം വന്നെന്നെ തഴുകുമ്പോഴും 
നിനക്കായി ഞാൻ കാത്തിരുന്നു 
ഒരു മാത്ര വന്നെന്നെ പുൽകുമെന്ന്
ഞാൻ വെറുതെ ആശിച്ചിരുന്നു
കാലവർഷം കടലായ്‌ പെയ്തു നിറയുമ്പോഴും
സാന്ത്വനമായി അരികിലണയുമെന്ന്
ഞാൻ വെറുതെ വെറുതെ നിനച്ചിരുന്നു
ഇത് വരെ സഖി നിന്നെ കാത്തിരുന്നു.....
(കാണുവാനാശിച്ച നിൻ മുഖം മാത്രം ഞാൻ കണ്ടതില്ല)

No comments:

Post a Comment