Friday, April 5, 2019

ഖാദിറിക്കാന്റെ ബാബു മോൻ....



ഖാദറിക്ക രാവിലെ തന്നെ മുറി പൂട്ടി ഗ്രോസറി തുറക്കാനായി ഇറങ്ങിയപ്പോഴാണ് ആ ഫോൺ കാൾ വന്നത്.ഹലോ,ഇങ്ങള് ഇതെന്താ പറയണേ,എന്റെ ബാബു മോന്....എന്റെ അള്ളാ ഞാനെന്തായീ കേക്കണേ... മുഴുവനാക്കാൻ ഖാദറിക്കക്ക് കഴിഞ്ഞില്ല.റൂമിലേക്ക് കയറി കട്ടിലിലേക്ക് ഇരുന്നു.പാവം എല്ലാർക്കും വേണ്ടി അവൻ കഷ്ടപ്പെട്ടു എന്നിട്ട് അവസാനം ഈ വിധിയാണല്ലോ  ദൈവമേ നീ അവന് കൊടുത്തത്.കുറച്ചു നേരം എന്തൊക്കെയോ ആലോചിച്ചു കൊണ്ട് ഖാദറിക്ക അങ്ങനെ തന്നെയിരുന്നു.പെട്ടന്ന് എന്തോ ഓർത്തത്  പോലെ അലമാര തുറന്ന് ഒരു ബാഗ് പുറത്തേക്കെടുത്തു,അത് തുറന്നു നോക്കി.കുറച്ചു തുണികളും,ഒരു ഡയറിയും.ആ ഡയറി ഖാദറിക്ക തുറന്നു.ആദ്യത്തെ പേജിൽ താനും ബാബുവും ചേർന്നു  നിൽക്കുന്ന ഒരു ഫോട്ടോ ഭംഗിയിൽ ഒട്ടിച്ചിരിക്കുന്നു. അതിന്റെ ചുവട്ടിൽ എഴുതിയിരുന്ന വരികൾ,ഇത് ഞാനും എന്റെ എല്ലാമെല്ലാമായ ഖാദറിക്കയും,എല്ലാം എന്ന് പറഞ്ഞാൽ എന്റെ ഗുരുനാഥൻ ചെറുതിലെ എന്നെ അനാഥനാക്കിപ്പോയ എന്റെ അച്ഛന്റെ സ്ഥാനം,എന്നെ വഴക്കു പറയാനും ശിക്ഷിക്കാനുമുള്ള അധികാരം അങ്ങനെ എന്റെ എല്ലാമാണ് ഖാദറിക്ക.അത് വായിച്ചതും ഖാദറിക്കക്ക് തന്റെ സങ്കടം അടക്കാൻ കഴിഞ്ഞില്ല അദ്ദേഹം പൊട്ടിക്കരഞ്ഞു...

ബാബു മോൻ ഇവിടെ വന്ന സമയം എടുത്ത ഫോട്ടോ ആണ് അത്.പതിനേഴ്   വർഷങ്ങൾക്ക് മുമ്പ് തന്റെ സ്നേഹിതൻ ഉസ്മാൻ ഒരു ദിവസം ഗ്രോസറിയിൽ  ഒരു നീണ്ട് മെലിഞ്ഞ പയ്യനെയും കൊണ്ട് വന്നു.അന്ന് അവന് പതിനെട്ട് വയസ് പ്രായം.ഖാദറിക്ക ഇത് ബാബു,വലിയ കഷ്ടപ്പാടിലാണ് നാട്ടിൽ. അച്ഛൻ ഇവന്റെ ചെറുതിലെ മരിച്ചു.ഇവനെയും ഇവന്റെ താഴെയുള്ള രണ്ട് പെൺ കുട്ടികളെയും പോറ്റാൻ ഇവന്റെ 'അമ്മ രാപ്പകൽ കഷ്ടപ്പെടുന്നു.അവർക്കാണെങ്കിലിപ്പോ നല്ല സുഖവുമില്ല.ഒരു പുറം പോക്കിൽ പൊളിയാറായ വീട്ടിലാ താമസം.എന്റെ വീട്ടിൽ പുറം വേലയ്ക്ക് ഇവന്റെ 'അമ്മ വരും.അവരുടെ കഷ്ടപ്പാട് കണ്ടപ്പോ ഇവന് ഞാനൊരു വിസിറ്റ വിസ എടുത്തു കൊടുത്തതാ.രക്ഷപ്പെടുന്നെങ്കിൽ രക്ഷപ്പെടട്ടെ. ഇവൻ പത്താം ക്ലാസ് പാസായതാണ്.നാട്ടിൽ ചെറിയ പണികളൊക്കെ ചെയ്തു അമ്മയെ സഹായിക്കുമായിരുന്നു.ഇവിടെ വന്നപ്പോ എന്നെ കമ്പനി അവരുടെ മെയിൻ ഓഫീസിലോട്ട് ട്രാൻസ്ഫർ ആക്കിയേക്കുകയാ. ഗ്രോസറിയിലെ പയ്യൻ സുഖമില്ലാതെ നാട്ടിൽ പോയെന്നു ഖാദറിക്ക പറഞ്ഞത് ഓർത്തു.അതാ ഞാൻ ഇവനെ ഇങ്ങോട്ട് കൊണ്ട് വന്നത്.നല്ല പയ്യനാ ഖാദറിക്കക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല ഇവൻ.

ഖാദറിക്ക അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.തന്റെ മകന്റെ പ്രായം വരും.ആ കണ്ണുകളിൽ ഒരു വിഷാദ ഭാവം,ഒരു നിസ്സഹായാവസ്ഥ. ഉസ്മാനെ ഇവിടത്തെ പയ്യൻ നാട്ടിൽ നിന്ന് വരുന്ന വരെ ഇവൻ ഇവിടെ നിന്നോട്ടെ. ഇത് കേട്ടതും തന്നെ നോക്കി അവൻ ചിരിച്ചു. അവന്റെ ആ  വരണ്ട ചിരി ഇപ്പോഴും തന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.ഉസ്മാനെ ഇങ്ങള് ബേജാറാവാണ്ട് പോക്കോളീം,ഇവന്റെ കാര്യം നമ്മൾ ഏറ്റു.അങനെ അധികം താമസിയാതെ തന്നെ ബാബു തന്റെ എല്ലാമായി.ഗ്രോസറിയിൽ സാധനങ്ങൾ എടുത്തു കൊടുക്കാനും കണക്ക് നോക്കാനുമൊക്കെ അവൻ പെട്ടന്ന് തന്നെ പഠിച്ചു.താൻ എവിടെപ്പോയാലും തന്റെ വാലായി അവനും കാണും.ബാബുവിനെ കൂടെ കണ്ടില്ലെങ്കിൽ പരിചയക്കാർ ചോദിക്കും ഇന്നെന്താ ഖാദറിക്കാന്റെ ബാബു മോൻ വന്നില്ലേ.അങ്ങനെ ഞാനും അവനെ ബാബുമോൻ എന്ന് വിളിച്ചു തുടങ്ങിയത്.അത് കേൾക്കുമ്പോ അവൻ പറയും ഖാദറിക്ക ബാബു മോനേന്നു എന്നെ വിളിക്കുമ്പോ എന്റെ അച്ഛൻ വിളിക്കുന്ന പോലെയാണ് തോന്നുന്നത്.അതും പറഞ്ഞു അവൻ കണ്ണ് നിറയ്ക്കും.

തനിക്ക് അവനോട് സ്നേഹം മാത്രം ആയിരുന്നില്ല,ബഹുമാനം കൂടി ആയിരുന്നു.ഈ ചെറിയ പയ്യനോട് ബഹുമാനം ആണെന്ന് പറഞ്ഞാൽ നിങ്ങൾ ചിരിക്കുമെന്നു എനിക്കറിയാം.ഈ ചെറു പ്രായത്തിൽ തന്റെ കുടുംബത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന  ബാബുവിനോട് എനിക്ക് ബഹുമാനം തന്നെയാണ്.ഇവന്റെ പ്രായത്തിലുള്ള എന്റെ മകൻ കൈ കഴുകി ചെന്നിരുന്നാൽ കഴിക്കാൻ ആഹാരം കിട്ടും.ഇവൻ ജോലി ചെയ്തു വീട്ടിൽ അയച്ചിട്ട് കയ്യിൽ ബാക്കി ഉളളത് കൊണ്ടാണ് ആഹാരം കഴിക്കുന്നത് .ഗ്രോസറിയിൽ നിന്നും കൊടുക്കുന്ന രൂപ മിച്ചം വെയ്ക്കാതെ അവൻ വീട്ടിൽ അയയ്ക്കുമായിരുന്നു. താമസം തന്നോടൊപ്പം ആയതു കൊണ്ട് ആ രൂപ കൂടി അവന് നാട്ടിൽ അയയ്ക്കാൻ  കഴിഞ്ഞിരുന്നു. അവൻ പറയുമായിരുന്നു ഈ രൂപയെല്ലാം ഞാൻ ഖാദറിക്കക്ക്  തന്നു തീർക്കുമെന്ന്. ബാങ്ക് അക്കൗണ്ട് തുടങ്ങി കൊടുത്തതും നാട്ടിൽ രൂപ അയയ്ക്കാൻ അവനെ പഠിപ്പിച്ചതുമൊക്കെ ഞാൻ തന്നെ ആയിരുന്നു .അതെല്ലാം പെട്ടന്ന് തന്നെ സ്വായത്തമാക്കുകയും ചെയ്തു.ഒന്നിനും ആരോടും അവന് പരാതിയില്ലായിരുന്നു.അല്ലെങ്കിൽ തന്നെ അവൻ ആരോട് പരാതിപ്പെടാൻ.

ബാബു വന്നിട്ട് രണ്ടു വർഷം കഴിഞ്ഞു. അവന്റെ സ്വപ്നങ്ങൾ വലുതായിരുന്നു. അഞ്ചു സെന്റ് പുരയിടം വാങ്ങി ഒരു ചെറിയ വീട് പണിയണം. രണ്ടു പെങ്കന്മാരെയും അവർക്ക് ഇഷ്ടമുളളത് പോലെ പഠിപ്പിക്കണം. അതവന് നിർബന്ധമായിരുന്നു.പഠിപ്പുണ്ടെങ്കിലേ അവർക്ക് നല്ല കല്യാണാലോചനകൾ വരുള്ളൂ ഖാദറിക്ക.ഞാനീ കഷ്ടപ്പെടുന്നതൊക്കെ അവർക്ക് വേണ്ടിയല്ലേ.എന്റെ 'അമ്മക്കു നല്ല ചികിത്സ കൊടുക്കണം.ഈ ഗ്രോസറിയിൽ നിന്നതു കൊണ്ട് നിനക്ക് ഇതൊന്നും സാധിച്ചെടുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ബാബു മോനെ.അങ്ങനെയാണ് ഖാദറിക്ക ബാബുവിനെ തന്റെ പരിചയത്തിലുളള ഒരു അറ ബാബിന്റെ കൺസ്ട്രക്ക്ഷൻ കമ്പനിയിൽ ജോലി വാങ്ങി കൊടുത്തത്.അവന്റെ പെരു  മാറ്റവും, എന്ത് ജോലിയും എന്ത് ജോലിയും ചെയ്യാനുള്ള അവന്റെ മനസ്സും,  ഇതൊക്കെ കൊണ്ട് തന്നെ കമ്പനിയിലെ എല്ലാർക്കും അവനോടു വലിയ കാര്യമായിരുന്നു. കമ്പനി അക്കൊമൊഡേഷൻ ഉണ്ടായിരുന്നത് കൊണ്ട്  അവന് കിട്ടുന്ന സാലറി അത് പോലെ നാട്ടിൽ അയയ്ക്കാനും കഴിഞ്ഞിരുന്നു. എപ്പോഴും താൻ പറയുമായിരുന്നു നിനക്ക് വേണ്ടിയും എന്തേലും കരുതൽ വേണമെന്ന്.അത് കേൾക്കുമ്പോ ഒരു ചിരിയോടെ അവൻ പറയും. അമ്മയ്ക്കും പെങ്കന്മാർക്കും ഞാൻ കൊടുക്കുന്നത് തന്നെ ആണ് എന്റെ കരുതലെന്ന്.

സമയം കിട്ടുമ്പോഴൊക്കെ ഗ്രോസറിയിൽ വരാനും തന്നെ സഹായിക്കാനും അവൻ മറന്നില്ല.അവനെ കാണുമ്പോഴേ ഗ്രോസറിയിൽ നിൽക്കുന്ന ഹമീദ് പറയും വന്നല്ലോ ഖാദറിക്കാൻറെ ബാബു മോൻ.അതിനിടയിൽ അവന്റെ സ്വപനങ്ങളെല്ലാം സാക്ഷാത്കരിക്കാൻ അവനു കഴിഞ്ഞു.അഞ്ചു സെന്ററിൽ ചെറിയൊരു വീട് വെച്ചു,രണ്ടു പെങ്കന്മാരെയും പഠിപ്പിച്ചു, അവരെ നല്ല നിലയിൽ കല്യാണം കഴിപ്പിച്ചയച്ചു.അമ്മക്കു നല്ല ചികിത്സ കൊടുക്കാൻ കഴിഞ്ഞു.ബാബു മോനെ നിനക്ക് വയസ് മുപ്പത്തി അഞ്ചായി. ഇനി നിനക്കൊരു കുടുംബം വേണം.എനിക്കൊന്നും വേണ്ട ഖാദറിക്ക,ഞാൻ ഇങ്ങനെയൊക്കെ തന്നെ കഴിഞ്ഞോളാം.വീട്ടുകാർക്ക് വേണ്ടി കഷ്ടപ്പെട്ടിട്ട് അവസാനം നീ ഒറ്റയ്ക്ക് ആയിപ്പോകരുത്.വീട്ടിലും  എല്ലാരും എന്നെ നിർബന്ധിക്കുന്നു ഖാദറിക്ക.നിന്റെ അമ്മക്കും നീ പെണ്ണ് കെട്ടി കാണാൻ ആഗ്രഹം കാണില്ലേ.നിന്റെ പ്രായമുള്ള എന്റെ മകൻ കെട്ടി അവനൊരു കുട്ടിയും ആയി.താൻ ഒരു പാട് പറഞ്ഞിട്ടാണ് അവസാനം അവൻ സമ്മതം മൂളിയത്.ഖാദറിക്ക,എന്റെ അച്ചന്റെ സ്ഥാനത്തു  വന്നു നിന്ന്  കല്യാണം നടത്തി തരുമെങ്കിൽ ഞാൻ സമ്മതിക്കാം.തീർച്ചയായും ബാബു മോനെ, നീയും എന്റെ മോൻ തന്നെയാണ്.എനിക്ക് സന്തോഷമേ ഉള്ളൂ.

ഖാദറിക്ക ആ ഡയറിയുടെ പേജുകൾ മറിച്ചു ഓരോ ദിവസം നടന്ന കാര്യങ്ങളും കമ്പനിയിൽ നടന്ന തമാശകളും വീട്ടിൽ അയച്ച രൂപയുടെ കണക്കു കളുമൊക്കെ നല്ല വെടിപ്പോടെ എഴുതിയിരിക്കുന്നു.ബാബു മോന്റെ നിശ്ചയത്തിന്റെ ഒന്ന് രണ്ടു ഫോട്ടോകളും.തന്നെ കാണിക്കാൻ കൊണ്ട് വന്നതായിരുന്നു.നല്ല മൊഞ്ചത്തി കുട്ടി ആണല്ലോ ഹമീദ് പറഞ്ഞത് കേട്ട് അവൻ നാണം കൊണ്ട് തന്നെ നോക്കിയത് ഇപ്പോഴും ഓർക്കുന്നു. തന്നോട് ചോദിച്ചിട്ടാണ് കല്യാണ തീയതി അവൻ നിശ്ചയിച്ചത്.അവന്റെ കല്യാണത്തിനായി  ഇന്ന് വൈകിട്ടവൻ നാട്ടിൽ പോകാൻ ഇരുന്നതാണ്. രാവിലെ ഇവിടെ വന്ന് ഈ ബാഗും ഏല്പിച്ചു, ഖാദറിക്ക കുറച്ച് ജോലി കൂടി ഉണ്ട് തീർക്കാൻ.കമ്പനിയിൽ പോയി പാസ്സ്‌പോർട്ടും വാങ്ങണം.അപ്പൊ ഖാദറിക്ക നാട്ടിൽ വെച്ച് കാണാം. രണ്ടീസം കഴിയുമ്പോ എത്തില്ലേ,വണ്ടിയും കൊണ്ട് ഞാൻ എയർ പോർട്ടിൽ വരാം.കല്യാണം കഴിഞ്ഞു ഖാദറിക്കന്റെ  വീട്ടിൽ വന്നു നിൽക്കണം എനിക്ക്.ഉമ്മ ഉണ്ടാക്കുന്ന ബിരിയാണിയും നെയ്‌ച്ചോറുമൊക്കെ കഴിക്കണം.നീ മാത്രോ അപ്പൊ നിന്റെ കെട്ടിയോളോ, അവളും കാണും ചിരിച്ചു കൊണ്ടവൻ പറഞ്ഞു.താൻ കൊടുത്ത സുലൈമാനിയും കുടിച്ചു ഇവിടുന്നു ഇറങ്ങിയതാ. ഖാദറിക്കയുടെ ഫോൺ വീണ്ടും ശബ്ദിച്ചു.ഓക്കേ, ഞാൻ ദാ വരുന്നു.

വണ്ടി എടുക്കാതെ,ഖാദറിക്ക ടാക്സി പിടിച്ച് ഹോസ്പിറ്റിലിലേക്ക് പുറപ്പെട്ടു. തനിക്ക് ഈ അവസ്ഥയിൽ ഡ്രൈവ് ചെയ്യാൻ കഴിയില്ല.ടാക്സിയിൽ ഇരിക്കുമ്പോഴും ബാബുമോന്റെ ആ മുഖം മുന്നിൽ തന്നെയുണ്ട്. ഹോസ്പിറ്റലിൽ ചെന്നിറങ്ങി,പറഞ്ഞ സ്ഥലത്തേക്ക് നടന്നു. ബാബു മോന്റെ കമ്പനിയിലെ മാനേജർ അവിടെ തന്നെ ഉണ്ടായിരുന്നു. ജോലി ചെയ്യുന്നതിനിടയിൽ ബാബു ദേഹം തളർന്നു വീണു. ഇവിടെ കൊണ്ട് വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അറ്റാക് എന്നാണ് പറയുന്നത്. ബോഡി ഇപ്പൊ മോർച്ചറിയിൽ ഉണ്ട്. കാണണ്ടേ,വേണ്ട ജീവനില്ലാത്ത എന്റെ ബാബു മോനെ കാണാനുള്ള ത്രാണി എനിക്കില്ല.അത്രയും പറഞ്ഞു ഖാദറിക്ക അടുത്ത് കണ്ട കസേരയിലേക്ക് ഇരുന്നു.ബോഡി  നാളെ വൈകിട്ട് നാട്ടിൽ കൊണ്ട് പോകാൻ ശ്രമിക്കുന്നുണ്ട്. ഖാദറിക്ക കൂടി പോണം.എന്റെ അള്ളാ, എന്നെ കൊണ്ട് അതിനാവുമോ. കല്യാണത്തിന് ഒരുങ്ങുന്ന ആ വീട്ടിലേക്ക് മയ്യത്തും കൊണ്ട് താൻ എങ്ങനെ പോകും.കല്യാണ വേഷത്തിൽ തന്റെ മകനെ കാണാൻ ആഗ്രഹിക്കുന്ന ആ അമ്മയെ  മകന്റെ ജീവനറ്റ ശരീരം എങ്ങനെ കാണിക്കും. എന്റെ ബാബു മോന്റെ കല്യാണത്തിന്റെ ചടങ്ങുകൾ കാണാൻ  കൊതിച്ച എനിക്ക് ഇങ്ങനെ ഒരു വിധി ആണല്ലോ തന്നത്.സ്ഥലകാല ബോധമില്ലാതെ ഖാദറിക്ക പുലമ്പി  കൊണ്ടേയിരുന്നു.....

2 comments:

  1. മറ്റുള്ളവർക്കുവേണ്ടി സ്വയം ഉരുകിത്തീരുന്ന മെഴുകുതിരി ജന്മങ്ങൾ :-(

    ReplyDelete
    Replies
    1. അതെ,ഉരുകിത്തീരുന്ന മെഴുകുതിരി ജന്മങ്ങൾ.വളരെ നന്ദി,സന്തോഷം വിലയേറിയ അഭിപ്രായത്തിനും ഇവിടെ വന്നതിലും :)

      Delete