Monday, August 16, 2021

പ്രവാസിയുടെ ഓണം 😷



ചിങ്ങമാസം വന്നാൽ 

ഓരോ പ്രവാസിയ്ക്കും 

നാടണയാൻ കൊതിയേറും..... 


പൊന്നോണത്തെ വരവേൽക്കാൻ 

ഒരുങ്ങി നിൽക്കുന്ന നാട് കാണാൻ 

വീട്ടുകാരോടൊപ്പം ആഘോഷത്തിന്റെ 

മധുരം നുകരാൻ.......


ചിങ്ങമാസത്തിലെ നറു വെയിൽ  

പുലരികളുടെ  ഭംഗി ആസ്വദിയ്ക്കാൻ 

കൊയ്ത്ത് പാട്ടിൻ ഈരടി കേട്ട് 

പുന്നെല്ലിന്റെ മണം പേറുന്ന 

നാട്ടുവഴികളിലൂടെ നടക്കാൻ.. 


വീട്ടു മുറ്റത്തൊരുക്കുന്ന 

അത്തപ്പൂക്കളം കണ്ട് മനസ്സ് നിറയാൻ  

തൊടിയിൽ വിരിയുന്ന 

മുക്കൂറ്റിയോട് കുശലം പറയാൻ

ഊഞ്ഞാലയിൽ ആയത്തിലാടി 

സ്മൃതി തൻ ചിറകിലേറി പാറി പറക്കാൻ.. 


അമ്മയുണ്ടാക്കുന്ന ഓണ

പലഹാരങ്ങളുടെ രുചി നുകരാൻ 

അത് കണ്ട് മനം നിറയുന്ന 

അമ്മ തൻ പുഞ്ചിരി കാണാൻ.... 


ഓണക്കോടിയുടുത്ത് തൂശനിലയിട്ട് 

അമ്മയുടെ വാൽസല്യം ചാലിച്ച് 

വിളമ്പി തരുന്ന സദ്യ ആസ്വദിയ്ക്കാൻ 

സൊറ പറഞ്ഞ് കുടുംബത്തോടൊപ്പം 

കൂട്ടുകാരോടൊപ്പം പൊട്ടി ചിരിയ്ക്കാൻ.....


ആളൊഴിഞ്ഞ ആരവമൊഴിഞ്ഞ 

വീട്ടിനോട് പ്രിയപ്പെട്ടവരോട് 

ഇടറുന്ന മനസ്സോടെ 

യാത്രാമൊഴി ചൊല്ലാൻ ഇത്ര മാത്രം 

അടുത്ത ഓണത്തിന് വരാൻ നോക്കാം.......


3 comments:

  1. അതിമനോഹരമായി എഴുതി. ആശംസകൾ........

    ReplyDelete
  2. ഇവിടെ വന്നതിനും വിലയേറിയ അഭിപ്രായത്തിനും ഒത്തിരി നന്ദി സന്തോഷം 😊

    ReplyDelete