Wednesday, December 4, 2013

കാണണം ഈ കുഞ്ഞിനെ...(എന്‍. സുസ്മിത എഴുതുന്നു)
 (Courtesy: Mathrubhumi online)

ഈ തലകെട്ടോടെ ഇന്നത്തെ മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയാണിത്, കൂടെ ഒരു കൊച്ചു പെണ്‍കുട്ടിയുടെ ഫോട്ടോയും.  എന്തൊക്കെയോ ലോകത്തിനോടു വിളിച്ചു പറയാന്‍ കൊതിക്കുന്ന അവളുടെ കണ്ണുകളില്‍ കണ്ട  ദയനീയത. അവളിലൂടെ ഞാന്‍ കണ്ടത്, ചെറു പ്രായത്തിലെ  തെരുവില്‍ വലിച്ചെറിയ പെടുന്ന നിരവധി ബാല്യങ്ങളെ യാണ്. ആ വാര്‍ത്ത‍ ഇവിടെ പോസ്റ്റ്‌ ചെയ്യേണ്ടത് എന്‍റെ ഒരു കടമയായി കരുതുന്നു..........




 നിറയെ പൂക്കളുള്ള വെള്ളക്കുപ്പായത്തില്‍ അവളൊരു സുന്ദരിക്കുട്ടിയാണ്. വലിയ പൂക്കളുള്ള ബോ തലയില്‍ ചൂടി, നീണ്ട മുടി രണ്ടായി മെടഞ്ഞിട്ട്, കാലില്‍ വെള്ളിച്ചെരിപ്പണിഞ്ഞ് ഒരു കൊച്ചു സുന്ദരി. പക്ഷേ നഗരത്തിലെ വാഹനങ്ങളുടെ നിലയ്ക്കാത്ത വെള്ളിവെളിച്ചത്തില്‍ അവളുടെ മുഖത്ത് നിഴലിക്കുന്നത് പേടി മാത്രം. ഓമനത്തം തുളുമ്പുന്ന ആ കണ്ണുകള്‍ നിശ്ശബ്ദമായ നിലവിളി ഒളിപ്പിക്കുന്നു. കൂട്ടിത്തിരുമ്മുന്ന കൈകളിലും ഇടറുന്ന കാല്‍വയപുകളിലും ആ നിലവിളി നമുക്ക് കാണാം. എവിടെനിന്നോ വരുന്ന ഒരു രക്ഷകനെ തിരയുന്നതുപോലെ അവള്‍ നാലുപാടും നോക്കുന്നുണ്ട്. പക്ഷേ, ആരും അവളെ ശ്രദ്ധിക്കുന്നതേയില്ല. മടിച്ചുമടിച്ച് റോഡ് മുറിച്ചു കടന്ന് അവളെത്തുന്നത് ഒരു കാറിനുടത്തേക്കാണ്. ഒരു നിമിഷം ദൂരെയിരിക്കുന്ന ഒരു വൃദ്ധനെ അവള്‍ ദയനീയമായി നോക്കുന്നുണ്ട്. പക്ഷേ അയാളുടെ കണ്ണുകളില്‍ തെളിയുന്നത് ആജ്ഞാശക്തി മാത്രം. കാറിന്റെ വാതില്‍ തുറക്കുമ്പോള്‍ നാം പ്രതീക്ഷിക്കുന്നത് ഈ കുഞ്ഞിന്റെ അച്ഛനെയോ അമ്മയെയോ ആയിരിക്കും. പക്ഷേ, അതിനുള്ളില്‍ ഇരിക്കുന്ന ആളുടെ മുഖത്ത് തെളിയുന്നത് പച്ചയായ കാമം. കാറില്‍ കയറിയിരുന്ന അവള്‍ക്ക് നേരെ അയാള്‍ ചോക്‌ളേറ്റ് നീട്ടുന്നുണ്ടെങ്കിലും അവളത് തള്ളിമാറ്റുന്നു. പിന്നാലെ അയാളുടെ കനത്ത കൈകള്‍ അവളുടെ കാലില്‍ ആര്‍ത്തിയോടെ അമരുമ്പോഴാണ് ആ കണ്ണുകളിലെ നിലവിളി എന്താണെന്ന് നാം തിരിച്ചറിയുന്നത്. ബാലവേശ്യാവൃത്തിക്കെതിരെ ബച്പന്‍ ബചാവോ ആന്ദോളന്‍ എന്ന സന്നദ്ധസംഘടന തയ്യാറാക്കിയ 'dont look away' എന്ന വീഡിയോ ആണിത്. ശിശുദിനമായ നവംബര്‍ 14-ന് പുറത്തിറക്കിയ വീഡിയോ ഇതിനകം തന്നെ യൂട്യൂബില്‍ വന്‍ഹിറ്റായിക്കഴിഞ്ഞു. 9.58 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്. നൂറുകണക്കിന് പേര്‍ ഇതിനോട് പ്രതികരിച്ചു. 



 കാണാതാവുന്ന കുരുന്നുകള്‍

ഓരോ വര്‍ഷവും ഇന്ത്യയില്‍ നിന്ന് 60,000-ത്തോളം കുട്ടികളെ കാണാതാകുന്നുണ്ടെന്നാണ് കണക്ക്. യഥാര്‍ഥ സംഖ്യ ഇതിലും കൂടുതലാവാം. കാരണം പലപ്പോഴും കുട്ടികളെ കാണാതായാല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനോ കേസ് രജിസ്റ്റര്‍ ചെയ്യാനോ രക്ഷിതാക്കള്‍ മുതിരാറില്ല. പ്രത്യേകിച്ചും പെണ്‍കുട്ടികളാണെങ്കില്‍. കുടുംബത്തിന്റെ അഭിമാനം മുതല്‍ കുട്ടിയുടെ ഭാവി വരെ പല പരിഗണനകളും അവരെ പിന്തിരിപ്പിക്കും. കാണാതെ പോകുന്ന കുട്ടികളില്‍ വളരെ ചെറിയ ശതമാനത്തെ മാത്രമേ തിരികെ കിട്ടുന്നുള്ളൂ എന്നും കണക്കുകളില്‍ കാണാം. ലൈംഗിക തൊഴിലിന് നിര്‍ബന്ധിക്കപ്പെടുന്ന പെണ്‍കുട്ടികളില്‍ 25 ശതമാനവും തട്ടിക്കൊണ്ടുപോകപ്പെട്ടവരാണ് എന്നതു കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം.

കാഴ്ചക്കാരായാല്‍ പോര

ഇത്തരം ദുരവസ്ഥയില്‍ പെട്ടുപോയ പെണ്‍കുട്ടികളെ കണ്ടാല്‍ മിണ്ടാതെ കയ്യുംകെട്ടി ഇരിക്കുകയല്ല സമൂഹം ചെയ്യേണ്ടത് എന്ന വ്യക്തമായ സന്ദേശമാണ് ബച്പന്‍ ബചാവോ ആന്ദോളന്‍ നല്‍കുന്നത്. ഈ കുട്ടികളെ രക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ വിളിക്കേണ്ട ഫോണ്‍ നമ്പറുകളും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ കൂടുതല്‍ പേര്‍ ഈ പരസ്യം കാണുകയും ഈ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യട്ടെ. കൂടുതല്‍ കൂടുതല്‍ പേര്‍ പ്രതികരിക്കാന്‍ തയ്യാറാവട്ടെ. ഒരു കുഞ്ഞുകണ്ണിലെയും വിളക്ക് അണയാതിരിക്കട്ടെ. ഒരു അച്ഛനും സ്വന്തം മകളെ ഈ അവസ്ഥയില്‍ കാണാന്‍ ഇടവരാതിരിക്കട്ടെ......

6 comments:

ajith said...

ബോധവല്‍ക്കരനം ഏറുന്തോറും അതിക്രമങ്ങളും വര്‍ദ്ധിക്കുന്നു. നിയമത്തെ പേടിയില്ലെങ്കില്‍ അരാജകത്വമാണ് ഫലം

ശ്രീ.. said...

ബോധവല്‍ക്കരണ സമയത്ത് മാത്രം ഇതിനെയൊക്കെ കുറിച്ച് ചിന്തിക്കും. അത് കഴിയുമ്പോ മുന്നില്‍ കണ്ടാല്‍ പോലും എതിര്‍ക്കാന്‍ എത്ര പേരാ തയ്യാറാവുക. കുറ്റവാളിക്കള്‍ക്ക് കൊടുക്കുന്നതോ ജയിലില്‍ സുഖ ജീവിതവും . വീണ്ടും പുറത്ത് ഇറങ്ങി അവര്‍ ഇതേ പണി തന്നെ തുടരുo. നിയമം പാലിക്കേണ്ടവര്‍ തന്നെ നിയമലംഘനം നടത്തുന്നു. നന്ദി മാഷേ @ അജിത്

Girija Navaneethakrishnan said...

പ്രിയപ്പെട്ട ശ്രീജയ ഇവിടെ എത്താൻ വൈകി.. ശ്രീജയ എന്റെ ബ്ലോഗിൽ ഇട്ടിരുന്ന കമെന്റ് കാണാനും വൈകി. ക്ഷമിക്കുക.

സുസ്മിതയുടെ ലേഖനം വായിച്ചു.

അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന പോലെ നമ്മളെ കൊണ്ടാവുന്നത് നമുക്കും ചെയ്യാം. സ്ത്രീകളെ ബഹുമാനിക്കാൻ നമ്മുടെ ആണ്‍ മക്കളെയും അഹങ്കാരവും, പ്രദർശനപരതയും ആപത്താണെന്ന് നമ്മുടെ പെണ്മക്കളെയും ബാല്യം മുതൽക്കേ പരിശീലിപ്പിക്കുന്നതിൽ ഇനിയും വീഴ്ച വരുത്തിക്കൂട.

ആശംസകളോടെ

ശ്രീ.. said...

ഇവിടെ വന്നതിനും, മറുപടി തന്നതിനും ഒത്തിരി നന്ദി @ ഗിരിജ.....

പുനര്‍ജനി said...

മാതാപിതാക്കള്‍ തന്നെ കുഞ്ഞുങ്ങളുടെ ജീവിതം നശിപ്പിക്കുമ്പോഴോ? രക്ഷിക്കേണ്ടവര്‍ തന്നെ ശിക്ഷിക്കുന്ന അവസ്ഥയാ ഇപ്പൊ!! :(

ശ്രീ.. said...

വളരെ ശരിയാണ്. പൈസക്ക് വേണ്ടി സ്വന്തം മക്കളെ അച്ഛന്‍, അമ്മമാര്‍ വില പേശി വില്‍ക്കുന്ന കാലഘട്ടമാന് ഇന്ന്.ഇവിടെ വന്നതിലും അഭിപ്രായം അറിയിച്ചതിലും ഒത്തിരി സന്തോഷം. നന്ദി പുനര്‍ജനി....