Sunday, January 4, 2015

ഓര്‍മ്മ ചിന്തുകള്‍....
(പുതു വര്‍ഷത്തിലെ ആദ്യത്തെ പോസ്റ്റിങ്ങ്‌ സ്നേഹപൂര്‍വ്വം അച്ഛനും, അമ്മയ്ക്കും)




ആദ്യ ചുംബനം അമൃത ചുംബനം 
അമ്മ തന്ന മധുര  ചുംബനം 
ഒരു ചെറു കരച്ചിലോടെ ആറടി 
മണ്ണിന്റെ  അവകാശിയായി 
കുഞ്ഞി കവിളത്ത് അച്ഛന്‍ നല്‍കിയ 
ചുംബനം ഒരിക്കലും മറക്കാത്ത 
വാത്സല്യത്തിന്‍ സ്നേഹ ചുംബനം
അച്ഛന്‍  ചൊല്ലി ഇവളെന്റെ മുത്തെന്ന്
അമ്മ ചൊല്ലി ദൈവം തന്ന നിധിയെന്ന്
അച്ഛന്റെ പൊന്നോമനയായി 
അമ്മ തന്‍ കണ്മണിയായി 
ഏട്ടന്‍മാര്‍ക്ക് കുഞ്ഞനിയത്തിയായി... 


കാലത്തിന്‍ ഗതികൊത്ത് നീന്തി തുടിക്കവേ 
അച്ഛന്‍ തന്റെ കടമ നിറവേറ്റി 
മഞ്ഞ ചരടില്‍ ആലില  താലി ചാര്‍ത്തി 
നെറുകയില്‍ കുംകുമം ചാര്‍ത്തി 
അഗ്നി സാക്ഷിയായി, കൈപിടിച്ച് നല്‍കി 
അച്ഛന്‍  ചൊല്ലി, ഇവന്‍ നിന്‍റെ സ്വന്തമെന്ന് 
നാടും, വീടും ഉപേക്ഷിച്ച് സ്വന്തം കൂട് 
കെട്ടാന്‍ പറന്നകന്നപ്പോള്‍, അച്ഛന്റെ 
കണ്ണില്‍ നിന്നുതിര്‍ന്ന സ്നേഹത്തിന്‍ 
മുത്തു മണികളെ മറക്കുവതെങ്ങനെ 
കളി ചിരി നിറഞ്ഞിരുന്ന വീടിന്റെ കോണില്‍ 
മധുര സ്മരണകളെ  താലോലിച്ച് ഇന്ന് 
അച്ഛനും അമ്മയും മാത്രം,മക്കളുടെ 
വിളിക്കായി കാതോര്‍ത്ത്...


ഓര്‍മ്മ തന്‍ മുറ്റത്ത് ഞാനൊരു  ഊഞ്ഞാല കെട്ടി
പറവകളെ പോലെ ആകാശത്തെത്താന്‍ കൊതിച്ച്
താഴേക്ക്‌ നിലം  പൊത്തിയപ്പോള്‍, കുറെ വള- 
-പൊട്ടുകളും, ഓര്‍മ്മ ചിന്തുകളും മാത്രം ബാക്കി...










2 comments:

  1. മനോഹരം.

    നല്ലൊരു പുതുവര്‍ഷം ആശംസിയ്ക്കുന്നു

    ReplyDelete
    Replies
    1. നല്ലൊരു പുതുവര്‍ഷം തിരിച്ചും ആശംസിയ്ക്കുന്നു .ശ്രീ....ഇവിടെ വന്നതിനും, വിലയേറിയ അഭിപ്രായത്തിനും നന്ദി, സന്തോഷം ..ശ്രീ ....

      Delete