ഞാനൊരു പ്രവാസി അല്ല
പ്രാരാബ്ദങ്ങള്‍ എന്നെ പ്രവാസിയാക്കി
ഭാര്യയുടെ കെട്ടുതാലി വിറ്റ് സ്വപ്നങ്ങള്‍ക്ക്
നിറമേകാന്‍ ഞാനൊരു പ്രവാസിയായി
നാടും, വീടും ഉപേക്ഷിച്ച്, ഏഴാം കടലും കടന്ന്
ഞാനൊരു പ്രവാസിയായി
നൊമ്പരങ്ങളെല്ലാം ഉള്ളിലൊതുക്കി
കടമ നിറവേറ്റാന്‍ ഞാനൊരു പ്രവാസിയായി
ഇന്ന് ലേബര്‍ ക്യാമ്പിലെ കുടുസ മുറിയിലെ
അഞ്ചാമത്തെ നിലയിലാണ് എന്‍റെ താമസം
കൂട്ടിന് കുറേ മൂട്ടകളും
സുര്യോദയം മുതല്‍ അസ്തമയം വരെ
മേല്‍ക്കൂരയില്ലാത്ത ആകാശത്തിന് താഴെ
ആണെന്റെ ജോലി
കുബൂസും തൈരും എന്‍റെ ഇഷ്ട ആഹാരങ്ങള്‍
മാസം തോറും നാട്ടിലേക്ക് അയക്കുന്ന രൂപയുടെ
രസീതുകള്‍ എന്‍റെ സമ്പാദ്യം
പുതിയ സ്വപ്‌നങ്ങള്‍ കാണാന്‍ എനിക്ക് സമയമില്ല
കണ്ട സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനാണെന്റെ ഓട്ടം
ഉറക്കമില്ലാത്ത രാവുകള്‍ എനിക്കേകി ഈ പ്രവാസം
അവധിക്ക് നാട്ടിലെത്തിയാല്‍ പെട്ടി നിറയെ
കാശുമായി വന്ന ഷെയിക്കാണ് ഞാനെന്നാണ്
വീട്ടുകാരുടെയും, ബന്ധുക്കളുടെയും ധാരണ
ആദ്യ ദിനങ്ങള്‍ സ്നേഹം കൊണ്ട് പൊതിയും
അമാന്തിച്ചാല്‍ പോകാറായില്ലേയെന്ന ചോദ്യം
ചുറ്റിനും..
സങ്കടം ഉള്ളിലൊതുക്കി വെളുക്കെ ചിരിച്ച്
അവര്‍ പറയുന്ന വേഷങ്ങള്‍ കെട്ടിയാടി
വെറും കൈയോടെ, കണ്ണിലുരുണ്ട് കൂടിയ
മിഴിനീര്‍ തുള്ളികളെ മറയ്ക്കാന്‍ ശ്രമിച്ച്
യാത്രാമൊഴി ചൊല്ലുമ്പോള്‍ മനസ്സ് മന്ത്രിക്കുന്നത്
ഇത്ര മാത്രം-ഒരു നാള്‍ കടമ നിറവേറ്റി മടങ്ങും
ഞാനെന്‍റെ നാട്ടിലേക്ക്, അവിടെ എനിക്കായി
കാത്തിരിപ്പുണ്ട്, ആറടി മണ്ണ്
എങ്കിലും ഈ പ്രവാസ ജീവിതത്തിനോട്
എനിക്ക് വെറുപ്പില്ല
അധിക സൌഭാഗ്യങ്ങള്‍ എനിക്കേകിയില്ലെങ്കിലും
എന്‍റെ പ്രാരാബ്ദങ്ങള്‍ അകറ്റിയ ഈ പ്രവാസത്തിന്
നന്ദി..........
2 comments:
എന്‍റെ പ്രാരാബ്ദങ്ങള്‍ അകറ്റിയ ഈ പ്രവാസത്തിന്
നന്ദി..........
ഞാനും അതുതന്നെയാണു പറയാറുള്ളത്
വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ,സന്തോഷം :) @ ajith...
Post a Comment