സ്കൂള്‍ ജീവിതത്തിനെ പോലെ തന്നെ രസകരമായ ദിനങ്ങളായിരുന്നു, ഫാര്‍മസി കഴിഞ്ഞുള്ള മൂന്ന് മാസത്തെ ട്രെയിനിംഗ്.അത് കൂടി കഴിഞ്ഞാലെ കോഴ്സ് കമ്പ്ലീറ്റ് ആകുന്നുള്ളൂ. തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിലെ ആ ദിനങ്ങള്‍ ഇന്നും മനസ്സില്‍ മധുരമായി നിലകൊള്ളുന്നു.പല ഫാര്‍മസി കോളേജില്‍ നിന്നുമുള്ള ആണ്‍ കുട്ടികളും,പെണ്‍ കുട്ടികളുമായി പതിനഞ്ച് പേരായിരുന്നു നമ്മുടെ ബാച്ചില്‍. പല കോളേജില്‍ നിന്നുള്ളവരായിട്ടും എല്ലാരും പെട്ടന്ന് തന്നെ നല്ല കൂട്ടുകാരായി. ചിരിയും തമാശയമൊക്കെയായി കുറെ നല്ല ദിനങ്ങള്‍.
അമ്മയ്ക്കും,കുഞ്ഞുങ്ങള്‍ക്കും മാത്രമുള്ള ആശുപത്രി ആയത് കൊണ്ട് തന്നെ സന്തോഷകരവും, ദുഃഖകരവുമായ ഒരു പാട് രംഗങ്ങള്‍ കാണേണ്ടതായും വന്നു.കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട്,നെഞ്ച് പൊട്ടിക്കരയുന്ന മാതാപിതാക്കളുടെ സങ്കടം ഇന്നും കണ്മുന്നില്‍ തന്നെയുണ്ട്.ദൈവം,ഇത്രയും ക്രൂരനാണോന്ന് തോന്നിപ്പോകുന്ന നിമിഷങ്ങള്‍.അത് കൊണ്ട് തന്നെയാകണം,എന്ത് കണ്ടാലും ജീവിതത്തില്‍ നേരിടാനുള്ലൊരു ശക്തി കിട്ടിയതും.
മെഡിക്കല്‍ കോളേജിന് വെളിയില്‍ അന്ന് നല്ലൊരു കാന്റീന്‍ ഉണ്ടായിരുന്നു. വൈകുന്നേരം മിക്കവാറും ദിവസങ്ങളില്‍ കൂട്ടുകാരോടോന്നിച്ച് അവിടൊന്നൊരു ആവി പറക്കുന്ന ചായയും,വാഴക്ക അപ്പവും, ഇന്നും ഓര്‍ക്കുമ്പോ കൊതിയാണ്.സ്കൂള്‍ ജീവിതം കഴിഞ്ഞതിന് ശേഷം ഒരു വരിപോലും എഴുതാതിരുന്ന എനിക്ക് വീണ്ടും എഴുതാനുള്ള പ്രചോദനം കിട്ടിയത് ഇവിടെ നിന്നുള്ള അനുഭവങ്ങള്‍ തന്നെയാണ്.അതിന് അന്ന് എന്നെ ഈ കൂട്ടുകാര്‍ ഒരു പാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.കൊള്ളില്ലെങ്കില്‍, ഇല്ലായെന്നും,നന്നായാല്‍,നന്നായെന്നുമുള്ള അഭിപ്രായം പറയാന്‍ അവര്‍ മടി കാണിച്ചിരുന്നില്ല.
നമ്മള്‍ പതിനഞ്ച് പേരില്‍, അധികം ട്രെയിനിംഗിന് വരാതിരുന്ന, അധികം ആരോടും മിണ്ടാതെ, ചിരിക്കാതെ, നമ്മുടെ കൂട്ടത്തില്‍പ്പെടാതെ മാറിയിരുന്ന ഒരു മുഖം, ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന മുഖം. വല്ലപ്പോഴും വരും, പിന്നെ കുറെ നാള്‍ ആളിനെ കാണില്ല. താടിയൊക്കെ വളര്‍ത്തി ഒരു വിഷാദ രൂപം.പുള്ളിയുടെ സഹോദരി, എന്തോ അസുഖം ബാധിച്ച് പെട്ടന്ന് മരിച്ചു.അതിന് ശേഷമാണ് ഇങ്ങനെ ആയതെന്ന് പറഞ്ഞു കേട്ടിരുന്നു. ഞാന്‍ എന്തെങ്കിലും എഴുതിയാല്‍,വാങ്ങി വായിച്ചു നോക്കുമായിരുന്നു, എന്നിട്ട് ഒരു ഭാവ ഭേദവുമില്ലാതെ "ഗുഡ്" എന്ന മറുപടിയും തരും.
ട്രെയിനിംഗിന്‍റെ അവസാന നാളുകള്‍, ഇന്നും കണ്മുന്നില്‍ തന്നെയുണ്ട്.ഒരു പാട് എന്‍ജോയ് ചെയ്യ്തിരുന്ന ദിനങ്ങള്‍.ആ ട്രെയിനിംഗ് അവസാനിക്കരുതേന്ന് ആഗ്രഹിച്ച ദിവസങ്ങളായിരുന്നു അതൊക്കെ.ആ ദിവസം എനിക്ക് കിട്ടിയ ആ സമ്മാനം,ഇന്നും നെഞ്ചോട് ചേര്‍ത്ത് വെയ്യ്ക്കുന്ന വിലമതിക്കാനാകാത്ത ആ സമ്മാനം. എന്‍റെ പെങ്ങള്‍ ഇന്ന് ഈ ലോകത്ത് ഇല്ല.അവള്‍ ഒരു പാട് എഴുതുമായിരുന്നു, മനസിലുള്ളത് പ്രകടിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല ആയുധമാണ് തൂലിക.ഈ പേന ഇനി എന്‍റെ ഈ പെങ്ങള്‍ക്ക് ഇരിക്കട്ടെയെന്ന് പറഞ്ഞ് വിട ചൊല്ലി പോയ ആ മുഖവും,ഒരു നിധിയായി സൂക്ഷിച്ച്, എന്നോ എവിടെയോ വെച്ച് നഷ്ടമായ ആ തൂലികയും, ഈ ആള്‍ക്കൂട്ടത്തിനിടയില്‍ ഇന്നും തിരയുന്നു.......
2 comments:
ജീവിതവഴികൾ എത്ര വിചിത്രമെന്നോ
അതെ മാഷേ..താങ്ക്സ് :)
Post a Comment