Saturday, October 13, 2018

തൂലിക......



തൂലിക പടവാളാക്കിയായിരുന്നു 
നിന്റെ പോരാട്ടം 
ആ തൂലികയിൽ നിന്നുതിർന്ന 
വർണ്ണാക്ഷരങ്ങളുടെ പ്രഭയിൽ 
നീയൊരു ഉദയ സൂര്യനെപ്പോൽ 
ജ്വലിച്ചു നിന്നു... 

അസ്തമയ സൂര്യനിലും നീയൊരു 
കെടാവിളക്കായ് വെളിച്ചം പകർന്നിരുന്നു 
ആ തൂലികയിൽ അക്ഷരങ്ങളുടെ 
വസന്തം രചിച്ചു നീ ആസ്വാദക 
മനസ്സിൽ ചേക്കേറി 
ദുഃഖമോ വിരഹമോ നിന്റെ 
തൂലികയെ ഉലച്ചതില്ല...

ആ തൂലികയിൽ നീ തീർത്ത 
പ്രണയാർദ്ര കാവ്യങ്ങൾക്ക് 
നൂറഴകായിരുന്നു 
ആ സുന്ദര കാവ്യങ്ങളിലെ 
നായിക ഞാനാണെന്നു 
ഞാൻ വെറുതെ നിനച്ചിരുന്നു...

ആ തൂലികയിൽ നീ രചിച്ച 
മന്ത്രാക്ഷരങ്ങൾ പടർന്നിറങ്ങി 
നീയൊരുക്കിയ സ്വപ്ന സൗധം തച്ചുടച്ചു 
ഒരു മാത്ര മൗനമായി നീ മറയുമ്പോൾ 
അശക്തയായി ആ തൂലിക 
മണ്ണിലടിഞ്ഞു കിടക്കുന്നു 
നീ വീണ്ടും അക്ഷരവസന്തം 
തീർക്കുമെന്ന പ്രതീക്ഷയോടെ..........

No comments:

Post a Comment