Tuesday, January 28, 2014

ഇനിയുമുണ്ടൊരു ജന്മമെങ്കില്‍....
                                                                                                                   (ഫോട്ടോ ഗൂഗിള്‍)
തറവാടിന്‍ മുറ്റത്തൊരു തുളസി തറയുണ്ട് 
കോലായിലെ ചാരു കസേരയിലിരുന്ന്
മുറുക്കി തുപ്പുന്ന എന്‍ മുത്തശ്ശനുണ്ട്
രാമനാമം ജപിക്കുന്ന എന്‍ മുത്തശ്ശിയുണ്ട് 
പറമ്പില്‍ പണി കഴിഞ്ഞ് ക്ഷീണിച്ച് കൈയ്യില്‍
മണ്‍വെട്ടിയുമായി വരുന്ന എന്‍ അച്ഛനുണ്ട്‌
ഉണ്ണികുട്ടനെ മടിയിലിരുത്തി താലോലിക്കുന്ന 
എന്‍ അമ്മയുണ്ട്‌ 
സന്ധ്യാദീപം തെളിയിക്കുന്ന കുഞ്ഞേട്ടത്തിയുണ്ട് 

കഥകള്‍ കേള്‍ക്കാനായി മുത്തശ്ശിക്കരികില്‍ 
കാതോര്‍ത്തിരിക്കുന്ന ഞാനും, കുഞ്ഞേട്ടത്തിയും
എന്‍ ഉണ്ണി കുട്ടനും 
തുമ്പിയെ പിടിക്കാന്‍ പറമ്പില്‍ ഓടുന്ന ഉണ്ണികുട്ടനും
ഞാനും, ഓല തന്‍ തുമ്പില്‍ ഊഞ്ഞാലാടുന്ന 
എന്‍ കുഞ്ഞേട്ടത്തിയും

ഓണമായാല്‍ പറമ്പിലെ മാവില്‍ ഊഞ്ഞാലിടണം
കുടമിട്ട്  മുകളില്‍ പോയി, ഇല അടത്ത് 
ഉണ്ണി കുട്ടന് നല്‍കണം, ആ മുഖത്തെ സന്തോഷം 
കണ്ട് മതി മറന്ന് ചിരിക്കണം, അത്തപ്പൂക്കളമിടാന്‍ 
കുഞ്ഞേട്ടത്തിക്ക് പൂക്കളിറുത്തു കൊടുക്കണം 
അമ്മയുടെ  ഓണപലഹാരങ്ങള്‍ കഴിച്ച്
ഓണ കോടിയുടുത്ത്, ഓണ സദ്യ ഉണ്ണണം 

ദേവി തന്‍ നടയില്‍ ദീപാരാധന തൊഴണം 
മീന ഭരണി ഉത്സവത്തിന് അച്ഛനോടൊപ്പം 
കച ദേവയാനി ചരിതം കാണണം 
വളയും, മാലയും, പൊട്ടും വാങ്ങണം 
ചില്ലറകള്‍ സമ്പാദിക്കാനായി  കായി കുടുക്ക 
വാങ്ങണം, കൂട്ടുകാരോടൊത്ത് കളിച്ച് നടക്കണം 

എന്നും കാണാന്‍ ആഗ്രഹിക്കുന്ന എന്‍റെ 
സ്വപ്നത്തിലെ തറവാട് 
എല്ലാം മനോഹരമായൊരു വര്‍ണ്ണ സ്വപ്നം 
മാത്രം...............


Sunday, January 26, 2014

റിപ്പബ്ലിക് ദിനാശംസകള്‍.....

സ്വാതന്ത്ര്യം താനമൃതം
പാരതന്ത്ര്യം മൃതിയെക്കാള്‍ ഭയാനകം 
സ്വാതന്ത്ര്യത്തിന്‍ മാധുര്യം നുകര്‍ന്ന് 
തന്ന മഹാത്മാക്കളെ നമിച്ചിടുന്നു 
വളരട്ടെ നമ്മുടെ ദേശാഭിമാനം 
ഉയരട്ടെ നമ്മുടെ ത്രിവര്‍ണ്ണ പതാക 
വാനോളം, വന്ദേ മാതരം...........

Saturday, January 25, 2014

മൌനം..... (ഫോട്ടോ ഗൂഗിള്‍)


                                                                                                         നിനക്കായി എഴുതാന്‍ 
വാക്കുകളോ, വരികളോ ഇല്ല 
നിറഞ്ഞ മൌനം മാത്രം 

ആ മൌനത്തിലും നിനക്കായി 
എഴുതാന്‍ കൊതിച്ച വാക്കുകളും
 വരികളും നിറഞ്ഞു നിന്നു

എപ്പോഴൊക്കെയോ നിന്‍റെ സ്നേഹം 
പേമാരിയായി എന്നില്‍ വര്‍ഷിച്ചത് 
പോലെ, നിറഞ്ഞ മൌനത്തെ ഭേദിച്ച് 
നിനക്കായി എഴുതാന്‍ കൊതിച്ച 
വാക്കുകളും, വരികളും, ഓര്‍മ്മ തന്‍ 
പേമാരിയായി എന്നില്‍ പെയ്തിറങ്ങി

തൂലിക തുമ്പില്‍ നിന്ന് അടര്‍ന്ന് വീണ 
മൌനത്തിന്‍ വാക്കുകള്‍ പടര്‍ന്നിറങ്ങി 
സ്നേഹത്താല്‍ തീര്‍ത്ത മൌനത്തിന്‍ 
കൊട്ടാരം തകര്‍ന്നു വീണു..............


Monday, January 20, 2014

സ്ത്രീ....

                                                                             
സര്‍വ്വം സഹയായ സ്ത്രീ ഇന്ന് അവളുടെ

മാനം കാക്കാനായി തെരുവില്‍ പോരാടുന്നു

സ്ത്രീ അമ്മയാണ്, ദേവിയാണെന്ന് പുറമേ 
വാഴ്ത്തുന്നവര്‍ പോലും നിര്‍ലെജ്ജമായ് വില
പേശുന്നതും അവര്‍ തന്‍ മാനത്തിന്

സ്ത്രീയെ വില്പന ചരക്കായി കണ്ടിരുന്ന കാലം

ഏറെ കഴിഞ്ഞിട്ടും സ്വന്തം രക്ഷക്കായി

ഇന്നും അവള്‍ തെരുവില്‍ പോരാടുന്നു...

സമരം നടത്തിയും, മുറവിളി കൂട്ടിയും കാക്കേണ്ടതോ

സ്ത്രീയുടെ മാനം,നമുക്ക് കിട്ടില്ലിവിടെ നീതി

നമ്മുടെ സുരക്ഷക്കായി നമുക്ക് തന്നെ ശ്രമിക്കാം

മാന്യമായി വസ്ത്രം ധരിച്ച്, മേനി മുഴുവന്‍ മറയ്ക്കാം

പിഞ്ചു പെണ്മക്കളെ കരുതലോടെ സൂക്ഷിക്കാം...

അമ്മ, പെങ്ങന്മാരെ തിരിച്ചറിയാത്ത

കാമ വെറി പൂണ്ട ചെന്നായ്ക്കള്‍ക്കെതിരെ,

സ്ത്രീയായ ഭൂമി ദേവിയുടെ വിരിമാറില്‍ 
സ്ത്രീകള്‍ക്കെതിരായ അനീതിക്കെതിരെ പൊരുതാം 
നമുക്ക് ഒറ്റ കെട്ടായി, നേരിടാം മുന്‍ വിധിയോടെ, 
ഭയപ്പെടാതെ ഈ ഭൂവില്‍ ഞങ്ങളും 
ജീവിച്ചോട്ടെ ശിഷ്ട കാലം ................

Thursday, January 16, 2014

നിത്യ ഹരിത നായകന് ആദരപൂര്‍വ്വം....
ചിറയിന്കീഴിന്റെറ അഭിമാനം, ശ്രീ. പ്രേം നസീര്‍( ചിറയിന്‍കീഴ്‌ അബ്ദുള്‍ഖാദര്‍) മലയാള സിനിമയുടെ നിത്യ ഹരിത നായകന്‍, അഭ്രപാളികളില്‍ മറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. പ്രേം നസീറിന്റെറ നാട്ടുകാരിയെന്നു പറയുന്നതില്‍ ഞാന്‍ എന്നും അഭിമാനം കൊള്ളുന്നു. അദേഹത്തിനെ നേരിട്ട് കാണാന്‍ കഴിയാതെ പോയത്, നടക്കാതെ പോയ ഒരു ആഗ്രഹമാണ്.

1989 ജനവരി 16 നായിരുന്നു ആ മഹാനടന്‍ മരിച്ചത്. അനശ്വര പ്രതിഭയുടെ വിയോഗം കേട്ടറിഞ്ഞ് ചിറയിന്‍കീഴ് കൂന്തള്ളൂരില്‍ പ്രേംനസീറിന്റെ വീടായ ലൈലാ കോട്ടേജിലേക്ക് പലനാട്ടില്‍ നിന്ന് ആയിരങ്ങള്‍ ഒഴുകിയെത്തി; ഇടമുറിയാതെ. കയര്‍പിരിക്കുന്നവര്‍ മുതല്‍ വെള്ളിത്തിരയിലെ വീരനായകര്‍വരെ വരി നിന്നു പ്രേംനസീറിനെ അവസാനമായൊന്നു കാണാന്‍.


ഞാന്‍ ദൈവത്തിനുള്ളതാകുന്നു. ഞാന്‍ ദൈവത്തിലേക്ക് മടങ്ങുന്നു എന്ന വചനം സ്ഥിരീകരിച്ച് പ്രേംനസീര്‍ പിന്നെ ചിറയിന്‍കീഴ്‌ കാട്ടുമുറാക്കല്‍ പള്ളിയില്‍ അന്ത്യവിശ്രമംകൊണ്ടു. വിയോഗത്തിനുശേഷം കാല്‍നൂറ്റാണ്ടു പിന്നിട്ടിട്ടും കാലാതിവര്‍ത്തിയായ ഇതിഹാസംപോലെ എവര്‍ ജനറേഷനായി പ്രേംനസീര്‍ ഇപ്പോഴും സുഗന്ധ സ്മൃതിയാകുന്നു......

Monday, January 13, 2014

മെഡിക്കല്‍ എത്തിക്സ്...

മെഡിക്കല്‍ എത്തിക്സിനെ കുറിച്ച് എനിക്ക് വലിയ അറിവൊന്നുമില്ല. ഒന്നറിയാം ആതുര ശിശ്രൂഷകര്‍ എപ്പോഴും ലാഭേച്ച കൂടാതെ  രോഗികളെ ചികിത്സിക്കാന്‍ തയ്യാറായിരിക്കണം. അത് കൊണ്ട് തന്നെ ആ വിഭാഗത്തെ ഞാന്‍ എപ്പോഴും ബഹുമാനത്തോടെ തന്നെയാണ് കണ്ടിട്ടുള്ളതും. ഇത് ഇവിടെ പറയാന്‍ കാരണം, അടുത്തിടെ നാട്ടില്‍ പോയപ്പോഴുണ്ടായ അനുഭവം തന്നെയാണ്. 

മോളെയും കൊണ്ട് നാട്ടിലെ ഒരു ത്വക്ക് രോഗ വിദഗ്ധനെ കാണാന്‍ പോകേണ്ടി വന്നു.  നല്ല രീതിയില്‍ പ്രൈവറ്റ് പ്രാക്ടിസ് നടത്തുന്ന ഡോക്ടര്‍. ഡോക്ടറെ കണ്ട്, രോഗ വിവരം പറഞ്ഞു, അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്ന് വാങ്ങാന്‍ മരുന്നിനും കുറിച്ചു. കയ്യില്‍ കരുതിയിരുന്ന നൂറ് രൂപ ഡോക്ടറുടെ കന്‍സല്‍ട്ടേഷന്‍ ഫീസ്‌ കൊടുത്തു. നൂറ് രൂപയല്ല നൂറ്റിഅമ്പതു രൂപയാ ഫീസ്‌, ഡോക്ടര്‍ പറയുന്നത് കേട്ട് ഞാന്‍ എന്‍റെ പേഴ്സ് തപ്പാന്‍ തുടങ്ങി. ചില്ലറ ഇല്ലാതിരുന്നത് കൊണ്ട് നൂറ് രൂപ അമ്മയുടെ കയ്യില്‍ നിന്ന് വാങ്ങിയ വന്നത്. അമ്പതു രൂപ ചില്ലറ സഹിതം നുള്ളി പെറുക്കി ആ ആതുര ശിശ്രുഷകന്  കൊടുത്തു കൊണ്ട് ഇത്രയും പറയാന്‍ മറന്നില്ല,   ഡോക്ടര്‍  ഫീസ്‌ കൂട്ടിയ വിവരം ഞാന്‍ അറിഞ്ഞില്ലായിരുന്നു. ആറു മാസത്തിനു മുന്നേ ഇതേ ഡോക്ടര്‍ക്ക്‌ നൂറ് രൂപയായിരുന്നു ഫീസ്‌. അടുത്തുള്ള ചേച്ചി, വേറൊരു ഡോക്ടറിനെ കാണാന്‍ പോയപ്പോഴുണ്ടായ അനുഭവവും മറിച്ചായിരുന്നില്ല. കൈയിലുണ്ടായിരുന്ന നൂറ് രൂപ കൊടുത്തപ്പോ ആ ഡോക്ടര്‍ പറഞ്ഞത് അമ്പതു രൂപ കൂടി വേണമെന്ന്‍ തന്നെയായിരുന്നു. എന്‍റെ കയ്യില്‍ ഇതേ തരാനുള്ളു എന്ന് പറഞ്ഞ് അവര്‍ അവിടെ നിന്ന് ഇറങ്ങി വന്നു.  ജനങ്ങളെ സേവിക്കേണ്ട ഡോക്ടര്‍മാര്‍ വാവിട്ട് ചോദിച്ചു  കൈ നീട്ടി കാശു വാങ്ങിക്കുന്നത് കാണുമ്പോ ശരിക്കും ലെന്ജ തോന്നുന്നു. ലക്ഷങ്ങള്‍ കൊടുത്തു അഡ്മിഷന്‍ വാങ്ങി ഡോക്ടര്‍ ആകാന്‍ പഠിക്കുന്നവരില്‍ നിന്ന് ഇത് പോലെയൊക്കെ തന്നെ ജനങ്ങള്‍ പ്രതീക്ഷിച്ചാല്‍ മതിയല്ലോ.പിന്നെ ഗ്യാസിനും, പെട്രോളിനും, സവാളക്കുമൊക്കെ അടിക്കടി വില കൂടി കൊണ്ടിരുന്നാല്‍ ഇവര്‍ക്ക് ഫീസ്‌ കൂട്ടാതിരിക്കാതെ വേറെ എന്താ വഴി, കഷ്ടം! 

  
എല്ലാരെയും ഇവിടെ അടച്ചു ആക്ഷേപിക്കാന്‍ കഴിയില്ല. കൊല്ലങ്ങളായി ഒരേ ഫീസ്‌ വാങ്ങി ചികില്‍സിക്കുന്നവര്‍, കൊടുക്കാന്‍ കഴിവില്ലാത്തവരെ ഫ്രീ ആയി ചികിത്സിക്കുന്ന ആതുര ശിശ്രുഷകര്‍  ഇപ്പോഴും ഉണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ കഴിവുള്ള ഡോക്ടര്‍മാര്‍, ദൈവത്തിന്‍റെ സ്ഥാനത്ത് നില്‍ക്കേണ്ടവരാണ്, രാജ്യത്തിന്‌ വേണ്ടി, ജനങ്ങള്‍ക്ക്‌ വേണ്ടി ആയിരിക്കണം അവരുടെ സേവനം......