Monday, October 5, 2015

സൌഹൃദങ്ങള്‍.....

റോഡിനിരുവശവും നടന്നകലുന്ന നാട്ടുകാരെയും, കടകളിലുമൊക്കെ വായിനോക്കിയാ നാട്ടിലെത്തിയാല്‍ നടപ്പ്. അതൊരു  സന്തോഷമാണ്, ഒരു പുഞ്ചിരിയും സമ്മാനിച്ച്‌ പോകുന്ന  ചിര പരിചിതരെ പലരെയും കാണാം. കടയിലിരിക്കുന്ന ചില്ല് പെട്ടിയിലെ പലഹാരങ്ങളും, മിഠായികളും  ഇപ്പോഴും ഒരു വീക്ക്നെസ്സ് തന്നെയാണ്.

"ശ്രീ..ശ്രീ" പുറകില്‍ നിന്ന് ആരോ വിളിക്കുന്നു. കേട്ട് പരിചയമുള്ള സ്വരം. അഞ്ചാം ക്ലാസ്സ്‌ മുതല്‍ പത്താം തരം വരെ ഒരേ ക്ലാസ്സില്‍ പഠിച്ച  എന്‍റെ കൂട്ടുകാരി. വര്‍ഷങ്ങളായി തമ്മില്‍  കണ്ടിട്ട്. സ്കൂള്‍ ജീവിതം കഴിഞ്ഞ് കണ്ടിട്ടേയില്ല.  ദൂരെ എവിടെയോ ആണ് വിവാഹം കഴിഞ്ഞ് പോയതെന്ന് അറിഞ്ഞിരുന്നു.   എന്‍റെ ശ്രീ എത്ര നാളായി  കണ്ടിട്ട്. കുഞ്ഞമ്മയുടെ വീട്ടില്‍ ഇന്ന് വന്നത് നന്നായി, ശ്രീയെ കാണാന്‍ കഴിഞ്ഞല്ലോ. ആ സന്തോഷം അവളുടെ വാക്കുകളില്‍, ആ കണ്ണുകളില്‍ നിന്ന് വായിച്ചെടുക്കാമായിരുന്നു. കാലം അവളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും, സ്വഭാവം പഴയത് പോലെ തന്നെയാണ്. വാതോരാതെ സംസാരിച്ച് കൊണ്ടിരിക്കുന്ന പ്രകൃതം. നമ്മള്‍ അവളെ സ്നേഹത്തോടെ ആകാശവാണിയെന്നാണ് വിളിച്ചിരുന്നത്. അവള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ നമ്മള്‍ പറയുമായിരുന്നു. ദാ, റേഡിയോ ഓണ്‍ ആയെന്ന്. ഞാന്‍ നമ്മുടെ കൂട്ടുകാരെ ആരെയെങ്കിലും കണ്ടാല്‍  നിന്നെ കുറിച്ച് അന്യേഷിക്കാറുണ്ട്  ശ്രീ. പിന്നെ ചോദിപ്പും, പറച്ചിലുമൊക്കെ  ആയി നിമിഷങ്ങള്‍ കടന്ന് പോയി. 

ഓര്‍ക്കുന്നോ ശ്രീ നമ്മള്‍ തമ്മില്‍ ഇടക്കൊക്കെ പിണങ്ങാറുണ്ടായിരുന്നു. പക്ഷെ ആ പിണക്കങ്ങളൊന്നും ഒരു ദിവസത്തില്‍ കൂടുതല്‍ നീണ്ട് നില്‍ക്കാറില്ലായിരുന്നു. എല്ലാം ഞാന്‍ ഓര്‍ക്കാറുണ്ട് ശ്രീ. ആ നിമിഷങ്ങള്‍ ഈ ജീവിതത്തില്‍ ഇനി  ഒരിക്കലും തിരികെ  കിട്ടില്ലാന്ന് അറിയാം, എന്നാലും കൊതിച്ചു പോകുന്നു ശ്രീ, വീണ്ടും നമ്മുടെ കൂട്ടുകാരികളോടൊപ്പം, നമ്മുടെ ആ പഴയ ക്ലാസ്സുകളില്‍ ഒരിക്കല്‍ കൂടി  പഠിക്കാന്‍. നിറമുള്ള  കുറെ ഓര്‍മ്മകള്‍ അയവിറക്കി.  ശ്രീ ഒത്തിരി നേരമായി, മക്കള്‍ വീട്ടില്‍ ഉണ്ട്, ഞാന്‍  ചെന്ന് വേണം ഉച്ചക്കത്തേക്കുള്ളത് റെഡി  ആക്കാന്‍. മീന് വാങ്ങി  മാര്‍ക്കറ്റില്‍ നിന്ന്. വീട്ടില്‍ കുറച്ച് പച്ചക്കറി കൃഷിയുണ്ടേ, വീട്ടിലെ ആവശ്യത്തിനുള്ള മലക്കറി കിട്ടും. മീനിനൊക്കെ വലിയ വിലയാ ശ്രീ. ഇത്രയും വിലകൊടുത്തു വാങ്ങിയാലും ചിലതൊന്നും വകക്ക് കൊള്ളില്ല. ഒരു ഉത്തരവാദിത്തമുള്ള വീട്ടമ്മയുടെ ആവലാതിയും പങ്ക് വെയ്ക്കാന്‍ അവള്‍ മറന്നില്ല. കണ്ടതില്‍ ഒത്തിരി  സന്തോഷം  ശ്രീ. എന്നെങ്കിലും, വീണ്ടും ഇത് പോലെ കാണാമെന്ന് പറഞ്ഞ് അവള്‍ യാത്ര പറഞ്ഞു. കണ്ണിലുരുണ്ട് കൂടിയ നീര്‍ത്തുള്ളികളെ മറയ്ക്കാന്‍  ശ്രമിച്ച്, അവള്‍  നടന്നകലുന്നതും നോക്കി, കുറച്ച് നേരം  നില്‍ക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. 

ഒരിക്കലും മറക്കരുതെന്നാഗ്രഹിക്കുന്ന ഇണക്കങ്ങളും, പിണക്കങ്ങളും നിറഞ്ഞ ഓര്‍മ്മയിലെ നല്ല കൂട്ടുകാര്‍. നല്ല സൌഹൃദങ്ങള്‍ക്ക് നിരന്തരമുള്ള കൂടികാഴ്ചകളോ, സംഭാഷണങ്ങളോ ആവശ്യമില്ല. ആത്മാര്‍ത്ഥ സൌഹൃദങ്ങള്‍ എന്നും നില നില്‍ക്കുക തന്നെ ചെയ്യും...........

2 comments:

  1. ആത്മാര്‍ത്ഥസൌഹൃദങ്ങള്‍ നിലനില്‍ക്കട്ടെ

    ReplyDelete
    Replies
    1. വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ, ഒത്തിരി സന്തോഷം :) @ ajith....

      Delete