Sunday, May 28, 2017

പ്രത്യാശ....


എഫ് ബി യിലെ ഒരു ഗ്രൂപ്പില്‍ കഥാമത്സരത്തിന് രണ്ടാം സ്ഥാനം നേടിയ എന്‍റെ വരികള്‍ 




വിശന്നു വയറ് കാളുന്നു, തന്റെ കണ്ണില്‍ നിന്നുതിര്‍ന്ന  നീര്‍തുള്ളികളെ തൂത്തെറിഞ്ഞു അവന്‍.തനിക്ക് കരയാന്‍ സമയമില്ല , ഇനിയും ഒരു പാട് ജോലികള്‍ ചെയ്തു തീര്‍ത്താലെ വിശപ്പകറ്റാന്‍ എന്തെങ്കിലും കിട്ടുള്ളു. അവന്‍ ഓര്‍ക്കുകയായിരുന്നു, ആ ദിനങ്ങള്‍.താനും അനിയനും അച്ഛനും അമ്മയുമടങ്ങിയ ആ സന്തുഷ്ട കുടുംബം. തന്റെ അനിയന്‍ ഉണ്ണിക്കുട്ടന്‍ തനിക്ക് ജീവിനായിരുന്നു.പെട്ടന്നാണ് തന്റെ കുടുംബത്തിന്റെ സന്തോഷമില്ലാതായത്.അച്ഛന്റെയും അമ്മയുടെയും സംസാരത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞു,അച്ഛന്റെ ബിസിനസ്സ് നഷ്ടത്തിലായി.അനാഥയായ തന്‍റെ അമ്മയെ വിവാഹം കഴിച്ചത് കൊണ്ട് തന്നെ, അച്ഛന്റെ വീട്ടുകാര്‍ പോലും എതിരായിരുന്നു.വീട്ടില്‍ കടക്കാര്‍ കയറി ഇറങ്ങാന്‍ തുടങ്ങി.

അന്ന് രാത്രി അത്താഴത്തിന് തങ്ങള്‍ക്കിഷ്ടപ്പെട്ടതൊക്കെ അമ്മ ഒരുക്കിയിരുന്നു. നമ്മള്‍ രണ്ട് മക്കളെയും അരികില്‍ ഇരുത്തി അച്ഛനും അമ്മയും സ്നേഹത്തോടെ ഞങ്ങളെ ഊട്ടി. അത് അവസാനത്തെ അത്താഴമാണെന്ന് അറിയാതെ രുചിയോടെ ഭക്ഷിച്ചു.അമ്മയുടെ കണ്ണില്‍ നിന്നടര്‍ന്നു വീണ ചൂടുള്ള ആ കണ്ണുനീര്‍ത്തുള്ളികളുടെ അര്‍ഥം പിന്നീടാണ് തനിക്ക് മനസിലായത്.ആ അത്താഴത്തില്‍ വിഷം കലര്‍ത്തിയിരുന്നു. കണ്ണ് തുറക്കുമ്പോള്‍ താന്‍ ആശുപത്രിയില്‍ ആയിരുന്നു.അച്ഛനും അമ്മയും ഈ ലോക വിട്ട് പോയെന്നും, തന്റെ ജീവനായ ഉണ്ണികുട്ടനെ ഏതോ അനാഥാലയത്തില്‍ കൊണ്ട് പോയെന്നും  വേദനയോടെ കേട്ടിരുന്നു. തന്നെ ഏറ്റെടുക്കാന്‍ എത്തിയത് അച്ഛന്റെ അകന്ന ബന്ധത്തിലെ ഹോട്ടല്‍ ഉടമയായ  അമ്മാവന്‍ ആയിരുന്നു.ഒരു പാട് പ്രതീക്ഷിച്ചിരുന്നു, ഇവിടെ വന്നപ്പോ കിട്ടിയതോ, രാപ്പകല്‍ ഇല്ലാതെ കഠിനാധ്വാനവും. അവനിന്ന് ആരോടും പരാതിയില്ല തങ്ങളെ അനാഥരാക്കിപ്പോയ മാതാപിതാക്കളോട് പോലും.ശോകം നിറഞ്ഞ അവന്റെ ആ  കണ്ണുകളില്‍ ഇന്നൊരു പ്രതീക്ഷയുണ്ട്.തന്റെ ജീവനായ  ഉണ്ണിക്കുട്ടനെ കണ്ടു പിടിച്ച് അവനു വേണ്ടി ജീവിക്കണമെന്ന ആഗ്രഹം.ആ കുഞ്ഞു മനസിന്റെ ആഗ്രഹം നിറവേറട്ടെ..........

No comments: