Sunday, February 16, 2025

  🙏🏼ഞാനെഴുതിയ വരികൾ ഒരു ഗാനമായ്

ഇന്ന് ചിറയിൻകീഴ് ശാർക്കര അമ്മയ്ക്ക് സമർപ്പിച്ചു 🙏🏼



Saturday, February 18, 2023

💙🙏💙

ഞാനും നീയും വേറിട്ടല്ലെന്നും

എൻറെ നൽപാതിയായ്

 ജീവൻറെ ജീവനായ്

ഏത് കഠിനാവസ്ഥയിലും

 ചേർത്തു പിടിക്കുമെന്ന വാക്കും

ജീവൻ വെടിയും വരെ

കരുതലായ് കൂടെയുണ്ടാവുമെന്ന

ശക്തിയുടെ ശപഥവും

ഒന്നായലിഞ്ഞു ചേരുന്ന

ശിവശക്തി സംഗമം..ശ്രീ..

Tuesday, December 28, 2021

ഭക്തി 🙏

ശബരിമല പ്രശ്നം രൂക്ഷമായി നിൽക്കുന്ന സമയത്ത് അന്നത്തെ ശബരിമല വിധിക്കെതിരെ ഒരു അയ്യപ്പ ഭക്തയെന്ന നിലയിൽ ഇച്ചിരി ഹാസ്യാത്മകമായിട്ട്  എഴുതിപ്പോയതാണ്.

(ഈ കഥയും ഇതിലെ കഥാപാത്രങ്ങളും  തികച്ചും സാങ്കല്‍പ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തികളുമായി ഇതിലെ കഥാപത്രങ്ങള്‍ക്കു  സാദൃശ്യമുണ്ടെങ്കില്‍  അതു തികച്ചും യാദൃശ്ചികം മാത്രം)

ഭാഗം 1

രുക്കൂ...........ഉമ്മറത്ത് പത്രം വായിച്ചു കൊണ്ടിരുന്ന രമേശൻ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു,ചായ റെഡി ആയില്ലേ.വിളിച്ചു തീർന്നില്ല ആവി പറക്കുന്ന ചായയും ചുണ്ടിലൊരു ചിരിയുമായി രുക്കു അഥവാ രുക്മിണി രമേശന്റെ മുന്നിലെത്തി.ദാ  ചായ....പത്രത്തിൽ നിന്ന് തലയുയർത്തി രുക്കുന്റെ കയ്യിൽ നിന്ന് രമേശൻ ചായ വാങ്ങി കൊണ്ട് പറഞ്ഞു,നിന്റെ ആ ആഗ്രഹം ഞാൻ ഈ വർഷം തന്നെ സാധിച്ചു തരും.ഒന്നും മനസിലാവാതെ രുക്കു രമേശന്റെ മുഖത്തേക്ക് നോക്കി.എന്ത് ആഗ്രഹം,ഞാൻ നിങ്ങളുടെ അടുത്ത് ഒരു പാട് ആഗ്രഹങ്ങൾ പലപ്പോഴായി പറഞ്ഞിട്ടുണ്ട്,അതിൽ ഏതെങ്കിലും ഒന്ന് ഇതുവരെ നടപ്പിലായിട്ടുണ്ടോ, തെല്ലൊരു സങ്കടത്തോടെ രുക്കു പറഞ്ഞു.അതല്ലെടി,നിന്റെ ഈ ആഗ്രഹം എന്തായാലും ഞാൻ സാധിച്ചു തരാൻ തീരുമാനിച്ചു.നീ പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറേ ആയില്ലേ, ഞാൻ ശബരിമലയ്ക്ക് പോണമെന്ന്. എനിക്കിത് വിശ്വസിക്കാമോ രമേശേട്ടാ,വൃശ്ചിക മാസം ആവുമ്പൊ ഓരോ തവണയും ഞാൻ രമേശേട്ടനോട് മാലയിട്ട് വൃതം പിടിച്ച് മലയ്ക്ക് പോകാൻ പറയുന്നതാ. അയ്യപ്പ സ്വാമി എന്റെ പ്രാർത്ഥന കേട്ടൂ. എന്തായാലും നാല്പത്തൊന്നു ദിവസത്തെ വൃതം പിടിച്ചു വേണം പോകാൻ. നീ പറയുന്നത് പോലെ തന്നെ രുക്കൂ. വൃശ്ചിക മാസത്തിലെ തണുത്ത വെളുപ്പാൻ കാലത്ത് എഴുന്നേറ്റ് കുളിക്കുന്ന കാര്യം, പിന്നെ വൃതം ഇതെല്ലാം ഓർത്തപ്പോഴാ മലയ്ക്ക് പോകാൻ ഞാൻ മടിച്ചത്. ഇനിയിപ്പോ എന്തിനും ഞാൻ തയ്യാറാണ്. ഓരോ വർഷവും അയ്യനെ കാണാൻ ഞാൻ പോവുകയും ചെയ്യും.രുക്കുവിന്റെ ഈ ആഗ്രഹമെങ്കിലും  എനിക്ക് സാധിച്ച് തരണം.

രമേശേട്ടന്റെ സ്നേഹം കണ്ട് മതി മറന്നു നിന്ന രുക്കു, ചേച്ചിയേ.....ആ വിളി കേട്ടാണ് തലയുയർത്തി നോക്കിയത്.പഞ്ചായത്ത് പ്രസിഡന്റ് സുകു.എന്താ സുകു രാവിലെ തന്നെ..ചേച്ചി അറിഞ്ഞില്ലേ ഒന്നും.ഇല്ലെടാ ഇവിടത്തെ ടി വി റിപ്പയർ ആയിട്ട് ഒരു മാസമായി.പിള്ളേർക്ക് പരീക്ഷ ആയതു കൊണ്ട്.അത് കഴിഞ്ഞിട്ട് ശരിയാക്കാൻ കൊടുക്കാന്ന് പറഞ്ഞിരിക്കുകയാ.അപ്പൊ വിശേഷങ്ങളൊന്നും ചേച്ചി അറിഞ്ഞില്ല അല്ലേ.ശബരിമലയിൽ ഇനി മുതൽ പെണ്ണുങ്ങൾക്കും കയറാമെന്ന്.ഇത് കേട്ടതും രുക്കു കണ്ണുരുട്ടി ഞാനൊന്നും അറിഞ്ഞില്ലെന്ന് പറഞ്ഞിരിക്കുന്ന രമേശനെ നോക്കി, ആ നോട്ടം താങ്ങാനാവാതെ രമേശൻ പത്രത്തിൽ മുഖം താഴ്ത്തി.രുക്കു പിറു പിറുത്തു കൊണ്ട്(ഇതാണ് അല്ലെ മനുഷ്യാ നിങ്ങൾ എന്റെ ആഗ്രഹം സാധിച്ചു തരാമെന്ന് പറഞ്ഞത്. ഇത് വരെ മലയ്ക്ക് പോകാൻ മടിയായിരുന്ന നിങ്ങൾക്ക് അതിനിടയിൽ ഇത്ര ഭക്തി എങ്ങനെയാ വന്നതെന്ന് ഇപ്പോഴല്ലേ മനസിലായത്)  ഉറഞ്ഞു തുള്ളി അകത്തേയ്ക്ക് പോയി.എന്താ സംഭവിച്ചതെന്ന് അറിയാതെ അന്തം വിട്ട് നില്പുണ്ടായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് സുകു. ഇതൊന്നും അറിയാത്ത പോലെ രമേശൻ അപ്പോഴും  പത്ര വായനയിലായിരുന്നു......... 

ഭാഗം 2 

മനുഷ്യാ, ആ ടി വിയിലോട്ട് നോക്കിയേ,രുക്കുവിന്റെ ഉച്ചത്തിലുള്ള സംസാരം കേട്ട്പത്രത്തിൽ നിന്ന് തലയുയർത്തി രമേശൻ ടി വിയിലേക്ക് നോക്കി.കണ്ടോ, അയ്യപ്പ ഭക്തരുടെ ശക്തി ഒരൊറ്റ പെണ്ണുങ്ങളെ അമ്പലത്തിന് അകത്തേക്ക് കയറ്റി വിട്ടില്ല.ഇതാ  ഓരോ അയ്യപ്പ  ഭക്തന്റെയും വിശ്വാസം.നാമ ജപത്തിന് പോട്ടെന്നു ഞാൻ ചോദിച്ചപ്പോ രമേശേട്ടൻ എന്താ പറഞ്ഞേ ഇവിടെയിരുന്ന് ജപിച്ചാ മതിയെന്നല്ലേ.ജനലക്ഷങ്ങൾ ആണ് ശബരിമലയിൽ തടിച്ചു കൂടി തങ്ങളുടെ വിശ്വാസത്തെ കാത്തു രക്ഷിച്ചത്. നീ പറഞ്ഞപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല രുക്കു.അയ്യപ്പനിലുള്ള ഭക്തരുടെ വിശ്വാസം കണ്ട് ഞാനൊരു കാര്യം തീരുമാനിക്കുന്നു.ഇനി ശബരിമല നട തുറക്കുന്ന എല്ലാ പ്രാവശ്യവും വൃതം എടുത്ത് അയ്യനെ പോയി കണ്ടിരിക്കും ഞാൻ.നിന്നാണെ രുക്കു ഇത് സത്യം.നിന്റെ തലയിൽ കൈ വെച്ച് ഞാൻ ആണയിടണോ രുക്കൂ,അയ്യോ വേണ്ടായേ എന്റെ തല പൊട്ടിതെറിച്ച് പോകാനല്ലേ,നിങ്ങളെ എനിക്ക് ഒട്ടും വിശ്വാസമില്ല .തന്റെ തലയിൽ വെച്ചിരുന്ന  രമേശന്റെ കൈ തട്ടി കളഞ്ഞു കൊണ്ട് രുക്കു പരിഭവത്തോടെ പറഞ്ഞു.

ചേച്ചിയേ,ഇവിടെയെന്താ രണ്ട് പേരും തമ്മിലൊരു ചർച്ച.സുകുവേ നീ ഇതൊന്നും കാണുന്നില്ലേ.ശബരിമലയിൽ ഭക്തരുടെ ധർമ്മ ജയം.അയ്യനെ അവഹേളിച്ചവർക്കുള്ള  ശക്തമായ മറുപടിയാണ് ഈ വിജയം.തങ്ങളുടെ വിശ്വാസത്തെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന് ഉറച്ച തീരുമാനമെടുത്ത, ഒരു ജനതയുടെ ആത്മവിശ്വാസത്തിന്റെ വിജയം. അയ്യനിലുള്ള വിശ്വാസവും, ആചാരാനുഷ്ഠാങ്ങളും ഞങ്ങൾക്ക് അനാചാരമല്ലെന്ന് ആ യുക്തിവാദിയായ മുഖ്യനും അദ്ദേഹത്തിന്റെ കൂട്ടാളികൾക്കും ഇതിൽ കൂടുതൽ എങ്ങനെയാണ് അയ്യപ്പ ഭക്തർ മനസ്സലാക്കി കൊടുക്കേണ്ടത്. ഗവണ്മെന്റിന്റെ ഭക്തകളായ വെടികളെ ചുംബനസമരക്കാരിയെയും,ബത്തക്ക സമരക്കാരിയെയുമൊക്കെ  പോലീസ് സംരക്ഷണം കൊടുത്തു  കൊണ്ട് വന്നിട്ട് തോറ്റോടിയത് കണ്ടില്ലേ. സതിയും മാറു മറക്കലുമൊക്കെ ഒരു ജനത മുഴുവൻ എതിർത്തിരുന്ന അനാചാരങ്ങൾ ആയിരുന്നു. ഒരു രാജ്യത്തിലെ ജനങ്ങൾ മുഴുവൻ ഒറ്റക്കെട്ടായി സംഘടിച്ച സോഷ്യൽ മൂവ്മെന്റ്സായിരുന്നു അതൊക്കെ. അതിനൊക്കെ ചുക്കാൻ പിടിച്ചിരുന്ന നേതാക്കൾ ജനങ്ങളുടെ കൂടെ അവരുടെ ഉന്നമനത്തിന് വേണ്ടി നിന്നവരാണ്.അത് കൊണ്ട് തന്നെയാണ് രാജാറാം മോഹൻ റോയിയെ പോലുള്ള സോഷ്യൽ റിഫോമേഴ്‌സിനെ ചരിത്രത്തിന്റെ താളുകളിൽ എഴുതി ചേർക്കപ്പെട്ടതും. കേവലം കുറച്ചു പേർക്ക് വേണ്ടി എന്തിനാണ് ഈ സർക്കാർ ഇത്രയും ധാർഷ്ട്യം കാണിക്കുന്നത്.  

സുപ്രീം കോടതി വിധി  പ്രകാരം ഋതുമതികളായ സ്ത്രീകളെ ആദ്യമായി  ശബരിമലയിൽ കയറ്റിയെന്ന ഖ്യാതി നേടാൻ വേണ്ടിയാണോ നിന്റെ പിണറായി സർക്കാർ ശ്രമിക്കുന്നത് സുകുവേ.അങ്ങനെ ഇവരുടെയൊക്കെ പേരുകളും ചരിത്രത്തിന്റെ താളുകളിൽ എഴുതി ചേർക്കപ്പെടുമെന്ന മൂഢമായ ചിന്തകൂടിയാവാം ഇതിന്റെ പിന്നിൽ അല്ലേ. മേരി സ്വീറ്റി, മഞ്ജു, ബിന്ദുവിനെ പോലുള്ളതുകൾ ആദ്യം മലകയറിയെന്ന പ്രശസ്തി നേടാൻ ചെന്ന് അതിന്റെ ഭവിഷ്യത്തുകൾ  അനുഭവിക്കുന്നവരുമാണ്. നീ  പറഞ്ഞിട്ടാ കഴിഞ്ഞ പ്രാവശ്യം ഇവന്മാർക് ഞാൻ വോട്ട് കൊടുത്തത്.അന്ന് എന്താ നീ പറഞ്ഞേ.പിണറായി സർക്കാർ വരും, എല്ലാം ശരിയാക്കുമെന്ന്.കാണുന്നുണ്ട് എല്ലാം ശരിയാക്കുന്നത്. ഇതോടെ ഈ സർക്കാറിന്റെ പതനം കാണാം.ഒരു ജനതയുടെ വിശ്വാസത്തെ തകർത്തിട്ട് ഇയാൾക്ക് എന്ത് കിട്ടാനാ. ജനങ്ങളെ സ്നേഹിക്കുന്ന ഒരു ഭരണകർത്താവും,ആ പാർട്ടിയും  ജനങ്ങളുടെ മനസറിഞ്ഞു അവരോടൊപ്പം നില്കും.ദുരിത സമയത്ത് ജനങ്ങൾ ഒറ്റക്കെട്ടായ് ഗവണ്മെന്റിനോടൊപ്പം നിന്നു.എന്നിട്ട് നിന്റെ പിണറായി സർക്കാർ അവർക്കിപ്പോ എന്താ പകരം കൊടുത്തത്.പോലീസിനെ കൊണ്ട് അയ്യപ്പ ഭക്തരെ,അവരുടെ വിശ്വാസത്തെ  തല്ലി ചതച്ചു. ഇതൊക്കെ കേട്ടിട്ടും പ്രതികരണവുമില്ലാതെയിരിക്കുന്ന രമേശിനെ നോക്കി രുക്കു, അതെങ്ങനെ നീയും നിന്റെ രമേശേട്ടനുമൊക്കെ നിരീശ്വരവാദികൾ അല്ലേ.

അടുത്ത് കണ്ട സോഫയിലേക്ക് ഇരുന്ന്,തന്റെ കക്ഷത്തിൽ ഇടുക്കിയിരുന്ന ബുക്ക് മടിയിലേക്ക് വെച്ച് കൊണ്ട് സുകു  പറഞ്ഞു,ചേച്ചിക്ക് അറിയോ അച്ഛനുള്ള സമയം നാല്പത്തൊന്നു ദിവസം വൃതം പിടിച്ച് മലക്ക് പോയിരുന്നവനാ ഞാൻ. അച്ഛനും പോയി,ഞാനൊരു ചോട്ടാ നേതാവുമായി. എന്നും രാവിലെ പൂജാമുറിയിൽ തൊഴുതിട്ടേ വീട്ടിൽ നിന്ന് എവിടെയും ഇറങ്ങാറുള്ളൂ.എൻ്റെ' അമ്മ  നാമ ജപത്തിന് പോയെന്നും പറഞ്ഞു പാർട്ടി വിശദീകരണം ചോദിച്ചപ്പോ,എനിക്ക് എന്റെ അമ്മയെ തള്ളി പറയേണ്ടി വന്നു.പാർട്ടി ഓഫീസിലിരിക്കുമ്പോഴും മനസ്സിൽ അയ്യപ്പൻറെ നാമം തന്നെയായിരുന്നു.സുകുവിന്റെ സങ്കടത്തോടെയുള്ള വർത്തമാനം കേട്ട് രുക്കു, പിന്നെന്തിനാ നീയി പാർട്ടിയുടെ അടിമയായി കഴിയുന്നത്.കളഞ്ഞിട്ട് പൊക്കൂടെ നിനക്ക്.എന്ത് ചെയ്യാനാ ചേച്ചി,പണ്ടേ പാർട്ടിയുടെ കീഴിലായി ജീവിതം,വേറെ ജോലിയൊന്നും ചെയ്യാനും വയ്യ. ഇതാവുമ്പോ ദേഹം അനങ്ങാതെ ജീവിച്ചു പോകാം.ഇത്രയും പറഞ്ഞു സുകു വെളുക്കെ ചിരിച്ചു.

 രമേശേട്ടാ....സുകു അണ്ണൻ അവിടെങ്ങാനും വന്നോ.ആരാ അത് ഷിബുവോ, നിന്നെ കാണാനേ ഇല്ലല്ലോടാ.അപ്പൊ ചേച്ചി അറിഞ്ഞില്ലേ ഞാനിപ്പോ സുകു അണ്ണന്റെ അസിസ്റ്റന്റായി പാർട്ടിയിൽ ജോയിൻ ചെയ്തു.ഓ, അപ്പൊ നിനക്കും പണിയൊന്നും ചെയ്യാതെ കഴിയാല്ലോടാ,രുക്കു ഷിബുവിനെ പുകഴ്‌ത്താൻ മറന്നില്ല.നിന്റെ കക്ഷത്തിൽ ബുക്ക് ഇല്ലെടാ.ചേച്ചി ഞാൻ ന്യൂ ജെൻ പൊളിറ്റീഷ്യൻ ആണ്. ഡാറ്റകളെല്ലാം ഞാൻ സ്റ്റോർ ചെയ്യുന്നത് എന്റെ മൊബൈലിൽ ആണ്. അയ്യപ്പ  ഭക്തരുടെ വിജയം നീ കണ്ടില്ലേ.ഇതൊരു താത്കാലിക വിജയം മാത്രമാണ് ചേച്ചി. ഞാൻ കരുതി  ആ പമ്പാ നദിയുടെ കരയിൽ നിന്ന് കണ്ണിനു കുളിർമയുള്ള കാഴ്ചകൾ കാണാമെന്ന്. ഷിബുവിന്റെ  ഈ വാക്കുകൾ കേട്ടിരുന്ന  രമേശൻ ഒരു നിമിഷം  പറഞ്ഞു പോയി, ഞാനും അതൊക്കെ സ്വപ്നം കണ്ടതാ. പെട്ടന്ന് രുക്കു അടുത്തിരിക്കുന്ന ബോധം വന്ന് രമേശൻ  പറയാൻ വന്ന വാക്കുകളെ ഉള്ളിലൊതുക്കി, കഴിഞ്ഞ പ്രാവശ്യത്തെ രുക്കുവിന്റെ പിണക്കം മാറ്റാൻ മൂവായിരം രൂപ കൊടുത്തു ടി വി ശരിയാക്കി കൊടുക്കേണ്ടി വന്നു.പോക്കറ്റ് കാലിയായിരിക്കുന്ന  ഈ അവസരത്തിൽ മൗനമാണ് നല്ലതെന്നു മനസിലാക്കി രമേശൻ വീണ്ടും പത്രവായന തുടങ്ങി. വിശ്വാസികളുടെ ശക്തി നീ കണ്ടില്ലേ, ഇനിയും നമ്മൾ തന്നെ ജയിക്കും.ഓരോ അയ്യപ്പ ഭക്തന്റെയും മനമുരുകിയുള്ള പ്രാർത്ഥനകൾ ഉണ്ടാവും. അതിനിടയിൽ മുതലെടുക്കാൻ നിന്നെ കണക്കുള്ളവന്മാരും കാണും ഷിബുവേ. രുക്കു പറയുന്നത് കേട്ട് രമേശൻ ഉള്ളിൽ ചിരിയൊതുക്കി. ഞാൻ പോവാ ചേച്ചി,  പാർട്ടി ഓഫീസിൽ പോകേണ്ട ഒരു കാര്യം ഉണ്ടായിരുന്നു. സുകു ബുക്ക് കക്ഷത്ത് ഇടുക്കി ധൃതിയിൽ അവിടെ നിന്നിറങ്ങി,വാലായി ഷിബുവും. തൂറിയവനെ ചുമന്നാൽ, ചുമക്കുന്നവനും നാറും, അതാ മുഖ്യന്റെ ഇപ്പോഴത്തെ അവസ്ഥ.രുക്കു ആത്മഗതമെന്നോണം പറഞ്ഞു...........

ഭാഗം 3 

അങ്ങനെ ആ പ്രതീക്ഷയും തീർന്നു.ആവി പറക്കുന്ന  ചായയുമായി എത്തിയ രുക്കു രമേശനോട് ചോദിച്ചു,  .എന്താ രമേശേട്ടാ രാവിലെയിരുന്നു പിറു പിറുക്കുന്നത്.നീ ഇത് കണ്ടില്ലേ,ശബരിമലയിൽ പോയ ആ മനിതി സംഘത്തിനേയും അങ്ങോട്ട് അടുപ്പിച്ചില്ല.ഈ വർഷവും അപ്പൊ ഇനി അതുണ്ടാവുമെന്നു തോന്നുന്നില്ല.രമേശേട്ടൻ എന്താ കരുതിയത്, അങ്ങോട്ട് പെണ്ണുങ്ങൾ ചെന്നാൽ സുഖമായി കയറിപ്പോകാമെന്നോ.അതൊക്കെ അവരുടെ തോന്നൽ മാത്രം.പെണ്ണുങ്ങൾ മലകയറാൻ ചെല്ലുന്നു എന്ന വാർത്ത വന്നാൽ ആ നിമിഷം അയ്യന്റെ വിശ്വാസങ്ങളെ സംരക്ഷിക്കാൻ  നൂറു കണക്കിന് വിശ്വാസികൾ അവിടെ പാഞ്ഞെത്തും.എനിക്കതല്ല മനസിലാകത്തത് നാട്ടിൽ ഇത്രയധികം അയ്യപ്പ ക്ഷേത്രങ്ങൾ ഉണ്ട് അവിടെയെങ്ങും പോകാൻ വയ്യാതെ ശബരിമലയിൽ  തന്നെ വന്നാലെ പറ്റുള്ളുവോ ഇതിനൊക്കെ.അത് ഭക്തി കൊണ്ടൊന്നും അല്ല.ചുളിവിന് ഫേമസ് ആകാല്ലോ.പോലീസ് സംരക്ഷണവും കൊടുത്ത് കൊണ്ട് പോയിട്ട് തിരിഞ്ഞു ഓടേണ്ടി വന്നു എല്ലാത്തിനും.അതാ അയ്യന്റെ ശക്തി.എന്താ  മനുഷ്യനേ നിങ്ങളൊന്നും മിണ്ടാത്തെ.പെണ്ണുങ്ങൾ മല കയറിയിട്ട് നിങ്ങൾക്ക്    പോകാനുള്ള ആ ആഗ്രഹം അങ്ങ് മാറ്റി വെച്ചേക്ക് രമേശേട്ടാ.മൗനം ആണ് ആ സമയം നല്ലതെന്നു രമേശന് തോന്നി പാത്രത്തിലേക്ക് തല താഴ്ത്തി. അയ്യോ ഞാൻ പോണു,അടുക്കളയിൽ നൂറു കൂട്ടം പണി കിടക്കുന്നു.രുക്കു ധൃതിയിൽ അടുക്കളയിലേക്ക് നടന്നു...

ചേച്ചിയേ....സുകു കയറി വാ.ഇന്നെന്താ ചേച്ചി ബ്രെക് ഫാസ്റ്റ്.ഇന്നത്തെ ബ്രെക് ഫാസ്റ്റ് ഇവിടെ നിന്നാണെ. ആയിക്കോട്ടെ ആയിക്കോട്ടെ, രുക്കു അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു. സുകു പത്രവായനയിൽ മുഴികിയിരിക്കുന്ന രമേശന്റെ അരികിൽ ചെന്നു കഷത്തിടിക്കിയിരുന്ന ഡയറി ഇറക്കി കസേരയിൽ വെച്ചു.രമേശ്‌നറെ അരികിലിരുന്നു.ദാ രമേശാ ചായ.ഞാൻ രാമേട്ടന്റെ ചായക്കടയിൽ നിന്ന് കുടിച്ചിട്ടാ ചേച്ചി വന്നത്.അത് നീ ഓസിന്  കുടിച്ചതല്ലേ സുകുവേ .പാവം രാമേട്ടൻ നിനക്കും നിന്റെ ആ ശിങ്കിടി ഷിബുവിനും കടം തന്നാവും ആ ചായക്കട പൂട്ടുന്നത്.അല്ല അവൻ എവിടെ പോയി നിന്റ വാല്.ഷിബു,നമ്മുടെ മതിലിന് പെണ്ണുങ്ങളെ ചാക്കിടാൻ പോയിരിക്ക ചേച്ചി. പെണ്ണുങ്ങൾ അവനെ ചൂല് കൊണ്ട് അടിക്കാതിരുന്നാൽ ഭാഗ്യം, രുക്കു ചിരിച്ചു കൊണ്ട് പറഞ്ഞു.ചേച്ചി ഇന്നലെ അയ്യപ്പ ജ്യോതിക്ക് പോയില്ലേ. ഇല്ലെടാ,നിനക്കറിയില്ലേ രമേശേട്ടൻ നിരീശ്വരവാദിയാണെന്ന്. അതിന്റെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നല്ല വിജയം ആയിരുന്നു അയ്യപ്പ ജ്യോതി.ചേച്ചിയോട് ആരാ ഇത് പറഞ്ഞത്.പ്രതീക്ഷിച്ച ആളൊന്നും ഇല്ലായിരുന്നെന്നാ അറിവ്.നീ അങ്ങനെയല്ലേടാ പറയു സുകുവേ, കാണാല്ലോ നിന്റെ മതിലിന് എത്ര ആൾക്കാർ ഉണ്ടെന്ന്.കെട്ടും മുമ്പേ തകർന്നു വീഴാതിരുന്നാൽ ഭാഗ്യം.രുക്കു പരിഹാസത്തോടെ പറഞ്ഞു.....

ഒരു കാര്യം കൂടി പറയാനാ രാവിലെ തന്നെ ഞാൻ ഇങ്ങോട്ട് വന്നത്.പേപ്പറിൽ നിന്ന് തലയുയർത്തി രമേശൻ സുകുവിനെ നോക്കി.എന്തോന്നാടാ  നിനക്ക് കെട്ടാൻ പെണ്ണിനെ കിട്ടിയോ,രുക്കു ഹാസ്യഭാവത്തിൽ ചോദിച്ചു.അതൊന്നും ഇപ്പോഴെങ്ങും നടക്കില്ല ചേച്ചി,എനിക്കൊക്കെ ആര് പെണ്ണ് തരാൻ. പാർട്ടിയുടെ പുറകേ നടക്കാതെ വല്ല ജോലിയും ചെയ്തു ജീവിക്ക് നീ,അപ്പൊ നിനക്ക് പെണ്ണിനെ തരാൻ ആരെങ്കിലും തയ്യാറാവും.അല്ല,നീ പറയാൻ പോയ കാര്യം എന്താ, രുക്കു ഉത്കണ്ഠയോടെ സുകുവിനോട് ചോദിച്ചു.ചേച്ചി മതിലിന് വരോ.ആര് ഞാനോ,പിന്നെ വന്നത് പോലെ തന്നെ.ജനങ്ങളെ ദ്രോഹിച്ചു കൊണ്ടിരിക്കുന്ന നിന്റെ പാർട്ടിക്ക് ബലം കൂട്ടാൻ ഞാൻ വരാൻ പോണു.പാവങ്ങൾക്ക്  ആകെ കിട്ടുന്നത്  ഇച്ചിരി പെൻഷനാണ് അതിൽ  നിന്ന് പോലും, മതിലിനെന്നും പറഞ്ഞു പിടിച്ചു വാങ്ങുന്നു.ഇതിനാ പിച്ചച്ചട്ടിയിൽ നിന്ന് കൈയിട്ടു വാരുകയെന്നു പറയുന്നത്.അതിനു പോലും നിന്റെ നേതാക്കൾക്ക് നാണം ഇല്ലാതെയായി. 

എന്ത് ക്ഷേമമാ നിന്റെ മുഖ്യനും, മന്ത്രികളും ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നത്.ഇതാണോ നവോത്ഥാനം.ജനങ്ങൾക്ക് എന്ത് നേട്ടം ആണ് ഈ മതില് കൊണ്ട് ഉണ്ടാവുന്നത്.അതിനും ജനങ്ങളെയല്ലേ അവർ  ദ്രോഹിക്കുന്നത്.നിന്റെ വീട്ടിലും പെണ്ണുങ്ങൾ ഉണ്ടല്ലോടാ അവരെ കൊണ്ട് പൊക്കൂടെ നിനക്ക്.നല്ല കഥയായി ചേച്ചി,അമ്മയോട് പറഞ്ഞില്ല, തെറിയും തുടങ്ങി, അമ്മ പെൻഷൻ വാങ്ങാൻ പോയി വന്നിരുന്ന സമയത്താ ഞാൻ ഇത് കൂടി ചെന്ന് പറയുന്നത്.അടിയ്ക്കാൻ ചൂലെടുത്തില്ല എന്നെ ഉള്ളൂ.നൂറു രൂപയുടെ റെസീപ്റ്റും എന്റെ മുന്നിലേക്ക് ഇട്ടു തന്നു.എല്ലാ പ്രാവശ്യവും പെൻഷൻ വാങ്ങുമ്പോ പത്തിരുനൂറ്‌ രൂപ അമ്മയുടെ കയ്യിൽ നിന്ന് കിട്ടുന്നതാ, ഈ പ്രാവശ്യം അതുമില്ലെന്നു പറഞ്ഞു....

രമേശേട്ടാ..രുക്കു ചേച്ചിയോട് മതിലിന് വരാൻ പറയു.ചേച്ചി വന്നാൽ ചേച്ചിയുടെ കൂട്ടുകാർ  എല്ലാരും വരും.കുറച്ചു പേരെയെങ്കിലും മതിലിനു സംഘടിപ്പിച്ചാലേ എനിക്ക് പാർട്ടി ആപ്പീസിൽ ഒരു വിലയുണ്ടാവൂ.ഇതൊക്കെ കേട്ട് രമേശൻ രുക്കുവിന്റെ മുഖത്തേക്ക് നോക്കി.ഇല്ല സുകുവേ,ഇതിനായി നീയിനി വായിട്ടലച്ചിട്ടു കാര്യമില്ല.എന്തോ ഓർത്തത് പോലെ രുക്കു സുകുവിനോട് പറഞ്ഞു, നീ നിന്റെ രമേശേട്ടനെ കൊണ്ട് പൊക്കോ മതിലിന്.മലയിൽ പോകാൻ പറ്റാത്തത്തിലുള്ള രമേശേട്ടന്റെ സങ്കടം മാറി കിട്ടുകയും ചെയ്യും, നിനക്കൊരു ആളിനെയും കിട്ടും.ഓഫീസിൽ പോകാൻ സമയമായി, ഞാൻ റെഡിയാവട്ടെ. രുക്കു തനിക്കിട്ട് പണിഞ്ഞതാണെന്ന് മനസിലാക്കിയ രമേശൻ  അവിടെ നിന്ന് തടിയൂരി...........

Monday, August 16, 2021

പ്രവാസിയുടെ ഓണം 😷



ചിങ്ങമാസം വന്നാൽ 

ഓരോ പ്രവാസിയ്ക്കും 

നാടണയാൻ കൊതിയേറും..... 


പൊന്നോണത്തെ വരവേൽക്കാൻ 

ഒരുങ്ങി നിൽക്കുന്ന നാട് കാണാൻ 

വീട്ടുകാരോടൊപ്പം ആഘോഷത്തിന്റെ 

മധുരം നുകരാൻ.......


ചിങ്ങമാസത്തിലെ നറു വെയിൽ  

പുലരികളുടെ  ഭംഗി ആസ്വദിയ്ക്കാൻ 

കൊയ്ത്ത് പാട്ടിൻ ഈരടി കേട്ട് 

പുന്നെല്ലിന്റെ മണം പേറുന്ന 

നാട്ടുവഴികളിലൂടെ നടക്കാൻ.. 


വീട്ടു മുറ്റത്തൊരുക്കുന്ന 

അത്തപ്പൂക്കളം കണ്ട് മനസ്സ് നിറയാൻ  

തൊടിയിൽ വിരിയുന്ന 

മുക്കൂറ്റിയോട് കുശലം പറയാൻ

ഊഞ്ഞാലയിൽ ആയത്തിലാടി 

സ്മൃതി തൻ ചിറകിലേറി പാറി പറക്കാൻ.. 


അമ്മയുണ്ടാക്കുന്ന ഓണ

പലഹാരങ്ങളുടെ രുചി നുകരാൻ 

അത് കണ്ട് മനം നിറയുന്ന 

അമ്മ തൻ പുഞ്ചിരി കാണാൻ.... 


ഓണക്കോടിയുടുത്ത് തൂശനിലയിട്ട് 

അമ്മയുടെ വാൽസല്യം ചാലിച്ച് 

വിളമ്പി തരുന്ന സദ്യ ആസ്വദിയ്ക്കാൻ 

സൊറ പറഞ്ഞ് കുടുംബത്തോടൊപ്പം 

കൂട്ടുകാരോടൊപ്പം പൊട്ടി ചിരിയ്ക്കാൻ.....


ആളൊഴിഞ്ഞ ആരവമൊഴിഞ്ഞ 

വീട്ടിനോട് പ്രിയപ്പെട്ടവരോട് 

ഇടറുന്ന മനസ്സോടെ 

യാത്രാമൊഴി ചൊല്ലാൻ ഇത്ര മാത്രം 

അടുത്ത ഓണത്തിന് വരാൻ നോക്കാം.......


Sunday, June 20, 2021

💖🙏



അച്ഛനെന്ന നന്മകളുടെ തണൽമരത്തിന് താഴെ 

ഞാനെന്നും സംതൃപ്തയായിരുന്നു 

ആ വിരൽ തുമ്പ് പിടിച്ച്‌ പിച്ച വെയ്ക്കുമ്പോഴും 

കാലൊന്നിടറിയാൽ ഓടിയെടുത്ത് 

സ്നേഹത്തോടെ സാന്ത്വനിപ്പിക്കുമെന്ന 

വിശ്വാസം തന്നെയാവണം 


ബാല്യത്തിലും കൗമാരത്തിലും 

ആ തണലിൽ അഭിമാനത്തോടെ 

തന്നെ നടന്നിരുന്നത് അച്ഛന്റെ 

ആ കരുതൽ കൂടെയുണ്ടെന്നുള്ള 

ധൈര്യം തന്നെയാണ് 


യൗവനത്തിൽ ഏത് കൊടുങ്കാറ്റിലും 

ചേർത്ത് പിടിച്ച് രക്ഷിക്കാനുള്ള 

ഒരു സുരക്ഷാ കവചമായി അച്ഛൻ 

കൂടെയുണ്ടെന്നുള്ള ആത്മധൈര്യമായിരുന്നു 


ഓരോ ചുവടുവെപ്പിലും അച്ഛന്റെ 

ആ സ്നേഹം കൂട്ടായി ഉണ്ടെന്നുള്ള ഉറപ്പ് 

ഒരു നിഴലായിയാ കരുതൽ എപ്പോഴും 

ഒപ്പമുണ്ടെന്നുള്ള വിശ്വാസം 


തൻ്റെ കുടക്കീഴിൽ നിന്ന് മകളെ 

വേദനയോടെ പറിച്ചെടുത്ത് 

മറ്റൊരു കരങ്ങളിലേല്പിക്കുമ്പോൾ 

ആ കണ്ണുകളിൽ കാണുന്നത് ആശ്വാസമല്ല 

പകരമെൻ്റെ കുഞ്ഞ് ആ കൈകളിൽ 

സുരക്ഷിതയാവുമോയെന്ന ആശങ്ക തന്നെയാവാം 

ആ വിശ്വാസം തെറ്റിയെന്നറിഞ്ഞാൽ 

ആരും കാണാതെ നെഞ്ചുരുകി 

കരയുന്ന അച്ഛനെയും കാണാം 


അച്ഛനെന്ന നന്മകളുടെ തണൽ മരം 

ഓരോ പെൺ മക്കൾക്കും 

സ്നേഹത്തിന്റെയുംകരുതലിന്റെയും

വടവൃക്ഷം  തന്നെയാണ്...........

Thursday, March 25, 2021

ഹൃദയതാളം💕



എന്റെ ഹൃദയമേ

നിന്റെ താളത്തിനൊപ്പമേ 

എന്നും ഞാൻ സഞ്ചരിച്ചിട്ടുള്ളൂ 


നാലറകളുള്ള മാംസപിണ്ഡമാണെങ്കിലും 

എനിയ്ക്കും വിചാരങ്ങളും 

വികാരങ്ങളുമുണ്ടെന്നുള്ള നിന്റെ 

വാക്കുകളെന്നിൽ അലയടിയ്ക്കുന്നു


എന്റെ സ്വപ്നങ്ങളെ 

നിറച്ചിരിയ്ക്കുന്നത് നിന്നിലാണ് 

എന്റെ  ആഗ്രഹങ്ങൾക്ക് പച്ചക്കൊടി 

കാണിയ്ക്കുന്നതും എന്റെ 

ഹൃദയമേ നീതന്നെയല്ലേ 


എന്റെ പ്രിയപ്പെട്ടതെല്ലാം 

നിന്നിലല്ലേ ഞാൻ നിറച്ചിരിയ്ക്കുന്നത് 

എന്റെ ഇഷ്ടങ്ങൾക്ക് സമ്മതം മൂളി 

എന്നും എന്നോടൊപ്പം നിൽക്കുന്നതും 

എന്റെ ഹൃദയമേ നീ തന്നെയല്ലേ  


നീ നിലയ്ക്കുന്ന നിമിഷം 

എന്റെ താളവും നിലയ്ക്കും.....


Monday, March 8, 2021

വനിതാദിനാശംസകൾ 💖🙏



സീതാദേവിയെപ്പോലെ

അഗ്നിശുദ്ധി വരുത്തേണ്ടവളല്ല നീ

പാഞ്ചാലിയെപ്പോലെ 

പണയപ്പണ്ടമാവേണ്ടവളല്ല നീ

അഹല്യയെപ്പോലെ

ശിലയായ് മാറേണ്ടവളല്ല നീ


ഈ നൂറ്റാണ്ടിലെ

കരുത്താർജ്ജിച്ച പെണ്ണാവണം നീ

കണ്ണുകളിൽ കനൽ നിറച്ച്

കൈകൾ ഇരുമ്പ് ദണ്ഡാക്കി

നിൻറെ നേരെ എയ്യുന്ന 

കാമബാണങ്ങളെ തച്ചുടയ്ക്കണം നീ


തലയുയർത്തി പിടിച്ച് പറയണം

ഞാനീ നൂറ്റാണ്ടിലെ കരുത്തുറ്റ പെണ്ണ്

എനിയ്ക്കും ഇവിടെ ജീവിയ്ക്കണം

ഒരു പെണ്ണായ് തന്നെ......

Friday, February 26, 2021

സ്നേഹസ്പർശം.....




വരുമോ 

ഇതിലെ വരുമോ 

നീയെൻ കുഞ്ഞിളം കാറ്റേ 

നിൻ ചിറകിലേറ്റി കൊണ്ട് പോകുമോ 

എന്നെയാ ഓർമ്മ തൻ മുറ്റത്ത് 


നിന്റെ കാറ്റേറ്റ് 

നടന്നിരുന്ന ആ വഴികളിലൂടെ 

നീ പാറി പറപ്പിച്ച കുറു നിരകൾ 

മാടിയൊതുക്കി നടന്നിരുന്ന 

ആ വയൽ വരമ്പുകളിലൂടെ 


നിന്റെ കാറ്റേറ്റ് 

ആടിയുലഞ്ഞ  പാവാടഞൊറികൾ 

 വാരിയൊതുക്കി പരിഭവത്തോടെ

ഓടിയകലുന്ന  നിനവുകളിലൂടെ 


നിന്റെ ദിശക്കൊത്ത് 

കാറ്റാടി പറത്തി നടന്നിരുന്ന 

ആ ജാലക വഴികളിലൂടെ 


നിന്റെ കാറ്റേറ്റ് മയങ്ങിയിരുന്ന 

ആ ഉച്ചയുറക്കത്തിന്റെ 

ആലസ്യത്തിലൂടെ  


നീയൊരു കുളിർ കാറ്റായ് 

വന്നെന്നേ തഴുകിയിരുന്ന 

ആ മധുര ഓർമ്മകളിലൂടെ 


നിന്റെ കാറ്റേറ്റ് 

അടർന്നു വീണിരുന്ന  

മാമ്പഴത്തിന്റെ രുചിയിലൂടെ 


ഒരിക്കൽ കൂടി 

നിന്നോടൊപ്പം നടക്കാൻ 

നിന്റെയാ സ്നേഹ സ്പർശമേൽക്കാൻ 

വല്ലാതെ കൊതിച്ചു പോകുന്നു......

Wednesday, February 24, 2021

മുക്തി....


ദേഹി ദേഹത്തെ വെടിഞ്ഞ് 

ശാപമോക്ഷം തേടിയൊരു യാത്ര 

ആ യാത്രയ്ക്കൊടുവിൽ ചെന്നെത്തുന്നത് 

എന്നും താങ്ങായി നിന്നിരുന്ന 

ആ കൈകളിലേയ്ക്കാവണം


ഒരു ചിന്തകളുടെയും ഭാരമില്ലാതെ  

ആ മടിത്തട്ടിലേയ്ക്ക് ആഴ്ന്നിറങ്ങണം 

ഇത് വരെ കണ്ടിട്ടില്ലാത്ത 

ആ പുതിയ ലോകത്തിലേയ്ക്ക് 


ആത്മാവ് ആത്മാവിനെ 

തിരിച്ചറിയുന്ന ആ ലോകത്തിലേയ്ക്ക് 

വീണ്ടുമൊരു വസന്തത്തിനായ് 

കാത്ത് നിൽക്കാതെ 

ശാശ്വതമായ ഒരവസാനം.......


Sunday, February 21, 2021

അധരമധുരം....



അധരം മധുരാധരം അതിമധുരം മൃദുലാധരം നിൻ മൃദുലാധരത്തിൽ വിരിഞ്ഞൊരാ ചിരിപ്പൂക്കൾ കാണാൻ കൊതിക്കുന്നു ഞാൻ ആ ചിരിപ്പൂക്കളാൽ എന്നെ നിൻ അടിമയാക്കിയ ആ മൃദുലാധരം കാണാൻ കൊതിക്കുന്നു ഞാൻ ആ മൃദുലാധരത്തിൽ നിറഞ്ഞൊരാ അനുരാഗ മുത്തുകളെ മുത്തിയെടുക്കാൻ കൊതിക്കുന്നു ഞാൻ നിന്റെ പാതികൂമ്പിയ മിഴികളിൽ ഒളിപ്പിച്ചൊരാ നാണത്തെ കാണാൻ കൊതിക്കുന്നു ഞാൻ ആ മൃദുലാധരത്തിൽ നിന്നടർന്നു വീണ മൌന മൊഴികളെ ഞാനെൻ അധരങ്ങൾ കൊണ്ട് ഒപ്പിയെടുത്തു

ആ മൃദുലാധരത്താൽ നീ എനിനിക്കേകിയ ആദ്യ ചുംബനത്തെ മറക്കുവതെങ്ങനെ ഞാനോമലേ..........

Tuesday, February 2, 2021

മഴ ഗീതം....

നനുത്ത മണ്ണിന്‍റെ മണവും മച്ചിന്‍ പുറത്ത് ചിതറി വീഴുന്ന ആലിപ്പഴങ്ങളുടെ നാദവുമായ് മഴ ഇപ്പോഴും പെയ്യ്തിറങ്ങുകയാണ് ഓര്‍മ്മകളുടെ അകത്തളങ്ങളില്‍.......


മധുമഴ പൊഴിയുന്ന നേരത്ത് 

നീയെന്നരികില്‍ ഇരുന്നെങ്കില്‍ 

നെറുകില്‍ തഴുകിയെങ്കില്‍ 

നിദ്ര വന്നെന്നെ പുല്‍കും വരെ 

ഒരു താരാട്ട് പാട്ടായി നീ മാറിയെങ്കില്‍....


ആദ്യാനുരാഗമായി

അറിയാത്തൊരീണമായി നീ 

പെയ്ത് നിറയുമ്പോള്‍ നിനക്കായെന്നും 

ഞാന്‍ ഉണര്‍ന്നിരിയ്ക്കാം

ഞാനെന്ന ഭൂമിയെ നീ 

ആവേശത്തോടെ പ്രണയിക്കുമ്പോള്‍ 

ആ സ്നേഹം ഞാന്‍ നെഞ്ചോട് 

ചേര്‍ത്ത് വെയ്ക്കാം....


നിന്‍റെ തലോടലില്‍ കുളിരണിയുമ്പോൾ 

നീ തന്ന  നൊമ്പരം മറന്നിടാം ഞാന്‍ 

നിന്‍റെ സ്നേഹാര്‍ദ്ര മഴഗീതം 

ശ്രീരാഗമായ് കാതില്‍ നിറയുമെങ്കില്‍

ആവോളം ഞാന്‍ ആസ്വദിച്ചീടാം.....


ഓരോ മഴയും ഓരോ ഓര്‍മ്മകളാണ് 

നീ തന്ന സ്നേഹവും നൊമ്പരങ്ങളുമാണ്

ഓരോ തുള്ളിയിലും നീ എനിക്കായ് 

കരുതി വെച്ച നിന്റെ ഹൃദയതുടിപ്പുകളാണ്

പെയ്ത് തോരാതെ നിറഞ്ഞു നില്‍ക്കുന്ന 

നിന്റെ പ്രണയമാണ്.....


ഓരോ  മാത്ര വന്ന് നീ മായുമ്പോഴും

ഒരു വേഴാമ്പലിനെ പോലെ 

ഞാന്‍ കാത്തിരിക്കാം 

നീ വീണ്ടും മഴമേഘമായി 

വന്നെന്നെ തഴുകുമെങ്കില്‍.....