Thursday, May 22, 2014

ലഹരി...





മദ്യഷാപ്പിലിരുന്ന്‍, തന്‍റെ ഗ്ലാസിലെ അവസാന തുള്ളി 
മദ്യവും നുണഞ്ഞ് വിറയാര്‍ന്ന  കൈകളോടെ, 
പോക്കറ്റില്‍ നിന്ന്, നോട്ടുകള്‍ എടുത്ത് നല്‍കി 
നിലക്കാത്ത പാദങ്ങളോടെ അയാള്‍ മദ്യഷാപ്പിന്റെറ  
പടികളിറങ്ങി, ഇരുട്ടില്‍ നിന്ന് വന്ന രൂപങ്ങളുടെ 
അഭ്യര്‍ഥന മാനിച്ച്, ഒരു പെഗ്ഗ് വാങ്ങി താ..അളിയാ, 
പോക്കെറ്റിലുണ്ടായിരുന്ന അവസാന നോട്ടും നല്‍കി, 
അഭിമാനത്തോടെ ഉടുമുണ്ടൂരി തലയില്‍ കെട്ടി, 
വഴി നീളെ പൂര പാട്ടും പാടി, വീടിന്റെ ഗേറ്റ് ചവിട്ടി 
തുറന്ന്, ഭാര്യയെ തെറിയും വിളിച്ച്...

ഒന്നുമറിയാതെ യജമാനനെ നോക്കി വാലാട്ടിയ നായ്ക്ക്,
മുത്തം നല്‍കി,നീയാടാ, എന്‍റെ മോന്‍, ലഹരിയില്‍ 
അവനാണ്, അയാളുടെ മകന്‍,നന്ദി സൂചകമായി അവന്‍ 
അയാളെ മുട്ടിയുരുമ്മി...

ഉമ്മറത്ത്‌ പഠിത്തത്തില്‍ മുഴുകിയ മകന്‍റെ പുസ്തകങ്ങള്‍ 
തട്ടി എറിഞ്ഞ്‌, വിറയ്ക്കുന്ന ശരീരത്തോടെ, ഭാര്യ 
കൂലിവേല ചെയ്യ്ത് ഉണ്ടാക്കിയ ഭക്ഷണം ചവിട്ടിയെറിഞ്ഞ്, 
അവളുടെ അച്ഛനെ തെറി വിളിച്ച്, മനസമാധാനത്തോടെ,
ഉറങ്ങുന്നതിനിടയിലും അയാള്‍,സംസാരിച്ച് കൊണ്ടേയിരുന്നു, 
ലഹരിയുടെ ആലസ്യത്തില്‍....

താന്‍ മുണ്ട് മുറുക്കിയുടുത്ത് ഉണ്ടാക്കിയ, അയാള്‍ ചവിട്ടി 
എറിഞ്ഞ കഞ്ഞിയും,പയറും, വൃത്തിയാക്കുന്നതിനിടയില്‍
അവളും സംസാരിച്ചു കൊണ്ടേയിരുന്നു , തന്‍റെ വിധിയോര്‍ത്ത്
അയാളുടെ മടിയില്‍ നിന്ന് വീണ മദ്യ കുപ്പിയിലെ അവസാന 
തുള്ളി ലഹരി നുണയുന്ന തിരക്കിലായിരുന്നു പതിനൊന്ന് 
-കാരനായ അയാളുടെ ഒരേ ഒരു മകന്‍........






6 comments:

Girija Navaneethakrishnan said...

പ്രിയ ശ്രീജയ ,
ഇത് നമ്മുടെ ഇന്നത്തെ നാടിൻറെ ചിത്രം. ഇത് പോലുള്ള അച്ഛന്മാരെ ഓർത്തല്ല, അവസാനം പറഞ്ഞതു പോലുള്ള മകൻ മാരെ ഓർത്താണ് സങ്കടം. കണ്ടു വളരുന്ന ഇളം തലമുറയെ ഓർത്ത് .

ശ്രീ.. said...

വളരെ ശരിയാണ് ഗിരിജ..ഒത്തിരി നന്ദി, ഇവിടെ വന്നതിനും, അഭിപ്രായം അറിയിച്ചതിനും @ ഗിരിജ....

Harinath said...

മദ്യം ഒരു താക്കോൽ മാത്രം. ഉള്ളിലുള്ളതിനെ പുറത്തിറക്കുന്ന ഒരു താക്കോൽ. “അച്ഛൻ കുടിച്ചിട്ട് വരുന്നതാണ്‌ ഞങ്ങൾക്കിഷ്ടം. മിഠായി മേടിച്ചുകൊണ്ടുവരും പാട്ടുപാടിയുറക്കും. അച്ഛൻ കുടിച്ചിട്ട് വരുന്ന ദിവസം വീട്ടിൽ നല്ല സന്തോഷമാണ്‌.” എന്നു പറയുന്ന കുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. വളർത്തുമൃഗങ്ങളെ സ്നേഹിക്കുന്നവരാണെങ്കിൽ അതിനെ താലോലിക്കുകയും ചെയ്യും.
മദ്യപിച്ച് ഈഗോ നഷ്ടപ്പെട്ടുകഴിയുമ്പോൾ ഉള്ളിലുള്ളത് അതുപടി പ്രകടമാക്കും. സ്നേഹമെങ്കിൽ സ്നേഹം, വെറുപ്പെങ്കിൽ വെറുപ്പ്.

ശ്രീ.. said...

വളരെ ശരിയാണ്‌ ഹരി. ഇതേ അഭിപ്രായം പലരും പറയുന്നത് ഞാനും കേട്ടിട്ടുണ്ട്...ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി @ ഹരിനാഥ്...

ajith said...

മദ്യം സകലവിധതിന്മയുടെയും ഉറവിടമാണെന്ന് മഹദ് വചനവുമുണ്ട്

ശ്രീ.. said...

അതെ മാഷേ. ഈ ലഹരി ആസ്വദിക്കുന്ന സമയത്ത് അതിന്റെ ഭവിഷത്തിനെ കുറിച്ച്, കുടിക്കുന്നവര്‍ മനപൂര്‍വ്വം മറക്കുന്നു .. നന്ദി മാഷേ ഇവിടെ വന്നതിനും, അഭിപ്രായം അറിയിച്ചതിനും @ അജിത്‌....