അച്ഛാ.....അച്ഛാ....എന്താ മോളെ,കടയിലെ കണക്കുകളിൽ ശ്രദ്ധിച്ചിരുന്ന മാധവൻ മുഖമുയർത്തി മീനൂട്ടിയോട് ചോദിച്ചു.നാല് ദിവസം കഴിഞ്ഞാൽ എന്റെ പത്താമത്തെ ബെർത്ത് ഡേ ആണ്.അന്ന് തരാന്നു പറഞ്ഞ ഗിഫ്റ് ഓർമ്മയുണ്ടല്ലോ അച്ഛന്.എന്ത് പറയണമെന്ന് അറിയാതെ മാധവൻ മീനൂട്ടിയുടെ ആ കുഞ്ഞി കണ്ണുകളിലേക്ക് നോക്കി.അതിൽ കാണുന്ന ആ പ്രതീക്ഷ മാധവനെ ഒരു നിമിഷം തളർത്തി.അച്ഛാ...ഞാൻ ചോദിച്ചത് കേട്ടില്ലേ,മീനൂട്ടി വീണ്ടും ചിണുങ്ങി കൊണ്ട് ചോദിച്ചു.അച്ഛന് ഓർമ്മയുണ്ട് മോളെ.നല്ല അച്ഛൻ,മാധവനെ കെട്ടിപ്പിടിച്ച് മീനൂട്ടി പറഞ്ഞു. മോള് പോയി കളിച്ചോളൂ,അച്ഛന് കുറച്ചു കണക്കുകൾ കൂടി നോക്കാനുണ്ട്. മീനൂട്ടി ചോദിച്ച ഗിഫ്റ് താൻ എങ്ങനെ കൊടുക്കാനാണ്. വർഷങ്ങൾക്ക് മുമ്പ് തന്നെയും കുഞ്ഞായിരുന്ന മീനൂട്ടിയെയും ഉപേക്ഷിച്ചു പോയ അവളുടെ അമ്മയെയാണ് അവൾ പത്താമത്തെ പിറന്നാളിനുള്ള ഗിഫ്റ്റായി ചോദിക്കുന്നത്.
മാലിനി തന്റെ മാലു തങ്ങളൊത്തുള്ള അഞ്ച് വർഷത്തെ ദാമ്പത്യം. അമ്മയുടെ കൂടെ ജോലി ചെയ്ത നാരായണൻ മാഷിന്റെ മകളായിരുന്നു മാലിനി.അച്ഛൻ മരിച്ചതിനു ശേഷം തന്നെയും അനുജത്തിയേയും വളർത്തിയത് അമ്മയായിരുന്നു.അമ്മയുടെ ആഗ്രഹമായിരുന്നു തനിക്കൊരു സർക്കാർ ജോലി.ഡിഗ്രി കഴിഞ്ഞപ്പോഴേ അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പി ജി കഴിഞ്ഞു ആ ശ്രമം മുപ്പത് വയസ്സ് വരെ തുടർന്നു.ഒരു സർക്കാർ ജോലി തന്റെ തലയിൽ എഴുതിയിരുന്നില്ല.ആ മോഹം അവിടെ ഉപേക്ഷിച്ചിട്ട് ഒരു സുഹൃത്തിന്റെ സഹായത്തോടെ ഗൾഫിലേക്ക് യാത്രയായി.ഒരു കമ്പനിയിൽ ജോലിയും തരക്കേടില്ലാത്ത ശമ്പളവും.രണ്ട് വർഷം ജോലി ചെയ്തു നാട്ടിൽ വന്നു അനുജത്തിയുടെ വിവാഹം നടത്തി.നിനക്ക് വയസ്സ് മുപ്പത്തിരണ്ടായി,നീ കൂടി പോയി കഴിഞ്ഞാൽ ഞാനിവിടെ തനിച്ചാവും. അനുജത്തിയുടെ വിവാഹം കഴിയട്ടെന്ന് നീയല്ലേ പറഞ്ഞത്.അതിനി നീട്ടി കൊണ്ട് പോണ്ടാ.ഞാനൊരു കുട്ടിയെ നോക്കി വെയ്ക്കാം അടുത്ത ലീവിന് വരുമ്പോ നിന്റെ വിവാഹം എനിക്ക് കാണണം.നോക്കാം അമ്മേ. അറിയാമായിരുന്നു ഇനി അമ്മയുടെ കയ്യിൽ നിന്ന് രക്ഷപെടാൻ പറ്റില്ലെന്ന്.
വൈകിയില്ല ഒരു പെൺ കുട്ടിയുടെ ഫോട്ടോ അയച്ചു തന്നിട്ട് 'അമ്മ ചോദിച്ചു,കുട്ടിയെ കണ്ടിട്ട് നിന്റെ അഭിപ്രായം പറയണം.ഞാൻ പറഞ്ഞിട്ടില്ലേ നാരായണൻ മാഷ്,ട്രെഷറിയിൽ പെൻഷൻ വാങ്ങാൻ പോയപ്പോ വർഷങ്ങൾക്ക് ശേഷം മാഷിനെ അവിടെ വെച്ച് കണ്ടു.വീൽ ചെയറിൽ സാറിന്റെ മോള് തള്ളികൊണ്ടാണ് വന്നത്.മാഷിന്റെ ഭാര്യ എന്തോ കടുത്ത അസുഖമായിട്ടു കുറേ നാൾ കിടപ്പിലായിരുന്നു.ഉളളതെല്ലാം വിറ്റു പെറുക്കി ചികിത്സ നടത്തിയിട്ടും രക്ഷിക്കാൻ ആയില്ലെന്ന്.അതോടെ മാഷ് കിടപ്പിലായി.ഇപ്പൊ മാഷും മോളും ഒരു വാടക വീട്ടിലാണ് താമസം. ഒരേ ഒരു മോളെ വിവാഹം കഴിച്ചു കൊടുക്കാൻ പറ്റാത്ത സങ്കടത്തിലാ മാഷ്.ഡിഗ്രി കഴിഞ്ഞ കുട്ടിയാ മാലിനി.വീട്ടില് പിള്ളേർക്ക് ട്യൂഷനൊക്കെ എടുക്കുന്നുണ്ട്.കുട്ടിയെ കണ്ടപ്പോ എനിക്കിഷ്ടായി.മാഷിനോട് ഞാൻ സംസാരിച്ചു.ചെറിയ രീതിയൊലൊരു വിവാഹം,അതേ മാഷിനെ കൊണ്ടിപ്പോ പറ്റുള്ളൂ.എന്താ നിന്റെ അഭിപ്രായം. ഒറ്റ നോട്ടത്തിൽ തന്നെ മാലിനിയെ തനിക്കിഷ്ടായി.തന്റെ സമ്മതം അമ്മയെ അറിയിക്കുകയും ചെയ്തു.
അടുത്ത ലീവിന് തന്റെയും മാലിനിയുടെയും വിവാഹം മംഗളമായി തന്നെ നടന്നു.വിവാഹം കഴിഞ്ഞു വീണ്ടും പ്രവാസ ജീവിതം.ഒരു വർഷം കഴിഞ്ഞപ്പോ മീനൂട്ടി തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നു.തനിക്ക് നല്ലൊരു ഭാര്യയായി,അമ്മക്ക് നല്ലൊരു മരുമോളായി, മീനൂട്ടിക്ക് നല്ലൊരു അമ്മയായി അങ്ങനെ അഞ്ചു വർഷങ്ങൾ മാലിനി തന്നോടൊപ്പം ജീവിച്ചു.അന്ന് ആ ദിവസം തനിക്ക് ഓർക്കാൻ കൂടി ധൈര്യമില്ല. നാട്ടിൽ നിന്നും വന്ന തന്റെ അനിയത്തിയുടെ ആ ഫോൺ കാൾ.ചേട്ടാ, അമ്മ വീട്ടിൽ കുഴഞ്ഞു വീണ് ഐ സി യു വിൽ അഡ്മിറ്റ് ആണ്.മാലിനി അവിടെ ഇല്ലായിരുന്നോ.രാവിലെ കൂടി ഞാനവളെ വിളിച്ചതാണല്ലോ.അതിനുള്ള മറുപടി കേട്ട് താനൊന്ന് ഞെട്ടി.മാലിനി അവളുടെ അമ്മാവൻറെ മകന്റെ കൂടെ പോണെന്നും പറഞ്ഞു കത്ത് എഴുതി വെച്ചിരുന്നു.അത് വായിച്ചിട്ട് അമ്മക്ക് അറ്റാക് വന്നു എന്നാ ഡോക്‌ടർ പറയുന്നത്.മീനൂട്ടി ആണെങ്കിൽ അമ്മയെ കാണണമെന്ന് പറഞ്ഞു ഭയങ്കര കരച്ചിലാ.നീ എന്താ മോളെയീ പറയുന്നത്,എന്റെ മാലൂ. എനിക്കൊന്നും വിശ്വസിക്കാനാവുന്നില്ല.ഇതെല്ലാം ഇവിടെ നടന്നതാ മാധവേട്ടാ.
അടുത്ത ദിവസം തന്നെ ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി.ദൈവത്തിന്റെ സഹായത്താൽ അമ്മ പെട്ടന്ന് തന്നെ സുഖം പ്രാപിച്ചു.തന്നെ ഏറെ തളർത്തിയത് അമ്മയെ അന്വേഷിച്ചു കൊണ്ടുള്ള മീനൂട്ടിയുടെ കരച്ചിലും മാലു തന്നോട് കാണിച്ച ചതിയുമായിരുന്നു. വെളിയിലിറങ്ങിയാൽ ആളുകളുടെ ആക്കിയുള്ള ചിരിയും വർത്തമാനവും സഹിക്കാൻ വയ്യാതെ വീട്ടിനകത്തു തന്നെ കഴിഞ്ഞ നാളുകൾ.മാലുവിനെ കുറിച്ച് കേട്ട കഥകളൊന്നും വിശ്വസിക്കാൻ തന്റെ മനസ്സ് തയ്യാറായില്ല. മാലുവിന്റെ മുറച്ചെറുക്കൻ വിക്രമനും അവളും ചെറുതിലെ മുതലുള്ള പ്രണയമായിരുന്നു.വീട്ടുകാരും അതിന് മൗന സമ്മതം കൊടുത്തിരുന്നു. വലുതാവുമ്പോ ആ കല്യാണം നടത്താനും വീട്ടുകാർ തമ്മിൽ തീരുമാനിച്ചതായിരുന്നു.ഇടക്ക് കുടുംബപരമായ വഴക്ക് നിമിത്തം ആ കല്യാണം നടന്നില്ല.വിക്രമൻ, മാലതിയെ വിളിച്ചിറക്കി കൊണ്ട് പോയി കെട്ടാൻ തയ്യാറായിരുന്നു.എന്നാൽ സുഖമില്ലാതെ കിടക്കുന്ന അച്ഛനെ സങ്കടപ്പെടുത്തിയിട്ട് മാലിനി അതിനു തയാറായില്ല.ആ ദേഷ്യത്തിൽ വിക്രമൻ എല്ലാം ഉപേക്ഷിച്ച് നാട് വിട്ടു.അച്ചന്റെ ആഗ്രഹപ്രകാരം മാലിനി തന്നെ വിവാഹം കഴിച്ചു.മാലിനി ഒരു ഇഷ്ടക്കുറവും തന്നോട് കാണിച്ചിരുന്നില്ല. പിന്നെയെങ്ങനെ താനവളെ സംശയിക്കാനാണ്.
മീനൂട്ടിക്ക് വേണ്ടി തനിക്ക് ജീവിച്ചേ പറ്റൂ.അതിനുള്ള ശ്രമത്തിലായിരുന്നു പിന്നെ.വീടിനോടു ചേർന്നു തന്നെ ഒരു പലവ്യഞ്ജന കട തുടങ്ങി.ആളുകൾ പതിയെ എല്ലാം മറക്കാൻ തുടങ്ങി.മീനൂട്ടിക്കും തനിക്കും മാത്രം അത് മറക്കാൻ കഴിഞ്ഞില്ല.അതിനി ഈ ജന്മം കഴിയുമെന്നും തോന്നുന്നില്ല. അമ്മയെ വേണമെന്നുള്ള മീനൂട്ടിയുടെ ആവശ്യത്തിന് മുന്നിൽ തനിക്ക് മൗനമായിരിക്കേണ്ടി വന്നു.അമ്മയുടെ മരണ ശേഷം താനും മീനൂട്ടിയും മാത്രമായി. പലരും നിർബന്ധിച്ചതാണ് വീണ്ടുമൊരു വിവാഹത്തിന്. സത്യത്തിൽ തനിക്ക് അതിനു കഴിയുമായിരുന്നില്ല.ഒരിക്കൽ തൻ്റെ പിറന്നാളിന് മീനൂട്ടി ഗിഫ്റ്റായി ചോദിച്ചത് അവളുടെ അമ്മയെയായിരുന്നു. അന്ന് തൻ്റെ സങ്കടം കണ്ടിട്ടാവണം മീനൂട്ടി പറഞ്ഞത്, എൻ്റെ പത്താമത്തെ പിറന്നാളിന് അച്ഛൻ ഗിഫ്റ്റായി അമ്മയെ തന്നാൽ മതിയെന്ന്.അതാണ് അവളിപ്പോ വീണ്ടും ഓർമ്മിപ്പിച്ചത്.
ഹലോ....ആരാണ്...എടാ ഞാൻ നന്ദുവാണ്.എടാ നിനക്ക് സുഖമല്ലേ,നീ നാട്ടിലൊട്ടൊന്നും വരുന്നില്ലേ.നീ ബോംബയിലോട്ട് പോര്.അതിനാ നിന്നെ ഞാനിപ്പോ വിളിച്ചത്.നിനക്കറിയില്ലേടാ ഇവിടെ മീനൂട്ടി തനിച്ചേയുള്ളൂ. രാധേട്ടത്തി അവിടെയില്ലേ മോളെ രണ്ടു ദിവസം രാധേട്ടത്തി നോക്കിക്കോളും. എത്ര നാളായി നിന്നെ വിളിക്കുന്നു.എന്തായാലും നീ വന്നേ പറ്റുള്ളൂ.ഞാൻ നോക്കട്ടെ,പിന്നീട് വിളിക്കാം നിന്നെ. നന്ദു, ചെറുതിലെ മുതലേയുള്ള തൻ്റെ സുഹൃത്ത്. സ്‌കൂളിലും കോളേജിലുമൊക്കെ ഒരു മിച്ച് ഒരേ ക്ലാസ്സിൽ പഠിച്ചവർ.പി ജി കഴിഞ്ഞ് ജേർണലിസ്റ്റായി അവൻ ബോംബയിൽ ഒരു പത്രത്തിൽ ജോലിക്ക് കയറി.പഠിക്കുമ്പോഴേ അതായിരുന്നു അവന്റെ സ്വപ്നം.തൻ്റെ കല്യാണത്തിന് കണ്ടതാണ് അവനെ പിന്നെ നേരിട്ട് കണ്ടിട്ടേയില്ല.എന്നാൽ പഴയ ആ സൗഹൃദം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.താൻ തകർന്നിരുന്നു സമയത്തൊക്കെ നേരിട്ടല്ലെങ്കിലും അവന്റെ ഉപദേശങ്ങൾ തനിക്കൊരു ആശ്വാസം തന്നെയായിരുന്നു.തന്റെ വിവാഹ തകർച്ച അവനെ വിവാഹം വേണ്ടന്നുള്ള തീരുമാനത്തിൽ എത്തിച്ചു.
മീനൂട്ടിയെ രാധേട്ടത്തിയെ ഏൽപ്പിച്ച് നന്ദുവിനെ കാണാൻ പോകാൻ തന്നെ തീരുമാനിച്ചു.അപ്പൊ അച്ഛാ എന്റെ പിറന്നാള് മീനൂട്ടി ചിണുങ്ങി കൊണ്ട് ചോദിച്ചു.അതിന് മുന്നേ അച്ഛനിങ്ങെത്തില്ലേ.മീനൂട്ടിയുടെ പിറന്നാൾ നമ്മള് അടിച്ചു പൊളിക്കില്ലേ.എന്റെ പിറന്നാൾ സമ്മാനം ഓർമ്മയുണ്ടല്ലോ അച്ഛാ.മൗനമായി തലകുലുക്കാനേ തനിക്ക് കഴിഞ്ഞുള്ളൂ. എയർപോർട്ടിൽ
തന്നെ കണ്ടതും നന്ദു കളിയാക്കി കൊണ്ട് പറഞ്ഞു, മുടിയൊക്കെ നരച്ചൊരു വയസ്സനെപ്പോലെ ആയല്ലോടാ നീ.എന്നെ നോക്ക് നമ്മളിപ്പോഴും സ്വീറ്റ് സിക്സ്റ്റീനാ.കളിയും ചിരിയുമൊക്കെ ആയി ആ പഴയ സൗഹൃദം ആസ്വദിക്കുകയായിരുന്നു ഞങ്ങൾ.മീനൂട്ടി എന്ത് പറയുന്നു.ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ അവളുടെ പത്താം പിറന്നാളിലെ ഗിഫ്റ്.അതും ഓർമ്മിപ്പിച്ചോണ്ടിരിക്കയാ അവൾ.എടാ നീ റെസ്‌റ് എടുത്തോ എനിക്ക് അത്യാവശ്യമായി ഓഫീസ് വരെ ഒന്ന് പോകണം.ഫുഡൊക്കെ റെഡി ആക്കി വെച്ചിട്ടുണ്ട്.എടുത്ത് കഴിക്കാൻ മറക്കണ്ടാ. വൈകുന്നേരത്തിനു മുന്നേ ഞാനിങ്ങെത്തും, ഇവിടെയൊക്കെ കറങ്ങി നടന്ന് നമുക്ക് കാണാം.
വൈകുന്നേരം ബോംബെ നഗരം കാണുവാനായി ഇറങ്ങി.നന്ദു റോഡിന്റെ ഒരു സൈഡിൽ കാറ് പാർക്ക് ചെയ്തിട്ട് ചെറിയൊരു ഇടവഴിയിലേക്ക് നടന്നു.നമ്മൾ എവിടെക്കാടാ ഈ പോണത്. അവൻ മറുപടിയൊന്നും പറഞ്ഞില്ല.ആ ഇടവഴി ചെന്ന് നിന്നത് ഒരു വലിയ കെട്ടിടത്തിന്റെ മുന്നിലായിരുന്നു.കതക് കയറി അകത്ത് കടന്നപ്പോൾ ഒരു പ്രൗഡ ഗംഭീരയായ സ്ത്രീ വന്നു.आइए आइए नन्दू साब....അത് കേട്ടതും നന്ദു അവരുടെ പുറകേ അകത്തേക്ക് കയറി പോകാൻ തുടങ്ങി.എടാ അതാരാ, നമ്മളെവിടെയാണ് ഇത്.താൻ ചോദിച്ചതൊന്നും കേട്ടതായി പോലും നന്ദു ഭാവിച്ചില്ല.എന്താണ് അവിടെ നടക്കുന്നതെന്ന് അറിയാതെ നിൽക്കുമ്പോഴാണ് ഒരു സ്ത്രീ തൻ്റെ അടുത്തേക്ക് വന്നത്.आइए साब...आइए...തന്നെ എങ്ങോട്ടാണ് ഇവർ കൊണ്ട് പോകുന്നത്.ഒന്നും മനസിലാകുന്നില്ലല്ലോ.ആ നന്ദു തന്നെയും കളഞ്ഞിട്ട് എങ്ങോട്ടേക്കാണ് പോയത്.ഒരു മുറിയുടെ മുന്നിൽ എത്തിയപ്പോൾ അവർ പറഞ്ഞു दरवाज़ा घोलिए और अंदर जाइए साब.....കതക് പതിയെ തുറന്ന് അകത്ത് കയറി.തെല്ലൊരു ഭയത്തോടെ അവിടെയൊക്കെ ഒന്ന് നോക്കി.ഒരു കട്ടിലും ഒരു മേശയും ഒരു കസേരയും ഇട്ട് ഭംഗിയായി അലങ്കരിച്ച ഒരു മുറി.മേശപ്പുറത്ത് ഒരു ജെഗ്ഗും,ഗ്ലാസ്സും.കതക് തുറന്ന് അങ്ങോട്ടേക്ക് കയറി വന്ന സ്ത്രീയെ കണ്ട് മാധവൻ ഞെട്ടി.മാലൂ....നീ....മാധവേട്ടാ എന്താ ഇവിടെ....എൻ്റെ മീനൂട്ടി....
അതേ മാധവേട്ടാ ഞാൻ തന്നെയാണ്.ആ വിളിക്കുള്ള അർഹത പോലും എനിക്കില്ല.വീണ്ടുമൊരു കൂടിക്കാഴ്ച്ച ഇനി ഉണ്ടാവുമെന്ന് ഞാൻ കരുതിയതല്ല.ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് ഇത്.കരച്ചിലിൽ മുങ്ങി മാലിനി പറഞ്ഞ പല വാക്കുകളും ക്ലിയർ ആയിരുന്നില്ല. ഇങ്ങനെ ഒരു കണ്ടീഷനിൽ അല്ല ഇനി ഒരിക്കലൂം നിന്നെ കാണുമെന്ന് ഞാൻ കരുതിയതല്ല മാലൂ.നീ എങ്ങനെ ഇവിടെ എത്തി,ഈ വേശ്യാലയത്തിൽ.ഞാൻ പറഞ്ഞില്ലേ മാധവേട്ടനോടും എൻ്റെ മോളോടും ആ പാവം അമ്മയോടും ചെയ്തതിന് ദൈവം തന്ന ശിക്ഷയാണ് ഇത്.അന്ന് വിക്രമേട്ടനോടൊപ്പം, എന്റെ മുറച്ചെറുക്കൻ, ആ കഥകളൊക്കെ ഞാനറിഞ്ഞു മാലു.എന്റെ വിവാഹ ശേഷം സുഖമില്ലാതിരുന്ന അച്ഛനെ നോക്കിയത് എൻ്റെ അപ്പച്ചിയായിരുന്നു വിക്രമേട്ടന്റെ 'അമ്മ.എന്നെ കല്യാണം കഴിക്കാൻ ആകാതെയുള്ള ദേഷ്യത്തിൽ നാട് വിട്ടതായിരുന്നു വിക്രമേട്ടൻ. വർഷങ്ങൾക്ക് ശേഷം അദ്ദേഹം നാട്ടിൽ വന്നു.അച്ഛനെ കാണാൻ പോകുമ്പോഴൊക്കെ വിക്രമേട്ടൻ എന്നെ വീണ്ടും അദ്ദേഹത്തിനോട് അടുപ്പിക്കുകയായിരുന്നു. തന്നെയിപ്പോഴും ഇഷ്ടമാണെന്നും ബോംബയിൽ കൂടെ കൊണ്ട് പോകാനാണ് വന്നതെന്നും ആയിരുന്നു പറഞ്ഞത്.ഞാൻ പല പ്രാവശ്യം ഒഴിഞ്ഞു മാറാൻ ശ്രമിച്ചതാണ്. മാധവേട്ടനെയും എന്റെ മോളെയും വിട്ട് ഒന്നും സങ്കൽപ്പിക്കാൻ പോലും എനിക്കാവില്ലായിരുന്നു. പക്ഷേ എപ്പോഴോ ഞാൻ വീണ്ടും ആ പഴയ കാമുകിയായി മാറുകയായിരുന്നു.അവസാനം എല്ലാം ഉപേക്ഷിച്ച് വിക്രമേട്ടനോടൊപ്പം ചെല്ലാമെന്ന് സമ്മതിക്കുകയായിരുന്നു. എനിക്കിപ്പോഴും അറിയില്ല എനിക്കതിന് എങ്ങനെ കഴിഞ്ഞുവെന്ന്.
ബോംബയിൽ വന്ന് രണ്ട് മാസമായി കാണും.ഒരു ദിവസം ജോലിക്കെന്നും പറഞ്ഞു പോയ വിക്രമേട്ടൻ പിന്നെ തിരികെ വന്നില്ല.ദിവസങ്ങൾ ഞാൻ ആ മുറിയിലിരുന്നു വെളിയിൽ ഇറങ്ങാതെ.വിക്രമേട്ടൻ എന്നെ ചതി ക്കുകയായിരുന്നുവെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്.വിശപ്പിന് പൈപ്പിലെ വെള്ളം മാത്രം കുടിച്ച് കിടന്ന ദിവസങ്ങളായിരുന്നു അത്. അവസാനം വിശപ്പ് സഹിക്കാൻ വയ്യാതെ കാതിൽ ആകെ ഉണ്ടായിരുന്ന പൊന്ന്, ആ കമ്മല് വിറ്റ് ആഹാരം വാങ്ങി വിശപ്പടക്കാൻ പുറത്തിറങ്ങി. കമ്മല് വിറ്റു കിട്ടിയ രൂപയും കൊണ്ട് സാധനങ്ങളും വാങ്ങി റൂമിലേക്ക് നടക്കുന്ന സമയത്താണ്, ഒരു വണ്ടി പെട്ടന്ന് തന്റെ മുന്നിലേക്ക് വന്നു നിന്നത്.ഒന്ന് എതിർക്കാൻ പോലും സമ്മതിക്കാതെ അവർ തന്നെ ബലമായി പിടിച്ച് കാറിനകത്തു കയറ്റി.ഇവിടത്തെ ലളിതാ ഭായിയുടെ ആൾക്കാരായിരുന്നു അവർ.ഇവർക്കിവിടെ പെണ്ണുങ്ങളെ സപ്ലെ ചെയ്യുന്നതിൽ പ്രധാന ആളായിരുന്നു വിക്രമേട്ടനെന്ന്.ബോംബെ പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു.നാട്ടിൽ നിന്ന് ഒരു ശാലീന സുന്ദരിയെ കൊണ്ട് വരാമെന്ന് പറഞ്ഞ് നല്ലൊരു തുക ലളിതാ ഭായിയുടെ കയ്യിൽ നിന്നും വാങ്ങിയിരുന്നു.അതിനാണ് തന്നെ ഇങ്ങോട്ടേക്ക് കൊണ്ട് വന്നത്.തന്നെ ലളിതാ ഭായിക്ക് കൈ മാറാനിരുന്ന സമയത്താണ് വിക്രമേട്ടൻ പോലീസിന്റെ പിടിയിലായത്.ഒന്നും വിശ്വസിക്കാനാകാതെ
ഞാൻ തളർന്നിരുന്നു പോയി.
പിന്നെയുള്ള ദിവസങ്ങൾ ലളിതാഭായിയുടെ ഭീഷണിയായിരുന്നു.അവർ പറയുന്നത് പോലെ ചെയ്യുക.ഇവിടെ നിന്ന് രക്ഷപ്പെടാൻ പല പ്രാവശ്യം ശ്രമിച്ചതാണ്.അതിന് ലളിതാഭായി തന്ന ശിക്ഷ വളരെ വലുതായിരുന്നു. ഇവിടെയുള്ള മറ്റുള്ളവരെല്ലാം അങ്ങനെയൊക്കെ ഇവിടെ അകപ്പെട്ടവർ ആണ്.ഇതിനകത്തു എത്തിപ്പെട്ടാൽ പിന്നെ രക്ഷപ്പെടാൻ കഴിയില്ല. എതിർത്ത് നിൽക്കാൻ കഴിയാതെ അവസാനം ഞാനൊരു വേശ്യയായി.ഒരു പാവയെപ്പോലെ കാമം തീർക്കാൻ വരുന്നവരുടെ മുന്നിൽ ഞാൻ അഭിനയിച്ചു. ചിലർക്ക് അമ്മയായി,ചിലർക്ക് സഹോദരിയായി,ചിലർക്ക് മോളായി,ചിലർക്ക് കാമുകിയായി,ചിലർക്ക് ഭാര്യയായി, പക്ഷേ ഈ വന്നവർക്കെല്ലാം വേണ്ടത് എന്റെ ശരീരം ആയിരുന്നു.ചെയ്തു പോയ വലിയ തെറ്റിനുള്ള ശിക്ഷയായിരുന്നു അത്.ഇതിൽ കൂടുതൽ എന്ത് ശിക്ഷയാ എനിക്ക് കിട്ടേണ്ടിയിരുന്നത്.മാലിനി ഒരു നെടുവീർപ്പോടെ പറഞ്ഞു. എന്താണ് പറയേണ്ടതെന്നറിയാതെ മാധവൻ നിശബ്ദനായിരുന്നു.
നന്ദുവും ലളിതാഭായിയും അങ്ങോട്ടേക്ക് കടന്ന് വന്നു.മാലൂ, നിനക്കറിയില്ലേ ഇത് നന്ദൂ.നമ്മൾ തമ്മിൽ നേരത്തെ കണ്ടിരുന്നു എടാ.അതെങ്ങനെ നന്ദു, നിനക്ക് അറിയാമായിരുന്നോ മാലു ഇവിടെയുണ്ടായിരുന്നെന്ന്.രണ്ടു ദിവസത്തിന് മുന്നേ എന്റെ ഒരു ഫ്രണ്ട് ഡോക്‌ടർ പ്രിയ എന്നെ വിളിച്ചു പറഞ്ഞു,നിന്റെ നാട്ടുകാരി ഒരു സ്ത്രീ അവരുടെ ഹോസ്പിറ്റലിൽ ചെക് അപ്പിന് ചെന്നിരുന്നു.അവരുടെ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ അവർക്ക് ബ്രെസ്റ് ക്യാൻസർ ആണ്.ഇപ്പൊ അതിനു വേണ്ട ട്രീറ്റ്മെന്റ് ചെയ്താൽ രക്ഷപ്പെടുമെന്ന്.ഞാൻ ചോദിച്ചു അതിനെന്താ നീ അവരുടെ കൂടെ വന്നവരോട് പറഞ്ഞില്ലേ എന്ന്.അവർ ഇവിടെയൊരു വേശ്യാലയത്തിൽ ഉള്ളതാടാ.ആ സ്ത്രീയോട് അസുഖത്തിനെ കുറിച്ച് സംസാരിച്ചു.പക്ഷേ അവർക്ക് ചികിത്സ ഒന്നും വേണ്ടെന്നാ പറയുന്നത്.കൂടുതൽ അവരോട് സംസാരിച്ചപ്പോഴാണ് അവർ കൂടുതൽ കാര്യങ്ങൾ പറഞ്ഞത്.എല്ലാ വിവരങ്ങളും പ്രിയ എന്നോട് പറഞ്ഞപ്പോൾ മാലിനി ആവാനാണ് ചാൻസെന്ന് ഏകദേശം ഞാനൂഹിച്ചു.എന്തായാലും നീ ഒന്ന് ശ്രമിച്ചു നോക്ക്, അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമോന്ന്.എന്റെ സഹായം എന്തെങ്കിലും വേണമെങ്കിൽ വിളിക്കണം കേട്ടോ.ഓക്കേ ടി,ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ.
പ്രിയ പറഞ്ഞതനുസരിച്ച് ഇവിടെ ഞാൻ എത്തപ്പെട്ടത് അങ്ങനെയാണ്. ജേർണലിസ്റ് ആണെന്ന് അറിഞ്ഞപ്പോ ലളിതാഭായി എന്നെ ഇവിടെ നിന്നടിച്ചു ഓടിച്ചു ആദ്യം.വേദന സഹിക്കാൻ വയ്യാതെ വന്നപ്പോ ആ നാശത്തിനെ ആശുപത്രിയിൽ പോകാൻ പറഞ്ഞത് തന്നെ എനിക്ക് തലവേദനയായി, ലളിതാഭായി ദേഷ്യപ്പെട്ടു.എന്നാലും ഞാൻ പ്രതീക്ഷ കൈ വിട്ടില്ല. പ്രിയയുടെ സഹായത്താൽ മാലൂവിന്റെ അസുഖത്തിന്റെ സീരിയസ്നെസ്സ് ലളിതാഭായിയെ മനസിലാക്കിപ്പിക്കാൻ തനിക്ക് കഴിഞ്ഞു.പിന്നെയുള്ള ദൗത്യം മാലുവിനെ കൊണ്ട് ചികിത്സക്ക് സമ്മതിപ്പിക്കുക എന്നതായിരുന്നു. അതിനും ലളിതാഭായി അവസരമുണ്ടാക്കി തന്നു.തന്നെ കണ്ടപ്പോ മാലുവിന് ഒരങ്കലാപ്പായിരുന്നു. തന്റെ പേഴ്സിൽ ഒളിപ്പിച്ചു വെച്ചിരുന്ന നിന്റെയും മീനൂട്ടിയുടെയും പഴയ ഫോട്ടോ കാണിച്ച് അവൾ ഒരു പാട് കരഞ്ഞു.തനിക്ക് പറ്റിയ തെറ്റിനെ കുറിച്ചും, അതിന് അനുഭവിക്കേണ്ടി വന്നതും, ഇപ്പോഴും അനുഭവിക്കുന്നതും. തന്റെ അസുഖത്തിനെ കുറിച്ച് അവൾക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു.ഒന്നിനും കൊള്ളാത്തവൾ ആവുമ്പൊ ലളിതാഭായി റോഡിൽ വലിച്ചെറിയുകയാവും ചെയ്യുകയെന്ന നല്ല ബോധ്യവും അവൾക്കുണ്ടായിരുന്നു. അത് എന്റെ വിധിയാണ്,അനുഭവിക്കേണ്ടവളാണ് ഞൻ.ഇതായിരുന്നു മാലുവിന്റെ മറുപടി. അവൾ എന്നോട് പറഞ്ഞത് നീ ഇതൊന്നും ഒരിക്കലും അറിയാൻ പാടില്ലെന്നാണ്. അറിയില്ലെന്ന് ഞാൻ വാക്ക് കൊടുക്കുകയും ചെയ്തു.
ഇത് വരെ നിന്നോട് ഞാനൊന്നും ഒളിച്ച് വെച്ചിട്ടില്ല.ഇത് നിന്നോട് പറയാതിരിക്കാൻ എനിക്ക് ആവുമോടാ.ഒന്നും മിണ്ടാതെ നിൽക്കുന്ന മാധവനോട് നന്ദു പറഞ്ഞു,ഇനി നീയാണ് തീരുമാനിക്കേണ്ടത്.എല്ലാം കേട്ട് കരഞ്ഞു കൊണ്ട് നിൽക്കുന്ന മാലുവിന്റെ അടുത്തേക്ക് ചെന്നു മാധവൻ മാലൂ നീ എന്നോടൊപ്പം വരണം.ഇല്ല മാധവേട്ടാ, ഞാൻ എങ്ങോട്ടേക്കുമില്ല. ഇതോടെ ഈ ജന്മമങ്ങ് ഒടുങ്ങട്ടെ.ഒരു വേശ്യയായ ഞാൻ മാധവേട്ടന്റെ ജീവിതത്തിലേക്ക് വേണ്ടാ. എല്ലാ സൗഭാഗ്യങ്ങളും നിറഞ്ഞൊരു ജീവിതം നശിപ്പിച്ചവളാണ് ഞാൻ. വേശ്യാലയത്തിലെ ഭാര്യയെന്ന് പറഞ്ഞ് ആളുകൾ മാധവേട്ടനെ കളിയാക്കും. എന്റെ മോൾക്കും അതൊരു അപമാനമായിരിക്കും.അതിനെ കുറിച്ചൊന്നും ഞാനിപ്പോ ചിന്തിക്കുന്നില്ല മാലൂ.എന്റെ ഭാര്യയായല്ല എൻ്റെ മീനൂട്ടിയുടെ അമ്മയായി നീ വരണം. അവളുടെ പത്താം പിറന്നാളിന് അവൾ ആഗ്രഹിച്ചത് പോലെ തന്നെഅവളുടെ അമ്മയെ എനിക്ക് പിറന്നാൾ സമ്മാനമായി നൽകണം. നിനക്ക് അവളോടുണ്ടായിരുന്ന സ്നേഹം ബാക്കിയുണ്ടെങ്കിൽ വന്നാൽ മതി.
ഇതെല്ലാം കണ്ടും കേട്ടും നിന്ന ലളിതാഭായി പറഞ്ഞു,മാലതിക്ക് പറ്റിയത് പോലെ ഒരു ചതിയിൽപെട്ടാണ് ഞാനും ഇവിടെ എത്തിയത്.അന്ന് എന്നെ ഇത് പോലെ രക്ഷിക്കാൻ ആരും വന്നില്ല.അവസാനം മലയാളം പോലും അറിഞ്ഞൂടെന്ന് നടിക്കുന്ന ലളിതാഭായിയായി.മാലിനി നീ പോണം, നിന്റെ മോൾക്ക് വേണ്ടി.മാധവൻ എല്ലാം ക്ഷമിക്കാൻ കാണിക്കുന്ന ആ മനസ്സ് നീ കണ്ടില്ലേ.അത് മാധവനല്ലാതെ ആർക്കും കാണുമെന്ന് തോന്നുന്നില്ല. ആ മനസ്സിന് മുന്നിൽ ഞാൻ തല കുനിക്കുന്നു. ചികിത്സയൊക്കെ നടത്തി കഴിഞ്ഞതൊക്കെ മറന്ന് ജീവിക്കാൻ ശ്രമിക്കുക.ലളിതാഭായി തൻ്റെ കയ്യിലിരുന്ന കവർ മാലിനിക്ക് നേരെ നീട്ടി.ഇത് നിങ്ങൾക്ക് നാളെ നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് ആണ്.നിന്റെ സ്വപ്നത്തിൽ പോലുമീ ലളിതാഭായി കടന്ന് വരാതിരിക്കട്ടെ.എന്റെ ദൈവമേ ഈ തള്ള മലയാളിയായിരുന്നോ, എന്തൊക്കെ തെറികളാ മലയാളത്തിലിവരെ ഞാൻ വിളിച്ചത്.നന്ദു പറയുന്നത് കേട്ട് എല്ലാരും പൊട്ടി ചിരിച്ചു..............
No comments:
Post a Comment