ഇത് എന്‍റെ സുഹൃത്ത് എന്നോട് പറഞ്ഞ അവളുടെ ജീവിത കഥയാണ്. ഇത് ഒരു കഥയെന്നു പറയാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല, അത് കൊണ്ട് തന്നെ ഒരു തലകെട്ട് കൊടുക്കുന്നില്ല. എന്‍റെ സുഹൃത്തിന്‍റെ വാക്കുകളില്‍ നിന്നും എനിക്കു നല്ലൊരു ഗുണപാഠമാണ് കിട്ടിയത്.....
എന്‍റെ സുഹൃത്ത്, എന്നോട് അവളുടെ ജീവിത കഥ പറയാന്‍ തുടങ്ങി. കാണാന്‍ സുന്ദരി ആയതുകൊണ്ട് തന്നെ എനിക്കു ചെറുതിലെ തന്നെ അതിന്‍റെയൊരു അഹംഭാവം ഉണ്ടായിരുന്നു. ഒരു നിമിഷം കൊണ്ട് ആ സൌന്ദര്യം ഇല്ലാതാകുമെന്ന ചിന്ത അന്നെനിക്ക് ഇല്ലായിരുന്നു. പത്താംതരം പാസായ സമയത്ത് ആണ് എന്‍റെ ജീവിതം ആകെ മാറ്റി മറിച്ച ആ സംഭവം ഉണ്ടായത്. അമ്മ ഓഫീസില്‍ നിന്ന് വരുന്നതിനു മുന്നേ ചായ ഇടാനായി മണ്ണെണ്ണ അടുപ്പ് കത്തിച്ചു. അധികം മണ്ണെണ്ണ ഇല്ലാന്ന് മനസിലാക്കി, അടുപ്പിനു മുകളിലായി ചുവരില്‍ അടിച്ചു വെച്ച തട്ടില്‍ നിന്ന് കൈ എത്തി മണ്ണെണ്ണ പാട്ട എടുത്തത് മാത്രമേ എനിക്കു ഓര്‍മ്മയുള്ളു. ദേഹം മുഴുവനും പൊള്ളുന്ന ഒരു പ്രതീതി, പിന്നെ ഒന്നും എനിക്കു ഓര്‍മ്മയില്ല. കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ ആശുപത്രി കിടക്കിയിലാണ്. മുഖം ഒഴികെ, കഴുത്ത് മുതല്‍ ദേഹത്തിന്‍റെ മറ്റെല്ലാ ഭാഗങ്ങളും പൊള്ളിയിരിക്കുന്നു. തട്ടില്‍ നിന്ന് മണ്ണെണ്ണ എടുക്കാനായി കൈ ഉയര്‍ത്തിയപ്പോള്‍, കൈ തട്ടി മണ്ണെണ്ണ, കത്തി കൊണ്ടിരുന്ന അടുപ്പിന് മുകളില്‍ വീണ്, അടുപ്പ് പൊട്ടി തെറിച്ച് തീ പടര്‍ന്നതാണ്. ആ സമയം ഓഫീസില്‍ നിന്ന് അമ്മ വീട്ടില്‍ എത്തിയത് കൊണ്ടാണ് ഞാന്‍ ജീവിച്ചിരിക്കുന്നത്. ഒത്തിരി കരഞ്ഞു അന്ന് ഞാന്‍, ഇത് കണ്ട് പൊട്ടികരയുന്ന എന്‍റെ അമ്മയും.അച്ഛന്‍ ഗള്‍ഫില്‍ ആയിരുന്നത് കൊണ്ട് തന്നെ പ്ലാസ്റ്റിക് സര്‍ജറി ചെയ്യ്ത് പൊള്ളിയത് കുറെയൊക്കെ ഭേദമാക്കി. ആ സമയത്താണ് അച്ഛന്റെറ മരണം സംഭവിച്ചത്. അതും എനിക്കു വലിയൊരു ഷോക്ക് ആയി. ഈ സംഭവത്തിന് ശേഷം ഞാന്‍ എന്‍റെ മുറി വിട്ടു പുറത്തിറങ്ങാതെ ആയി. കണ്ണാടി നോക്കാന്‍ ഞാന്‍ ഇഷ്ടപെട്ടില്ല. തുടര്‍ന്ന് പഠിക്കാന്‍ ഞാന്‍ കൂട്ടാക്കിയില്ല. ദൈവത്തിനെ പോലും ഞാന്‍ പ്രാര്‍ഥിക്കാതായി.
വീണ്ടും ആശുപത്രിയില്‍ പോയ ആ ദിവസം ഒരിക്കലും എനിക്കു മറക്കാന്‍ ആവില്ല. ആശുപത്രിക്കകത്ത് കയറിയതെയുള്ളു, ഇടനാഴിയില്‍ നഗ്നനായ മദ്ധ്യവയസ്കനായ ഒരു മനുഷ്യന്‍, കണ്ണില്‍നിന്നും കണ്ണുനീര്‍ ഒഴുകി കൊണ്ടിരിക്കുന്നു. ദൂരെ മാറി നിന്ന് കുറെ ആള്‍ക്കാര്‍ കളിയാക്കി ചിരിക്കുന്നു. പക്ഷെ എനിക്ക് ആ രംഗം കണ്ട് ചിരിക്കാന്‍ തോന്നിയില്ല. ആ സമയo ആ ആളിനോടൊപ്പമുള്ള പയ്യന്‍ വന്ന്, അദേഹത്തിന്റെറ താഴെ വീണ മുണ്ട് ഉടുത്ത് കൊടുത്തു. എന്തോ അത്യാഹിതത്തില്‍ അദേഹത്തിന്റെറ രണ്ട് കൈപ്പത്തികളും നഷ്ടമായി. ഇപ്പൊ അദേഹത്തിന് മുണ്ട് ഉണ്ടുക്കാന്‍ പോലും ആരുടെയെങ്കിലും സഹായം ആവശ്യമാണ്. ആ നിമിഷം ഞാന്‍ ഓര്‍ത്തു, ഇത് വെച്ച് നോക്കുമ്പോ എനിക്ക് ഉണ്ടായ അത്യാഹിതം എത്രയോ ചെറുതാണ്. സ്വന്തമായി എല്ലാം ചെയ്യാനുള്ള കഴിവ് എനിക്ക് ഇപ്പോഴും ഉണ്ട്. ഈ കാഴ്ച എന്നെ പഠിപ്പിച്ച പാഠം ഇതാണ്, നമ്മള്‍ എപ്പോഴും നമ്മുടെ താഴെ
ഉള്ള വരെ കുറിച്ച് ചിന്തിക്കണം. ഒന്നിനെ കുറിച്ചും അഹങ്കരിക്കാന്‍
പാടില്ല. വേറൊരാളിന്റെറ ദുരിതാവസ്ഥ കണ്ട് ഒരിക്കലും നമ്മള്‍ കളിയാക്കി ചിരിക്കരുത്. അടുത്ത നിമിഷത്തില്‍ നമ്മുടെ ജീവിതത്തിലും ഈ ദുരന്തങ്ങള്‍ കടന്ന് വരാം. ഈ സംഭവത്തില്‍ നിന്നും എനിക്ക് വലിയൊരു പ്രചോദനമാണ് കിട്ടിയത്. ഞാന്‍ വീണ്ടും പഠിക്കാന്‍ തുടങ്ങി. ഡിഗ്രി പാസായി. ജോലിയും കിട്ടി. അവിടെ വെച്ച് എന്‍റെ പോരായ്യ്മകള്‍ എല്ലാം മനസിലാക്കി എന്നോടൊപ്പം ജോലി ചെയ്യ്ത ആള്‍ എന്നെ വിവാഹം കഴിച്ചു. ഇപ്പോ മക്കളുമായി സന്തോഷമായ ഒരു കുടുംബ ജീവിതം നയിക്കുന്നു.....
ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോള്‍ എന്‍റെ സുഹൃത്തിന്റെറ മുഖത്ത് കണ്ട ആത്മ ധൈര്യം, അത് തന്നെയാണ് ഇത് ഇവിടെ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും ഗുണപാഠം കിട്ടിയെങ്കില്‍ സന്തോഷം ........................